കിരീടമില്ലാത്തവനെന്ന് പരിഹാസം; ഒടുവിൽ ഫുട്ബോളിന്റെ ഉന്നതിയിലേക്ക് കെയിൻ

Published : Oct 27, 2026, 05:55 PM IST
Harry Kane

Synopsis

ലയണല്‍ മെസിയും ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുമൊക്കെ അനശ്വരത പുല്‍കിയ അതേ വേദിയില്‍ നിന്ന് അയാള്‍ ഫുട്ബോളിന്റെ പരമോന്നതി തൊട്ടിരിക്കുന്നു...ഹാരി എഡ്‌വേഡ് കെയിൻ

ലോകം അയാളെ പരാജിതനെന്ന് നിരന്തരം വിളിച്ചുകൊണ്ടേയിരുന്നു. ആ കാലുകള്‍ സൃഷ്ടിച്ച അത്ഭുത നിമിഷങ്ങള്‍ക്ക് പോലും മൂല്യം നല്‍കാൻ അവ‍ര്‍ വിസമ്മതിച്ചു, കിരീടങ്ങളുടെ അഭാവം കൊണ്ട് പൂര്‍ണനല്ലായെന്ന് പരിഹസിച്ചു... the man who could not win trophies - അതായിരുന്നു ഫുട്ബോള്‍ ലോകത്തെ അയാളുടെ മേല്‍വിലാസം...

ഈ വിമര്‍ശനങ്ങള്‍ വേട്ടയാടിയത് ഒന്നോ രണ്ടോ മണിക്കൂറുകളായിരുന്നില്ല, ദിവസങ്ങളായിരുന്നില്ല, മാസങ്ങളായിരുന്നില്ല, ചുരുങ്ങിയ വര്‍ഷങ്ങളായിരുന്നില്ല. ഒന്നരപതിറ്റാണ്ടായിരുന്നു. മനുഷ്യായുസിന്റെ ഒരു വലിയകാലയളവ്...

എല്ലാത്തിനും മറുപടി പറയണമായിരുന്നു അയാള്‍ക്ക്, പക്ഷേ അതിന് വാക്കുകളായിരുന്നില്ല തിരഞ്ഞെടുത്തത്. തന്റെ ബൂട്ടുകൊള്‍ക്കൊണ്ട് നേടിയെടുത്ത ഒരു ദിവസമായിരുന്നു.

ഒക്ടോബര്‍ 26, 2026.

ലണ്ടണിലെ റിജ്‌വെ പാര്‍ക്കിലെ പുല്‍തകടിയില്‍ തന്റെ സഹോദരൻ ചാര്‍ളിക്കൊപ്പം ആരംഭിച്ച ഒരു യാത്ര. അത് ഒടുവില്‍ 12 മൈല്‍ അകലെയുള്ള ലണ്ടണ്‍ പലേഡിയം തിയേറ്ററിലെത്തി നില്‍ക്കുകയാണ്. ഫുട്ബോളിന്റെ നെറുകയിലെത്താൻ അവകാശവാദമുന്നയിച്ച പലരും അവിടെയുണ്ടായിരുന്നു, കിലിയൻ എംബാപെ, ലമീൻ യമാല്‍...പക്ഷേ അയാള്‍ നിശബ്ദനായിരുന്നു. പലകുറി അയാള്‍ക്ക് നിഷേധിക്കപ്പെട്ടതാണ് ആ വേദിയെന്ന് ഓര്‍ക്കണം...

കാത്തിരിപ്പിനവസാനം, റൊണാള്‍ഡോ നസാരിയോ പ്രഖ്യാപിക്കുകയാണ്, വിമർശനങ്ങളുടേയും പരിഹാസങ്ങളുടേയും അധിക്ഷേപങ്ങളുടേയും ശബ്ദങ്ങള്‍ അയാളുടെ നിശ്ചയദാർഢ്യത്തിന് മുൻപില്‍ പരാജയപ്പെട്ട നിമിഷം. പലേഡിയം തിയേറ്ററിലത്തിലെ ഇതിഹാസങ്ങളെ സാക്ഷിനിർത്തി, ലയണല്‍ മെസിയും ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുമൊക്കെ അനശ്വരത പുല്‍കിയ അതേ വേദിയില്‍ നിന്ന് അയാള്‍ ഫുട്ബോളിന്റെ പരമോന്നതി തൊട്ടിരിക്കുന്നു...ഹാരി എഡ്‌വേഡ് കെയിൻ.

ഹാരി കെയിനെ ലോകം അറിഞ്ഞുതുടങ്ങുന്നത് അയാളുടെ ഗോളുകളിലൂടെയാണ്. ടോട്ടൻഹാമിന്റെ ജഴ്‌സിയില്‍ ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍...കൃത്യമായി പറഞ്ഞാല്‍ 2014-15 സീസണ്‍ മുതല്‍. 2016, 17, 21 വര്‍ഷങ്ങളില്‍ പ്രീമിയര്‍ ലീഗ് ടോപ് സ്കോർ. 2018 ലോകകപ്പിലും കഴിഞ്ഞ യുവേഫ യൂറോയിലും കെയിന് തന്നെയായിരുന്നു ഗോള്‍ വേട്ടയില്‍ മുൻപില്‍. വ്യക്തിഗത നേട്ടങ്ങളാല്‍ സമ്പന്നമാകുമ്പോഴും ലോകത്തിലെ ഏറ്റവും മികച്ച സ്ട്രൈക്കറെന്ന ഖ്യാതി നേടുമ്പോഴും കെയിനോട് ഫുട്ബോള്‍ ലോകം ഒരു ചോദ്യം നിരന്തരം ചോദിച്ചുകൊണ്ടേയിരുന്നു. നിങ്ങള്‍ക്ക് ഒരു ട്രോഫി നേടാനാകുമോയെന്ന്.

ബോക്സിനുള്ളിലെ അസാധ്യമായ ഡിസിഷൻ മേക്കിങ്, ഏരിയല്‍ ഡൊമിനൻസ്, പ്ലേ മേക്കിങ് എബിലിറ്റി, ടാക്റ്റിക്കല്‍ ഇന്റലിജൻസ്...അങ്ങനെ ഒരു എലൈറ്റ് സ്ട്രൈക്കറിന് ആവശ്യമായതൊക്കെയും കെയിനിന്റെ കാലുകളിലുണ്ട്. പക്ഷേ, വലിയ മത്സരങ്ങളില്‍ നിരന്തരം പരാജയപ്പെടുന്നു. 2018-19 സീസണില്‍ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലില്‍ ലിവര്‍ഫൂളിനോട് തോല്‍വി, 2021 യൂറോയില്‍ ഇറ്റലിയോട്, 24ല്‍ സ്പെയിനോടും. ഒടുവില്‍ പ്രീമിയര്‍ ലീഗിലെ ഏക്കാലത്തെയും മികച്ച ഗോള്‍ സ്കോറർമാരില്‍ രണ്ടാമനായും ഉയർന്നു. എന്നാല്‍, മികവിനേക്കാള്‍ ചർച്ചയായത് പരാജയങ്ങളായിരുന്നു.

ഇതൊന്നും കെയിന്റെ യാത്രയെ തടഞ്ഞിരുന്നില്ല. ഒരു കിരീടത്തിന്റെ മധുരം അറിയണമായിരുന്നു, അതായിരുന്നു ലക്ഷ്യം. 2022-23 സീസണിനൊടുവില്‍ കെയിൻ ആ തീരുമാനമെടുക്കുകയാണ്, 20 വർഷത്തോളം നീണ്ട ടോട്ടൻഹാം ജേണി അവസാനിപ്പിക്കുന്നു, യൂത്ത് കരിയറില്‍ ആരംഭിച്ചതാണ്. തന്നെ താനാക്കി വളർത്തിയ മണ്ണ് വിട്ട് ചേക്കേറിയത് ജർമനിയിലേക്കായിരുന്നു, ബയേണ്‍ മ്യൂണിച്ച്. ബുണ്ടസ്‌ലീഗയെക്കുറിച്ച് ഫുട്ബോള്‍ ആരാധകർ പറയാറുണ്ട്, ഒരുതരത്തില്‍ വിമർശനമാണ്, ബയേണിന് കിരീടം നേടിക്കൊടുക്കാനായി 17 ടീമുകള്‍ കളിക്കുന്ന ലീഗെന്ന്.

പക്ഷേ, കെയിൻ ബയേണിന്റെ ജേഴ്സി അണിഞ്ഞ ആദ്യ സീസണില്‍ ലീഗ് കിരീടം നേടിയത് ലെവര്‍ക്കൂസണായിരുന്നു, സാബി അലോൻസോയുടെ സംഘം തോല്‍വി അറിയാതെ ജേതാക്കളായി. വീണ്ടും വിമര്‍ശനങ്ങള്‍, കെയിൻ എവിടെപ്പോയാലും കിരീടങ്ങള്‍ അകലുന്നതുപോലെ. എന്നാല്‍, അടുത്ത സീസണില്‍ കെയിന്റെ കൈകളിക്ക് ബുണ്ടസ്‌ലിഗയെത്തി, 26 ഗോളുകളായിരുന്നു സീസണിലെ നേട്ടം, പിന്നീട് കണ്ടത് കെയിനിന്റെ അള്‍ട്ടിമേറ്റ് ഡൊമിനേഷൻ ആയിരുന്നു. 2025-26 എന്ന മോണ്‍സ്ട്രസ് സീസണ്‍, കെയിൻ ഫുട്ബോളിന്റെ നെറുകയിലേക്ക് എത്താൻ കാരണമായ സീസണ്‍.

ഇംഗ്ലണ്ടിനും മ്യൂണിച്ചിനും വേണ്ടി കെയിനിന്റെ ബൂട്ടുകള്‍ അടിച്ചുകൂട്ടിയത് 65 മത്സരങ്ങളില്‍ നിന്ന് 73 ഗോളുകള്‍, 81 ഗോള്‍ കോണ്‍ട്രിബ്യൂഷനുകള്‍. 2011, 12 സീസണില്‍ മെസി 82 ഗോളുകള്‍ നേടിയതാണ് ഒരു താരത്തിന്റെ ഏറ്റവും മികച്ച വ്യക്തിഗത സീസണ്‍, തൊട്ടുപിന്നിലെത്തി കെയിൻ, ക്രിസ്റ്റ്യാനൊയെ മറികടക്കുകയും ചെയ്തു. ചാമ്പ്യൻസ് ലീഗില്‍ അഞ്ച് നോക്കൗട്ട് മത്സരങ്ങളില്‍ ആറ് ഗോളുകള്‍. ഫിഫ ലോകകപ്പില്‍ റൗണ്ട് ഓഫ് 32വില്‍ ഡിആര്‍ കോംഗോയ്ക്കെതിരെ ബ്രേസ്, ശേഷം പ്രീ ക്വാര്‍ട്ടറില്‍ മെക്സിക്കോയ്ക്കെതിരെ ഗോളും അസിസ്റ്റും. കെയിൻ വാസ് സംതിങ് എല്‍സ് ലാസ്റ്റ് സീസണ്‍.

പക്ഷേ, ബാലോണ്‍ ദി ഓര്‍ നേട്ടം ഗോളുകള്‍ക്കുള്ള അംഗീകാരമായിരുന്നില്ല, അതിനപ്പുറം ഒരു നീതി നടപ്പായതായിരുന്നു. അയാൾ ഡ്രിബ്ലിങ്ങിലൂടെ വിസ്മയിപ്പിക്കുന്ന താരമായിരിക്കില്ല. ഏറ്റവും വേഗതയുള്ള കാലുകള്‍ അയാളുടേതായിരിക്കില്ല. പക്ഷേ അയാള്‍ അര്‍ഹനായിരുന്നു. നൂറ് ശതമാനവും.

ആ സുവര്‍ണഗോളം കൈകളിലേക്ക് എത്തിയപ്പോള്‍ കെയിൻ തിരിഞ്ഞുനോക്കിയിട്ടുണ്ടാകും. ടോട്ടൻഹാമിലെ ആ ചെറുപ്പക്കാരനെയും കിരീടത്തിനായി കാത്തിരുന്ന വർഷങ്ങളെ ഓർക്കുന്നുണ്ടാകാം. തലകുനിച്ച് മടങ്ങേണ്ടി വന്ന ഫൈനലുകള്‍ മിന്നിമറഞ്ഞിട്ടുണ്ടാകാം...തന്റെ കാലുകളെ സംശയിച്ചവരെ ഓര്‍ത്തെടുത്തിരിക്കാം...എല്ലാത്തിനുമുള്ള ഉത്തരം അയാള്‍ പലേഡിയം തിയേറ്ററിലെ ജനസാഗരത്തിന് മുന്നില്‍ അയാള്‍ ഉയര്‍ത്തി കാണിച്ചു...

Work hard in silence. Let success be your noise

PREV
Read more Articles on
click me!

Recommended Stories

എന്താ അടി! ബീസ്റ്റ് മോഡില്‍ അഭിഷേകും വൈഭവും; കിവികളുടെ ചിറകരിഞ്ഞ് ഇന്ത്യ
ഇതാണ് മൗറിഞ്ഞ്യോയുടെ റയല്‍; ക്യാമ്പ് നൗ നിശബ്ദമാക്കിയ മാസ്റ്റർപ്ലാൻ