പെര്‍ഫെക്ട് ടൈമിംഗ്; ഇന്ത്യൻ ടെസ്റ്റ്‌ ടീമിലേക്ക് തിരിച്ചുവരവിനൊരുങ്ങി മലയാളി താരം ദേവ്ദത്ത് പടിക്കൽ

Published : Sep 21, 2025, 05:39 PM IST
devdutt paddikal

Synopsis

ക്രിസിൽ തിളങ്ങാൻ ഒരു ബാറ്റർക്ക് അത്യാവശ്യം വേണ്ടത് മികച്ച ടൈമിം​ഗ് ആണെങ്കിൽ പടിക്കലിന്റെ സെഞ്ചുറിയെ പെർഫെക്ട് ടൈമിം​ഗ് എന്ന് തന്നെ വിശേഷിപ്പിക്കേണ്ടിവരും.

സ്ട്രേലിയ എ ടീമിനെതിരായ അനൗദ്യോഗിക ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് ഇന്ത്യ എ ഇറങ്ങിയപ്പോൾ ക്യാപ്റ്റൻ ശ്രേയസ് അയ്യരിലായിരുന്നു ആരാധകരുടെ കണ്ണുകൾ. ഏഷ്യാ കപ്പ് ടീമിൽ ഇടം നഷ്ടമായ ശ്രേയസിൻറെ റെഡ് ബോൾ ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിന് ഓസ്ട്രേലിയ എക്കെതിരായ ടെസ്റ്റ് പരമ്പര കളമൊരുക്കുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ ശ്രേയസ് എട്ട് റൺസ് മാത്രമെടുത്ത് നിരാശപ്പെടുത്തി മടങ്ങിയ പിച്ചിൽ അടിച്ചു തകർത്തത് മറ്റ് രണ്ട് യുവതാരങ്ങളായിരുന്നു. ധ്രുവ് ജുറെലും മലയാളി താരം ദേവ്ദത്ത് പടിക്കലും.

ക്രിസിൽ തിളങ്ങാൻ ഒരു ബാറ്റർക്ക് അത്യാവശ്യം വേണ്ടത് മികച്ച ടൈമിം​ഗ് ആണെങ്കിൽ പടിക്കലിന്റെ സെഞ്ചുറിയെ പെർഫെക്ട് ടൈമിം​ഗ് എന്ന് തന്നെ വിശേഷിപ്പിക്കേണ്ടിവരും. കാരണം അടുത്തമാസം ആദ്യം ആരംഭിക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിനെ സെലക്ടർമാർ പ്രഖ്യാപിക്കാനിരിക്കെയാണ് പടിക്കലിൻറെ മിന്നും പ്രകടനം.

ഓസ്ട്രേലിയ എക്കെതിരെ 150 റൺസടിച്ചാണ് പടിക്കൽ ടീമിൻറെ ടോപ് സ്കോററായത്. ഇതോടെ വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമിലേക്ക് പരി​ഗണിക്കപ്പെടുന്നവരിൽ ശ്രേയസിനെയും സായ് സുദർശനെയും കരുൺ നായരെയുമെല്ലാം പിന്നിലാക്കി ഒരപടി മുന്നിലെത്താൻ പടിക്കലിനായി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ മൂന്നാം നമ്പറിൽ കരുൺ നായരും സായ് സുദർശനുമാണ് ഇന്ത്യക്കായി കളിച്ചത്. സായ് മൂന്ന് ടെസ്റ്റിലും കരുൺ രണ്ട് ടെസ്റ്റിലും മൂന്നാം നമ്പറിലിറങ്ങിയെങ്കിലും ഇരുവർക്കും ആ സ്ഥാനത്ത് ഇതുവരെ ഇരിപ്പുറപ്പിക്കാനായിട്ടില്ല. ഓസ്ട്രേലിയ എക്കെതിരെ മൂന്നാം നമ്പറിലിറങ്ങിയ സായ് സുദർശൻ 73 റൺസ് നേടിയെങ്കിലും അതിനെക്കാൾ ഒരുപടി മുകളിൽ നിൽക്കുന്നതായിരുന്നു പടിക്കൽ പുറത്തെടുത്ത സെഞ്ചുറി പ്രകടനം.

ഓസ്ട്രേലിയ എക്കെതിരെ ടെസ്റ്റിൽ പടിക്കൽ ക്രീസിലെത്തിയതിന് പിന്നാലെ എട്ട് റൺസ് മാത്രമെടുത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യർ മടങ്ങുകയും ഇന്ത്യ 224-4 എന്ന സ്കോറിലേക്ക് വീഴുകയും ചെയ്തിരുന്നു. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിന് 300 റൺസ് പിന്നിലായിരുന്നു അപ്പോൾ ഇന്ത്യ എ. എന്നാൽ ധ്രുവ് ജുറെലിനൊപ്പം ഇരട്ടസെഞ്ചുറി കൂട്ടുകെട്ടിലൂടെ പടിക്കൽ ഇന്ത്യയുടെ പടനയിച്ചു.

ഇനി പടിക്കലിന്റെ ഇന്നിം​ഗ്സിന്റെ സവിശേഷത കൂടി നോക്കാം. ഗ്രൗണ്ടിൻറെ ഏതെങ്കിലും ഒരു കോണിലേക്ക് മാത്രമായിട്ടായിരുന്നില്ല പടിക്കൽ കളിച്ചത്, എല്ലാ ഭാഗത്തേക്കും ഒരുപോലെ പന്തടിച്ച പടിക്കൽ നേടിയ 150 റൺസിൽ 75 റൺസ് ഓൺ സൈഡിലൂടെയും 75 റൺസ് ഓഫ് സൈഡിലൂടെയും നേടിയതായിരുന്നു. പെർഫെക്ട് ബാലൻസ്ഡ് ഇന്നിം​ഗ്സ്. നേടിയ 150 റൺസിൽ 84 റൺസും പടിക്കൽ ഓടിയെടുത്തതുമായിരുന്നു. ഇന്നിം​ഗ്സിൽ കൂപ്പർ കൊണോലിക്കെതിരെ മാത്രമാണ് പടിക്കൽ ഒരു സിക്സ് നേടിയത്.

ഓപ്പണിം​ഗ് റോളിൽ യശസ്വി ജയ്സ്വാളും കെ എൽ രാഹുലും. നാലാം നമ്പറിൽ ക്യാപ്റ്റൻ ശുഭ്മാൻ ​ഗില്ലും അഞ്ചാം നമ്പറിൽ റിഷഭ് പന്തും. ഏഴാമനായി രവീന്ദ്ര ജഡേജയും സീറ്റുറപ്പിക്കുന്ന ഇന്ത്യൻ ബാറ്റിം​ഗ് ലൈനപ്പിൽ മൂന്നാം നമ്പറിലും ആറാം നമ്പറിലും ഇപ്പോഴും ഒരു താരം നിലയുറപ്പിച്ചിട്ടില്ല. സർഫറാസ് ഖാന് പരിക്കുള്ളതനാൽ വെസ്റ്റ് ഇൻഡീസിനെതിരെ ആറാം നമ്പറിലേക്ക് പരി​ഗണിക്കുമോ എന്ന് ഉറപ്പില്ല. ടെസ്റ്റ് ടീമിൽ തിരിച്ചെത്താമെന്ന് കരുതിയ ശ്രേയസിനാകട്ടെ ഓസ്ട്രേലിയ എക്കെതിരായ രണ്ടാം ടെസ്റ്റിലെ പ്രകടനം നിർണായകമാണ്. ഇം​ഗ്ലണ്ടിൽ നിറം മങ്ങിയ കരുൺ നായരെ വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാൻ സാധ്യത കുറവാണ്. ഇവിടെയാണ് ദേവ്ദത്ത് പടിക്കൽ ഇന്ത്യയുടെ മൂന്നാം നമ്പറിൽ കണ്ണുവെക്കുന്നത്.

ഇന്ത്യക്കായി ഇതുവരെ രണ്ട് ടെസ്റ്റുകളിൽ കളിച്ച പടിക്കൽ അരങ്ങേറ്റ ടെസ്റ്റിൽ ഇം​ഗ്ലണ്ടിനെതിരെ 65 റൺസടിച്ച് തിളങ്ങി. പക്ഷെ ഓസ്ട്രേലിയക്കെതിരായ പെർത്ത് ടെസ്റ്റിൽ മൂന്നാം നമ്പറിലിറങ്ങിയ പടിക്കൽ ആദ്യ ഇന്നിം​ഗ്സിൽ പൂജ്യത്തിനും രണ്ടാം ഇന്നിം​ഗ്സിൽ 25 റൺസിനും പുറത്തായി. പിന്നീട് ഇന്ത്യയുടെ പ്ലേയിം​ഗ് ഇലവനിന്റെ പടികടക്കാൻ പടിക്കലിനായിട്ടില്ല. ഓസ്ട്രേലിയ എക്കെതിരായ പ്രകടനത്തോടെ വെസ്റ്റ് ഇൻഡിസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ഇന്ത്യയുടെ മൂന്നാം നമ്പറിലേക്ക സായ് സുദർശന് ശക്തമായ വെല്ലവിളിയുമായി പടിക്കലും ഉണ്ടാകുമെന്നുറപ്പായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

100 സെഞ്ചുറിയിലേക്ക് ദൂരം ഇനി 16; കോഹ്ലി മറികടക്കുമോ സച്ചിനെ? സാധ്യതകള്‍
എറിഞ്ഞുതോല്‍ക്കുന്ന പുതിയ ഇന്ത്യ; സിറാജ്-ഷമി-ബുമ്ര പേസ് ത്രയം എവിടെ? എന്തുകൊണ്ട് പുറത്ത്?