
കിരീടം തേടിയുള്ള എത്രയെത്ര യാത്രകളായിരുന്നു. സെമി വരെ, അല്ലെങ്കില്‍ ഏറിയാല്‍ ഫൈനല്‍ വരെ. മുന്നില്‍ ഓസ്ട്രേലിയയോ ഇംഗ്ലണ്ടോ എത്തും, സ്വപ്നം പൊലിയും. സെഞ്ചൂറിയനും ലോര്‍ഡ്‌സും എങ്ങനെ മറക്കും. നിരാശയുടെ മുഖമായിരുന്നു ഇന്ത്യയുടെ വനിത ക്രിക്കറ്റ് ടീമിന് ഇക്കാലമത്രയും. അവരിലാരും വിശ്വസിച്ചിരുന്നില്ല, അല്ലെങ്കില്‍ അതിന് തയാറായിട്ടില്ല എന്ന് പറയുന്നതാകും ശരി. അലീസ ഹീലിയുടെ ഇൻവിൻസിബിള്‍ സംഘത്തിനെതിരായ അമൻജോത് കൗറിന്റെ ആ വിന്നിങ് ഷോട്ട് നേടിയെടുത്തത് അവര്‍ക്ക് ക്രിക്കറ്റ് ലോകം ഇതുവരെ നല്‍കാൻ മടിച്ച ആ വിശ്വാസമാണ്. ഇന്ത്യയുടെ വനിത ക്രിക്കറ്റ് ടീമിനെ രാജ്യം ഇത്രത്തോളം ആഘോഷിച്ച ഒരു ദിനം ഉണ്ടായിട്ടില്ല.
സെഞ്ചൂറിയനും ലോര്‍ഡ്സും മറക്കാം, നവി മുംബൈയില്‍ ഭൂതകാലത്തിന്റെ വേട്ടയാടലുകളെ അവസാനിപ്പിക്കാൻ ഹര്‍മൻപ്രീത് കൗറിനും ടീമിനും അവസരമൊരുങ്ങുകയാണ്. മുന്നില്‍ ദക്ഷിണാഫ്രിക്കയാണ് എതിരാളികള്‍. ഓസ്ട്രേലിയയോ ഇംഗ്ലണ്ടോ ഇല്ലാത്ത ആദ്യ ഫൈനലാണ്. പുതിയ ചാമ്പ്യന്മാരെ കാത്ത് ക്രിക്കറ്റ് ലോകം മുംബൈയിലെ മൈതാനത്തേക്ക് കണ്ണ് നട്ടിരിക്കും, രാവുണരുമ്പോള്‍ ആ സ്വപ്നനിമിഷം സാക്ഷാത്കരിച്ച ഇന്ത്യൻ ടീമിനെ കാണാനാകുമോ.
ഓസ്ട്രേലിയയെ സെമിയില്‍ കീഴടക്കിയ ഇന്ത്യൻ ടീമിനെക്കുറിച്ച് ഇംഗ്ലണ്ട് മുൻ താരം മൈക്കല്‍ വോണ്‍ ഇങ്ങനെ എഴുതി. Any team that beats Australia deserve to win the World Cup. ഓസ്ട്രേലിയയെ തോല്‍പ്പിക്കുന്ന ഏത് ടീമും ലോകകപ്പ് കിരീടം അർഹിക്കുന്നുണ്ട് എന്ന്. അതെ, ആത്മവിശ്വാസത്തിന്റെ കൊടുമുടിയില്‍ നിന്നാണ് ഇന്ത്യൻ വനിത ടീം ദക്ഷിണാഫ്രിക്കയെ നേരിടാനിറങ്ങുന്നത്. കയറ്റിറക്കങ്ങളുടെ യാത്ര തന്നെയായിരുന്നു. സ്വന്തം മണ്ണിലെ ലോകകപ്പില്‍ തുടരെ മൂന്ന് തോല്‍വികള്‍. ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ഇംഗ്ലണ്ട്. പ്രോട്ടിയാസിനോടും ഇംഗ്ലണ്ടിനോടും സംഭവിച്ചത് അപ്രതീക്ഷിതമായിരുന്നു. പിന്നാലെ ന്യൂസിലൻഡിനോട് ഒന്നൊന്നര തിരിച്ചുവരവ്, സെമി ഫൈനല്‍.
ഇക്കാലമത്രയും മുന്നില്‍ ഉയർന്നുനിന്ന ഓസ്ട്രേലിയ എന്ന അമാനുഷിക സംഘത്തെ മറികടന്നിരിക്കുന്നു. ലോകകപ്പിലുടനീളം കൃത്യമായൊരു ഇലവനെ നിർണയിക്കാൻ കഴിയാത്ത ഏക ടീമാണ് ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് ഏറ്റവും നിർണായകമാകുക പവർപ്ലേയാണ്. അത് ബാറ്റിങ് ആണെങ്കിലും ബൗളിങ്ങാണെങ്കിലും. സ്മൃതി മന്ദന-ഷഫാലി വര്‍മ കൂട്ടുകെട്ടില്‍ നിന്ന് മികച്ച തുടക്കത്തിനപ്പുറം ഇന്ത്യൻ ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല. മരിസാൻ കാപ്പ്, അയബോംഗ ഖാക്ക, നൊൻകുലുലേക്കൊ മ്ലാബ ത്രയത്തെയായിരിക്കും ലോറ മുന്നിലേക്ക് നല്‍കുക. സ്മൃതിക്കും ഷഫാലിക്കും നോക്കൗട്ടുകളില്‍ ഓര്‍ത്തിരിക്കാൻ കഴിയുന്ന ഒന്നും ഇതുവരെ ലോകകപ്പുകളിലുണ്ടായിട്ടില്ല.
സ്മൃതി മന്ദനയ്ക്ക് തന്റെ കരിയറിലെ ഏറ്റവും വലിയ അവസരമാണ് പില്‍ക്കാലത്തെ മോശം കണക്കുകളെ തിരുത്താൻ. ഇന്ത്യയുടെ ലോകകപ്പിലെ തന്നെ ഏറ്റവും മികച്ച ബാറ്റര്‍, 389 റണ്‍സുമായി റണ്‍വേട്ടയില്‍ പ്രോട്ടിയാസ് ക്യാപ്റ്റന് തൊട്ടുപിന്നിലുണ്ട്. ബാറ്റിങ് നിരയില്‍ മറ്റ് ആശങ്കകളില്ല. ഓസീസിനെതിരെ ബാറ്റെടുത്തവരെല്ലാം തിളങ്ങി. മൂന്നില്‍ ജമീമയെ ഉറപ്പിക്കാം, വിശ്വാസത്തിന്റേയും ചെറുത്തിനില്‍പ്പിന്റേയും പ്രതീകം. ഹര്‍മൻ ഫോമിലേക്ക് മടങ്ങിയെത്തി. റിച്ചയും ദീപ്തിയും അമൻജോതും തങ്ങളുടെ റോളുകള്‍ കൃത്യമായി നിര്‍വഹിക്കുന്നു. ഫീല്‍ഡിങ്ങാണ് മെച്ചപ്പേടേണ്ട ഏക വിഭാഗം. ഇനി ബൗളിങ് നിരയിലേക്ക് വരാം.
ദക്ഷിണാഫ്രിക്കയെത്തുന്നത് ഇന്ത്യയേക്കാള്‍ വലിയ ദുരിതങ്ങളില്‍ നിന്ന് തിരിച്ചുവന്നിട്ടുള്ള ആത്മവിശ്വാസം കൊണ്ടാണ്. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് പുറത്തായത് കേവലം 69 റണ്‍സിനാണ്, പിന്നീട് ഓസ്ട്രേലിയക്കെതിരെ 97 റണ്‍സിനും പുറത്തായി. പക്ഷേ, അതേ ഇംഗ്ലണ്ടിനെതിരെ 319 റണ്‍സ് സ്കോർ ചെയ്ത്, 125 റണ്‍സിന്റെ വമ്പൻ ജയവുമായാണ് ഫൈനലുറപ്പിച്ചതും. ലോറ വോള്‍വാട്ടിനോടും മരീസാൻ കാപ്പിനോടും നന്ദി ലോറ തന്നെയാണ് ബാറ്റിങ്ങിലെ വജ്രായുധം, റണ്‍വേട്ടയില്‍ ആര്‍ക്കും എത്തിപ്പിടിക്കാനാകാത്ത ദുരത്തിലാണ് ലോറ നിലവില്‍, 470 റണ്‍സ് ഇതിനോടകം നേടി.
നവി മുംബൈയിലെ റണ്‍സ് വിളയുന്ന ചെമ്മണ്ണില്‍ കാര്യങ്ങള്‍ എളുപ്പമാകാൻ പവര്‍പ്ലേയില്‍ തന്നെ ആധിപത്യം സ്ഥാപിക്കണം ഇന്ത്യൻ ബൗളര്‍മാര്‍ക്കെന്നതില്‍ തര്‍ക്കമില്ല.വിശാഖപട്ടണത്ത് ആദ്യം നേര്‍ക്കുനേര്‍ വന്നപ്പോള്‍ ആദ്യ ആറ് ഓവറില്‍ തന്നെ പ്രോട്ടിയാസിന്റെ രണ്ട് വിക്കറ്റ് നേടാൻ ഇന്ത്യക്കായിരുന്നു. നവി മുംബൈയില്‍ ഇന്ത്യൻ ബൗളര്‍മാര്‍ക്ക് അനുകൂലമായിരുന്നില്ല ഓസീസിനെതിരെ. പക്ഷേ, അവസാന 15 ഓവറില്‍ വീഴ്ത്തിയത് ഏഴ് വിക്കറ്റുകളാണ്. ഓസീസ് അനായാസം 350 കടക്കുമെന്ന് തോന്നിച്ചിടത്തുനിന്നാണ് കളിതിരിച്ചുപിടിച്ചത്.
ഇതേ തന്ത്രമായിരിക്കണം ദക്ഷിണാഫ്രിക്കയെ പിടിച്ചുകെട്ടാനും സഹായിക്കുക. വലം കയ്യൻ ബാറ്റര്‍മാരാല്‍ സമ്പന്നമായ ദക്ഷിണാഫ്രിക്കൻ നിരയെ നേരിടുമ്പോള്‍ നിര്‍ണായകമാകുക ശ്രീ ചരണിയും രാധാ യാദവുമായിരിക്കും. രാധയാകുമോ സ്നേ റാണയാകുമോ അന്തിമ ഇലവനിലെത്തുക എന്നത് ആകാംഷയാണ്. ദീപ്തി പരിചയസമ്പത്തിലും കൃത്യതയിലും ഏറെ മുന്നിലാണ്, 17 വിക്കറ്റുമായ് ടൂര്‍ണമെന്റില്‍ ഒന്നാമത്, അടിപതറിയാലും തിരിച്ചുവരാനുള്ള മികവുണ്ട് ദീപ്തിക്ക്. സ്പിൻ ത്രയം തന്നെയായിരിക്കും നിര്‍ണായകം, പവര്‍പ്ലെയില്‍ രേണുകയും ക്രാന്തിയും.
ആദ്യ ബാറ്റ് ചെയ്തൊരു കൂറ്റൻ സ്കോര്‍ ഉയര്‍ത്തുക, അത് 350ന് മുകളിലെങ്കില്‍ ഉചിതം. അല്ലെങ്കില്‍ മഞ്ഞ് വീഴുന്ന നവി മുംബൈയില്‍ പ്രതിരോധം എളുപ്പമാകില്ല. ഓസ്ട്രേലിയയുടെ ക്വാളിറ്റി ബൗളിങ് ലൈനപ്പിന് പോലും ഇന്ത്യയെ പിടിച്ചുകെട്ടാനായിരുന്നില്ല. റണ്‍സ് പിന്തുടര്‍ന്ന് ജയിക്കുക എന്നത് ഇന്ത്യയുടെ ദൗര്‍ബല്യങ്ങളിലൊന്നായിരുന്നു ഇതുവരെ, പക്ഷേ ഓസ്ട്രേലിയക്കെതിരായ മത്സരത്തോടെ അത് ശക്തിയായും മാറിയിരിക്കുന്നു. കെട്ടകാലം താണ്ടിയ പ്രോട്ടിയാസും പലകുറി വീണിടത്ത് നിന്ന് ഉയരാൻ ഇന്ത്യയും.