ഗില്‍ സൂചന നല്‍കിയിരിക്കുന്നു; രോഹിത് - കോഹ്ലി യുഗം 2027 ലോകകപ്പ് വരെ തുടരുമോ?

Published : Oct 10, 2025, 03:36 PM IST
Rohit Sharma and Virat Kohli

Synopsis

മറ്റ് രണ്ട് ഫോര്‍മാറ്റില്‍ നിന്നും പടിയിറങ്ങിയ പശ്ചാത്തലത്തില്‍ ഫോം തങ്ങള്‍ നിലനിർത്തുന്നുണ്ടെന്ന് തെളിയിക്കാൻ രോഹിതിനും കോഹ്ലിക്കും മുന്നിലുള്ളത് ചുരുങ്ങിയ മത്സരങ്ങളാണ്

നായക കസേരയില്‍ ഇരുന്ന് ശുഭ്മാൻ ഗില്‍ ഒരു സൂചന നല്‍കി. അജിത് അഗാർക്കാർ പറഞ്ഞവസാനിപ്പിച്ചതിന്റെ ഒരു ടെയില്‍ എൻഡ് പോലെ. രോഹിത് ശർമയും വിരാട് കോഹ്ലിയും ഏകദിന ലോകകപ്പ് പദ്ധതികളിലുണ്ടെന്ന്. പരിചയസമ്പത്തിന്റെ തട്ടിലായിരുന്നു ഗില്ലിന്റെ വാക്കുകളില്‍ ഇതിഹാസങ്ങളുടെ സ്ഥാനം. നാല് ലോകകപ്പുകളുടെ സമ്മർദം പേറിയ കോഹ്ലിക്കും മൂന്നില്‍ പ്രതീക്ഷതാങ്ങിയ രോഹിതിനും മറ്റൊരു വിശ്വകിരീടപ്പോരിന് സാധ്യതയുണ്ടോ? ഫോമിലേക്ക് ഉയർന്നാല്‍ ഇരുവരേയും ഒഴിവാക്കാൻ കഴിയാനാകാത്ത ചില ഘടകങ്ങള്‍ ബാക്കിയുണ്ട്

ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ തുടങ്ങിയ രാജ്യങ്ങള്‍ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ്. ഇനിയും രണ്ട് വർഷത്തോളം ദൂരം. ഈ കാലയളവില്‍ ഇന്ത്യ കളിക്കാൻ സാധ്യതയുള്ളത് 27 ഏകദിനങ്ങളെന്നാണ് റിപ്പോർട്ടുകള്‍. മറ്റ് രണ്ട് ഫോര്‍മാറ്റില്‍ നിന്നും പടിയിറങ്ങിയ പശ്ചാത്തലത്തില്‍ ഫോം തങ്ങള്‍ നിലനിർത്തുന്നുണ്ടെന്ന് തെളിയിക്കാൻ രോഹിതിനും കോഹ്ലിക്കും മുന്നിലുള്ളത് 27 മത്സരങ്ങളെന്ന് ചുരുക്കം. കോഹ്ലി 39ലേക്കും രോഹിത് 40 വയസിലേക്കും അപ്പോഴേക്കും എത്തും. പ്രായമെന്ന വലിയ വാള്‍ ഇരുവർക്കും തലയ്ക്ക് മുകളിലുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. പക്ഷേ, പ്രായമാണൊ കരിയറിനെ ഡിഫൈൻ ചെയ്യുന്ന ഘടകം, അല്ല.

ചില കാരണങ്ങള്‍

രോഹിതിന്റേയും കോഹ്ലിയുടേയും ലോകകപ്പ് സാധ്യതകളെന്തെന്ന ചോദ്യത്തിന് മുഖ്യപരിശീലകൻ ഗൗതം ഗംഭീറിന് എന്നും ഒരുത്തരമാണുള്ളത്. ഇരുവരും സ്ഥിരതയോടെയുള്ള പ്രകടനം പുറത്തെടുത്താല്‍ ആ‍ര്‍ക്കും മാറ്റിനിര്‍ത്താൻ കഴിയില്ല എന്നത്. അവസാനം രോ-കോയുടെ ഇന്നിങ്സുകള്‍ ഏകദിന കുപ്പായത്തില്‍ കണ്ടത് 2025 ചാമ്പ്യൻസ് ട്രോഫിയിലായിരുന്നു. അന്ന് അഞ്ച് മത്സരങ്ങളില്‍ നിന്ന് 54.5 ശരാശരിയില്‍ 218 റണ്‍സായിരുന്നു കോഹ്ലിയുടെ സമ്പാദ്യം. രോഹിത് 180 റണ്‍സുമെടുത്തു, ഇന്ത്യ കിരീടമുയര്‍ത്തിയപ്പോള്‍ കലാശപ്പോരിലെ താരമായി.

രോഹിതും കോഹ്ലിയും ഫോം തുടര്‍ന്നാല്‍ നിര്‍ബന്ധമായും ലോകകപ്പ് ടീമില്‍ ഇരുവരും ഉണ്ടാകണമെന്ന് പറയുന്നതിന് പിന്നില്‍ ചെറുതല്ലാത്ത കാരണങ്ങളുണ്ട്. അതിലൊന്ന് ഗില്‍ പറഞ്ഞ പരിചയസമ്പത്ത് തന്നെയാണ്. യുവാക്കളാല്‍ സമ്പന്നമായൊരു നിരയ്ക്ക് മുന്നില്‍ 350 റണ്‍സിന് മുകളില്‍ വിജയലക്ഷ്യമുയരുന്ന സാഹചര്യമൊന്ന് ഓര്‍ത്തുനോക്കും. ആരാധകരുടെ മനസിലേക്ക് ആദ്യമോടിയെത്തുക ഒന്നരപതിറ്റാണ്ടിയി പ്രതീക്ഷയുടെ മറുവാക്കായി നിന്ന ആ രണ്ട് പേരുകള്‍ മാത്രമായിരിക്കും രോഹിതും കോഹ്ലിയും.

ചേസ് മാസ്റ്റര്‍ വിരാട് കോഹ്ലി. അയാളുടെ സാന്നിധ്യമില്ലാതെ ഒരു റണ്‍മലകയറ്റം സമീപകാലത്ത് ഇന്ത്യയ്ക്ക് സാധ്യമായിട്ടില്ല. ചേസ് ചെയ്ത ജയിച്ച മത്സരങ്ങളിലെ കോഹ്ലിയുടെ കണക്കുകള്‍ നോക്കു. 101 ഇന്നിങ്സുകള്‍, 5998 റണ്‍സ്. 88 ശരാശരി, 24 സെഞ്ച്വറികളും 26 അര്‍ദ്ധ ശതകങ്ങളും. 101 ഇന്നിങ്സുകളില്‍ 50ലും കോഹ്ലിയുടെ ബാറ്റ് നിരാശപ്പെടുത്തിയിട്ടില്ല. ചേസിങ്ങില്‍ കോഹ്ലി തീര്‍ത്ത റണ്‍മലയ്ക്ക് കളമൊരുക്കിയത് രോഹിതിന്റെ ബാറ്റായിരുന്നു. 99 ഇന്നിങ്സുകളില്‍ 62 ശരാശരിയില്‍ 4580 റണ്‍സ്. 13 സെഞ്ച്വറികളും 28 അര്‍ദ്ധ ശതകങ്ങളും. ഇതേ വലുപ്പമുണ്ട്, ആദ്യ ബാറ്റ് ചെയ്ത് വിജയിച്ച മത്സരങ്ങളിലെ കണക്കുകള്‍ക്കും.

ഇരുവരും ക്രീസില്‍ നിലയുറപ്പിച്ചുണ്ടാക്കിയെടുത്തതാണ് കഴിഞ്ഞ ഒന്നരപതിറ്റാണ്ടിലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ആധിപത്യം. മറ്റേത് ടീമിന് മുകളിലും തുടരുന്ന ആധിപത്യത്തിന് പിന്നിലും ഈ പേരുകള്‍ തന്നെയാണ്. പരിവര്‍ത്തനത്തിന് വിധേയമായി വഴിമാറേണ്ടിയ കാലമെത്തിയപ്പോള്‍ തങ്ങളുടെ ഫോം തെളിയിക്കണമെന്ന വലിയ കടമ്പയാണ് ബിസിസിഐ ഇരുവര്‍ക്കും മുന്നില്‍ വെച്ചിരിക്കുന്നത്. 2027 ലോകകപ്പാണ് ലക്ഷ്യമെന്ന് രോഹിതും കോഹ്ലിയും നിരവധി സാഹചര്യങ്ങളില്‍ തുറന്നുപറയുകയും ചെയ്തിരുന്നു. ഇവിടെ നിന്നാണ് മാറ്റത്തിന്റെ കാറ്റ് പെട്ടെന്ന് വീശിത്തുടങ്ങിയതും.

ഇരുവരും തയാർ!

പക്ഷേ, ഇരുവരും സ‍ജ്ജമാണ്. കോഹ്ലിയും രോഹിതും കായികക്ഷമത തെളിയിച്ചിരിക്കുന്നു. 11 കിലോയോളം കുറച്ചാണ് രോഹിത് ഓസ്ട്രേലിയൻ പര്യടനത്തിന് തയാറായിരിക്കുന്നത്. 2026ല്‍ ട്വന്റി 20 ലോകകപ്പ് വരാനിരിക്കെ ഇന്ത്യ ഏകദിനങ്ങള്‍ കുറവായിരിക്കും കളിക്കുന്നതും. ഇതിനാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഇരുവരും സജീവമാകേണ്ടി വരും ഓരോ പരമ്പരയ്ക്ക് മുൻപും ഫോം തെളിയിക്കുന്നതിനായി. ഡിസംബറില്‍ ആരംഭിക്കുന്ന വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാൻ രോഹിതും കോഹ്ലിയും തയാറായേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നതും.

2022 മുതല്‍ രോഹിത് പിന്തുടരുന്ന ശൈലിയുണ്ട്. ഓപ്പണറായി എത്തി നടത്തുന്ന അഗ്രസീവ് സമീപനം. 2023 ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ കുതിപ്പിനും 2024 ട്വന്റി 20 ലോകകപ്പും 2025 ചാമ്പ്യൻസ് ട്രോഫിയും നേടാൻ കാരണമായതും രോഹിതിന്റെ ഈ സമീപനമായിരുന്നു. നായക കസേരയില്ലാതെ റിസ്ക്ക് ഗെയിം രോഹിത് തുടരുമോയെന്നതാണ് ആകാംഷ. പരാജയപ്പെട്ടാല്‍ ഇന്ത്യൻ ടീമില്‍ സ്ഥാനമുണ്ടാകില്ലെന്നത് ഏറെക്കുറെ ഉറപ്പാണ് താനും. ഓസീസ് പര്യടനം രോഹിതിനെ ക്യാപ്റ്റൻസിക്ക് മുൻപുള്ള ശൈലിയിലേക്ക് ചുവടുമാറ്റാൻ പ്രേരിപ്പിച്ചേക്കും.

മറുവശത്ത് എന്നും നിലയുറപ്പിച്ച് കളിക്കുന്ന ശൈലിയാണ് കോഹ്ലിയുടേത്. പക്ഷേ, സ്ട്രൈക്ക് റേറ്റിന്റെ കാര്യത്തില്‍ കോഹ്ലി ചോദ്യം ചെയ്യപ്പെടുന്ന കാലമാണ് കടന്നുപോകുന്നത്. ചാമ്പ്യൻസ് ട്രോഫിയിലെ കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റ് 82 മാത്രമായിരുന്നു. രോഹിതിന്റെ നൂറും. തനിക്കേറ്റവും പ്രിയപ്പെട്ട മൈതാനങ്ങളില്‍ കോഹ്ലിയെങ്ങനെ പുതിയ സമ്മര്‍ദങ്ങളെ ചേസ് ചെയ്ത് കീഴടക്കുമെന്നും നോക്കിക്കാണേണ്ട ഒന്നുതന്നെയാണ്. ഓസീസ് പര്യടനത്തില്‍ തിളങ്ങാനായാല്‍ ഉയരുന്ന പല ചോദ്യങ്ങള്‍ക്കും മറുപടിയും ലഭിക്കും.

PREV
Read more Articles on
click me!

Recommended Stories

100 സെഞ്ചുറിയിലേക്ക് ദൂരം ഇനി 16; കോഹ്ലി മറികടക്കുമോ സച്ചിനെ? സാധ്യതകള്‍
എറിഞ്ഞുതോല്‍ക്കുന്ന പുതിയ ഇന്ത്യ; സിറാജ്-ഷമി-ബുമ്ര പേസ് ത്രയം എവിടെ? എന്തുകൊണ്ട് പുറത്ത്?