
ഇതുപോലൊരു അന്തരം, നീതികേട് ഫുട്ബോള്‍ ചരിത്രത്തില്‍ തന്നെ ഉണ്ടോ! ഇങ്ങനെയൊന്ന് ഈ നൂറ്റാണ്ടില്‍ മൈതാനത്ത് കണ്ടിട്ടുണ്ടോയെന്ന് തന്നെ സംശയം! സിൻസിനാറ്റിയിലെ ടിക്യുഎല്‍ സ്റ്റേഡിയത്തില്‍ ബയേണ്‍ മ്യൂണിച്ച് - ഓക്ക്‌ലൻഡ് സിറ്റി മത്സരത്തിന് ഫൈനല്‍ വിസില്‍ മുഴുങ്ങുമ്പോള്‍ ഇങ്ങനെയൊരു ചിന്ത മനസിലേക്ക് വരാത്ത ഫുട്ബോള്‍ ആരാധകരുണ്ടാകുമോ. A footballing mismatch, and one of the biggest you will ever see on a football pitch! ഇത്തരമൊരു പ്രയോഗം നടത്തുന്നത് വെറുതെയല്ല, കാരണങ്ങളുണ്ട്.
ഓക്കലൻഡിന്റെ സെന്റര്‍ ഫോര്‍വേഡായ ആംഗസ് കിൽക്കൊളി ഒരു ടൂള്‍ കമ്പനിയിലെ ജീവനക്കാരനാണ്. ഏഴ് മണിക്ക് ആരംഭിച്ച് വൈകുന്നേരം അഞ്ച് മണിയോടെ അവസാനിക്കുന്ന തൊഴില്‍, ശേഷമാണ് ഫുട്ബോള്‍. ഇത് കില്‍ക്കോളിയുടെ മാത്രം ജീവിതമല്ല, ഓക്ക്‌ലൻഡിന്റെ വെളുത്ത ജഴ്‌സിയണിഞ്ഞ് പന്തുതട്ടാനിറങ്ങിയ പലരുടേയും കഥയിതുതന്നെയാണ്. പലരും ശമ്പളമില്ലാത്ത അവധിയെടുത്താണ് ഫിഫ തെളിച്ച പുതിയ പാതയിലേക്ക് ഇറങ്ങിയിരിക്കുന്നത്.
ഫിഫ ക്ലബ്ബ് ലോകകപ്പിലെ ഒരേയൊരു അമച്ച്വര്‍ ടീം. ഇതായിരുന്നു ഓക്ക്‌ലൻഡ് സിറ്റിക്ക് അന്താരാഷ്ട്ര മാധ്യമങ്ങള്‍ നല്‍കിയ തലക്കെട്ട്. ആഗോളതലത്തില്‍ ക്ലബ്ബുകളെ റാങ്ക് ചെയ്യുന്ന ഒപ്റ്റയുടെ പവർ റാങ്കിങ്ങ് പ്രകാരം ബയേണ്‍ ആറാമതും, ഓക്ക്‌ലൻഡ് 5,074-ാം സ്ഥാനത്തുമാണ്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ സ്ഥാനം 3,688 ആണെന്നതുകൂടി ഇവിടെ കൂട്ടിച്ചേർക്കുന്നു. ക്ലബ്ബ് ലോകകപ്പിലെ ടീമുകളുടെ പട്ടികയില്‍ അടുത്ത മോശം റാങ്ക് 625 ആണ്, യുഎഇയുടെ അല്‍ എയിൻ. ഇവിടെയാണ് ടൂർണമെന്റിന്റെ നീതി ചോദ്യം ചെയ്യപ്പെടുന്നത്.
ബയേണ്‍ എന്ന യൂറോപ്യൻ ജയന്റിനെ നേരിടുമ്പോള്‍ കളത്തിനകത്തും പുറത്തും ഓക്ക്‌ലൻഡ് അവർക്കൊപ്പമൊ, പിന്നിലൊ കിടപിടിക്കാൻ പറ്റുന്ന സംഘമായിരുന്നില്ല. ഇരുടീമുകളും തമ്മിലുള്ള ദൂരം അളക്കാവുന്നതിലും അപ്പുറമായിരുന്നു. ഇനി കളത്തിലെ പ്രകടനത്തിലേക്ക് ആദ്യ വരാം.
കിങ്‌സ്‌ലി കോമൻ അഞ്ചാം മിനുറ്റില്‍ തുടങ്ങി വെച്ച ഗോളടി ബയേണ്‍ അവസാനിപ്പിക്കുന്നത് 89-ാം മിനുറ്റില്‍ തോമസ് മുള്ളറിലാണ്. അപ്പോഴേക്കും ഓക്ക്‌ലൻഡ് വല നിറഞ്ഞിരിന്നു, പത്ത് ഗോള്‍. 2021ന് ശേഷം ആദ്യമായി ബയേണ്‍ തങ്ങളുടെ കരുത്ത് രണ്ടക്കത്തിലെത്തിച്ചു. 2021ല്‍ പ്രാദേശിക ടീമായ ബ്രെമറിനെതിരെയായിരുന്നു അവർ അവസാനമായി പത്തിലധികം ഗോള്‍ നേടിയത്. 31 ശ്രമങ്ങളായിരുന്നു ജർമൻ ക്ലബ്ബില്‍ നിന്ന് ഓക്ക്‌ലൻഡ് ഗോള്‍ മുഖത്തേക്കുണ്ടായത്, അതില്‍ 17 എണ്ണം ഓണ്‍ ടാർഗറ്റ്.
മറുവശത്ത് കില്‍ക്കോളിയുടെ ഒരേയൊരു ഷോട്ട് മാത്രമായിരുന്നു ഓക്ക്‌ലൻഡിനുണ്ടായത്. മനുവല്‍ ന്യൂയറെന്ന അതികായനെ പരീക്ഷിക്കാൻ പോന്നതുമായിരുന്നില്ല അത്. 72 ശതമാനവും പന്ത് കൈവശം വെച്ചതും ബയേണ്‍. 10 കോർണറും. ബയേണിന്റെ ഗോളെണ്ണം പത്തിലൊതുങ്ങിയല്ലോ എന്ന് വേണം കരുതാൻ. കളിമികവിലെ അന്തരം കണക്കുകളില്‍ പ്രതിഫലിക്കുന്നു.
ഇനി സാമ്പത്തിക ശക്തിയിലേക്ക് വരാം. അന്താരാഷ്ട്ര മാധ്യമമായ ബിബിസി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഓക്ക്‌ലൻഡ് സിറ്റിയുടെ റെവന്യു 1.1 ദശലക്ഷം ന്യൂസിലൻഡ് ഡോളറാണ്. അതായത്, 5.68 കോടി രൂപ. ഇനി ബയേണിലേക്ക്, റെവന്യു 9,451 കോടി രൂപയാണ്.
ഒരുവാരം ന്യൂസിലൻഡ് ക്ലബ്ബിലെ താരത്തിന് ലഭിക്കുന്ന ശരാശരി വരുമാനം 8,000 രൂപയ്ക്ക് അടുത്തുവരും. ബയേണ്‍ താരം ഹാരി കെയിന്റെ പ്രതിവാര ശമ്പളം 4.6 കോടിയാണ്. ക്ലബ്ബ് ലോകകപ്പില്‍ പങ്കെടുക്കുന്നതിന് ഓക്ക്‌ലൻഡ് ടീമിന് ഫിഫ നല്‍കുന്ന തുക 30 കോടി രൂപയാണ്, യൂറോപ്യൻ ക്ലബ്ബുകള്‍ക്ക് ഇതിന്റെ മൂന്ന് ഇരട്ടിയിലധികവും ലഭിക്കും.
ഓഷ്യാനിയ ഫുട്ബോള്‍ കോണ്‍ഫെഡറേഷൻ ചാമ്പ്യൻസ് ലീഗിലെ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലെ ഏറ്റവും മികച്ച ടീമാണ് ഓക്ക്‌ലൻഡ്. 2006ന് ശേഷം 13 കിരീടങ്ങള്‍. കഴിഞ്ഞ നാല് വർഷത്തെ പ്രകടനം ഇതാണ് ക്ലബ്ബ് ലോകകപ്പിലേക്ക് ടീമിന് വാതില്‍ തുറന്നുകൊടുത്തതും. എന്നാല്‍, ക്ലബ്ബ് ലോകകപ്പ് വിപുലീകരിക്കാനുള്ള ഫിഫയുടെ തീരുമാനത്തിനെതിരെ വ്യാപകമായ വിമർശനങ്ങള്‍ ഉയര്‍ന്നിരുന്നു. പല സംഘടനകളും നിയമപരമായും എതിര്‍പ്പ് ഉന്നയിച്ചിട്ടുണ്ട്.
ബയേണ്‍-ഓക്ക്‌ലൻഡ് മത്സരത്തോടെ വിമർശനത്തിന്റെ ആഴം ഒന്നുകൂടി വര്‍ധിക്കുകയും ചെയ്തെന്ന് വേണം കരുതാൻ. തട്ടിച്ചുനോക്കുമ്പോള്‍ അർഹതപ്പെട്ട് സ്ഥാനത്തുതന്നെയാണ് ഓക്ക്‌ലൻഡ് എത്തിയിരിക്കുന്നതെന്നതില്‍ തർക്കമില്ല. പക്ഷേ, അവര്‍ ഉള്‍പ്പെട്ട ഗ്രൂപ്പ് നോക്കാം. ബയേണിന് പുറമെ പോര്‍ച്ചുഗല്‍ ക്ലബ്ബ് ബെൻഫിക്കയും അര്‍ജന്റീനയുടെ ബോക്ക ജൂനിയേഴ്‌സുമാണ്. ബയേണിനെതിരായ മത്സരത്തിന്റെ ആവർത്തനമായിരിക്കും അവരെ ഒരുപക്ഷേ വരും നാളുകളില്‍ കാത്തിരിക്കുന്നതും.
ക്ലബ്ബ് ലോകകപ്പ് വിപുലീകരിക്കുക എന്ന സ്വപ്നത്തിന് പുറകെ ഫിഫ സഞ്ചരിച്ചപ്പോള്‍ ഫുട്ബോളിന്റെ നിലവാരത്തിനെക്കുറിച്ച് മറന്നുപോയോ എന്നതാണ് ചോദ്യം.