സെയ്ദ് മുഷ്താഖ് അലി ട്രോഫിക്കുള്ള മുംബൈയുടെ സംഘത്തിലൊരിടം, അവരെ നയിക്കാൻ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നതും സൂര്യകുമാർ യാദവ് തന്നെയാണ്
ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ക്രൂരമായ തീരുമാനം ഏതായിരുന്നു, ചൂണ്ടിക്കാണിക്കാനും അല്‍പ്പം നീറ്റലോടെ ഓര്‍ത്തെടുക്കാനും ഒരുപാടുണ്ടാകും. എങ്കിലും 2026 ടി20 ലോകകിരീടത്തിലേക്ക് ഇന്ത്യയെ നയിച്ച സൂര്യകുമാര്‍ യാദവിനെ ടീമില്‍ നിന്ന് തന്നെ ഒഴിവാക്കിയ അത്രയും ഏതെങ്കിലും വരുമോ..
എന്നാല്‍ അയാളൊരു തിരിച്ചുവരവിന് ഒരുങ്ങുകയാണ്...ഒരുപക്ഷേ വീണ്ടെടുപ്പ് സാധ്യമാകുമോയെന്ന് പോലും അറിയാത്തൊരു ശ്രമം...അനിശ്ചിതത്വത്തിലേക്ക് നീങ്ങുമെന്ന് തോന്നിച്ച കരിയറില്‍ ഒരു അവസരം തേടിയെത്തിയിരിക്കുന്നു. സെയ്ദ് മുഷ്താഖ് അലി ട്രോഫിക്കുള്ള മുംബൈയുടെ സംഘത്തിലൊരിടം, അവരെ നയിക്കാൻ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നതും അയാള്‍ തന്നെയാണ്...അഹമ്മദാബാദിലെ കിരീടരാവിന് ശേഷം ഇന്ത്യൻ ജഴ്സി പൂര്‍ണമായും നിഷേധിക്കപ്പെട്ട അതേ സൂര്യകുമാര്‍...
സൂര്യകുമാറിന് സെയ്ദ് മുഷ്താഖ് അലി ട്രോഫി എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് അറിയാൻ കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്ന ഇവന്റിലെ അയാളുടെ വാക്കുകള്‍ ശ്രദ്ധിച്ചാല്‍ മതിയാകും.
ടി20 ലോകകപ്പിന് ശേഷമുള്ള സമയം പ്രയാസകരമായിരുന്നു. ആ യാഥാര്‍ത്ഥ്യത്തില്‍ നിന്ന് ഒളിച്ചോടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. സ്വയം സത്യസന്ധത പുലര്‍ത്താൻ സാധിച്ചില്ലെങ്കില്‍ എങ്ങനെ സന്തോഷത്തോടെ മുന്നോട്ട് പോകാൻ കഴിയും. ഒരു കാര്യമെ അന്നെല്ലാം ചിന്തിച്ചുള്ളു, ഞാൻ എങ്ങനെയാണ് ക്രിക്കറ്റ് കളിക്കാൻ ആരംഭിച്ചതെന്ന്. ആ പാഷനേറ്റായുള്ള കാലത്തെ മനോഭാവത്തിലേക്ക് എത്താനുള്ള ശ്രമങ്ങളായിരുന്നു പിന്നീട്, അതാണ് ഞാൻ ഇപ്പോള്‍ ചെയ്യുന്നതും, ലക്ഷ്യം മുംബൈയെ ജേതാക്കളാക്കുക എന്നതാണ്, സൂര്യകുമാര്‍ പറഞ്ഞു...
വൈഭവ് സൂര്യവംശിയും അഭിഷേക് ശര്‍മയുമൊക്കെ ടി20 ക്രിക്കറ്റിന്റെ അഗ്രസീവ് മുഖങ്ങളാകും മുൻപ് ഇന്ത്യക്ക് ലഭിച്ച ആദ്യ ടി20 പ്രൊഡക്റ്റായിരുന്നു സൂര്യകുമാര്‍. ലോക ഒന്നാം നമ്പര്‍ ടി20 ബാറ്ററിലേക്കുള്ള സൂര്യകുമാറിന്റെ വളര്‍ച്ച പോലും അതിവേഗത്തിലായിരുന്നു. എന്നാല്‍, രോഹിത് ശര്‍മയുടെ വിരമിക്കലും, ശേഷം ലഭിച്ച ക്യാപ്റ്റൻസിയിലും ക്രിക്കറ്റ് ലോകം കണ്ടത് സൂര്യകുമാറിന്റെ മറ്റൊരു പതിപ്പായിരുന്നു. ആരും ഒരിക്കലും പ്രതീക്ഷിക്കാത്ത ഡൗണ്‍ഫാള്‍.
2024ല്‍ ശരാശരി 26 മാത്രം, തൊട്ടടുത്ത വര്‍ഷത്തിലെ ശരാശരി കേവലം 13 മാത്രമായി. സ്ട്രൈക്ക് റേറ്റ് 123ലേക്ക് കൂപ്പുകുത്തിയപ്പോള്‍ ഒരു അര്‍ദ്ധ സെഞ്ചുറിപോലും ഉണ്ടായില്ല. എന്നാല്‍ 2024, 25 വര്‍ഷങ്ങളെ അപേക്ഷിച്ച് 2026 മുൻ ഇന്ത്യൻ നായകന് ഭേദപ്പെട്ടതായിരുന്നു. ന്യൂസിലൻഡ് പരമ്പരയില്‍ തിളങ്ങുന്നു, ശേഷം ലോകകപ്പില്‍ ഭേദപ്പെട്ട പ്രകടനം. സൂര്യയുടെ തിരിച്ചുവരവ് സംഭവിക്കുമെന്ന തോന്നല്‍ ജനിക്കുമ്പോഴാണ് ഐപിഎല്ലില്‍ പൂര്‍ണമായും പരാജയപ്പെടുന്നതും. സീസണിലാകെ നേടിയത് രണ്ട് അര്‍ദ്ധ സെഞ്ചുറികള്‍ മാത്രം.
നായകനായതിന് ശേഷമുള്ള അന്താരാഷ്ട്ര കരിയര്‍ പരിശോധിച്ചാല്‍ 52 മത്സരങ്ങളില്‍ നിന്ന് 1232 റണ്‍സാണ് നേട്ടം. ഒരു സെഞ്ചുറിയും എട്ട് അര്‍ദ്ധ ശതകങ്ങളും. എന്നാല്‍, രോഹിതിന് കീഴില്‍ കേവലം 37 മത്സരങ്ങളില്‍ നിന്ന് ഇതിലും റണ്‍സ് സ്കോര്‍ ചെയ്യാൻ സൂര്യകുമാറിന് കഴിഞ്ഞിരുന്നു. 1281 റണ്‍സ്, 12 ഫിഫ്റ്റി, ഒരു സെഞ്ചുറി. ശരാശരിയിലും സ്ട്രൈക്ക് റേറ്റിലുമൊക്കെ വലിയ വ്യത്യാസവും കാണാൻ കഴിയും. ക്യാപ്റ്റനല്ലായിരുന്നെങ്കില്‍ പലപ്പോഴും സൂര്യയുടെ സ്ഥാനം ടീമിന് പുറത്താകുമായിരുന്നു, പ്രത്യേകിച്ചും 2025ല്‍.
രണ്ട് വര്‍ഷത്തെ സൂര്യയുടെ മോശം പ്രകടനത്തിനൊടുവിലാണ് ബിസിസിഐ ആ തീരുമാനത്തിലേക്ക് എത്തുന്നത്. ശ്രേയസ് അയ്യര്‍ അടുത്ത ചോയിസാണെന്നത് ഉറപ്പുമായിരുന്നു. എപ്പോഴെന്നത് മാത്രമായിരുന്നു ആകാംഷ. പക്ഷേ, ടീമില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കാം എന്ന മാനേജ്മെന്റിന്റെ തീരുമാനം അപ്രതീക്ഷിതമായിരുന്നു. ക്രിക്കറ്റ് ആരാധകര്‍ക്കും സൂര്യക്കും, ഏകദേശം രണ്ട് മാസത്തോളം സൂര്യയെ സ്റ്റക്കായി നിര്‍ത്തി ബിസിസിഐയുടെ നീക്കം.
ശ്രേയസ് നായകനായി വരുമ്പോള്‍ സ്വഭാവികമായും അവശേഷിക്കുന്ന ഏക ടോപ് ഓര്‍ഡര്‍ സ്പോട്ട് സൂര്യയുടേതാണ്. ബിസിസിഐയുടെ ഭാഗത്തുനിന്ന് നോക്കുമ്പോള്‍ സൂര്യയേക്കാള്‍ ഫോമിലുമാണ് ശ്രേയസ്. ബാറ്റിങ് ലൈനപ്പില്‍ സൂര്യയെ ഉള്‍ക്കൊള്ളിക്കാൻ സാധിക്കുന്ന ഒരു പൊസിഷനുമുണ്ടായിരുന്നില്ല. അഭിഷേക്, സഞ്ജു, സൂര്യവംശി, ഇഷാൻ, തിലക് തുടങ്ങി നീണ്ട നിരതന്നെയുണ്ടായിരുന്നു അപ്പോള്‍...ലോകകപ്പിന് ശേഷം ഒരു പരമ്പര പോലും നല്കാതെയുള്ള പുറത്താക്കലാണ് ക്രൂരമായിപ്പോയത്..
പക്ഷേ, എല്ലാം ഒന്നില്‍ നിന്ന് സൂര്യ തുടങ്ങുകയാണ്, സെയ്ദ് മുഷ്താഖ് അലി, ശേഷം ഐപിഎല്‍...ഒരു റിഡംഷൻ ഉണ്ടാകട്ടെ...ലോകകിരീടം നേടിത്തന്ന നായകൻ അത് അര്‍ഹിക്കുന്നുണ്ട്...എന്നിരുന്നാലും ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുക എന്ന പ്രയാസകരമാണ്, യാഥാര്‍ത്ഥ്യവും. ബൗളിങ് ലൈനപ്പിലേക്ക് ഭുവനേശ്വര്‍ കുമാര്‍ വന്നതുപോലെയല്ല ബാറ്റിങ്ങ് ലൈനപ്പിലെ സ്ഥിതി. അസാധാരണമായ ഇന്നിങ്സുകളുടെ നീണ്ട നിര സൂര്യക്ക് വേണ്ടി വരും നീലക്കുപ്പായം ഒരിക്കല്‍ക്കൂടി അണിയാൻ...കാത്തിരിക്കാം കാലം കാത്തുവെച്ചിരിക്കുന്നത് അറിയാൻ














