ന്യൂസിലൻഡ് പരമ്പര അവസാന ലാപ്പ്; സഞ്ജുവിന്റെ കംബാക്ക് മുതല്‍ സൂര്യയുടെ ആശങ്ക വരെ

Published : Jan 20, 2026, 12:44 PM IST
Sanju Samson

Synopsis

നാഗ്‌പൂരില്‍ ട്വന്റി 20 പരമ്പരയ്ക്ക് തുടക്കമിടുമ്പോള്‍ ഏറ്റവും ആകാംഷ സഞ്ജു സാംസണിന്റെ ബാറ്റിലേക്ക് തന്നെയാണ്. ശേഷം തിലക് വർമയ്ക്ക് പകരം ആര് ക്രീസിലേക്ക് എത്തുമെന്നതും

സഞ്ജു സാംസണിന്റെ ഒരു മാസ് കംബാക്ക്. ശ്രേയസ് അയ്യരോ ഇഷാൻ കിഷനോ തിലക് വ‍ര്‍മയ്ക്ക് പകരമെന്ന ചോദ്യം. സൂര്യകുമാര്‍ യാദവ് ഫോമിലേക്കും തിലക് ടീമിലേക്കും മടങ്ങിയെത്തുമോയെന്ന ആശങ്ക. ട്വന്റി 20 ലോകകപ്പ് പ്രതിരോധിക്കാൻ ഇന്ത്യ ഒരുങ്ങുകയാണ്. തയാറെടുപ്പിന്റെ അവസാന ലാപ്പിലേക്ക് എത്തിയിരിക്കുന്നു. മേല്‍പ്പറഞ്ഞവയ്ക്ക് എല്ലാം ഉത്തരം കണ്ടെത്താൻ അഞ്ചേ അഞ്ച് മത്സരങ്ങള്‍ മാത്രം. എതിരാളികള്‍ സീനിയേഴ്‌സിനെ കീഴടക്കിയെത്തുന്ന ന്യൂസിലൻഡ്.

നാഗ്‌പൂരില്‍ ട്വന്റി 20 പരമ്പരയ്ക്ക് തുടക്കമിടുമ്പോള്‍ ഏറ്റവും ആകാംഷ സഞ്ജു സാംസണിന്റെ ബാറ്റിലേക്ക് തന്നെയാണ്. അവഗണനകളും അനീതിയും കടന്ന് സര്‍വ വെല്ലുവിളികളേയും സ്റ്റാര്‍ ബോയിയുടെ വരവിനേയും അതിജിവിച്ച് 37 റണ്‍സുകൊണ്ട് അര്‍ഹിച്ച സ്ഥാനം നേടെയെടുത്ത അതേ സഞ്ജു. ഒടുവില്‍ മാനേജ്മെന്റ് സഞ്ജുവില്‍ വിശ്വാസം അര്‍പ്പിക്കുമ്പോള്‍ സമ്മര്‍ദം ചെറുതായിരിക്കില്ല. അഭിഷേക് ശര്‍മയ്ക്കൊപ്പം നീണ്ട ഇടവേളയ്ക്ക് ശേഷം സ്ഥിരഓപ്പണറായി വലം കയ്യൻ ബാറ്റര്‍ ഇറങ്ങുകയാണ്.

ദീര്‍ഘകാലത്തേക്ക് തന്റെ സ്ഥാനം ഉറപ്പിക്കാനുള്ള അവസരം കൂടിയാകും ന്യൂസിലൻഡ് പരമ്പരയും വരാനിരിക്കുന്ന ലോകകപ്പും. കേവലം 18 ഇന്നിങ്സുകളില്‍ ഓപ്പണറായി മൂന്ന് സെഞ്ചുറികള്‍, മറ്റ് ആര്‍ക്കും അവകാശപ്പെടാൻപോലും കഴിയാത്ത നേട്ടം. ഓപ്പണറുടെ വേഷമണിഞ്ഞ് ഇന്ത്യക്കായി കളത്തിലെത്തിയതില്‍ 500 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്ത താരങ്ങങ്ങളില്‍ സഞ്ജുവിനേക്കാള്‍ സ്ട്രൈക്ക് റേറ്റുള്ളത് അഭിഷേക് ശര്‍മയ്ക്ക് മാത്രമാണ്.

രോഹിത് ശര്‍മയെന്ന ഇതിഹാസത്തെ പോലും സഞ്ജു മറികടന്നിരിക്കുന്നുവെന്ന് ചുരുക്കം. സഞ്ജുവിന്റെ പ്രഹരശേഷി 180ന് അടുത്താണെങ്കില്‍ അഭിഷേകിന്റേത് 190 ആണ്. ഫിയര്‍ലെസ് ഡുവോ.

അഭിഷേകിനൊപ്പം സഞ്ജുവിന്റെ സാന്നിധ്യമുണ്ടാകുമ്പോള്‍ ടീമിന്റെ സ്കോറിങ്ങ് റേറ്റ് എത്രത്തോളം വേഗത്തില്‍ കുതിക്കുമെന്ന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ അവസാന ട്വന്റി 20യില്‍ വ്യക്തമായിട്ടുണ്ട്. ഫിയര്‍ലെസ് ബാറ്റിങ് കിവീസിനെതിരെയും സഞ്ജു തുടരേണ്ടതുണ്ട്. എങ്കില്‍, ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും അപകടം വിതയ്ക്കാൻ കഴിയുന്ന സഖ്യമായി അഭിഷേക്-സഞ്ജു കൂട്ടുകെട്ടിന് മാറാൻ കഴിയും. അത് ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യക്ക് നല്‍കുന്ന മുൻതൂക്കവും ചെറുതായിരിക്കില്ല.

ഏത് പൊസിഷനിലും പകരക്കാരെ കണ്ടെത്താനുള്ള കെല്‍പ്പ് ഇന്ന് ഇന്ത്യയിലെ ക്രിക്കറ്റ് മൈതാനങ്ങള്‍ മാനേജ്മെന്റിന് സമ്മാനിച്ചിട്ടുണ്ട്. പക്ഷേ, സൂര്യകുമാര്‍ യാദവിനെപ്പോലൊരാള്‍, അത് അത്ര എളുപ്പമല്ല. നായകനും ഇന്ത്യൻ ബാറ്റിങ് നിരയുടെ നെടുംതൂണും 360 ഡിഗ്രി പ്ലെയറുമായ സൂര്യയുടെ അന്താരാഷ്ട്ര കരിയര്‍ മുന്നോട്ട് പോകുന്നത് അത്ര ശുഭകരമായല്ല. ട്വന്റി 20യില്‍ ഒരു അര്‍ദ്ധ സെഞ്ചുറിപോലുമില്ലാതെയാണ് ഇന്ത്യൻ നായകൻ 2025 അവസാനിപ്പിച്ചത്, അതും 21 മത്സരങ്ങളില്‍.

19 ഇന്നിങ്സുകളിലായി സൂര്യ സ്കോര്‍ ചെയ്തത് കേവലം 218 റണ്‍സാണ്, ശരാശരി 13 മാത്രം. സ്ട്രൈക്ക് റേറ്റിലുണ്ടായ ഇടിവാണ് ഏറ്റവും ആശങ്ക നല്‍കുന്ന കാര്യങ്ങളിലൊന്ന്. പോയ വര്‍ഷത്തെ സൂര്യയുടെ പ്രഹരശേഷി 123 മാത്രമാണ്. ഫോര്‍മാറ്റില്‍ ആദ്യമായി സ്ട്രൈക്ക് റേറ്റ് 150ന് താഴെ പോയ വര്‍ഷമായിക്കൂടെ 2025നെ സൂര്യക്ക് അടയാളപ്പെടുത്താം. ന്യൂസിലൻഡിനെതിരായ പരമ്പര മാത്രമാണ് സൂര്യക്ക് ഫോം വീണ്ടെടുക്കാൻ മുന്നിലുള്ളത്, ആഭ്യന്തര ക്രിക്കറ്റില്‍ പ്രത്യക്ഷപ്പെട്ടെങ്കിലും കാര്യമായ ചലനങ്ങലുണ്ടായിരുന്നില്ല.

വിജയ് ഹസാരെ ട്രോഫിയില്‍ പഞ്ചാബിനും ഹിമാചാല്‍ പ്രദേശിനുമെതിരായ സ്കോറുകള്‍ പതിനഞ്ചും ഇരുപത്തിനാലുമായിരുന്നു. പക്ഷേ, സൂര്യയുടെ ബാറ്റ് ചലിച്ചില്ലെങ്കിലും ഇന്ത്യയുടെ വിജയങ്ങളെ ബാധിക്കില്ലായെന്ന് പോയ വര്‍ഷം തെളിയിച്ചു. എങ്കിലും കരിയറിന്റെ മുന്നോട്ട് പോക്കിനും ഇന്ത്യയുടെ ലോകകപ്പ് പ്രതിരോധിക്കുക എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കണമെങ്കിലും സൂര്യയുടെ ബാറ്റ് റണ്‍സ് കണ്ടെത്തിയെ മതിയാകു.

അവസാനമായി തിലക് വര്‍മയെന്ന് ഇന്ത്യയുടെ ബിഗ് ഗെയിം പ്ലെയറിനുള്ള പകരക്കാരൻ ആരായിരിക്കുമെന്ന ചോദ്യമാണ്. ഇടം കയ്യൻ ബാറ്ററും ഉജ്വല ഫോമിലുമുള്ള ഇഷാൻ കിഷനാണ് ഏറ്റവും അനുയോജ്യനെന്നതില്‍ വലിയ തര്‍ക്കങ്ങള്‍ക്ക് സാധ്യതയില്ല. പക്ഷേ, ശ്രേയസ് അയ്യരിനെയാണ് പകരക്കാരനായി ബിസിസിഐ പ്രഖ്യാപിച്ചത്. 2023 ഡിസംബറില്‍ ഓസ്ട്രേലിയക്ക് എതിരായ ട്വന്റി 20 പരമ്പരയ്ക്ക് ശേഷം ശ്രേയസ് ആദ്യമായാണ് ട്വന്റി 20 ടീമിലേക്ക് മടങ്ങിയെത്തുന്നത്.

2025 ഐപിഎല്ലിലെ പ്രകടനങ്ങള്‍ ഫോര്‍മാറ്റിലെ ശ്രേയസിന്റെ ഗ്രാഫ് ഒട്ടും താഴ്ന്നിട്ടില്ല എന്ന് തെളിയിക്കുന്നതായിരുന്നു. 17 മത്സരങ്ങളില്‍ നിന്ന് 175 സ്ട്രൈക്ക് റേറ്റില്‍ 604 റണ്‍സ്. എന്നിരുന്നാലും ന്യൂസിലൻഡ് പരമ്പരയില്‍ ഇഷാന് മുൻഗണന ലഭിച്ചേക്കും. കാരണം, ലോകകപ്പ് ടീമിലും ഭാഗമായിട്ടുള്ള താരമാണ് ഇഷാൻ, അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ഇടവേളയ്ക്ക് ശേഷമാണ് ഇഷാന്റെ മടങ്ങി വരവ്. അതും സെയ്ദ് മുഷ്താഖ് അലിയിലെ ടോപ് സ്കോററായി ജാര്‍ഖണ്ഡിന് കിരീടവും നേടിക്കൊടുത്ത്. ടോപ് ലെവലില്‍ ഇഷാന് മത്സരപരിചയം ലഭിക്കേണ്ടത് അനിവാര്യമായ ഒന്നാണ്. തിലക് വര്‍മയുടെ തിരിച്ചുവരവ് വൈകിയാല്‍ ലോകകപ്പില്‍ ആ റോള്‍ വഹിക്കേണ്ടതും ഇഷാൻ തന്നെയാകും.

PREV
Read more Articles on
click me!

Recommended Stories

വിരമിക്കല്‍ ഒരുപാട് അകലയല്ല! രവീന്ദ്ര ജഡേജയുടെ ഏകദിന കരിയര്‍ അവസാനത്തിലേക്കോ?
തോല്‍പ്പിച്ചത് വിക്കറ്റെടുക്കാൻ മടിക്കുന്ന ബൗളിങ് നിര; സ്പിന്നർമാർ പരാജയം, പേസർമാർ ശരാശരി