10 മിനുറ്റില്‍ യമാല്‍ അവതരിച്ചു, ഒയർസബാല്‍ കണക്കുതീര്‍ത്ത രാത്രി; ഇതാ സ്പെയിൻ

Published : Jun 22, 2026, 02:20 PM IST
Lamine Yamal

Synopsis

യമാല്‍ ഡെല ഫ്യൂന്റയുടെ സിസ്റ്റത്തില്‍ ചെലുത്തുന്ന സ്വാധീനം, കൈമാറുന്ന ഊര്‍ജം, അതായിരുന്നു പിന്നീട്. രണ്ട് മിനുറ്റുനുള്ളില്‍ രണ്ട് തവണ കൂടി യമാലിന്റെ ബൂട്ടില്‍ നിന്ന് പന്ത് ബോക്സിലേക്ക് എത്തി

കേപ് വെര്‍ദെയ്ക്ക് എതിരായ 19 മിനുറ്റുകള്‍, അതൊരു മുന്നറിയിപ്പായിരുന്നു, വിശ്വവേദിയില്‍ ആ ബൂട്ടുകള്‍ കാത്തുവെച്ചിരിക്കുന്നതെന്താണെന്നതിന്റെ ചെറുസൂചന...

അറ്റ്ലാന്റയിലെ മൈതാനം ഒരിക്കല്‍ക്കൂടി ലാ റോഹയ്ക്കായി തയാറെടുക്കുകയാണ്. മിശിഹായുടെ സംഘത്തിനെ ഖത്തറില്‍ വീഴ്ത്തിയ സൗദി അറേബ്യ, ലൂയിസ് ഡെല ഫ്യൂന്റയ്ക്ക് ചില തിരുത്തലുകള്‍ വരുത്തണമായിരുന്നു. വൊസീന്യയുടെ അത്ഭുത കരങ്ങളെ താണ്ടാൻ കഴിയാതെ പോയതിന്റെ കാരണം അയാള്‍ തിരിച്ചറിഞ്ഞു, ആദ്യ പകുതിയില്‍ ലോകം ഉറ്റുനോക്കുന്ന കാലുകളുടെ അഭാവമായിരുന്നു അത്. മത്സരത്തിന് മുന്നോടിയായി അന്തരീക്ഷത്തിലുണ്ടായിരുന്ന എല്ലാ ആശങ്കകള്‍ക്കും അവസാനം. യെസ്, ലമീൻ യമാല്‍ സ്റ്റാര്‍ട്ട്സ് ഫോര്‍ സ്പെയിൻ.

കേപ് വെര്‍ദയുടെ ബോക്‌സിനുള്ളിലേക്ക് പന്തെത്തിക്കാൻ, ഒരു ഷോട്ട് ഉതിര്‍ക്കാൻ സ്പെയിൻ കാത്തിരുന്നത് ഒന്നും രണ്ടുമല്ല 15 മിനുറ്റുകളായിരുന്നു. കാരണം, അവരുടെ ഡീപ്, കോംപാക്റ്റായുള്ള ലോ ബ്ലോക്ക് ഡിഫൻസായിരുന്നു. സൗദിയും ഒരുപാട് വ്യത്യസ്തമായിരുന്നില്ല, 5-4-1. സ്പെയിനിന്റെ പേസിനേയും ക്വാളിറ്റിയേയും നേരിടാൻ അവര്‍ക്ക് മുന്നില്‍ മറ്റ് തന്ത്രങ്ങളുണ്ടായിരുന്നില്ല. പക്ഷേ, അറ്റ്ലാന്റയിലേക്കുള്ള രണ്ടാം വരവില്‍ സ്പെയിനത്ര നേരം കാത്തിരിക്കേണ്ടി വന്നില്ല.

യമാലിന്റെ ബൂട്ടുകളിലേക്ക് പന്തെത്തിക്കാൻ ഒരുമിനുറ്റിനുള്ളില്‍ സ്പാനിഷ് മധ്യനിരയ്ക്കായി, ആ നിമിഷം തന്നെ അത് സംഭവിച്ചു. മാര്‍ക്ക് ചെയ്യാൻ ഇരമ്പിയെത്തിയ മൂന്ന് സൗദി ഡിഫൻഡര്‍മാരെ തന്റെ കളിമികവുകൊണ്ടും ശാരീരകമായും മറികടന്നുകൊണ്ട് വലതുവിങ്ങില്‍ നിന്ന് ബോക്സിനുള്ളിലേക്ക് യമാലിന്റെ ക്രോസ് പറന്നിറങ്ങി, എന്നാല്‍ അത് സൗദി ഡിഫൻസീനെ ക്രാക്ക് ചെയ്ത് കൃത്യമായി സ്വീകരിക്കാൻ ഒരു താരത്തിനുമായില്ല.

മത്സരത്തിന്റെ വേഗത അവിടെ സ്പെയിൻ മാര്‍ക്ക് ചെയ്യുകയായിരുന്നു. യമാല്‍ ഡെല ഫ്യൂന്റയുടെ സിസ്റ്റത്തില്‍ ചെലുത്തുന്ന സ്വാധീനം, കൈമാറുന്ന ഊര്‍ജം, അതായിരുന്നു പിന്നീട്. രണ്ട് മിനുറ്റുനുള്ളില്‍ രണ്ട് തവണ കൂടി യമാലിന്റെ ബൂട്ടില്‍ നിന്ന് പന്ത് ബോക്സിലേക്ക് എത്തി. യമാല്‍ വാസ് ഡെസ്പറേറ്റ്, സ്പെയിൻ വാസ് ഡെസ്പറേറ്റ്, നാലാം മിനുറ്റില്‍ ബോക്സിന് പുറത്ത് നിന്നൊരു ഗോള്‍ ശ്രമം, മൊഹമ്മദ് അല്‍ ഒവൈസിനെ വെല്ലുവിളിക്കാൻ മാത്രം പോന്നതായിരുന്നില്ല അത്.

പത്താം മിനുറ്റ്, കേപ് വേര്‍ദെയ്ക്ക് എതിരെ ആദ്യ 30 മിനുറ്റില്‍ ഒരു ടച്ചുപോലുമില്ലാതെ ഫുട്ബോള്‍ ലോകം പരിഹാസത്തോടെ നോക്കിയ മിക്കേല്‍ ഒയര്‍സബാല്‍. അയാളുടെ ബൂട്ടുകളായിരുന്നു മഹാമൈതാനത്തെ യമാലിന്റെ വരവിന് അരങ്ങൊരുക്കിയത്. ബോക്സിന്റെ ഇടതുമൂലയില്‍ നിന്ന് അളന്നുമുറിച്ചൊരു പാസ്, സൗദിയുടെ നാല് പ്രതിരോധ താരങ്ങള്‍ക്ക് മുന്നിലൂടെ സഞ്ചരിച്ചു ആ പന്ത്, വലത് വിങ്ങില്‍ നിന്ന് കുതിച്ചെത്തി പോസ്റ്റിനടുത്തേക്ക് സ്ലൈഡ് ചെയ്ത് യമാല്‍ ആ നിമിഷം തന്റേതാക്കി മാറ്റി, ഗോള്‍.

കോര്‍ണര്‍ ഫ്ലാഗിനേക്ക് അരികിലേക്കോടി മൈതാനത്ത് മുട്ടുകുത്തി തന്റെ കൈകള്‍ വാനിലേക്ക് ഉയര്‍ത്തി യമാല്‍ തന്റെ ഗോള്‍ ആഘോഷിച്ചു. 18 വയസും 342 ദിവസവും മാത്രം പ്രായം. ലോകകപ്പില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ എട്ടാമത്തെ താരം. ലമീൻ യമാല്‍ ഹാസ് അറൈവ്‍ഡ്.

ഇവിടെ നിന്നാണ് ഒയര്‍സബാല്‍ ബാറ്റേണ്‍ കൈമാറി നേടുന്നത്. കേപ് വെര്‍ദയ്ക്ക് എതിരായ മത്സരത്തില്‍ മൈതാനത്ത് ഏകനായി നടന്ന ഒയര്‍സബാലായിരുന്നില്ല, ആ സമനിലയുടെ ഭാരം മുഴുവനും ആ കാലുകളിലേക്കാണ് ലോകം കെട്ടിവെച്ചതും. അതേ മൈതാനത്ത് എല്ലാം തിരുത്തുകയായിരുന്നു ഒയര്‍സബാല്‍. ബോക്സിനുള്ളിലെ അയാളുടെ ബൂട്ടുകള്‍ കൃത്യമായ സ്ഥാനവും സമയനിഷ്ടയും പാലിച്ചുവെന്ന് വേണം പറയാൻ.

21-ാം മിനുറ്റില്‍ കോര്‍ണറിനൊടുവില്‍ ഡാനി ഓല്‍മോയുടെയും സൗദി പ്രതിരോധനിരയുടേയും ലപോര്‍ട്ടയുടെയും കാലുകളിലൂടെയുള്ള ലഹളയ്ക്ക് ഒടുവില്‍ പന്ത് കൃത്യമായ ഒയര്‍സബാലിന്റെ ബൂട്ടില്‍, പന്ത് വലയിലെത്തിക്കുക എന്നത് മാത്രമാണ് ഉറപ്പിക്കേണ്ടിയിരുന്നത്, അത് നടപ്പാക്കി. രണ്ട് മിനുറ്റിന് ശേഷം വീണ്ടും, കുക്കുറേയയും ഓല്‍മയും മറിച്ചുകൊടുത്ത പന്ത് പോസ്റ്റിന്റെ വലതുമൂലയ്ക്കരികില്‍ നിന്നൊരു ഫിനിഷ്. 25 മിനുറ്റിനിടെ മൂന്ന് ഗോള്‍ കോണ്‍ട്രിബ്യൂഷനുകള്‍, 30 മിനുറ്റില്‍ പന്തുതൊടാത്ത അതേ ഒയര്‍സബാല്‍.

കഴിഞ്ഞ 13 മത്സരത്തില്‍ നിന്ന് സ്പെയിനായി 21 ഗോള്‍ കോണ്‍ട്രിബ്യൂഷൻ, 14 ഗോളുകളും ഏഴ് അസിസ്റ്റും. ഒന്നും സംഭവിക്കാത്തത് കേപ് വെര്‍ദേയ്ക്ക് എതിരെ മാത്രം. ഒരുപക്ഷേ, ലോകകപ്പിലെ തന്നെ ഏറ്റവും അണ്ടര്‍റേറ്റഡായുള്ള താരം ഒയര്‍സബാലായിരിക്കാം. ഒയര്‍സബാല്‍ ഗോള്‍ഷീറ്റില്‍ തന്റെ ആധിപത്യം ഉറപ്പിച്ച് സ്പെയിന് ജയം ഒരുക്കുമ്പോള്‍ യമാല്‍ കളത്തില്‍ ഒന്നുകൂടി വ്യാപിക്കുകയായിരുന്നു.

പ്രതിരോധത്തിലേക്ക് ഇറങ്ങി പന്ത് വീണ്ടെടുക്കാനുള്ള നീക്കങ്ങള്‍, സൗദിയുടേയും സ്പെയിന്റേയും ടെറിറ്ററികളിലായി ഏഴ് തവണ യമാല്‍ ഡിഫൻസീവ് ഇടപെടലുകള്‍ നടത്തി. സ്പെയിന്റെ മുന്നേറ്റ നീക്കങ്ങളില്‍ ഏറ്റവും കൂടുതല്‍ തവണ യമാലിന്റെ സാന്നിധ്യമായിരുന്നു. പലകുറി തന്റെ ക്ലാസിക്ക് കേളറിനായി യമാല്‍ ശ്രമിച്ചു, പക്ഷേ നിഷേധിക്കപ്പെടുകയായിരുന്നു.

ഹാം സ്ട്രീങ് ഇഞ്ചുറി യമാലിന്റെ കളത്തിലെ സമയം ഫസ്റ്റ് ഹാഫില്‍ ഒതുക്കിയെങ്കിലും തന്റെ റോള്‍ ഭംഗിയായി നിര്‍വഹിച്ച ശേഷമായിരുന്നു കളം വിട്ടത്. 52 ടച്ചുകള്‍, 37 പാസ്, അഞ്ച് ഷോട്ട്, രണ്ടെണ്ണം ഓണ്‍ ടാര്‍ഗറ്റ്. തങ്ങള്‍ എന്തുകൊണ്ട് കിരീടം അര്‍ഹിക്കുന്നുവെന്ന ചോദ്യത്തിന് ഡെല ഫ്യൂന്റയുടെ സംഘം മറുപടി നല്‍കിയിരിക്കുന്നു. യമാല്‍ വന്നു, സ്പെയിൻ ഉയര്‍ന്നു.

PREV
Read more Articles on
click me!

Recommended Stories

ബോക്‌സിനുള്ളില്‍ ഒതുങ്ങുന്ന ഇതിഹാസം, പെയ്തുതോരുകയാണോ ക്രിസ്റ്റ്യാനോ?
പൂര്‍ണതയും താണ്ടി സര്‍വ്വവ്യാപിയായി മിശിഹ, കാലം കാത്തുവെച്ച ഹാട്രിക്ക്