
2022 ടി20 ലോകകപ്പ് സെമി ഫൈനല്‍. ഇംഗ്ലണ്ടിനോട് പത്ത് വിക്കറ്റിന് പരാജയപ്പെട്ട് അഡലെയ്‌ഡ് ഓവലിന്റെ ഓരത്ത് രോഹിത് ശര്‍മ തകര്‍ന്നിരുന്നു, ആ നിമിഷത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് പുനര്‍ജനിക്കുന്നത്. എന്നാല്‍, അതേ മൈതാനത്ത് മറ്റൊരാള്‍ക്ക് കരിയര്‍ നഷ്ടപ്പെട്ടിരുന്നു, തന്റെ സ്വിങ് മാന്ത്രിക എവിടെയോ മറന്നുവെച്ചതുപോലെയാണ് അയാള്‍ ആ ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കിയത്.
ഒരവസരം കൂടി നീട്ടി നല്‍കി ബിസിസിഐ, ന്യൂസിലൻഡ് പര്യടനത്തില്‍. രണ്ട് മത്സരങ്ങളില്‍ നിന്ന് 42 പന്തുകള്‍ എറിഞ്ഞിട്ട് നേടാനായത് ഒരു വിക്കറ്റ്. റണ്‍സില്‍ കണിശതകാണിക്കുമ്പോഴും ഒരുകാലത്ത് പേരിന് നേര്‍ക്ക് നിറഞ്ഞ് കവിഞ്ഞിരുന്ന ആ വിക്കറ്റ് കോളം നിരന്തരം ഒഴിഞ്ഞുകിടക്കുകയാണ്...ജസ്പ്രിത് ബുമ്രയും മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയുമൊക്കെ നിറഞ്ഞാടുമ്പോള്‍ അയാളെ പതിയെ ക്രിക്കറ്റ് ലോകം മറന്ന് തുടങ്ങി...
ഒരു തിരിച്ചുവരവ് ഇനി സാധ്യമല്ലായെന്ന് വിധിയെഴുതി അകറ്റി നിര്‍ത്തിയ അതേ ഡ്രസിങ് റൂമിലേക്ക് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം അയാള്‍ തിരിച്ചെത്തുകയാണ്...36-ാം വയസില്‍ ഭുവനേശ്വര്‍ കുമാര്‍...അയാളുടെ തിരിച്ചുവരവിന് പിന്നില്‍ ഐപിഎല്ലിലെ അസാധാരണമായ പ്രകടനങ്ങളുടെ അകമ്പടിയുണ്ടാകും, പക്ഷേ യഥാര്‍ത്ഥ കഥ മറ്റൊന്നാണ്...
ന്യൂസിലൻഡ് പര്യടനത്തിന് പിന്നാലെ തഴയപ്പെട്ടതിന്റെ ആഘാതം അകലും മുൻപ് തന്നെ ഭുവി കരിയറിന്റെ വീണ്ടെടുപ്പിനായുള്ള ശ്രമം തുടങ്ങിയിരുന്നു...ടി20 അരങ്ങേറ്റത്തില്‍ പാക്കിസ്ഥാന്റെ നാസിര്‍ ജംഷദിന്റെ ഓഫ് സ്റ്റമ്പ് തെറിപ്പിച്ച ആ ഇൻസ്വിങ്ങര്‍. ഭുവിയാ വീഡിയോ ബിസിസിഐ ക്വാളിഫൈഡ് ഫിസിയോതെറാപ്പിസ്റ്റ് റാംനീഷിന് മുന്നിലേക്ക് നീട്ടി, ഒരു വാചകമെ പറഞ്ഞൊള്ളു, ഒപ്പമൊരു ചോദ്യവും. എനിക്ക് ഇങ്ങനെ വീണ്ടും കളിക്കണം, സാധിക്കുമോയെന്ന്...
32-ാം വയസില്‍ 22-ാം വയസിലേക്കൊരു മടക്കം. ഏറെക്കുറെ അസാധ്യമെന്ന് തൊന്നിക്കുന്ന ഒന്ന്. റാംനീഷും പരിശീലകനായ സൂര്യയുമായിരുന്നു ദൗത്യത്തിന്റെ ചുമതലയേറ്റെടുത്തത്. രണ്ട് ലക്ഷ്യങ്ങളായിരുന്നു ഭുവിക്കുണ്ടായിരുന്നത്. ഒന്ന് നഷ്ടമായ സ്വിങ് തിരിച്ചുപിടിക്കണം, മറ്റൊന്ന് 2012ലേതിന് സമാനമായി ഫൂട്ട് ലാൻഡിങ് ആക്യുറേറ്റാകണം.
ആദ്യം സ്വിങ്ങ് വീണ്ടെടുക്കാനുള്ള ടെക്നിക്കല്‍ അഡ്ജസ്റ്റ്മെന്റ് കേന്ദ്രീകരിച്ചായിരുന്നു നീണ്ട പരിശീലനം. പ്രത്യേകിച്ചും കൈകളുടെ ജോയിന്റുമായി ബന്ധപ്പെട്ട്. പിന്നീടായിരുന്നു മറ്റ് തലങ്ങളിലേക്ക് കടന്നതുപോലും. നാല് വര്‍ഷത്തോളമായി തുടരുന്ന കഠിനമായ ആഹാരക്രമം, ശരീരഭാരം നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങള്‍. റാംനീഷ് ദേശീയ മാധ്യമമായ ദ ഇന്ത്യൻ എക്സ്പ്രസുമായി പങ്കുവെച്ച് വിവരങ്ങള്‍ പ്രകാരം അക്കാലത്ത് ഭുവിയുടെ ഭാരം 80 കിലോഗ്രാമായിരുന്നു, ഇതില്‍ 25 ശതമാനം കൊഴുപ്പും. എന്നാല്‍ ഇന്ന്, ശരീരത്തിലെ കൊഴുപ്പിന്റെ അശം 16 ശതമാനമായി കുറഞ്ഞിട്ടുണ്ട്, ശരീരഭാരം 75 കിലോയിലേക്കും എത്തിച്ചു.
ഒരിക്കലും തന്റെ പേസ് വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഭുവിക്കുണ്ടായിരുന്നില്ല. പക്ഷേ, കഠിനപ്രയത്നം 140 കിലോമീറ്റര്‍ എന്ന വേഗതയിലേക്ക് അയാളെ എത്തിച്ചു...ഇവിടെ നിന്നാണ് തിരിച്ചുവരവിന്റെ രണ്ടാം ഘട്ടം തുടങ്ങുന്നത്. ഐപിഎല്‍, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു.
2025ല്‍ ബെംഗളൂരു തങ്ങളുടെ ആദ്യ ഐപിഎല്‍ കിരീടം നേടുമ്പോള്‍ 17 വിക്കറ്റുകളാണ് ഭുവിയുടെ പേരിലുണ്ടായിരുന്നത്. 14 മത്സരങ്ങളില്‍ വിക്കറ്റ് കോളത്തില്‍ ഇടം പിടിക്കാതിരുന്നത് രണ്ട് മത്സരങ്ങളില്‍ മാത്രം. 2026ലാണ് കഴിഞ്ഞ നാല് വര്‍ഷത്തോളമായുള്ള കഠിന പ്രയത്നം അതിന്റെ പൂര്‍ണതയിലേക്ക് എത്തുന്നത്. 16 മത്സരങ്ങളില്‍ നിന്ന് 28 വിക്കറ്റുകള്‍. എക്കോണമി എട്ടിലും താഴെ. എ പവര്‍പ്ലേ കില്ലര്‍.
പ്ലേ ഓഫില്‍ നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്ററായ ശുഭ്മാൻ ഗില്ലിനെ കംപ്ലീറ്റ്ലി ഔട്ട്പ്ലേ ചെയ്ത ആ പന്ത്, ക്ലീൻ ബൗള്‍ഡ്. ഫൈനലില്‍ നാല് ഓവറില്‍ 29 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകള്‍. കഴിഞ്ഞ രണ്ട് സീസണുകളിലായി 45 വിക്കറ്റുകള്‍. ടൂര്‍ണമെന്റിലെ തന്നെ മികച്ച കണക്കുകള്‍, അതും 36-ാം വയസിലാണെന്ന് ഓര്‍ക്കണം. ആഭ്യന്തര ടി20 ലീഗിലും ഇതേ മികവ് ഭുവി ആവര്‍ത്തിച്ചു, എങ്കിലും ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവ് അയാളുടെ വിദൂര സ്വപ്നങ്ങളിലായിരുന്നു, ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളെത്തുമ്പൊഴൊക്കെയും തന്റെ പ്രായവും ശാരീരികക്ഷമതയുമൊക്കെ ചൂണ്ടിക്കാണിച്ച് റിയലിസ്റ്റിക്കായി മാത്രമാണ് അയാള്‍ സംസാരിച്ചിട്ടുള്ളതൊക്കെയും.
എന്നാല്‍ അര്‍ഹതപ്പെട്ടതൊക്കെയും ഭുവിയെ തേടിയെത്തി, അല്‍പ്പം വൈകിയെന്ന് മാത്രം. 2026 ഐപിഎല്ലിന് പിന്നാലെ സംഭവിക്കേണ്ടതായിരുന്നു. യുവതാരങ്ങള്‍ക്കായിരുന്നു അജിത് അഗാര്‍ക്കര്‍ നേതൃത്വം കൊടുത്ത സെലക്ഷൻ കമ്മിറ്റിയുടെ മുൻഗണനകളെല്ലാം. എന്നാല്‍, അഗാര്‍ക്കറിന്റെ പടിയിറക്കത്തിന് പിന്നാലെയുള്ള ആദ്യ പ്രഖ്യാപനത്തില്‍ തന്നെ ഭുവി ടീം ലിസ്റ്റിലെത്തി...ഇനി നീലയില്‍ കാണാം ബാറ്റര്‍മാരെ സ്തബ്ദരാക്കുന്ന ആ ഇൻസ്വിങ്ങുകള്‍...