ഇത് ഞങ്ങളുടെ ധോണി; മില്ലറുടെ മിന്നല്‍ സ്റ്റംപിംഗ് കണ്ട് വണ്ടറടിച്ച് ഡൂപ്ലെസി

By Web TeamFirst Published Mar 7, 2019, 3:38 PM IST
Highlights

മുന്‍ പരിചയമൊന്നും ഇല്ലാതിരുന്നിട്ടും ഇമ്രാന്‍ താഹിറിന്റെ കുത്തിത്തിരിഞ്ഞ പന്തുകള്‍ മില്ലര്‍ വിക്കറ്റിന് പിന്നില്‍ മനോഹരമായി കൈയിലൊതുക്കി.

വാണ്ടറേഴ്സ്: ക്രിക്കറ്റിന്റെ ഏതെങ്കിലും ഫോര്‍മാറ്റില്‍ വിക്കറ്റ് കീപ്പറായി പരിചയമില്ലാത്തയാളാണ് ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലര്‍. എന്നാല്‍ ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തിനിടെ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡീകോക്ക് ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങിയപ്പോള്‍ ഒരോവര്‍ ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കാത്തത് ദക്ഷിണാഫ്രിക്കന്‍ ടീമിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍ കൂടിയായ ഡേവിഡ് മില്ലറായിരുന്നു.

മുന്‍ പരിചയമൊന്നും ഇല്ലാതിരുന്നിട്ടും ഇമ്രാന്‍ താഹിറിന്റെ കുത്തിത്തിരിഞ്ഞ പന്തുകള്‍ മില്ലര്‍ വിക്കറ്റിന് പിന്നില്‍ മനോഹരമായി കൈയിലൊതുക്കി. താഹിര്‍ എറിഞ്ഞ 32-ാം ഓവറിലായിരുന്നു മില്ലര്‍ കീപ്പറായത്. ആദ്യ മൂന്ന് പന്തുകളും ബാറ്റ്സ്മാന്‍ കളിച്ചതിനാല്‍ മില്ലര്‍ക്ക് വിക്കറ്റിന് പിന്നില്‍ കാര്യമായ പണിയില്ലായിരുന്നു. എന്നാല്‍ കുത്തിത്തിരിഞ്ഞ താഹിറിന്റെ നാലാം പന്ത് മില്ലര്‍ കൈയിലൊതുക്കി എന്നുമാത്രമല്ല, മനോഹരമായി സ്റ്റംപ് ചെയ്യുകയും ചെയ്തു.

വമ്പനടിക്ക് ശ്രമിച്ച ശ്രീലങ്കയുടെ വിശ്വ ഫെര്‍ണാണ്ടോക്ക് പിഴച്ചുവെങ്കിലും ഇഞ്ചുകളുടെ വ്യത്യാസത്തില്‍ മില്ലറുടെ സ്റ്റംപിംഗ് പാഴായി. എന്നാല്‍ മില്ലറുടെ മിന്നല്‍ സ്റ്റംപിംഗ് കണ്ട് സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസിയെ എംഎസ്ഡി എന്ന് ഉറക്കെ വിളിച്ചത് ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്കിടയില്‍ ചിരി പടര്‍ത്തുകയും ചെയ്തു. മത്സരത്തില്‍ 113 റണ്‍സിന് ജയിച്ച ദക്ഷിണാഫ്രിക്ക അഞ്ച് മത്സര പരമ്പരയില്‍ 2-0ന് മുന്നിലാണ്.

click me!