
ബോള്‍ ടാമ്പറിങ്, ക്രിക്കറ്റിനെ നാണക്കേടിന്റെ ഗ്യാലറിയിലേക്ക് പലപ്പോഴും കോരിയിട്ട വാക്കാണിത്. പ്രാദേശിക ലീഗുകള്‍ മുതല്‍ അന്താരാഷ്ട്ര തലം വരെ നീളുന്നതും നീതീകരിക്കാനാകാത്തതുമായ ഒന്ന്. വർഷങ്ങള്‍ക്ക് മുൻപ് സ്റ്റീവ് സ്മിത്ത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് കണ്ണീരുപൊഴിച്ചത് ഓർക്കുന്നില്ലെ. അങ്ങനെ പലരുമുണ്ട്..
എ ജീനിയസ് ക്രിക്കറ്റര്‍ എന്നാണ് ഇന്ത്യയുടെ ഇതിഹാസ ഓഫ് സ്പിന്നര്‍ രവിചന്ദ്രൻ അശ്വിനെ ക്രിക്കറ്റ് പണ്ഡിതര്‍ വിളിക്കുന്നത്. എന്നാല്‍, കഴിഞ്ഞ ദിവസം അശ്വിനെതിരെയും തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ താരം നയിക്കുന്ന ഡിൻഡിഗല്‍ ഡ്രാഗണ്‍സിനുമെതിരെ ഗുരുതരമായൊരു ആരോപണം ഉയര്‍ന്നു. രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ന്ന ടവല്‍ ഉപയോഗിച്ച് പന്തില്‍ കൃത്രിമം കാണിച്ചുവെന്നതാണ് ആക്ഷേപം. മധുരൈ പാന്തേഴ്‌സ് മാനേജ്മെന്റിന്റെ ഭാഗത്തുനിന്നായിരുന്നു ഇത്തരമൊരു പരാതി വന്നത്.
യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്താണ്, അശ്വിൻ പന്തില്‍ കൃത്രിമം കാണിച്ചൊ, ഇത്തരമൊരു ആരോപണത്തിലേക്ക് വഴിവെച്ച സാഹചര്യം എന്താണ്, പരിശോധിച്ചുവരാം.
തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ ഡിൻഡിഗല്‍ ഡ്രാഗണ്‍സും മധുരൈ പാന്തേഴ്‌സും തമ്മിലുള്ള മത്സരമാണ് ആധാരം. ആദ്യ ബാറ്റ് ചെയ്ത പാന്തേഴ്‌സിന് നിശ്ചിത 20 ഓവറില്‍ 150 റണ്‍സ് മാത്രമാണ് നേടാനായത്, എട്ട് വിക്കറ്റും നഷ്ടമായി. മറുപടി ബാറ്റിങ്ങില്‍ അശ്വിനും കൂട്ടരും അനായാസം വിജയം പിടിച്ചെടുത്തു. 12.3 ഓവര്‍ മാത്രമായിരുന്നു ഇതിനായി ഡ്രാഗണ്‍സിന് ആവശ്യമായി വന്നത്. ഇരുവരും ബാറ്റ് ചെയ്തത് ഒരേ വിക്കറ്റില്‍ തന്നെയാണോയെന്ന് തോന്നിക്കുന്ന വിധമുള്ള സ്കോര്‍കാര്‍ഡ്.
ഇതിന് പിന്നാലെയാണ് പാന്തേഴ്‌സിന്റെ പരിശീലകൻ ഷിജിത് ചന്ദ്രൻ അവകാശവാദവുമായി എത്തിയത്. തങ്ങള്‍ ബാറ്റ് ചെയ്തപ്പോള്‍ ബോളിന്റെ സ്വഭാവത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചു. ഇത് ബാറ്റര്‍മാരുടെ പ്രകടനത്തേയും ബാധിച്ചു. പവര്‍പ്ലേയ്ക്ക് ശേഷം ബാറ്റില്‍ പന്തുകൊള്ളുമ്പോഴെല്ലാം വലിയ ശബ്ദമായിരുന്നു കേട്ടിരുന്നതെന്നും കല്ലിനിട്ട് അടിക്കുന്നതിന് സമാനമായിരുന്നെന്നും ഷിജിത് പറഞ്ഞു.
പന്തിന്റെ സ്വഭാവം മാറ്റുന്നതിനായി ഡിൻഡിഗല്‍ ടീം മറ്റ് വസ്തുക്കള്‍ ഉപയോഗിച്ചതായും ഷിജിത് ആരോപിച്ചു. പന്തിന്റെ റഫ്‌നസ് വര്‍ധിപ്പിക്കുന്നതിനായി രാസപദാര്‍ത്ഥം കലര്‍ന്ന പ്രത്യേക ടവല്‍ ഉപയോഗിച്ചുവെന്നും പാന്തേഴ്‌സ് പരിശീലകന്റെ വാദങ്ങളില്‍ ഉള്‍പ്പെടുന്നു. ലീഗ് അധികൃതര്‍ക്ക് ഇത് സംബന്ധിച്ച് പരാതി നല്‍കുകയും ചെയ്തു ടീം മാനേജ്മെന്റ്.
ഇവിടെയാണ് മറ്റൊരു പ്രധാനപ്പെട്ട വസ്തുതയുള്ളത്. തമിഴ്‌നാട് പ്രീമിയര്‍ ലീഗിനെ സംബന്ധിച്ചാണെങ്കിലും ഏതൊരു ക്രിക്കറ്റ് മത്സരമാണെങ്കിലും പന്തിന്റെ കാര്യത്തില്‍ എപ്പോഴും അമ്പയര്‍മാരുടെ ഭാഗത്തുനിന്ന് കൃത്യമായ ഇടപെടലുകള്‍ ഉണ്ടാകാറുണ്ട്. അന്തരീക്ഷത്തിലും മൈതാനത്തും ഈര്‍പ്പം നില്‍ക്കുന്ന സാഹചര്യമാണെങ്കില്‍ പന്തിലെ നനവ് ഇല്ലാതാക്കാനായി ടീമുകള്‍ ടവല്‍ ഉപയോഗിക്കാറുണ്ട്. ഇത് പ്രീമിയര്‍ ലീഗിന്റെ അധികൃതര്‍ തന്നെ നല്‍കുന്നവയാണ്.
ഇതിന് പുറമെ പന്ത് സിക്സ് ആവുകയോ മൈതാനത്തിന് പുറത്തേക്ക് തെറിച്ചു പോവുകയോ ആരാധകരുടെ കയ്യിലകപ്പെടുകയോ ചെയ്യുകയാണെങ്കിലും അമ്പയര്‍മാര്‍ പന്ത് പരിശോധിച്ച് മത്സരത്തിന് അനുയോജ്യമാണെന്ന് ഉറപ്പുവരുത്താറുണ്ട്. ഇടവേളകളിലും ഇത് ആവര്‍ത്തിക്കും. പന്തിന്റെ ആകൃതിയുള്‍പ്പടെ പരിശോധനയില്‍ വരും.
ഇതുതന്നെയാണ് പരാതി ലഭിച്ചതിന് ശേഷം ലീഗിന്റെ സിഇഒയായ പ്രസന്ന കണ്ണനും ആവര്‍ത്തിച്ചത്. മത്സരത്തിലുടനീളം അമ്പയര്‍മാര്‍ പന്തിന്റെ കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തിയിട്ടുണ്ടായിരുന്നെന്നും ആശങ്കപ്പെടുത്തുന്ന സാഹചര്യം കണ്ടെത്താനായിട്ടില്ലെന്നും പ്രസന്ന പറയുന്നു.
ആരോപണം ഉന്നയിച്ച ഫ്രാഞ്ചൈസിയോട് തെളിവ് ഹാജരാക്കാനും ലീഗ് ആധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജൂണ്‍ 17 മൂന്ന് മണിക്ക് മുൻപ് സ്വതന്ത്ര കമ്മിഷനെ അന്വേഷണത്തിനായി രൂപീകരിക്കാൻ ആവശ്യപ്പെടാമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനൊപ്പം ആരോപണത്തെ സാധൂകരിക്കുന്ന വീഡിയോ, ഫോട്ടോ, മൊഴി പോലുള്ളവയും ഹാജരാക്കണം.
അശ്വിന് മുൻപും ഇന്ത്യൻ താരങ്ങള്‍ പന്തില്‍ കൃത്രിമം കാണിച്ചുവെന്ന ആരോപണം നേരിട്ടിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്ന് സച്ചിൻ തെൻഡുല്‍ക്കറിന്റേതായിരുന്നു. 2001ലെ ഇന്ത്യ - ദക്ഷിണാഫ്രിക്ക ടെസ്റ്റ് മത്സരത്തിനിടെയായിരുന്നു സംഭവം. പോര്‍ട്ട് എലിസബത്ത് ആതിഥേയത്വം വഹിച്ച മത്സരത്തിനിടെ ബോളിന്റെ സീം വൃത്തിയാക്കാൻ സച്ചിൻ ശ്രമിച്ചിരുന്നു.
അമ്പയറുടെ അനുവാദത്തോടെ അവരുടെ സാന്നിധ്യത്തിലാണ് പൊതുവെ ഇത് ചെയ്യാറുള്ളത്. എന്നാല്‍, സച്ചിൻ തന്റെ തള്ളവിരളും ചൂണ്ടുവിരളും ഉപയോഗിച്ച് പന്ത് വൃത്തിയാക്കുന്നത് വീഡിയോയുടെ സഹായത്തോടെ മാച്ച് റഫറി മൈക്ക് ഡെന്നീസ് കണ്ടെത്തി. പന്തില്‍ കൃത്രിമം കാണിക്കാൻ ശ്രമിച്ചുവെന്ന നിഗമനത്തില്‍ സച്ചിന് പിഴയും വിലക്കും വിധിക്കുകയും ചെയ്തു.
ഇത് വലിയ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവെച്ചെങ്കിലും സച്ചിന് തന്റെ നിരപരാധിത്വം തെളിയിക്കാൻ സാധിക്കുകയും വിലക്ക് ഒഴിവാക്കാനും കഴിഞ്ഞു. എങ്കിലും അമ്പയറുടെ അനുവാദമില്ലാതെ പന്ത് വൃത്തിയാക്കിയതിന്റെ കുറ്റം നിലനിന്നു. സച്ചിന് പുറമെ രാഹുല്‍ ദ്രാവിഡിനെതിരെയും ആരോപണം ഉയര്‍ന്നിട്ടുണ്ട്.