
എട്ട് വര്‍ഷം മുൻപ് ഒൻപത് റണ്‍സ് അകലെ നഷ്ടപ്പെട്ടുപോയ വിശ്വകിരീടം തേടിയിറങ്ങിയ ഒരു സംഘം. ഏഴ് എതിരാളികള്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ ആ സംഘത്തിന്റെ ശക്തി അവരുടെ ബാറ്റിങ് നിരയായിരുന്നു. നിലവില്‍ വനിത ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍ ഉള്‍പ്പെടുന്ന പരിചയസമ്പത്തും യുവത്വവും സമം ചാലിച്ച ഒന്ന്. എന്നാല്‍, ലോകകപ്പ് യാത്ര പാതി വഴിയെത്തുമ്പോള്‍ ആ ശക്തി തന്നെ ഏറ്റവും വലിയ ദുര്‍ബലതയാകുന്നു. പലകുറി കൈവിട്ട സ്വപ്നം സാക്ഷാത്കരിക്കാൻ ഇതിലും മികച്ചൊരു സാധ്യത മുന്നിലില്ലെന്ന് നില്‍ക്കെ ഇന്ത്യയുടെ ടോപ് ഫൈവ് ഇനി എപ്പോള്‍ ഉണരാനാണ്.
സ്മൃതി മന്ദന, പ്രതീക റാവല്‍, ഹര്‍ളീൻ ഡിയോള്‍, ഹര്‍മൻപ്രീത് കൗര്‍, ജെമീമ റോഡ്രിഗസ് എന്നിവരടങ്ങുന്നതാണ് ഇന്ത്യയുടെ ടോപ് ഫൈവ്. സ്മൃതിയില്‍ നിന്ന് തുടങ്ങിയാല്‍ ലോകകപ്പിന് മുന്നോടിയായി ഇടവേളകളില്ലാതെ അര്‍ദ്ധ സെഞ്ച്വറികളും സെഞ്ച്വറികളും നേടി അസാധാരണ സ്ഥിരത കാഴ്ചവെച്ച ബാറ്റര്‍. ഒരു കലണ്ടര്‍ വര്‍ഷം 1000 റണ്‍സ് നേടുന്ന ആദ്യ വനിത താരമെന്ന ചരിത്രനേട്ടം കുറിച്ച ലോകകപ്പില്‍ സ്മൃതിയുടെ സ്കോറുകള്‍ എട്ട്, 23, 23 എന്നിങ്ങനെയാണ്. ഒരു അര്‍ദ്ധ സെഞ്ച്വറി പോലും ആ ബാറ്റില്‍ നിന്ന് ലോകകപ്പ് വേദികള്‍ ഇക്കുറി കണ്ടില്ല.
ഓസ്ട്രേലിയക്കെതിരെ കേവലം 50 പന്തില്‍ മൂന്നക്കം തൊട്ടിട്ട് കേവലം ആഴ്ചകള്‍ മാത്രമാണ് പിന്നിടുന്നതെന്നും ഓര്‍ക്കണം. സ്മൃതിയുടെ മൂന്ന് ഇന്നിങ്സുകളും ആ ഇന്നിങ്സിന്റെ നിഴലിനൊപ്പം പോലും എത്തുന്നതായിരുന്നില്ല. ലങ്കയിലെ വേഗതകുറഞ്ഞ വിക്കറ്റിനെ പഴിച്ചാലും വിശാഖപട്ടണത്തെ ബാറ്റിങ്ങിന് അനുകൂലമായ വിക്കറ്റിലും കഥ ആവര്‍ത്തിക്കുകയായിരുന്നു. സ്വിങ് ബോളുകള്‍ അനായാസം ജഡ്ജ് ചെയ്ത് ബൗണ്ടറികള്‍ കണ്ടെത്തുന്ന സ്മൃതിയുടെ വൈഭവവും കാണാതായി. മരിസാൻ കാപ്പിന്റെ പന്തുകളെ നേരിടുന്നതില്‍ കണക്കുകൂട്ടലുകള്‍ പിഴയ്ക്കുന്ന സ്മൃതി ആയിരുന്നു പ്രോട്ടിയാസിനെതിരെ ക്രീസില്‍.
സ്മൃതിയുള്‍പ്പെടുന്ന ടോപ് ഫൈവില്‍ നിന്ന് ഇതുവരെ ഒരു അര്‍ദ്ധ സെഞ്ച്വറി മൂന്ന് മത്സരങ്ങള്‍ പിന്നിടുമ്പോഴും ഉണ്ടായിട്ടില്ല. മറ്റൊരു ടീമിനും അവകാശപ്പെടാനില്ലാത്ത സവിശേഷതയാണിത്. അഞ്ചംഗ നിരയുടെ ബാറ്റിങ് ശരാശരി കേവലം 23 മാത്രവുമാണ്. പാക്കിസ്ഥാനെതിരെ മാത്രമാണ് ഇന്ത്യയുടെ ടോപ് ഫൈവിലൊരു ബാറ്റര്‍ക്കെങ്കിലും 25-ാം ഓവര്‍ താണ്ടാൻ കഴിഞ്ഞത്. ഇതുവരെ മൂന്ന് മത്സരങ്ങളില്‍ രണ്ട് ജയവും ഒരു തോല്‍വിയുമുണ്ടായി. ഈ മൂന്ന് മത്സരങ്ങളിലും ഇന്ത്യൻ ബാറ്റിങ് നിരയെ കരകയറ്റിയത് പിൻനിരയായിരുന്നു. ദീപ്തി ശര്‍മ, അമൻജോത് കൗര്‍, റിച്ച ഘോഷ്, സ്നേ റാണ എന്നിവര്‍.
സ്മൃതിയുടെ വേഗത്തുടക്കത്തിനൊപ്പം നീങ്ങിയിരുന്ന പ്രതീക റാവലാണ് മൂന്ന് മത്സരങ്ങളിലും മികച്ച തുടക്കമുണ്ടാക്കാൻ കഴിഞ്ഞ ഏക ബാറ്റര്‍. 37, 31, 37 എന്നിങ്ങനെയാണ് പ്രതീകയുടെ സ്കോറുകള്‍. പക്ഷേ, ഒന്നുപോലും വലിയ സ്കോറിലേക്ക് എത്തിക്കാൻ താരത്തിനായില്ല. ഹര്‍ളീന്റെ കാര്യവും സമാനമാണ്. ശ്രീലങ്കയ്ക്കെതിരെ 48 റണ്‍സിലും പാക്കിസ്ഥാനെതിരെ 46ലുമാണ് ഹര്‍ളീൻ മടങ്ങുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ 13 റണ്‍സിലുമവസാനിച്ചു ഇന്നിങ്സ്. ഇനി സ്മൃതി കഴിഞ്ഞാല്‍ ഇന്ത്യ ഏറ്റവുമധികം പ്രതീക്ഷ അര്‍പ്പിക്കുന്ന രണ്ട് ബാറ്റര്‍മാരിലേക്ക്. ക്യാപ്റ്റൻ ഹര്‍മൻപ്രീത് കൗറും ജമീമ റോഡ്രിഗസും.
മൂന്ന് മത്സരങ്ങളില്‍ നിന്ന് 49 റണ്‍സ് മാത്രമാണ് ഇതുവരെ ഹര്‍മന് നേടാനായത്. ശരാശരി 16ല്‍ നില്‍ക്കുമ്പോള്‍ സ്ട്രൈക്ക് റേറ്റ് കേവലം 63 മാത്രമാണ്. മധ്യനിരയെ ഇക്കാലമത്രയും പിടിച്ചുനിര്‍ത്തിയ ഹര്‍മൻ്റെ ബാറ്റ് ദുര്‍ബലപ്പെടുമ്പോള്‍ ഇന്ത്യ കൂടുതല്‍ സമ്മര്‍ദത്തിലേക്ക് വഴുതി വീഴുന്നതാണ് കാണുന്നത്. സ്മൃതി നല്‍കുന്ന തുടക്കം ഏറ്റെടുക്കുന്ന ഹര്‍മൻ, ഇതായിരുന്നു ബാറ്റിങ് നിരയുടെ വിജയരഹസ്യം. അതിന് പിന്തുണയ്ക്കുന്ന മറ്റ് താരങ്ങളും. അതില്‍ പ്രധാനി ജമീമയാണ്.
മാറിമാറി സ്ഥാനങ്ങള്‍ പരീക്ഷിച്ച് അവസാനം അഞ്ചാം നമ്പര്‍ ഉറപ്പിച്ച താരം. തന്റെ കരിയറിലെ രണ്ട് സെഞ്ച്വറികളും 2025ലാണ് ജമീമ നേടിയത്. പക്ഷേ, ലോകകപ്പില്‍ രണ്ട് തവണ ഇതിനോടകം തന്നെ റണ്ണൊന്നുമെടുക്കാതെ മടങ്ങേണ്ടി വന്നു. പാക്കിസ്ഥാനെതിരെ നേടിയ 32 റണ്‍സ് മാത്രമാണ് ആശ്വസിക്കാനുള്ളത്. അതും രണ്ട് റണ്‍സില്‍ നില്‍ക്കെ ലഭിച്ച ജീവനില്‍ കെട്ടിപ്പടുത്ത ഇന്നിങ്സായിരുന്നു.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരാജയം ഇൻ്ത്യയ്ക്ക് കാര്യങ്ങള്‍ കൂടുതല്‍ കടുപ്പമാക്കിക്കൊടുക്കുമെന്നത് തീര്‍ച്ചയാണ്. ഇനി വരുന്ന മൂന്ന് മത്സരങ്ങളിലെ എതിരാളികള്‍ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലൻഡ്. മൂന്ന് പേരും സെമി ഫൈനല്‍ സാധ്യതയുള്ളവര്‍. ഓസ്ട്രേലിയയെ കീഴടക്കാനായാല്‍ ആത്മവിശ്വാസം തിരിച്ചുപിടിക്കാനാകും.
ഹര്‍മന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്സ് പിറക്കുന്ന 2017 ലോകകപ്പ് സെമിയില്‍ ഓസ്ട്രേലിയക്കെതിരെയാണ്, 171 റണ്‍സ്. സ്മൃതിയുടേയും ഇഷ്ട എതിരാളിയാണ് ഓസീസ്. നെറ്റ്സില്‍ രേണുകയുടെ സ്വിങ് ബോളുകളെ നേരിട്ട് ഓസീസ് പരീക്ഷണത്തിനൊരുങ്ങുകയാണ് സ്മൃതി. ഇരുവരും ഫോമിലേക്ക് മടങ്ങിയെത്തിയാല്‍ ഇന്ത്യൻ ബാറ്റിങ് നിരയിലേക്ക് ആത്മവിശ്വാസം പടര്‍ന്ന് പന്തലിക്കുമെന്ന് തീര്‍ച്ചയാണ്, ഒപ്പം ലോകകപ്പ് സ്വപ്നങ്ങളും.