
എതിരാളിയുടെ 20 വിക്കറ്റുകള്‍! എത്ര സെഞ്ച്വറികള്‍ കൂട്ടിവെച്ചാലും ടെസ്റ്റ് ക്രിക്കറ്റില്‍ ജയമൊരുക്കുന്നത് ആ 20 വിക്കറ്റുകളാണ്! ഒരിക്കല്‍ക്കൂടി ആ പാഠം ഇന്ത്യ മനസിലാക്കുകയാണ്. ഓസീസ് മണ്ണില്‍ നിന്ന് മറുകരയിലേക്ക് എത്തുമ്പോഴും ആവര്‍ത്തിക്കുന്ന പാഠം.
ലീഡ്‌സിലെ അഞ്ചാം ദിനം അമ്പയര്‍ പോള്‍ റെയ്‌ഫല്‍ രണ്ടാം ന്യൂബോള്‍ ഉയര്‍ത്തിക്കാണിക്കുകയാണ്. ഇംഗ്ലണ്ടിന് ജയത്തിലേക്ക് 22 റണ്‍സാണ് ആവശ്യം. 16 ഓവറുകള്‍ അവശേഷിക്കുന്നു. ജസ്പ്രിത് ബുംറയിലല്ലാതെ മറ്റൊരു പ്രതീക്ഷ ഇന്ത്യൻ ആരാധകര്‍ക്കില്ല, ഒരു അവസാന ശ്രമമെന്നവണ്ണം.
പക്ഷേ, ബുംറയായിരുന്നില്ല, മുഹമ്മദ് സിറാജിലേക്കായിരുന്നു തിളങ്ങുന്ന ഡൂക്‌സ് ബോള്‍ എത്തിയത്. ബുംറയുടെ ജോലി ഭാരം ഒന്നാം ടെസ്റ്റില്‍ പരിധി പിന്നിട്ടുവെന്ന് ഓര്‍മിപ്പിച്ച നിമിഷം. കാര്‍മേഘങ്ങള്‍ ഒരുവശത്ത് മൂടിയെത്തിയെങ്കിലും സിറാജിന് കാര്യമായൊന്നും ഹെഡിങ്‌ലിയിലെ വിക്കറ്റ് സമ്മാനിച്ചില്ല, വൈകാതെ തോല്‍വി. 371 റണ്‍സ് പ്രതിരോധിക്കാനാകാതെ പോയ ഇന്ത്യൻ ബൗളിങ് നിര. 492 പന്തെറിഞ്ഞിട്ടും പത്ത് വിക്കറ്റ് എന്ന ലക്ഷ്യം അകന്നുനിന്നു.
അഞ്ചാം ദിനം, ഓവര്‍കാസ്റ്റ് കണ്ടീഷൻ, വിക്കറ്റില്‍ വിള്ളലുകള്‍, മത്സരത്തിനിടെ ബാറ്റര്‍മാരുടെ താളം നഷ്ടപ്പെടുത്താൻ കെല്‍പ്പുള്ള ഇടവേളകള്‍. രവീന്ദ്ര ജഡേജയപ്പോലൊരു വെട്ടേരൻ സ്പിന്നര്‍. ഒപ്പം ബുംറയും സിറാജും. പേസ് നിരയ്ക്ക് പരിചയസമ്പത്തിന്റെ അഭാവമുണ്ടെന്ന കവചം മുഖ്യപരിശീലകൻ ഗൗതം ഗംഭീര്‍ ഒരുക്കിയാലും സാധൂകരിക്കാനാകാത്തതായിരുന്നു ഇന്ത്യയുടെ ബൗളിങ് പ്രകടനം. പ്രത്യേകിച്ചും മൂന്നാം പേസറായ പ്രസിദ്ധ് കൃഷ്ണയുടേയും നാലാം പേസറായ ശാര്‍ദൂല്‍ താക്കൂറിന്റേയും.
ജസ്പ്രിത് ബുംറയ്ക്ക് അഞ്ചാം ദിനമൊരു ഓഫ് ഡേ തന്നെയായിരുന്നു, അനുവദനീയമായ ഒന്ന്. മുഹമ്മദ് സിറാജ് ഒന്നാം സെഷനില്‍ കൃത്യത പുലര്‍ത്തി. ബുംറയ്ക്ക് മികച്ച പിന്തുണ കൊടുത്തുവെന്നതില്‍ തര്‍ക്കമുണ്ടാകാനിടയില്ല. ഇതിന് ശേഷമുള്ള സമയം, ഏറ്റവും നിര്‍ണായകമായ പാസിങ് മണിക്കൂറുകള്‍. 2021 ഇംഗ്ലണ്ട് പര്യടനത്തില്‍ മുഹമ്മദ് ഷമിയും ഇഷാന്ത് ശര്‍മയുമൊക്കെ കൃത്യമായ ലൈനും ലെങ്തും കീപ്പ് ചെയ്ത് ഇംഗ്ലണ്ട് ബാറ്റര്‍മാരെ സമ്മര്‍ദത്തില്‍ നിലനിര്‍ത്തിയ അതേ മണിക്കൂറുകള്‍.
ഈ ഉത്തരവാദിത്തം പേറിയത് പ്രസിദ്ധും ശാര്‍ദൂലുമായിരുന്നു ഹെഡിങ്ലിയില്‍. 35 ഓവറുകളാണ് രണ്ട് ഇന്നിങ്സുകളിലുമായി പ്രസിദ്ധ് എറിഞ്ഞത്, വഴങ്ങിയത് 220 റണ്‍സ്, എക്കണോമി 6.28. ബുംറയ്ക്കൊപ്പം വിക്കറ്റുകളുണ്ടായിരിക്കാം, എന്നാല്‍ ഒരു ഘട്ടത്തിലും സ്ഥിരതയോടെ പന്തെറിയുന്ന പ്രസിദ്ധിനെ കണ്ടിരുന്നില്ല.
ഒരു ഓവറിലെ ആറില്‍ നാല് പന്തുകളില്‍ സ്ഥിരത പുലര്‍ത്തിയാല്‍ അവശേഷിക്കുന്ന രണ്ടെണ്ണം സ്ലോട്ടിലായിരിക്കും. ഐപിഎല്ലിന് സമാനമായി ഷോട്ട് ബോള്‍ തന്ത്രം പ്രയോഗിച്ചെങ്കിലും ഒരു തവണ മാത്രമാണ് ഫലം കണ്ടത്, മറ്റെല്ലാ അവസരങ്ങളിലും ബൗണ്ടറിയിലും റണ്‍സിലുമായിരുന്നു അവ കലാശിച്ചതും.
പ്രസിദ്ധിന്റെ ഇത്തരം വീഴ്ചകള്‍ പൂര്‍ണമായും കണ്‍വേര്‍ട്ട് ചെയ്യാൻ ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ക്ക് കഴിയുന്നുമുണ്ടായിരുന്നു. രണ്ടാം ഇന്നിങ്സില്‍ ഡക്കറ്റ് പ്രസിദ്ധിനെതിരെ മാത്രം സ്കോര്‍ ചെയ്തത് 45 റണ്‍സാണ്. നേടിയ രണ്ട് വിക്കറ്റുകള്‍ ഒരിക്കലും ശാര്‍ദൂലിന്റെ മികവില്‍ നിന്നായിരുന്നില്ല. ഡക്കറ്റിന്റേയും ബ്രൂക്കിന്റേയും റണ്‍സ് കണ്ടെത്താനുള്ള ശ്രമമായിരുന്നു പുറത്താകലില്‍ കലാശിച്ചതും. വഴങ്ങിയ ബൗണ്ടറികള്‍ ഭൂരിഭാഗവും ഓവര്‍പിച്ച്, ഫുള്‍ ലെങ്ത് പന്തുകളും.
പല മൈതാനങ്ങളിലും സ്റ്റമ്പിന്റെ ടോപില്‍ ഹിറ്റ് ചെയ്യാനുള്ള ഐഡിയല്‍ ലെങ്ത് വ്യത്യസ്തമായിരിക്കും. എങ്കിലും സ്റ്റമ്പില്‍ നിന്ന് അഞ്ചര മീറ്ററിനും ഏഴിനും ഇടയിലായിരിക്കും കൂടുതല്‍ വിക്കറ്റുകളിലും ഇത്. പ്രിസിദ്ധ് ഒലി പോപിനെ ബൗള്‍ഡാക്കിയ ആ പന്ത്, അതുപൊലൊന്ന് ഒരിക്കല്‍ക്കൂടി സൃഷ്ടിക്കാൻ പ്രസിദ്ധിനായിരുന്നു, ജോ റൂട്ടിനെതിരെ. എന്നാലത്, അല്‍പ്പം പിന്നിലായിരുന്നു പിച്ച് ചെയ്തിരുന്നത്.
രണ്ടാം ഇന്നിങ്സിലെ പ്രസിദ്ധ് നിമിഷങ്ങളിതുരണ്ടുമായിരുന്നു. ഈ ലെങ്ത് സ്ഥിരതയോടെ എറിയാൻ പ്രസിദ്ധിന് കഴിഞ്ഞിരുന്നെങ്കില്‍ അത് മത്സരഫലത്തെ സ്വാധീനിക്കാൻ കെല്‍പ്പുള്ളതാകുമായിരുന്നു. പ്രത്യേകിച്ചും ഉയരത്തിന്റെ മുൻതൂക്കം മറ്റാരേക്കാളും ഇന്ത്യൻ നിരയില്‍ പ്രസിദ്ധിനുള്ള പശ്ചാത്തലത്തില്‍. ക്വാളിറ്റിയുണ്ടായിട്ടും അത് പ്രാവര്‍ത്തികമാക്കുന്നതിലെ വീഴ്ചയായിരുന്നു തിരിച്ചടിയായത്.
ഇനി ജഡേജയിലേക്ക് വരാം. അഞ്ചാം ദിനം ജഡജയേപ്പോലെ അപകടകാരിയായ ബൗളര്‍മാര്‍ വിരളമാണ്, പ്രത്യേകിച്ചും ഹെഡിങ്ലിയിലെ വിക്കറ്റില്‍ വന്ന മാറ്റത്തില്‍. ഡക്കറ്റിനെതിരെ തുടരെ ജഡേജയെ പരീക്ഷക്കാൻ ഗില്‍ മുതിര്‍ന്നതിന്റെ കാരണവും ഇതുതന്നെയായിരുന്നു. എന്നാല്‍, വിക്കറ്റിലെ ടേണ്‍ ലഭിക്കാൻ സാധ്യതയുള്ള പോയിന്റുകളില്‍ ഹിറ്റ് ചെയ്യാനുള്ള ജഡേജയുടെ ശ്രമങ്ങളെ സ്വീപ്പ് ഷോട്ടുകളിലൂടെ മറികടക്കുകയായിരുന്നു ഡക്കറ്റ്. പിന്നാലെ വന്ന റൂട്ടു സ്റ്റോക്സും അത് ആവര്‍ത്തിക്കുകയും ചെയ്തു.
നാല് ഫോറും ഒരു സിക്സുമായിരുന്നു ഡക്കറ്റ് റിവേഴ്സ് സ്വീപ്പിലൂടെ ജഡേജയ്ക്കെതിരെ നേടിയത്. ലൈനും ലെങ്തും മാറ്റാനും അല്ലെങ്കില്‍ അതിന് അനുസരിച്ച് ഫീല്‍ഡ് സെറ്റ് ചെയ്യുന്നതിലും ജഡേജ പരാജയപ്പെട്ടു. റിഷഭ് പന്ത് വൈഡര്‍ ലെങ്ത് ശ്രമിക്കാൻ നിര്‍ദേശിച്ചപ്പോള്‍ മാത്രമായിരുന്നു ജഡേജ ഒരു മാറ്റത്തിന് തയാറായതും, അത് റണ്ണൊഴുക്കിനേയും തടയാൻ സഹായിക്കുകയും ചെയ്തു.
അവശേഷിക്കുന്ന നാല് ടെസ്റ്റുകളില്‍ ഇന്ത്യയെ കാത്തിരിക്കുന്ന വെല്ലുവിളിയുടെ അളവ് കൂടുതലായിരിക്കുമെന്ന സൂചനകൂടിയായിരുന്നു ഈ മത്സരം. പ്രത്യേകിച്ചും ബുംറയുടെ അഭാവത്തില്‍ പരിചയസമ്പത്തിന്റെ കോളം എങ്ങനെ ഗംഭീര്‍ ടിക്ക് ചെയ്യുമെന്നതാണ് ആകാംഷ. നിതീഷിന്റെ ടെസ്റ്റ് പരിചയം അഞ്ച് മത്സരമാണ്, പ്രസിദ്ധിന്റേത് നാല്, ഹര്‍ഷിതിന്റേത് രണ്ടും. അര്‍ഷദീപ് സിങ് അരങ്ങേറ്റത്തിനായി കാത്തിരിക്കുന്നു. സിറാജിനെ മാറ്റി നിര്‍ത്താമെങ്കിലും താരത്തിന്റെ ദീര്‍ഘനാളായുള്ള മോശം ഫോമും ആശങ്കയാണ്.