
പിന്നിട്ട മൂന്ന് സീസണുകളില്‍ സംഭവിച്ചതൊക്കെ വാംഖഡെയില്‍ തന്നെ ഉപേക്ഷിച്ചിരിക്കുന്നു. ഹാര്‍ദിക്ക് പാണ്ഡ്യ പുതിയൊരു അധ്യായം ആരംഭിക്കുകയാണ്. ഇനി പഞ്ചാബ് കിങ്സിന്റെ ചുവപ്പില്‍, ശ്രേയസ് അയ്യറിന്റെ കീഴില്‍, റിക്കി പോണ്ടിങ്ങിന്റെ ശിക്ഷണത്തില്‍. നീണ്ട അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ക്യാപ്റ്റൻസി ഭാരമില്ലാതെ ഹാർദിക്ക് പാണ്ഡ്യ കളത്തിലെത്തുകയാണ്. ഇന്ത്യൻ ഓള് റൗണ്ടര്‍ക്ക് യോജിച്ച സംഘമാണോ പഞ്ചാബ്?
മുംബൈ ഡ്രെസിങ് റൂമിലെ ഭിന്നതകള്‍ കളത്തിലും പ്രതിഫലിച്ചപ്പോള്‍ ഹാര്‍ദിക്ക് ചെപ്പോക്കിലേക്ക് ചേക്കേറുമെന്നായിരുന്നു എല്ലാവരും കരുതിയത്. അയാള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട മഹി ഭായിക്കൊപ്പം ചെന്നൈ സൂപ്പര്‍ കിങ്സില്‍. താരത്തിന്റെ ട്രേഡുമായി ബന്ധപ്പെട്ട് ഏറ്റവുമധികം ഉയര്‍ന്ന് കേട്ടതും ചെന്നൈയുടെ പേര് തന്നെയായിരുന്നു. എന്നാല്‍, എന്തൊക്കെയൊ കാരണത്താല്‍ മുംബൈയും ചെന്നൈയും തമ്മിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കാതെ അവസാനിച്ചു. ചെന്നൈക്കും പഞ്ചാബിനുമൊപ്പം ഹാര്‍ദിക്കിനായി രാജസ്ഥാൻ റോയല്‍സും കളത്തിലുണ്ടായിരുന്നു.
ഒടുവില്‍, മുംബൈ അര്‍ഷദീപ് സിങ്ങിലൂടെ തങ്ങളുടെ ദൗര്‍ബല്യങ്ങള്‍ നികത്താനുറച്ചപ്പോള് ഡീല്‍ സാധ്യമായി. ഹാര്‍ദിക്കിനേയും പഞ്ചാബിനേയും സംബന്ധിച്ച് ഈ ട്രേഡ് മികച്ചതാകാണമെങ്കില് ഒരൊറ്റ കണ്ടീഷനാണുള്ളത്. താരം നൂറ് ശതമാനവും ഫിറ്റായിരിക്കണം. പവർ ഹിറ്റർ കൂടിയായ മിഡില്‍ ഓർഡര്‍ ബാറ്റർ, ഇന്ത്യൻ സീം ബൗളിങ് ഓപ്ഷൻ, ഐപിഎല്‍ നോക്കൗട്ടുകളിലെ പരിചയസമ്പത്ത്, ബാറ്റിങ്ങ്, ബൗളിങ് ലൈനപ്പുകള്‍ക്ക് കൃത്യമായ ബാലൻസ് നല്കാൻ കഴിയുന്ന പ്രൂവണ്‍ പ്ലെയര്‍. പഞ്ചാബിന് ആവശ്യമുള്ളതെല്ലാം ഹാര്‍ദിക്ക് എന്ന പേരിന് നേര്‍ക്കുണ്ട്.
2026 ഐപിഎല്‍ പഞ്ചാബ് നേരിട്ട പ്രധാന വെല്ലുവിളികളിലൊന്ന് മധ്യനിരയുടെ സ്കോറിങ് പേസിലുണ്ടായ ഇടിവാണ്. പ്രഭ്സിമ്രാൻ സിങ്ങും പ്രിയാൻഷ് ആര്യയും നല്കുന്ന മികച്ച തുടക്കങ്ങള്‍ ഇന്നിങ്സിലുടനീളം ആവര്‍ത്തിക്കാൻ കഴിയാതെ പോയി. ശ്രേയസിന് ബാറ്റുകൊണ്ട് കോണ്ട്രിബ്യൂട്ട് ചെയ്യാൻ കഴിഞ്ഞില്ലെങ്കില്‍ ക്രൈസിസ് മാനേജ് ചെയ്യാൻ കഴിയാതെ പോകുന്ന മിഡില്‍ ഓര്‍ഡര്‍. പ്രിയാൻഷ്, പ്രഭ്സിമ്രാൻ, കൂപ്പര്‍ കനോലി, ശ്രേയസ് എന്നിവരടങ്ങുന്നതാണ് പഞ്ചാബിന്റെ ടോപ് ഓര്‍ഡര്‍. ശേഷം കഴിഞ്ഞ സീസണില്‍ പ്രത്യക്ഷപ്പെട്ടത് സൂര്യാൻഷ് ഷെഡ്ഗെ, ശശാങ്ക് സിങ്, അസ്മത്തുള്ള ഒമര്‍സായി അല്ലെങ്കില്‍ മാര്‍ക്കസ് സ്റ്റോയിനിസായിരുന്നു.
ശശാങ്കും ഒമര്‍സായിയും പരാജയപ്പെട്ടപ്പോള്‍ സ്റ്റോയിനിസും സൂര്യാൻഷും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഇവിടെ അഞ്ചാം നമ്പറിലേക്ക് ഹാര്‍ദിക്ക് എത്തുകയാണെങ്കില്‍ ലോവര്‍ ഓര്‍ഡര്‍ സോളിഡാകും, സ്റ്റോയിനിസും സൂര്യാൻഷോ വഴിമാറിക്കൊടുക്കേണ്ടി വന്നേക്കാം. മധ്യഓവറുകളില്‍ സ്പിന്നര്‍മാരെ ഡൊമിനേറ്റ് ചെയ്യാനും ഡെത്തില്‍ പേസിനെതിരെ സ്കോര്‍ ചെയ്യാനും ടോപ് ഓര്‍ഡര്‍ കൊളാപ്സായാല് ഇന്നിങ്സിനെ ബില്‍ഡ് ചെയ്യാനും ഹാര്‍ദിക്കിന് വൈഭവമുണ്ട്. ശശാങ്ക് ടീമിലുള്ള പശ്ചാത്തലത്തില്‍ ഒരു ഫിനിഷറായി മാത്രം നിലകൊള്ളേണ്ടതായും വരില്ല.
ബൗളിങ് ഡിപ്പാര്‍ട്ട്മെന്റിലേക്ക് വന്നാല്‍ അര്‍ഷദീപിനെപ്പോലൊരു ഐക്കോണിക്ക് താരത്തെ കൈവിട്ടാണ് ഹാര്‍ദിക്കിനെ പഞ്ചാബ് ടീമിലെത്തിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണിലെ രണ്ടാം പകുതി പൂര്‍ണമായും പഞ്ചാബിന് നഷ്ടമായതിനാല്‍ പ്ലേ ഓഫിലെത്താൻ കഴിഞ്ഞിരുന്നില്ല. സീം മൂവ്മെന്റ് ലഭിക്കുന്ന വിക്കറ്റുകളില്‍ ന്യൂബോള്‍ ഓപ്ഷനാണ് ഹാര്‍ദിക്ക്, മിഡില്‍ ഓവറിലും ഉപയോഗിക്കാനാകും, പവര്‍പ്ലേയില്‍ അനുകൂലമായ സാഹചര്യമല്ലെങ്കില്‍ എക്സ്പെൻസീവാകുമെന്ന് മാത്രം. ഹാര്ദിക്കിന്റേ സാന്നിധ്യം ഒരു സ്പെഷ്യലിസ്റ്റ് ബൗളറെയോ ബാറ്ററെയോ ഉള്‍പ്പെടുത്താൻ മാനേജ്മെന്റിനെ സഹായിക്കുകയും ചെയ്യും.
രണ്ട് ഡിപ്പാര്‍ട്ട്മെന്റുകളിലും കോണ്ട്രിബ്യൂട്ട് ചെയ്യാൻ കഴിയുമെന്ന് പറയുമ്പോഴും ആശങ്കപ്പെടുത്തുന്ന ചിലതുമുണ്ട്. താരത്തിന്റെ ഫോമും ഫിറ്റ്നസും. കഴിഞ്ഞ സീസണില്‍ 10 മത്സരങ്ങളില്‍ നിന്ന് 206 റണ്‍സായിരുന്നു ഹാര്‍ദിക്കിന്റെ ആകെ നേട്ടം, നേടിയ 10 വിക്കറ്റാകട്ടെ 11.43 എക്കോണമിയിലും. ഒരു പ്രീമിയം ഓള് റൗണ്ടറില്‍ നിന്ന് പ്രതീക്ഷിക്കുന്ന നമ്പറുകളല്ല ഇത്, ഇതിലും മികവ് പുലര്‍ത്താൻ കഴിഞ്ഞ സീസണില്‍ സ്റ്റോയിനിസിന് സാധിച്ചിരുന്നു. ഹാര്‍ദിക്കിന്റെ നാല് ഓവര്‍ ക്വാട്ട പൂര്‍ത്തിയാക്കാൻ കഴിയുമോയെന്നതാണ് പ്രസക്തമായ ചോദ്യം.
മുംബൈക്കായി 2026 സീസണില്‍ 10 മത്സരങ്ങള്‍ കളിച്ച ഹാര്‍ദിക്ക് ഒൻപതിലും പന്തെറിഞ്ഞിരുന്നു. എന്നാല്‍ നാല് ഓവര്‍ എറിഞ്ഞത് രണ്ട് ടി20കളില്‍ മാത്രമായിരുന്നു, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനും സണ്‍റൈസേഴ്സ് ഹൈദരാബാദിനുമെതിരെ. സീസണില്‍ ശരാശരി ഒരു മത്സരത്തില്‍ 2.3 ഓവറാണ് ഹാര്‍ദിക്ക് എറിഞ്ഞിട്ടുള്ളതും. എല്ലാ മത്സരത്തിലും നാല് ഓവര്‍ എറിയാനാകുന്ന ഫിറ്റ്നസിലേക്ക് താരം എത്തിയിട്ടില്ല എന്ന് വേണം മനസിലാക്കാൻ. ടൂര്‍ണമെന്റിനിടെ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതുവരെ പൂര്‍ണമായും ഫിറ്റ്നസ് വീണ്ടെടുത്തിട്ടുമില്ല.
അടുത്ത ഐപിഎല്ലിലായിരിക്കും ഹാര്‍ദിക്ക് കോമ്പറ്റീറ്റീവ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുക എന്ന സൂചനകളാണ് പുറത്ത് വന്നിട്ടുള്ളതും. ഹാര്‍ദിക്കിന്റെ കരിയര്‍ ഉടനീളം പരിശോധിച്ചാല്‍ പരിക്കും തിരിച്ചുവരവുകളും നിറഞ്ഞതാണ്, എന്നാല്‍ ഇടവേളയില്ലാതെ ദീര്‍ഘകാലം കളത്തില്‍ തുടരാനും കഴിഞ്ഞിട്ടില്ല. പ്രത്യേകിച്ചും പരിക്ക് ഗുരതരമായതിന് ശേഷം. ഇത് പഞ്ചാബിനെ സംബന്ധിച്ച് അല്‍പ്പം തിരിച്ചടി നേരിടുന്ന ഘടകമാണ്. പ്രത്യേകിച്ചും പരിക്കില്‍ നിന്ന് മടങ്ങിയെത്തുന്ന ഹാര്‍ദിക്കിന് എത്രത്തോളം മികവ് പുലര്‍ത്താൻ കഴിയുമെന്ന ചോദ്യവും അവശേഷിക്കെ.
പക്ഷേ, 100 ശതമാനം ഫിറ്റ്നസോടുകൂടിയാണ് ഹാര്‍ദിക്കിന്റെ തിരിച്ചുവരവെങ്കില് പഞ്ചാബിന്റെ ഏറ്റഴും മികച്ച സൈനിങ്ങായും ഹാര്‍ദിക്കിന്റെ പേര് രേഖപ്പെടുത്തും.