
ആദ്യ ഇംഗ്ലീഷ് പരീക്ഷയില്‍ ജയമില്ല, ഒപ്പമെത്താനുള്ള ശ്രമത്തില്‍ ഏറ്റവും നിര്‍ണായകം എന്തെന്ന് ചോദിച്ചാല്‍ നിലവില്‍ ഒരു ഉത്തരം മാത്രമാണുള്ളത്, ജസ്പ്രിത് ബുംറ. സച്ചിൻ ക്രീസിലുണ്ടല്ലോ, കോലി ഔട്ടായിട്ടില്ലല്ലോ, പ്രതീക്ഷ കളയേണ്ടതില്ല എന്നൊക്കെ പറഞ്ഞ കാലം താണ്ടിയിരിക്കുന്നു. ഇന്ന് മേല്‍പറഞ്ഞ പേരുകളുടെ സ്ഥാനത്ത് ബുംറയാണ്. ഒരുപക്ഷേ, ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലാദ്യമായിരിക്കാം ഒരു പേസ് ബോളറില്‍ രാജ്യം ഇത്രത്തോളം വിശ്വാസമര്‍പ്പിക്കുന്നത്. എന്നാല്‍, ബിര്‍മിങ്‌ഹാമില്‍ ഡ്യൂക്‌സ് ബോളെടുക്കാൻ ബുംറയുണ്ടാകുമോ!
ബോര്‍ഡര്‍-ഗവാസ്ക്കര്‍ ട്രോഫിയില്‍ ജോലിഭാരം അതിന്റെ മൂര്‍ധന്യാവസ്ഥയിലെത്തിയതിന്റെ പരിണിത ഫലമായിരുന്നു ബുംറയ്ക്ക് നാല് മാസത്തോളം ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നത്. ഓസ്ട്രേലിയയില്‍ ഒൻപത് ഇന്നിങ്സുകളിലായി 151.2 ഓവറുകളായിരുന്നു ബുംറയെറിഞ്ഞത്. 908 ലീഗല്‍ ഡെലിവറികള്‍. ശരാശരി ഒരു മത്സരത്തില്‍ എറിഞ്ഞ ഓവറുകളുടെ 30 ആണ്, ഒരു ഇന്നിങ്സില്‍ 16 ഓവറുകളും. നിര്‍ണായകമായ നാലാം ടെസ്റ്റില്‍ മെല്‍ബണില്‍ 52 ഓവറിലധികവും പന്തെറിഞ്ഞു വലം കയ്യൻ പേസര്‍. ശേഷം നടന്ന സിഡ്‌ണി ടെസ്റ്റിനിടെയാണ് ബുംറയ്ക്ക് പരുക്കേല്‍ക്കുന്നതും.
ഇനി ഇംഗ്ലണ്ടിനെതിരായ ലീഡ്‌സ് ടെസ്റ്റിലേക്ക് വരാം. രണ്ട് ഇന്നിങ്സിലുമായി 43.4 ഓവറുകളാണ് ബുംറയെറിഞ്ഞിരിക്കുന്നത്. മറ്റൊരു ഇന്ത്യൻ പേസറും ഇത്രയും ഓവര്‍ എറിഞ്ഞിട്ടില്ല. 41 ഓവര്‍ എറിഞ്ഞ സിറാജാണ് പേസര്‍മാരില്‍ രണ്ടാം സ്ഥാനത്തുള്ളത്. പരിശോധിക്കുകയാണെങ്കില്‍ ബോര്‍ഡര്‍ ഗവാസ്ക്കര്‍ ട്രോഫിയിലെ ശരാശരി ഇതിനോടകം തന്നെ ബുംറ പിന്നിട്ടുകഴിഞ്ഞു. ജോലിഭാരത്തിലെ നിയന്ത്രണം സംഭവിക്കുന്നില്ല എന്ന് വേണം കരുതാൻ, അല്ലെങ്കില്‍ അത് പങ്കുവെക്കാൻ കഴിയുന്ന പേസര്‍മാര്‍ ഇന്ത്യൻ നിരയിലില്ലെന്ന് വിലയിരുത്താനാകും.
ബുംറ കളിക്കുന്നത് മൂന്ന് ടെസ്റ്റുകളില്‍ മാത്രമാണെന്നത് വ്യക്തമാണ്. ഈ ശരാശരിയിലാണ് ബുംറ പന്തെറിയുന്നതെങ്കില്‍ ബോര്‍ഡര്‍-ഗവാസ്ക്കര്‍ ട്രോഫിക്ക് സമാനമായി ഓവറുകളുടെ എണ്ണം എത്താനുള്ള സാധ്യതയുണ്ട്. ഓസ്ട്രേലിയയില്‍ അഞ്ച് ടെസ്റ്റുകളിലെറിഞ്ഞ അത്രയും ഓവറുകള്‍ ഇംഗ്ലണ്ടില്‍ മൂന്ന് ടെസ്റ്റില്‍ നിന്ന് വന്നേക്കും. കാരണം, ഇന്ത്യയുടെ പേസ് നിര അത്രത്തോളം ദുര്‍ബലമാണെന്ന് ലീഡ്‌സില്‍ തെളിയിക്കാൻ ബെൻ ഡക്കറ്റിനും സാക്ക് ക്രോളിക്കും സാധിച്ചു.
ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ച് നിലവിലെ ടെസ്റ്റ് പരമ്പരയോളം അല്ലെങ്കില്‍ വരാനിരിക്കുന്ന ഐസിസി ടൂർണമെന്റുകളോളം നിർണായകമാണ് ബുംറയുടെ ശാരീരികക്ഷമത. അതിലൊരു വീഴ്‌ചവരുത്താൻ ലീഡ്‌സിലെ തോല്‍വി ഇന്ത്യയെ പ്രേരിപ്പിക്കില്ല. ബുംറയുടെ ജോലിഭാരം നിയന്ത്രിക്കുക എന്നതിന് തന്നെയായിരിക്കും മുഖ്യപരിശീലകൻ ഗൗതം ഗംഭീര്‍ മുൻഗണന നല്‍കുന്നതും. അതുകൊണ്ട് തന്നെയാണ്, ലീഡ്‌സിലെ തോല്‍വിക്ക് ശേഷവും ബുംറ കളിക്കുന്ന ടെസ്റ്റുകളുടെ എണ്ണത്തില്‍ മാറ്റമുണ്ടാകില്ലെന്ന് ഗംഭീര്‍ അടിവരയിട്ട് പറഞ്ഞതും.
ഇന്ത്യയെ സംബന്ധിച്ച് രണ്ടാം ടെസ്റ്റിനേക്കാള്‍ നിര്‍ണായകമാകുക മൂന്നും നാലുമാകും. ബിര്‍മിങ്ഹാം ടെസ്റ്റ് അനുകൂലമായാലും പ്രതികൂലമായാലും തിരിച്ചുവരാനും അല്ലെങ്കില്‍ മുൻതൂക്കം വര്‍ധിപ്പിക്കാനും സഹായിക്കുക മൂന്ന്, നാല് ടെസ്റ്റുകളായിരിക്കും. മൂന്നാം ടെസ്റ്റ് ലോര്‍ഡ്‌സിലും നാലാം ടെസ്റ്റ് മാഞ്ചസ്റ്ററിലുമാണ്. അതിനാല്‍, രണ്ടാം ടെസ്റ്റില്‍ ബുംറയ്ക്ക് വിശ്രമം അനുവദിക്കാൻ ഇന്ത്യ തയാറായേക്കും.
പക്ഷേ, ഇവിടെയാണ് ഇന്ത്യ കൂടുതല്‍ ആശയക്കുഴപ്പത്തിലേക്ക് എത്തുന്നതും. ബുംറയുടെ സാന്നിധ്യത്തില്‍ 20 വിക്കറ്റുകള്‍ വീഴ്ത്താൻ ഇന്ത്യൻ ബൗളിങ് നിരയ്ക്ക് കഴിഞ്ഞിരുന്നില്ല. അപ്പോള്‍, ബുംറയുടെ അഭാവത്തില്‍ എന്താകുമെന്നും ചോദ്യം ഉയരുന്നു. ആദ്യ ഇന്നിങ്സില്‍ അഞ്ച് വിക്കറ്റെടുത്തു ബുംറ. രണ്ടാം ഇന്നിങ്സില്‍ ബുംറയെന്ന അപകടത്തെ അതിജീവിക്കാൻ ഇംഗ്ലണ്ടിനായി. എന്നാല്‍, ഇംഗ്ലണ്ട് ബാറ്റര്‍മാരെ പരീക്ഷിച്ച ഏക ബൗളറും ബുംറ തന്നെയായിരുന്നു.
ഇവിടെയാണ് പകരക്കാരനെ ഇന്ത്യ കണ്ടെത്തേണ്ടതും, പേസ് നിരയിലേക്ക് കൂടുതല്‍ ഉത്തരവാദിത്തം എത്തുന്നത്. ഇന്ത്യയുടെ പേസ് നിരയിലെ ഏക വിക്കറ്റ് ടേക്കറാണ് ബുംറ. മറ്റാര്‍ക്കും അതിന് സാധിക്കുന്നതായി ലീഡ്‌സ് ടെസ്റ്റ് തോന്നിച്ചില്ല. പ്രസിദ്ധ് വിക്കറ്റെടുത്ത പന്തുകള്‍ മികച്ചതായിരുന്നു. എന്നാല്‍, റണ്‍സ് വിട്ടുകൊടുക്കുന്ന ശൈലി എടുക്കുന്ന വിക്കറ്റുകളുടെ പ്രാധാന്യം ഇല്ലാതാക്കുന്ന ഒന്നാണെന്ന് മത്സരഫലം തെളിയിച്ചു.
ഇവിടെ ബുംറയുടെ അസാന്നിധ്യം ഇല്ലാതാക്കേണ്ടത് മുഹമ്മദ് സിറാജാണ്. ഇംഗ്ലീഷ് കണ്ടീഷനുകളില്‍ സിറാജിനോളം പരിചയസമ്പത്ത് മറ്റുള്ളവര്‍ക്കില്ല. I only believe in Jassi bhai because he is the only game changer എന്ന് പറഞ്ഞ സിറാജ് സ്വയം ഗെയിം ചേഞ്ചറാകേണ്ടിയിരിക്കുന്നു. ഇതിനെല്ലാം ഉപരി പരിചയസമ്പത്തിന്റെ അഭാവത്തെ പഴിച്ച് ന്യായീകരിക്കുന്നവര്‍ മറുവശത്തുള്ള ജോഷ് ടങ്ങിന്റേയും ബ്രൈഡൻ കാഴ്‌സിന്റേയും പ്രകടനങ്ങള്‍ക്കൂടി നോക്കേണ്ടതുണ്ട്.
അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റില്‍ മതിയായ അനുഭവമില്ലാതിരുന്നിട്ടും ഇരുവരും മനോഹരമായി തന്നെ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് പന്തെറിഞ്ഞു. ഇത് ആവര്‍ത്തിക്കാൻ പ്രസിദ്ധ് കൃഷ്ണ, അര്‍ഷദീപ് സിങ് തുടങ്ങിയവര്‍ ശ്രമിച്ചാല്‍ ബിര്‍മിങ്ഹാം താണ്ടാനാകും.