
എന്റെ ജീവിതത്തില്‍ എനിക്ക് ഒരുപാട് പേരുകളുണ്ടായിട്ടുണ്ട്, പലതും എന്നെ വേദനിപ്പിച്ചിട്ടുണ്ട്, മുറിവേല്‍പ്പിച്ചിട്ടുണ്ട്, ചിലതൊക്കെ എനിക്ക് ഇഷ്ടപ്പെട്ടിരുന്നു.
പക്ഷേ, എന്നെ ഏറ്റവും കൂടുതല്‍ വിളിക്കപ്പെട്ടിട്ടുള്ളത് ടെമ്പ എന്നാണ്. എന്റെ മുത്തശിയാണ് ആ പേരിട്ടത്. ടെമ്പയുടെ അർത്ഥം പ്രതീക്ഷ എന്നാണ്, ഒരു സമൂഹത്തിന്റെ പ്രതീക്ഷ, ഒരു ജനതയുടെ പ്രതീക്ഷ.
ലോർഡ്‌സിന്റെ ചരിത്ര പ്രസിദ്ധമായ ബാല്‍ക്കണിയില്‍ തലകുനിച്ചിരിക്കുകയാണ് ടെമ്പ ബവുമ. മൈതാനത്ത് മിച്ചല്‍ സ്റ്റാർക്കിന്റെ ഫുള്‍ട്ടോസ് വെരെയ്‌ൻ കവർ പോയിന്റിലേക്ക് തട്ടിയിട്ടിരിക്കുന്നു. ഗ്യാലറിയിലും ഡ്രെസിങ് റൂമിലും കാത്തിരിപ്പിന്റെ 27 വർഷം അവസാനിച്ചതിന്റെ ആനന്ദം. ഈ നൂറ്റാണ്ടിലാദ്യമായി അങ്ങനെയൊന്ന്.
തല ഉയർത്തി ബവുമ. അയാളുടെ മുഖത്ത് ഭാവ വെത്യാസഹങ്ങളുണ്ടായിരുന്നില്ല. പകരം പതിവ് സൗമ്യത മാത്രം. പതിയെ കയ്യടിച്ചു, എഴുന്നേറ്റു, മുഷ്ടി ചുരുട്ടി അയാള്‍ ലോകം കീഴടക്കി. ആ നിമിഷം, ആ മുഖം. അത്രത്തോളം മനോഹരമായ ഒന്ന് അടുത്തിടെയൊന്നും കായികപ്രേമികള്‍ കണ്ടിട്ടുണ്ടാവില്ല. ആ ചുരുട്ടിയ കൈകള്‍ക്ക് ലോകത്തിനോട് പലതും പറയാനുണ്ടായിരുന്നു.
കാരണം താണ്ടിയ വഴികളിലൊന്നും അയാള്‍ക്ക് നീതി ലഭിച്ചിട്ടുണ്ടായിരുന്നില്ല. ദക്ഷിണാഫ്രിക്കയുടെ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ബ്ലാക്ക് ആഫ്രിക്കൻ ക്യാപ്റ്റൻ. നായകസ്ഥാനം ഏറ്റെടുത്ത നാള്‍ മുതല്‍ ബവുമയെ തേടിയെത്തിയത് അയാളുടെ നായകമികവിനെക്കുറിച്ചുള്ള അന്വേഷണങ്ങളായിരുന്നില്ല. അയാളെന്ന ക്രിക്കറ്ററുടെ മൂല്യമായിരുന്നില്ല.
മറിച്ച് വർണവെറിയുടെ നാവുകളായിരുന്നു, അധിക്ഷേപ നോട്ടങ്ങളുടെ കണ്ണുകളായിരുന്നു. വിവേചനത്തിന്റെ കൈകളായിരുന്നു. ഉയരത്തിന്റെ, നിറത്തിന്റെ, ശരീരാവയവങ്ങളുടെ പേരില്‍ നിരന്തരം ബവുമ ക്രൂശിക്കപ്പെട്ടു. താൻ നായകനായ ടീമില്‍ നിന്ന് പോലും അത് ബവുമയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട് എന്ന് പറയുമ്പോള്‍ അയാള്‍ എത്രത്തോളം ഒറ്റപ്പെട്ടിട്ടുണ്ടാകണം.
സംവരണം കൊണ്ട് മാത്രം ടീമില്‍ നിലനില്‍ക്കുന്നുവെന്ന പറച്ചില്‍ കരിയറില്‍ ഉടനീളം ബവുമ കേട്ടിട്ടുണ്ടാകണം. ഒരിക്കല്‍ അത് തുറന്ന് പറയാനും ബവുമ മടിച്ചില്ല. നിങ്ങള്‍ റണ്‍സ് നേടിയില്ലെങ്കില്‍, വിക്കറ്റെടുത്തില്ലെങ്കില്‍ നിങ്ങളുടെ നിറം ചര്‍ച്ചയാകും, സംവരണതാരമെന്ന് ചാപ്പകുത്തപ്പെടും. ഇത് പറയുമ്പോള്‍ ബവുമയുടെ തൊണ്ട ഇടറിയില്ല, അയാളില്‍ നിശ്ചയദാര്‍ഢ്യം മാത്രമായിരുന്നു.
ചില മനുഷ്യരുണ്ട്, അവരുടെ വലുപ്പം ഒരിക്കലും ലോകം മനസിലാക്കില്ല, മറ്റാര്‍ക്കും സാധിക്കാത്ത ഒന്ന് അവര്‍ സാധ്യമാക്കുന്ന നിമിഷം വരെ. അങ്ങനെയൊന്നിനായിരുന്നു ബവുമ ക്രിക്കറ്റിന്റെ മെക്കയിലിറങ്ങിയത്.
വംശവെറിയുടെ നാണക്കേട് എന്നും നിഴലിച്ചിരുന്ന ടീമാണ് ദക്ഷിണാഫ്രിക്ക. പക്ഷേ, തുടര്‍ച്ചയായി എട്ട് മത്സരങ്ങള്‍ ജയിച്ച് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലേക്ക് കടക്കുമ്പോള്‍ ബാവുമ ഉറക്കപ്പറഞ്ഞ ഒന്നുണ്ട്. ഈ ടീമിന്റെ വിജയത്തിന് പിന്നില്‍ ഒത്തൊരുമയാണ് എന്ന്. അതൊരു ഭംഗിവാക്കായിരുന്നില്ല, അത് തെളിയിക്കേണ്ട ഉത്തരവാദിത്തം സ്വന്തം തോളിലേറ്റി ബവുമ.
പ്രോട്ടിയാസിന്റെ ആദ്യ ഇന്നിങ്സ്. ഡ്യൂക്‌സ് ബോളിന്റെ പ്രവചനാതീതമായ നിമിഷങ്ങള്‍ക്ക് മുന്നില്‍ കാലിടറിയപ്പോള്‍, ചരിത്രം ആവര്‍ത്തിക്കുമോയെന്ന് ഭയന്നപ്പോള്‍, ബാറ്റുകൊണ്ട് ചെറുത്തുനിന്നത് ബവുമയായിരുന്നു. 36 റണ്‍സ്. ബവുമയുടെ വിക്കറ്റായിരുന്നു ഓസ്ട്രേലിയക്ക് ആധിപത്യം നേടിക്കൊടുത്തതും.
രണ്ടാം ഇന്നിങ്സില്‍ 282 റണ്‍സെന്ന വിജയലക്ഷ്യം തേടിയിറങ്ങുകയായിരുന്നില്ല ബാവുമയും സംഘവും. മറിച്ച് ഒരു ജനതയ്ക്ക് ഉണര്‍വേകാനുള്ള ഒരുക്കമായിരുന്നു. മൂന്നാം ദിനം ചായക്ക് പിരിയും മുൻപ് പേശിവലിവ് ബവുമയുടെ ഒഴുക്കിനെ തടഞ്ഞു. ടീം ഫിസിയോയുടെ ഉപദേശം ബവുമ മടങ്ങണം എന്നായിരുന്നു. അയാള്‍ മൈതാനത്ത് പലകുറി വിശ്രമിച്ചു. മാര്‍ക്രം പറഞ്ഞു, ബവുമ തുടരണം! മുടന്തിയോടിയെടുത്ത ഓരോ റണ്‍സിനും ലോർഡ്‌സ് കയ്യടിച്ചു.
ബവുമയ്ക്ക് അനായാസ സിംഗിളുകള്‍ നിഷേധിക്കാൻ കമ്മിൻസ് ഫീല്‍ഡ് കൂടുതല്‍ അറ്റാക്കിങ്ങാക്കുന്നു. ഒരു കൂറ്റനടിക്കായി കളമൊരുക്കിക്കൊടുക്കുന്നു. പക്ഷേ, ബവുമ ഒരുക്കമായിരുന്നില്ല. ഓസ്ട്രേലിയ വിക്കറ്റിനായി കൊതിക്കുമ്പോഴും ബാവുമ മാർക്രത്തിനൊപ്പം നിലകൊണ്ടു. ബാവുമ മടങ്ങാതിരുന്നത് മികച്ച തീരുമാനമായിരുന്നെന്ന് ക്രിക്കറ്റ് ലോകം കണ്ടു.
83 പന്തില്‍ അർദ്ധ സെഞ്ച്വറി. മാർക്രത്തിന്റെ ശതക നിമിഷത്തില്‍ മാത്രമായിരുന്നു ബവുമയെ അല്‍പ്പമെങ്കിലും അഗ്രസീവായി കണ്ടത്. ഒടുവില്‍ മാർക്രത്തിന്റെ മാസ്റ്റർക്ലാസിനൊപ്പം ബവുമയുടെ വീര്യവും ചേർന്നതോടെ ആ അപൂർവതയിലേക്ക് പ്രോട്ടിയാസ് അടുക്കുകയായിരുന്നു.
നാലാം ദിനം 66ല്‍ ക്യാരിയുടെ കൈകളില്‍ ഇന്നിങ്സ് അവസാനിച്ച് ലോർഡ്‌സിന്റെ ഇടനാഴിയിലേക്ക് ബാവുമയുടെ മുടന്തുന്ന കാലുകള്‍ അടുക്കുമ്പോള്‍ ഗ്യാലറിയിലിരുന്ന പതിനായിരങ്ങള്‍ എഴുന്നേറ്റ് നിന്ന് ഹർഷാരവങ്ങള്‍ മുഴക്കി. അവരില്‍ അയാളെ മാറ്റിനിര്‍ത്താൻ ആഗ്രഹിച്ചവരുമുണ്ടായിരിക്കണം...മണിക്കൂറുകള്‍ക്ക് ശേഷം ആ കയ്യടികള്‍ ഒരിക്കല്‍ക്കൂടി ആവർത്തിച്ചു, 84-ാം ഓവറില്‍.
ഗ്രെയിം സ്മിത്ത്, ഹാഷിം അംല, എബി ഡിവില്ലിയേഴ്‌സ്, ഡെയില്‍ സ്റ്റെയിൻ, ഹെർഷല്‍ ഗിബ്‌സ്...അങ്ങനെ ഇതിഹാസങ്ങള്‍ പലകുറി വിളക്കിച്ചേർക്കാൻ ഒരുങ്ങിയിട്ടും സാധിക്കാതെ പോയ ആ സുവർണ നിമിഷം സംഭവിച്ചു. ബവുമ, ഒരു ജനതയുടെ പ്രതീക്ഷ കാത്തിരിക്കുന്നു. പരാജയം നുണയാത്ത ടെസ്റ്റ് ക്യാപ്റ്റനായി ബവുമ...
കിരീടം കൈകളിലേക്ക് എത്തുന്നതിന് മുൻപ് ബവുമ പറഞ്ഞു, പലകാരണങ്ങളാല്‍ വിഭജിക്കപ്പെട്ടിരിക്കുന്ന രാഷ്ട്രമെന്ന നിലയിൽ നമുക്ക് ഒന്നിക്കാനുള്ള ഒരു അവസരം ഇതാ. നമുക്കിത് ഒന്നിച്ച് ആഘോഷിക്കാം...അയാള്‍ ആ രാജ്യത്തിന്റെ ഇന്നും അവശേഷിക്കുന്ന ചില ഉള്‍ബോധ രാഷ്ട്രീയങ്ങള്‍ തിരുത്തുകയായിരുന്നു...അവരെ ഒന്നിപ്പിക്കുകയായിരുന്നു...
ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മേസ് ഉയർത്തുമ്പോള്‍ അയോളോളം വലുപ്പമുള്ളരൊള്‍ ദക്ഷിണാഫ്രിക്കയുടെ ക്രിക്കറ്റ് ചരിത്രത്തിലില്ലായിരുന്നു...