റോണോയ്ക്കായി പോര്‍ച്ചുഗല്‍ കളിക്കുമോ? മധ്യനിരയും മാര്‍ട്ടീനസും തിരുത്തണം

Published : Jun 22, 2026, 02:24 PM IST
Cristiano Ronaldo

Synopsis

എന്ത് സംഭവിച്ചാലും ക്രിസ്റ്റ്യാനോയെ കളിപ്പിക്കുമെന്ന നിലപാടില്‍ തന്നെയാണ് മാര്‍ട്ടിനസ്, എങ്കില്‍ അതിനൊത്ത് കളിമെനയാൻ തയാറാകണം. അല്ലെങ്കില്‍ അയാളെ നിശ്ചിത സമയത്തേക്ക് മാത്രമായി ഉപയോഗിക്കണം

അവസാനമായി അയാള്‍ ലോകത്തിന് മുന്നില്‍ വെല്ലുവിളിക്കപ്പെട്ടതെന്ന് എന്നാണെന്ന് ഓർമയുണ്ടോ...അതിന് ശേഷം സംഭവിച്ചതും...?

യുവേഫ നേഷൻസ് ലീഗ് ഫൈനലിന് അലയൻസ് അറീന ഒരുങ്ങുകയാണ്. ബാലൻ ദി ഓര്‍ കയ്യകലത്തിലുണ്ടായിരുന്ന ലമീൻ യമാല്‍ നേഷൻസ് ലീഗും സ്വപ്നം കണ്ടാണ് ഉറക്കമുണര്‍ന്നത്. പോർച്ചുഗലിനെ കീഴടക്കുമെന്ന് സമൂഹമാധ്യമങ്ങളിലൂടെ പറയാതെ പറഞ്ഞു, ഇതിഹാസത്തിന്റെ ജീവിതത്തെ പരിഹസിക്കുന്ന തരത്തിലെന്ന് തോന്നിക്കുന്ന പോസ്റ്റുകള്‍ ആ വാളില്‍ പ്രത്യക്ഷപ്പെട്ടു. അയാള്‍ക്ക് താൻ ആരാണെന്ന് തെളിയിക്കുമെന്ന് ആത്മവിശ്വാസത്തോടെ വിളിച്ച് പറഞ്ഞു.

പോര്‍ച്ചുഗല്‍ വേഴ്‌സസ് സ്പെയിൻ എന്നതിനപ്പുറം ആ ഫൈനല്‍ അയാളും - യമാലും തമ്മിലുള്ള പോര്‍മുഖത്തിനാണ് വഴിയൊരുക്കിയത്. അവിടെ അയാള്‍ ജയിക്കുമെന്ന് കരുതാൻ ലോകം തയാറായില്ല. പക്ഷേ, താൻ അലക്‌സ് ഫെര്‍ഗൂസണിന്റെ കളരിയില്‍ നിന്ന് ആദ്യ ബാലൻ ദി ഓർ നേടുമ്പോള്‍ ഒന്നരവയസുമാത്രമുള്ള ഒരു ചെക്കൻ, അവന് മുന്നില്‍ തോല്‍ക്കാൻ ആ 40കാരൻ ഒരുക്കമായിരുന്നില്ല.

ഫൈനലില്‍ തന്റെ സംഘത്തെ ഒപ്പമെത്തിച്ച് ശേഷം യമാലിന്റെ മുഖത്ത് നോക്കി ഞാൻ ആണ് ഇവിടെ ഒന്നാമനെന്ന് അയാള്‍ വിളിച്ചുപറഞ്ഞു, യമാലിനോട് മാത്രമായിരുന്നില്ല, ലോകത്തിനോടും. ആ കിരീടവും യമാലിന് അയാള്‍ നിഷേധിച്ചു. സ്വന്തം അമ്മയുടെ തീരുമാനങ്ങളെപ്പോലും തെറ്റിച്ചാണ് പിറവിയെടുത്തത് പോലും, അങ്ങനെ വളർന്ന അയാളുടെ ആത്മവീര്യത്തെ മറികടക്കുക ആർക്കും എളുപ്പമല്ല.

ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ, 2026 ലോകകപ്പില്‍ രണ്ടാം മത്സരത്തിന് പറങ്കിപ്പടയുടെ നായകൻ ഒരുങ്ങുകയാണ്. ഡിആർ കോംഗൊ പെനാലിറ്റി ബോക്സില്‍ തളച്ചിട്ടതുകണ്ട് പരിഹസിച്ചവരെയെല്ലാം നിശബ്ദമാക്കാൻ ആ ബൂട്ടുകള്‍ക്ക് ഒരുനിമിഷം മതി. ആ ശരീരത്തിന് മാത്രം കഴിയുന്നത് ചിലതൊക്കെ ഇനിയും മൈതാനങ്ങളില്‍ ബാക്കിയുണ്ട്, നേഷൻസ് ലീഗ് ഫൈനലില്‍ അത് കണ്ടതാണ്. പെനാലിറ്റി ബോക്‌സില്‍ നിർണായകവും അപ്രതീക്ഷിതവുമായ നിമിഷങ്ങള്‍ പോർച്ചുഗലിന് അനുകൂലമാക്കാൻ റൊബേര്‍ട്ടോ മാര്‍ട്ടിനസിന്റെ സംഘത്തില്‍ ഇന്നും മറ്റൊരാളില്ല.

പക്ഷേ, അമേരിക്കൻ മണ്ണില്‍ ക്രിസ്റ്റ്യാനോയ്ക്ക് അതിന് ഒറ്റയ്ക്ക് സാധിക്കില്ല എന്നത് കോംഗോയ്ക്ക് എതിരായ മത്സരത്തില്‍ തെളിഞ്ഞിരിക്കുന്നു. റോബേര്‍ട്ടോ മാര്‍ട്ടിനസിന്റെ സിസ്റ്റം, അവിടെ നിന്ന് തുടങ്ങണം മാറ്റങ്ങള്‍. ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഗോള്‍ സ്കോററെ മാറ്റി നിര്‍ത്താൻ കഴിയില്ല എന്ന് കടുത്ത വിമര്‍ശനങ്ങള്‍ക്കിടയിലും വിളിച്ച പറയുന്ന മാര്‍ട്ടീനസ്, സ്ട്രൈക്കറായി ക്രിസ്റ്റ്യാനോയെ മാത്രം വിന്യസിക്കുന്ന മാര്‍ട്ടിനസ്. എന്നാല്‍, അങ്ങനെയൊരു സിസ്റ്റത്തിലായിരുന്നില്ല പോര്‍ച്ചുഗലിന്റെ ആദ്യ മത്സരം.

വെഡ് പോസഷൻ ഗെയിം, വിങ്ങുകളിലൂടെ മാത്രം പന്ത് കൈവശം വെച്ച്, ക്രിയേറ്റീവായ മുന്നേറ്റങ്ങളോ, വിഷനോ ഇല്ലാതെ പിന്നോട്ട് കളിക്കുന്ന നെഗറ്റീവ് ഫുട്ബോള്‍. ഇവിടെ കളി നിയന്ത്രിക്കുന്നതാരാണ്, ക്ലബ്ബ് ഫുട്ബോളില്‍ പോയ സീസണിലെ ഏറ്റവും മികച്ച താരങ്ങളെന്ന് ഖ്യാതി നേടിയവര്‍. പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ ഒരു സീസണില്‍ നേടിയ ബ്രൂണോ ഫെര്‍ണാണ്ടസ്, പിഎസ്‌ജിയെ ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് നയിച്ച വിട്ടീഞ്ഞ്യ.

കോംഗോയ്ക്ക് എതിരെ വിട്ടീഞ്ഞ്യയുടെ കാലില്‍ പന്തെത്തിയത് 137 തവണയാണ്, ഒരു മികച്ച അവസരം സൃഷ്ടിക്കാൻ സാധിച്ചില്ല. ബ്രൂണോയ്ക്ക് ആകട്ടെ 96 ടച്ചുകള്‍, മത്സരത്തിന്റെ എക്‌സ്ട്രാ ടൈമിലാണ് ബ്രൂണോ ഒരു ഷോട്ടിനെങ്കിലും തുനിഞ്ഞത്. ഗോള്‍ അവസരങ്ങള്‍ ഒരുക്കാനുള്ള അവസരങ്ങള്‍ പലപ്പോഴും ഇരുവര്‍ക്കുമുണ്ടായിരുന്നു, പക്ഷേ പ്രതിരോധ നിരയിലേക്ക് പന്ത് കൈമാറി എല്ലാം ഒന്നില്‍ നിന്ന് വീണ്ടും തുടങ്ങുന്ന തരത്തിലായിരുന്നു സമീപനം പോലും.

ബ്രൂണോ, വിട്ടീഞ്ഞ്യ, ബെര്‍ണാദോ സില്‍വ, ജാവോ നവാസ് എന്നിവരടങ്ങുന്ന മധ്യനിര. ലോകകത്തെ ഏത് ടീമിലേക്കും എൻട്രി ലഭിക്കുന്നവര്‍. നാല്‍വര്‍ സംഘത്തിന് ഒരുതവണപോലും ബോക്‌സിനുള്ളിലേക്ക് അളന്നുമുറിച്ചൊരു പാസോ, ക്രോസോ നല്‍കാൻ സാധിച്ചില്ല. പെ‍ഡ്രൊ നെറ്റൊ, റാഫേല്‍ ലിയാഓ, ഫ്രാൻസീഷ്കൊ കോണ്‍സെയ്‌സോ എന്നിവര്‍ വിങ്ങര്‍ റോളിലും മൈതാനത്ത് എത്തുന്നുണ്ട്. കോണ്‍സെയ്സോ മാത്രമാണ് കോംഗോയ്ക്ക് എതിരെ ബോക്സിനുള്ളില്‍ അപകടം വിതച്ചത്. ബാക്കിയെല്ലാവരും തങ്ങളുടെ പ്രതിഭയുടെ നിഴല്‍ മാത്രമായി മൈതാനത്തൊതുങ്ങി.

മാര്‍ട്ടിനസ് ക്രിസ്റ്റ്യാനോയെ എന്ത് സംഭവിച്ചാലും കളിപ്പിക്കുമെന്ന നിലപാടില്‍ തന്നെയാണ്, എങ്കില്‍ അതിനൊത്ത് കളിമെനയാൻ തയാറാകണം. അല്ലെങ്കില്‍ അയാളെ നിശ്ചിത സമയത്തേക്ക് മാത്രമായി ഉപയോഗിക്കണം. സമ്മര്‍ദം മറ്റ് താരങ്ങളെ അലട്ടാത്ത സാഹചര്യത്തില്‍ ക്രിസ്റ്റ്യാനോയ്ക്കായി അവരെയാകെ വിന്യസിക്കണം. അര്‍ജന്റീന ലയണല്‍ മെസിക്കായി ഒരുക്കുന്ന മൈതാനം പോലെ. ക്രിസ്റ്റ്യാനോയിന്നും ബോക്സിനുള്ളില്‍ നിമിഷനേരം കൊണ്ട് അത്ഭുതതീര്‍ക്കാൻ കെല്‍പ്പുള്ളയാളാണ്, സൗദിയില്‍ കണ്ടതാണല്ലോ അതെല്ലാം.

വാനം മുട്ടുന്ന ഹെഡറുകളും, ഒവര്‍ഹെഡ് ശ്രമങ്ങളുമൊന്നും 41ലും വിട്ടുനല്‍കാൻ അയാള്‍ തയാറല്ല. ബോക്സിനുള്ളില്‍ തേടിയെത്തുന്ന പന്തുകളെ ഗോളാക്കി മാറ്റാൻ ഒരു ശതമാനം മാത്രമാണ് സാധ്യതയെങ്കില്‍പ്പോലും അയാള്‍ അതിന് തയാറാകും. അത് ഉപയോഗിക്കുക എന്നത് പോര്‍ച്ചുഗലിന്റെ കൂടെ ആവശ്യമാണിന്ന്...

PREV
Read more Articles on
click me!

Recommended Stories

10 മിനുറ്റില്‍ യമാല്‍ അവതരിച്ചു, ഒയർസബാല്‍ കണക്കുതീര്‍ത്ത രാത്രി; ഇതാ സ്പെയിൻ
ബോക്‌സിനുള്ളില്‍ ഒതുങ്ങുന്ന ഇതിഹാസം, പെയ്തുതോരുകയാണോ ക്രിസ്റ്റ്യാനോ?