ശാർദൂല്‍ ഔട്ട്! ബുമ്രക്ക് പകരമാര്? ഇംഗ്ലീഷ് പരീക്ഷ ജയിക്കാൻ ഈ രണ്ട് മാറ്റങ്ങള്‍ അനിവാര്യം

Published : Jun 26, 2025, 01:06 PM ISTUpdated : Jun 26, 2025, 01:07 PM IST
Gambhir and Gill

Synopsis

ബാറ്റിങ് നിര ആത്മവിശ്വാസം പകരുമ്പോള്‍ ബൗളിങ്ങില്‍ ഒരുപാട് ചോദ്യങ്ങള്‍ അവശേഷിക്കുന്നു

വിരാട് കോലിയുടേയും രോഹിത് ശര്‍മയുടേയും വിടവ് ഇന്ത്യ എങ്ങനെ നികത്തുമെന്നായിരുന്നു ലീഡ്‍‌സിലേക്ക് നോക്കിയ കണ്ണുകളിലെ ആശങ്ക. നാലാം ദിനം രണ്ടാം സെഷൻ അവസാനിച്ചപ്പോള്‍ അതിന് ഉത്തരമായി. ജേമി സ്മിത്ത് ജഡേജയുടെ പന്ത് മിഡ് വിക്കറ്റിലൂടെ ഗ്യാലറിയിലെത്തിച്ച് ഇംഗ്ലണ്ടിന്റെ ജയം ഉറപ്പിച്ചപ്പോള്‍ മറ്റൊരു ആശങ്ക. ഒരു ജസ്പ്രിത് ബുംറ മാത്രം മതിയാകില്ല അവശേഷിക്കുന്ന നാല് ടെസ്റ്റുകള്‍ താണ്ടാനെന്ന്. ബാറ്റിങ് നിര ആത്മവിശ്വാസം പകരുമ്പോള്‍ ബൗളിങ്ങില്‍ ഒരുപാട് ചോദ്യങ്ങള്‍ അവശേഷിക്കുന്നു. ബിര്‍മിങ്‌ഹാമിലിറങ്ങുമ്പോള്‍ അനിവാര്യമായ ചില മാറ്റങ്ങളുണ്ട്.

ബുംറ മൂന്ന് ടെസ്റ്റുകള്‍ മാത്രമെ കളിക്കുകയുള്ളു. ഈ തീരുമാനത്തില്‍ നിന്ന് വ്യതിചലിക്കാനില്ല എന്ന് മുഖ്യപരിശീലകൻ ഗൗതം ഗംഭീര്‍ വ്യക്തമാക്കി കഴിഞ്ഞു. ലീഡ്‌സില്‍ പരാജയപ്പെട്ട പശ്ചാത്തലത്തില്‍ ബി‍ര്‍മിങ്‌ഹാമില്‍ ബുംറയെ കളത്തിലിറക്കാനുള്ള സാധ്യത വിരളമാണ്. മത്സരഫലം അനുകൂലമായില്ലെങ്കില്‍ പിന്നീട് അവശേഷിക്കുന്ന മൂന്ന് ടെസ്റ്റും നിര്‍ണായകമാകും, അതില്‍ ഒന്നില്‍ മാത്രമെ ലോക ഒന്നാം നമ്പര്‍ ബൗളര്‍ക്ക് മൈതാനത്തിറങ്ങാനാകു. ഇത്തരമൊരു സാഹചര്യം സൃഷ്ടിക്കാൻ ഗംഭീര്‍ ആഗ്രഹിക്കുന്നുണ്ടാകില്ല.

അതുകൊണ്ട് ബി‍ര്‍മിങ്ഹാമില്‍ ബുംറയില്ലാത്തൊരു ഇന്ത്യൻ ബൗളിങ് നിരയെ പ്രതീക്ഷിക്കാം. ഓള്‍ റൗണ്ടര്‍ എന്ന ടാഗിലെത്തി ബാറ്റിങ്ങിലും ബൗളിങ്ങിലും ഇംഗ്ലണ്ടിനെതിരെ തിളങ്ങാൻ ശാര്‍ദൂല്‍ താക്കൂറിന് കഴിഞ്ഞിരുന്നില്ല. 16 ഓവര്‍ പന്തെറിഞ്ഞ് വഴങ്ങിയത് 89 റണ്‍സ്, രണ്ട് വിക്കറ്റും. ബാറ്റുകൊണ്ടുള്ള സംഭാവന അഞ്ച് റണ്‍സും മാത്രം. ലീഡ്‌സ് ബാറ്റിങ്ങിന് അനുകൂലമായിരുന്നു എന്ന ഘടകം ഇവിടെ പരിഗണിക്കണം.

ശാര്‍ദൂലിന് പകരം നിതീഷ് കുമാര്‍ റെഡ്ഡിക്ക് ബിര്‍മിങ്ഹാമില്‍ സാധ്യതയുണ്ട്. ബോര്‍ഡര്‍ - ഗവാസ്ക്കര്‍ ട്രോഫിയിലെ പ്രകടനം തുണയ്ക്കും, പ്രത്യേകിച്ചും മെല്‍ബണിലെ സെഞ്ച്വറി. ശാര്‍ദൂലിനേക്കാള്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും ഫീല്‍ഡിങ്ങില്‍ വരെ കൂടുതല്‍ ഇംപാക്‌റ്റുണ്ടാക്കാൻ കഴിയുന്ന താരമായാണ് നിതീഷിനെ വിലയിരുത്തപ്പെടുന്നത്. ഇന്ത്യൻ ഫീല്‍ഡര്‍മാര്‍ ശരാശരിക്ക് താഴെ നിന്നപ്പോള്‍ സബ്‌സ്റ്റിറ്റ്യൂട്ടായി എത്തി ഔട്ട് ഫീല്‍ഡിലും ഇന്നര്‍ സര്‍ക്കിളിലും നിതീഷ് മികവ് പുലര്‍ത്തി.

ഇതിനെല്ലാം പുറമെ ബൗളിങ് പരിശീലകൻ മോര്‍ണി മോര്‍ക്കല്‍ ലീഡ്‌സില്‍ സെഷനുകളിലെ ഇടവേളകളില്‍ നിതീഷിന് ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് പന്തെറിയാൻ പരിശീലനം നല്‍കുന്നുണ്ടായിരുന്നു. ലൈനും ലെങ്തും മാര്‍ക്ക് ചെയ്തുള്ള പരിശീലനം. പലപ്പോഴും ഓരോ പന്തെറിയുന്നതിന് ശേഷവും മോര്‍ക്കല്‍ നിതീഷിന് നിര്‍ദേശങ്ങള്‍ നല്‍കാൻ എത്തിയിരുന്നു. അതുകൊണ്ട് നിതീഷിന്റെ സാധ്യത ഏറെയാണ്.

കുല്‍ദീപ് യാദവ് ഒരു അറ്റാക്കിങ് ബൗളറാണ്. ചൈനാമാൻ എന്നൊരു അനുകൂല്യവുമുണ്ട്. ഇംഗ്ലണ്ടിന്റെ ഭാവി താരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹാരി ബ്രൂക്കും ജേമി സ്മിത്തുമടക്കമുള്ളവര്‍ക്ക് സ്പിന്നിന്നെതിരെ അത്ര മികച്ച റെക്കോര്‍ഡില്ല എന്നത് കുല്‍ദീപിനെ ടീമിലുള്‍പ്പെടുത്താൻ പ്രേരിപ്പിക്കുന്ന ഘടകമാണ്. 2024ലെ ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനത്തില്‍ രവീന്ദ്ര ജഡേജയേക്കാള്‍ മികച്ച ശരാശരിയില്‍ 19 വിക്കറ്റെടുത്ത് തിളങ്ങിയിരുന്നു കുല്‍ദീപ്.

എന്നാല്‍, ജഡേജയ്ക്ക് പകരം കുല്‍ദീപ് എന്ന കടുത്ത തീരുമാനത്തിലേക്ക് മാനേജ്മെന്റ് കടക്കാനുള്ള സാധ്യത വിരളമാണ്. 2022ലെ ബെര്‍മിങ്ഹാം ടെസ്റ്റില്‍ പേസ് ബൗളര്‍മാര്‍ക്ക് അനുകൂലമായിരുന്നു കാര്യങ്ങള്‍. അന്ന് പന്തെറിഞ്ഞ ഇരുടീമിലേയും പ്രധാന സ്പിന്നര്‍മാരായ ജഡേജയ്ക്കും ജാക്ക് ലീച്ചിനും വിക്കറ്റെടുക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാല്‍, ഒന്നാം ഇന്നിങ്സില്‍ ജഡേജ സെഞ്ച്വറി നേടി രക്ഷകന്റെ റോളണിഞ്ഞിരുന്നു. അതുകൊണ്ട് ജഡേജയ്ക്ക് മുകളില്‍ കുല്‍ദീപിന് പരിഗണന ലഭിച്ചേക്കില്ല.

കുല്‍ദീപിനെ ഉള്‍പ്പെടുത്തണമെങ്കില്‍ രണ്ട് സാധ്യകളാണുള്ളത്. ഒന്നുകില്‍ ബാറ്റിങ് നിരയിലെ ഒരാളെ പിൻവലിക്കണം. സായ് സുദര്‍ശൻ അല്ലെങ്കില്‍ കരുണ്‍ നായര്‍. സന്തുലിതമായ ഈ നിരയെ ബ്രേക്ക് ചെയ്യുക എന്നത് ഒരു ടെസ്റ്റിന് ശേഷം ഇന്ത്യ തയാറായേക്കില്ല. മറ്റൊന്ന് രണ്ട് പ്രോപ്പര്‍ പേസര്‍മാരും രണ്ട് സ്പിന്നര്‍മാരും ഒരു ഓള്‍റൗണ്ടറുമായി ഇന്ത്യ ഇറങ്ങുക എന്നതാണ്. ബുംറയുടെ അഭാവത്തില്‍, പരിചയസമ്പന്നരുടെ നിരയില്ലാത്ത പക്ഷം അതൊരു ഹൈ റിസ്ക്കാകുമെന്നും വിലയിരുത്താം.

പ്രത്യേകിച്ചും ബിര്‍മിങ്ഹാമില്‍. അവസാനമായി മൈതാനം ആതിഥേയത്വം വഹിച്ച ടെസ്റ്റ് ഇംഗ്ലണ്ട് വെസ്റ്റ് ഇൻഡീസായിരുന്നു. 2024 ജൂലൈയില്‍. അന്നും പേസര്‍മാര്‍ക്ക് അനുകൂലമായിരുന്നു കണ്ടീഷൻ. അതുകൊണ്ട് മൂന്ന് പ്രോപ്പര്‍ പേസര്‍മാരെന്ന കോമ്പിനേഷൻ ഇന്ത്യ തുടര്‍ന്നേക്കും. ബുംറയ്ക്ക് പകരം ടീമിലേക്ക് വരാൻ ഏറ്റവും സാധ്യത അര്‍ഷദീപ് സിങ്ങിനാണ്. കാരണം, സ്ഥിരതയോടെ പന്തെറിയാനുള്ള മികവ് മാത്രമല്ല, ഇരുവശത്തേക്കും പന്ത് സ്വിങ് ചെയ്യിക്കാനുള്ള കഴിവും ഇടം കയ്യൻ പേസറെന്ന ആനുകൂല്യവും അര്‍ഷദീപിനുണ്ടാകും.

പ്രസിദ്ധ് ടീമില്‍ തുടരാനുള്ള സാധ്യതയാണ് നിലവിലുള്ളത്. പ്രസിദ്ധിന്റെ ക്വാളിറ്റിയില്‍ തങ്ങള്‍ക്ക് പൂര്‍ണ വിശ്വാസമുണ്ടെന്ന് ഗംഭീര്‍ തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു. അര്‍ഷദീപ് സിങ്-മുഹമ്മദ് സിറാജ്-പ്രസിദ്ധ് കൃഷ്ണ ത്രയമായിരിക്കാം ബിര്‍മിങ്ഹാമില്‍. അര്‍ഷദീപിന്റെ വിക്കറ്റ് ടേക്കിങ് എബിലിറ്റി ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ പരീക്ഷിക്കപ്പെട്ടേക്കും.

PREV
Read more Articles on
click me!

Recommended Stories

സൂര്യയും ഗില്ലും ദുർബലകണ്ണികളോ; ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പര എത്ര നിർണായകം?
ദക്ഷിണാഫ്രിക്ക ചലഞ്ചിന് സഞ്ജു സാംസണ്‍; ലോകകപ്പ് ടീമില്‍ ഇടം നേടാൻ അവസാന അവസരം?