ബോക്‌സിനുള്ളില്‍ ഒതുങ്ങുന്ന ഇതിഹാസം, പെയ്തുതോരുകയാണോ ക്രിസ്റ്റ്യാനോ?

Published : Jun 18, 2026, 01:51 PM IST
Cristiano Ronaldo

Synopsis

പരിചിതനല്ലാത്ത ക്രിസ്റ്റ്യാനൊ. ലോകകപ്പ് മൈതാനങ്ങളില്‍ ഇത്രത്തോളം നിസാഹയനായി ചരിത്രത്തില്‍ ഇതുവരെ റോണോയെ കണ്ടിട്ടില്ല

കാലത്തിന്റെ യാത്ര ഒടുവില്‍ ഹൂസ്റ്റണിലെ മഹാമൈതാനത്ത് എത്തിയപ്പോള്‍ താൻ ആരായിരുന്നുവെന്ന് അയാള്‍ മറന്നുതുപോലെ...അത് ഓര്‍മിപ്പിക്കാനായി ചുവപ്പുപുതച്ച ഗ്യാലറികള്‍ മത്സരത്തിന്റെ 75-ാം മിനുറ്റ് തിരിഞ്ഞെടുത്തു...ആ പേരിങ്ങനെ നിലയ്ക്കാതെ അവര്‍ ഉരുവിട്ടുകൊണ്ടേയിരുന്നു. പക്ഷേ, അയാളിലെ ഇതിഹാസത്തെ ഉണര്‍ത്താനായില്ല, അപ്പോഴേക്കും യാഥാര്‍ത്ഥ്യത്തിന്റെ കൈപ്പുനീര്‍ ആവോളം അനുഭവിച്ചിരുന്നു ആ കാലുകളിലേക്ക് ഉറ്റുനോക്കിയ ലോകം...

ഓള്‍ഡ് ട്രഫോഡിന്റെ ഇടതുവിങ്ങില്‍ കണ്ട വേഗക്കുതിപ്പുകള്‍, സാന്റിയാഗൊ ബെര്‍ണബ്യൂവില്‍ അത്ഭുതങ്ങള്‍ അവാഹിച്ച് നിറഞ്ഞാടിയവൻ, ടൂറിൻ ജനതയുടെ പ്രതീക്ഷയായ ബൂട്ടുകള്‍...കാലുകുത്തിയ മൈതാനങ്ങളെല്ലാം തന്റേതാക്കി മാറ്റിയ അമാനുഷികനായിരുന്നു. മിശിഹ ഒരു കവിതയായിരുന്നെങ്കില്‍ അയാള്‍ ഒരു പേമാരിയായിരുന്നു...അതിങ്ങനെ പെയ്തുതോരുന്നതുപോലെ...

കിലിയൻ എംബാപെയും എ‍ര്‍ളിങ് ഹാളണ്ടും സ്വന്തമാക്കിയ സായാഹ്നം, ലയണല്‍ ആന്ദ്രെസ് മെസി സര്‍വ്യാപിയായി മാറിയ രാത്രി. അടുത്ത പകല്‍ അയാള്‍ക്കായി കാത്തിരുന്നു, പറങ്കിപ്പടയുടെ നായകനായി.

ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ, പോര്‍ച്ചുഗല്‍ വേഴ്‌സസ് ഡിആര്‍ കോംഗൊ. പരിചിതനല്ലാത്ത ക്രിസ്റ്റ്യാനൊ. ലോകകപ്പ് മൈതാനങ്ങളില്‍ ഇത്രത്തോളം നിസാഹയനായി ചരിത്രത്തില്‍ ഇതുവരെ റോണോയെ കണ്ടിട്ടില്ല. അതിന് കാരണം ‍ക്രിസ്റ്റ്യാനൊ മാത്രമാണോയെന്നത് മറ്റൊരു ചോദ്യമാണ്. പോർച്ചുഗല്‍ പരിശീലകൻ റൊബേർട്ടോ മാർട്ടിനസ് മുതല്‍ കോംഗൊ ഒരുക്കിയ പ്രതിരോധക്കോട്ട വരെ അതിനുള്ള ഉത്തരങ്ങളില്‍പ്പെടും.

മത്സരത്തിന്റെ ആദ്യ നിമിഷങ്ങളില്‍ ക്രിസ്റ്റ്യാനോയുടെ കാലുകളിലേക്ക് പന്തെത്തിയപ്പോള്‍ ഗ്യാലറികള്‍ക്ക് ഉണ്ടായ ഉണർവ് അയാളില്‍ നിന്ന് ഒരുഗോള്‍ നിമിഷം അവർ എത്രത്തോളം ആഗ്രഹിക്കുന്നുവെന്നതിന്റെ തെളിവായിരുന്നു. 90 മിനുറ്റുകള്‍, റോണോ പന്തുതൊട്ടത് കേവലം 25 തവണ മാത്രമാണ്. മത്സരത്തിന്റെ 67-ാം മിനുറ്റ് വരെ ക്രിസ്റ്റ്യാനൊ എന്തെങ്കിലും ചെയ്തിരുന്നോ എന്ന് ചിന്തിച്ചാല്‍ കോംഗൊ ഡിഫൻസീവ് ലൈനിനൊപ്പം നിന്ന് സഹതാരങ്ങള്‍ക്ക് സ്പേസ് നേടിക്കൊടുത്തുവെന്നത് മാത്രമാണ് പറയാനുള്ളത്.

68-ാം മിനുറ്റിലാണ് ആദ്യമായൊരു അവസരം ക്രിസ്റ്റ്യാനോയെ തേടിയെത്തുന്നതുപോലും, ഫ്രാൻസിഷ്കൊ കോണ്‍സെയ്‌സോ വലതുവിങ്ങിലൂടെ പന്തുമായി ബോക്‌സിനുള്ളിലേക്ക് ഓടിക്കയറുമ്പോള്‍ നോക്കിയത് തന്റെ നായകനെ മാത്രമായിരുന്നു. കൃത്യമായി ആ കാലുകളിലേക്ക് കോണ്‍സെയ്‌സൊ പന്തെത്തിക്കുകയും ചെയ്തു. പക്ഷേ, ആ നിമിഷം തന്റേതാക്കാൻ പോർച്ചുഗല്‍ ഇതിഹാസത്തിനായില്ല.

നാല് മിനുറ്റുകളുടെ ഇടവേളയില്‍ സമാനമായൊരു അവസരം കോണ്‍സെയ്‌സോ സൃഷ്ടിച്ചു. ഇക്കുറി, ക്രിസ്റ്റ്യാനോയ്ക്ക് അനുകൂലമായിരുന്നു കാര്യങ്ങളെല്ലാം. ഗോള്‍ പിറക്കുമെന്നുറപ്പിച്ചെങ്കിലും ആ ബൂട്ടുകള്‍ക്ക് ഒരിക്കല്‍ക്കൂടി ലക്ഷ്യം തെറ്റി. പിന്നില്‍ നിന്ന ബ്രൂണോ ഫെര്‍ണാണ്ടസ് തന്റെ അമര്‍ഷം മറിച്ചുവെച്ചില്ല, കോംഗോ പ്രതിരോധത്തെ കബളിപ്പിച്ച് റോണോ ആ പന്തിനെ വെറുതെ വിട്ടിരുന്നെങ്കില്‍, ബ്രൂണോയ്ക്ക് അത് ഗോളാക്കി മാറ്റാനാകുമായിരുന്നു.

ഇവരണ്ടും തിരുത്താൻ ഒരു അവസരം പിന്നീടുണ്ടായി, കോംഗോയുടെ ഗോള്‍പോസ്റ്റിലേക്ക് വലതുവിങ്ങില്‍‍ നിന്ന് ഉയര്‍ന്നുവന്നൊരു ക്രോസ്. എതിരാളികളെ വകഞ്ഞുമാറ്റി അമാനുഷികനെപ്പോലെ പറന്നുയര്‍ന്ന് പന്ത് വലയില്‍ എത്തിക്കുന്ന ക്രിസ്റ്റ്യാനോയെക്കണ്ടാണ് ലോകത്തിന് പരിചയം, എന്നാല്‍ അയാള്‍ അവിടെ ചെറുതായൊന്ന് ഉയര്‍ന്ന് പൊങ്ങാൻ പോലും മടിച്ചുനില്‍ക്കുന്നതുപോലെയാണ് അനുഭവപ്പെട്ടത്.

കോര്‍ഡിനേഷന്റെ ഫൈനല്‍ പോയിന്റ്. അതാണ് പോര്‍ച്ചുഗല്‍ നിരയില്‍ ഇന്ന് ക്രിസ്റ്റ്യാനോ. ലോകഫുട്ബോളിലെ തന്നെ ഏറ്റവും മികച്ച മധ്യനിര കൈമുതലായുള്ള പോര്‍ച്ചുഗല്‍, അവരാരേയും ക്രിസ്റ്റ്യാനോയിലേക്ക് എത്താൻ കോംഗോ താരങ്ങള്‍ അനുവദിച്ചില്ല. ഒടുവില്‍ ചരിത്രനിമിഷം കോംഗോ നേടുമ്പോള്‍, ആ ടണലിലേക്ക് സഹതാരങ്ങളില്ലാതെ ഏകനായി ക്രിസ്റ്റ്യാനൊ നടന്നുനീങ്ങി. മൈതാനത്തും അയാള്‍ അങ്ങനെയായിരുന്നു ഭൂരിഭാഗം നേരവും. ആ കാഴ്ചയ്ക്ക് വല്ലാത്തൊരു വേദനയുണ്ടായിരുന്നു. അയാളിലെ അത്ഭുതങ്ങള്‍ മാത്രം കണ്ടുശീലിച്ചവര്‍ക്ക് ഉള്‍ക്കൊള്ളാൻ കഴിയാത്തൊരു നിമിഷം. പ്രായത്തിനോടും ശരീരത്തിനോടും തന്നേക്കാള്‍ വേഗതയുള്ളവരോടും മത്സരിക്കുകയാണ്, തോല്‍ക്കുന്നതുപോലെ...

അള്‍ജീരിയക്ക് എതിരായ മത്സരത്തില്‍ കോര്‍ണറിലേക്ക് നടന്നെത്തുന്ന മെസിയുടെ ഒരു ചിത്രമുണ്ട്, ലോകം മിശിഹയിലേക്ക് ചുരുങ്ങുന്നതുപോലൊന്ന്. അതിന് സമാനമായൊരു ദൃശ്യം ക്രിസ്റ്റ്യാനോയ്ക്കും ഇന്നലെയുണ്ടായി. പക്ഷേ, അവിടെ പ്രതിഫലിച്ച വൈകാരികതലം മറ്റൊന്നായിരുന്നു.

നേരത്തെ ഉന്നയിച്ച ചോദ്യം ഒരിക്കല്‍ക്കൂടി, ഇത് ക്രിസ്റ്റ്യാനൊയുടെ മാത്രം തെറ്റാണോ എന്നത്. 2022 ഫിഫ ലോകകപ്പ്, 2024 യൂറോ കപ്പ്, ഇപ്പോള്‍ കോംഗോയ്ക്ക് എതിരായ മത്സരം. മേജര്‍ ടൂര്‍ണമെന്റുകളിലെ അവസാന പത്ത് മത്സരങ്ങളില്‍ ക്രിസ്റ്റ്യാനൊയുടെ ബൂട്ട് നിശബ്ദമാണ്. യോഗ്യതാറൗണ്ടുകളിലെല്ലാം വലനിറയ്ക്കുന്ന റൊണാള്‍ഡൊ, യുവേഫ നേഷൻസ് ലീഗില്‍ വിമര്‍ശകരുടെ നാവിന് വിലങ്ങിട്ട റൊണാള്‍ഡൊ, അയാളെ മേജര്‍ മൈതാനങ്ങളിലൊന്നും കാണാനായിട്ടില്ല എന്ന വലിയ യാഥാര്‍ത്ഥ്യം മുന്നിലുണ്ട്.

ഇവയെല്ലാം ഉണ്ടായിട്ടും, എന്തുകൊണ്ട് മാര്‍ട്ടിനസ് ക്രിസ്റ്റ്യാനൊയെ 90 മിനുറ്റുകളും കളിപ്പിക്കാൻ തയാറാകുന്നു, 41 പിന്നിട്ട ക്രിസ്റ്റ്യാനോയ്ക്ക് തന്റെ പ്രതാപകാലത്തിനൊപ്പം നീങ്ങുകയെന്നത് ഏറെക്കുറെ അസാധ്യമായ ഒന്നാണ്. ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പോര്‍ച്ചുഗല്‍ ടീം, ലോകകപ്പ് നേടാൻ ഏറ്റവും സാധ്യത കല്‍പ്പിക്കുന്ന സംഘം. ക്രിസ്റ്റ്യാനോയുടെ പരിചയസമ്പത്ത് അതിന് അനുയോജ്യമായ നിമിഷങ്ങളില്‍ ഉപയോഗിക്കേണ്ടതാണ് എന്ന് ഫ്രഞ്ച് ഇതിഹാസം തിയറി ഹെൻറി പറയാതെ പറഞ്ഞുകഴിഞ്ഞു, THE TEAM NEEDS TO SCORE, NOT YOU.

ഇതെല്ലാം സംഭവിക്കുമ്പോഴും അയാളെ എഴുതിത്തള്ളാൻ സാധിക്കുമോ, ഒരുത്തരമേയുള്ളു, ഇല്ല. ചരിത്രം അതാണ്. മൈതാനത്ത് അയാള്‍ക്ക് മാത്രം സാധിക്കുന്ന ചിലതൊക്കെ ഇനിയും ബാക്കിയുണ്ട്...

PREV
Read more Articles on
click me!

Recommended Stories

പൂര്‍ണതയും താണ്ടി സര്‍വ്വവ്യാപിയായി മിശിഹ, കാലം കാത്തുവെച്ച ഹാട്രിക്ക്
പ്രതിരോധമാണ് ആയുധം, ഒപ്പം വൊസീന്യയുടെ കൈകളും; സ്‌പെയിനെ തളച്ച കേപ് വെർദെ തന്ത്രം