വാമോസ് അല്‍കാരസ്! ടെന്നിസില്‍ ഇനി ബിഗ് ടു യുഗമോ?

Published : Jun 09, 2025, 11:55 AM ISTUpdated : Jun 09, 2025, 12:24 PM IST
Carlos Alcaraz

Synopsis

ഓപ്പണ്‍ എരയിലെ ക്ലാസിക്കുകള്‍ക്കൊന്നിനായിരുന്നു ടെന്നീസ് ലോകം സാക്ഷ്യം വഹിച്ചത്

Victory belongs to the most tenacious!

റോളണ്ട് ഗാരോസിലെ സ്റ്റാൻഡ്‌സിലേക്ക് നോക്കിയാല്‍ കളിമണ്‍ നിറത്തില്‍ മേല്‍പ്പറഞ്ഞ വാചകം ആലേഖനം ചെയ്തുവെച്ചിരിക്കുന്നത് കാണാം. വിജയം ദൃഢനിശ്ചയം ഉള്ളവര്‍ക്കൊപ്പമാണ് എന്നതാണ് പരിഭാഷ...

ഗെയിം, സെറ്റ് ആൻഡ് മാച്ച്, ആല്‍ക്കാരസ്...ഈ നാല് വാക്കുകള്‍ കമന്ററി ബോക്സില്‍ നിന്നുയർന്നപ്പോള്‍ കാർലോസ് അല്‍കാരസ് വിശ്രമിക്കുകയായിരുന്നു...അഞ്ച് മണിക്കൂറും 29 മിനുറ്റും തന്റെ വിയര്‍പ്പുതുള്ളികള്‍ വീണ കളിമണ്‍ കോര്‍ട്ടില്‍...

ടെന്നിസിലെ ഏറ്റവും വലിയ വേദികളിലൊന്ന്, റോളണ്ട് ഗാരോസ്. ലോക ഒന്നാം നമ്പര്‍ ഇറ്റാലിയൻ യാനിക്ക് സിന്നറും രണ്ടാം നമ്പര്‍ സ്പെയിനിന്റെ അല്‍കാരസും കോര്‍ട്ടില്‍. ഇതുവരെയും ഗ്രാൻഡ് സ്ലാം ഫൈനലുകള്‍ തോല്‍ക്കാത്തവര്‍...ഓപ്പണ്‍ എരയിലെ ക്ലാസിക്കുകള്‍ക്കൊന്നിനായിരുന്നു ടെന്നീസ് ലോകം സാക്ഷ്യം വഹിക്കാനിരുന്നത്.

ആദ്യ സെറ്റ് സിന്നര്‍ നേടുമ്പോള്‍ ക്ലോക്കില്‍ പിന്നിട്ടത് 12 മിനുറ്റ് മാത്രം. രണ്ടാം സെറ്റില്‍ ഇഞ്ചോടിഞ്ച്, ഒടുവില്‍ സിന്നറിനൊപ്പം ജയം നിന്നു. ആദ്യ രണ്ട് സെറ്റുകള്‍ക്ക് നഷ്ടമായതിന് ശേഷം കരിയറില്‍ അല്‍കാരസ് വിജയം രുചിച്ചിട്ടില്ല അതുവരെ. ലോക ഒന്നാം നമ്പര്‍ താരത്തിന്റെ താളം തെറ്റിക്കാൻ തന്റെ ഗെയിമുകളെല്ലാം അല്‍കാരസ് പുറത്തെടുക്കുകയായിരുന്നു.

ഡ്രോപ്പ് ഷോട്ടുകളുടെ വരവ്, ഷോട്ടുകള്‍ കൂടുതല്‍ ഫ്ലാറ്റായി, ക്ലീൻ വിന്നറുകള്‍, സര്‍വ് സ്വീകരിക്കാൻ സ്റ്റെപ്പ് അപ്പ് ചെയ്തു...എന്നാല്‍, ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച താരത്തിന്റെ മനോവീര്യം കെടുത്താൻ ആല്‍ക്കാരസിന് ആയില്ല. ഒടുവില്‍, മൂന്നാം സെറ്റില്‍ ഗ്യാലറിയെ അല്‍കാരസ് ഒപ്പം കൂട്ടി. 6-4ന് സെറ്റ് ജയിച്ച് ഗ്യാലറിയെ നോക്കി ആല്‍ക്കാരസ് കാതോര്‍ത്തു..

പക്ഷേ, കളിമണ്ണില്‍ എളുപ്പം നിയന്ത്രണം തിരിച്ചുപിടിച്ചു സിന്നര്‍. അല്‍കാരസിന്റെ സര്‍വില്‍ നാലാം സെറ്റില്‍ 5-3ന് മുന്നില്‍, 40-0 ല്‍ ചാമ്പ്യൻഷിപ്പ് പോയിന്റ് നില്‍ക്കുന്നു. തന്റെ ആദ്യ ഫ്രഞ്ച് ഓപ്പണ്‍ കിരീടത്തിലേക്ക് ഒരു ഷോട്ട് ദൂരം.

ഗ്യാലറിയില്‍ സിന്നറിന്റെ കിരീട നിമിഷത്തിനായി കയ്യടികള്‍ ഉയര്‍ന്നു. ഇവിടെ നിന്നൊരു തിരിച്ചുവരവ് അല്‍കാരസിന് അസാധ്യം. അങ്ങനെയല്ലാതൊരു മറുചിന്ത ആര്‍ക്കുമുണ്ടായിക്കാണില്ല. പക്ഷേ, ആ നിമിഷം അസാധാരണമായ ഏകഗ്രതയിലായിരുന്നു അല്‍കാരസ്.

കാത്തിരിക്കുന്ന ചരിത്ര മുഹൂര്‍ത്തിന്റെ ഭാരം നിങ്ങളുടെ മികവിന് മുകളില്‍ പതിക്കരുത്, പകരം അത് വര്‍ധിതവീര്യത്തിന് വളമാക്കുക...വലിയ ഫൈനലുകളെ ഇങ്ങനെ അടയാളപ്പെടുത്താം. ഇക്കാര്യത്തില്‍ തന്റെ സമകാലീനരേക്കാള്‍ ഒരുപടിയോ ബഹുദൂരമോ മുന്നിലാണ് അല്‍കാരസ്, അത് അവിടെ ഒരിക്കല്‍ക്കൂടി തെളിയുകയായിരുന്നു.

അല്‍കാരസിന്റെ കൃത്യത പിന്നീടുള്ള ഓരോ നീക്കത്തിലും പ്രകടമായി, He was focused and disciplined. 5-3 എന്ന സ്കോർ ഞൊടിയിടയില്‍ 5-6 എന്ന നിലയിലേക്ക്, അല്‍കാരസിന് ലീഡ്. ടൈ ബ്രേക്കിലേക്ക് നയിക്കാൻ സിന്നറിനായെങ്കിലും നിലയുറപ്പിക്കാൻ സ്പാനിഷ് താരം അനുവദിച്ചില്ല. നാലാം സെറ്റ് ടൈ ബ്രേക്കില്‍ അല്‍കാരസ് സ്വന്തമാക്കി.

ടൂർണമെന്റിലുടനീളം പുറത്തെടുത്ത അതേ ഗെയിം പ്ലാനുകള്‍ തന്നെയായിരുന്നു സിന്നർ ഫൈനലിലും ആവർത്തിച്ചത്. ക്രോസ് കോർട്ട് ബാക്ക് ഹാൻഡ് ഷോട്ടുകളും ഫോർഹാൻഡ് ഷോട്ടുകളിലുമെല്ലാം കൃത്യത തുടർന്നു. ആല്‍ക്കാരസ് നേരിട്ട പ്രധാന വെല്ലുവിളിയും ഇതുതന്നെയായിരുന്നു. അതുകൊണ്ട് തന്നെ അല്‍കാരസിന്റെ എററുകള്‍ ഇറ്റാലിയൻ താരത്തിന് പലപ്പോഴും മേല്‍ക്കൈ നേടാനുള്ള അവസരം ഒരുക്കിക്കൊടുത്തു.

പക്ഷേ, നാലാം സെറ്റിന് ശേഷം അല്‍കാരസിലേക്ക് കളി മാറുകയായിരുന്നു. ഡിസിസീവ് മമൊമന്റുകളിലെല്ലാം അല്‍കാരസ് സിന്നറിന് മുന്നിലേക്ക് തുടരെ ഡ്രോപ് ഷോട്ടുകള്‍ ചൊരിഞ്ഞു. എത്തിപ്പിടിക്കാനുള്ള ശ്രമങ്ങളില്‍ പലതും പരാജയപ്പെട്ടു സിന്നർ...

അഞ്ച് മണിക്കൂര്‍ പിന്നിട്ടിട്ടും അവസാന സെറ്റിലും ഇരുവരും മത്സരത്തിലെ തന്നെ ഏറ്റവും മികച്ച ഗെയിമായിരുന്നു പുറത്തെടുത്തത്. മനുഷ്യശരീരത്തിന്റെ അതിർവരമ്പുകളെപ്പോലും ഇരുവരും കീഴ്‌പ്പെടുത്തുകയായിരുന്നു, യന്ത്രങ്ങള്‍പ്പോലെ ഇടവേളകളില്ലാതെ ഇരുവരുടേയും പാദങ്ങള്‍..

അല്‍കാരസിന് മേല്‍ക്കൈ വന്നപ്പോഴെല്ലാം സമ്മർദം കൂട്ടാൻ സിന്നറിനായി. എന്നാല്‍, ടൈ ബ്രേക്കറിലേക്ക് കടന്നതോടെ അല്‍കാരസ് അണ്‍പ്ലെയബിള്‍ ആവുകയായിരുന്നു. അഞ്ചാം ഗ്രാൻഡ് സ്ലാം ആല്‍ക്കാരസിന്റെ കൈകളിലേക്ക്. അതും മൂന്ന് തവണ ചാമ്പ്യൻഷിപ്പ് പോയിന്റ് സേവ് ചെയ്തുകൊണ്ട്...

ഒരുപക്ഷേ, അല്‍കാരസ് ജയമുറപ്പിച്ച നിമിഷം ഒരു പുതുയുഗപ്പിറവിക്ക് കൂടെയായിരിക്കണം ടെന്നീസ് ലോകം സാക്ഷിയായത്. ജോക്കോവിച്ച്-നദാല്‍-ഫെഡറര്‍ യുഗത്തിന്റെ യഥാർത്ഥ ക്ലൈമാക്‌സ്. ബിഗ് ത്രീക്ക് ശേഷമൊരു ബിഗ് ടു കാലത്തിലേക്ക് ഒരു ഫൈനല്‍.

കഴിഞ്ഞ എട്ട് ഗ്രാൻഡ് സ്ലാം ഫൈനലുകളില്‍ ഏഴിലും ജയം സിന്നർക്കൊ അല്‍കാരസിനൊ ഒപ്പമായിരുന്നു. 2023ല്‍ ജോക്കോവിച്ച് നേടിയ യുഎസ് ഓപ്പണ്‍ മാത്രമാണ് വ്യത്യസ്തമായി നിന്ന ഒന്ന്. നേർക്കുനേര്‍ പോരാട്ടങ്ങളില്‍ 8-4ന്റെ ആധിപത്യമുണ്ട് അല്‍കാരസിന്. പക്ഷേ, സിന്നറിനെ എല്ലാക്കാലവും തോല്‍പ്പിക്കാനാകില്ലെന്ന് ബോധ്യം അല്‍കാരസിനുമുണ്ട്...

PREV
Read more Articles on
click me!

Recommended Stories

സൂര്യയും ഗില്ലും ദുർബലകണ്ണികളോ; ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പര എത്ര നിർണായകം?
ദക്ഷിണാഫ്രിക്ക ചലഞ്ചിന് സഞ്ജു സാംസണ്‍; ലോകകപ്പ് ടീമില്‍ ഇടം നേടാൻ അവസാന അവസരം?