
ബെ ഓവലില്‍ മാറ്റ് ഹെൻറിക്ക് ആറേ ആറ് പന്തുകളെ ആവശ്യമുണ്ടായിരുന്നുള്ളു ഇന്ത്യയുടെ പരാജയം ഉറപ്പിക്കാൻ. 2019 ഏകദിന ലോകകപ്പിന്റെ ഓർമകള്‍ ഒരിക്കല്‍ക്കൂടി വേട്ടയാടാനെത്തിയ രാത്രി. അന്ന് വിരാട് കോലി പറഞ്ഞൊരു വാചകമുണ്ട്, 45 minutes of bad cricket puts you out of the tournament. Difficult to take it എന്ന്. ഇക്കുറി 45 മിനുറ്റൊന്നും പോകേണ്ടി വന്നില്ല, അഞ്ച് മിനുറ്റില്‍ ചിത്രം വ്യക്തമായി.
മത്സരശേഷം കായികലേഖരെ കാണാനെത്തിയ ഗൗതം ഗംഭീര്‍ തന്റെ ടീമിനെ പ്രതിരോധിക്കുന്ന പതിവ് നിലപാടായിരുന്നില്ല സ്വീകരിച്ചത്. There are no unplayable deliveries in international cricket എന്നുള്ള ഒറ്റ വാചകത്തിലുണ്ടായിരുന്നു രോഹിതിനും വിരാടിനും ശ്രേയസിനുമുള്ള താക്കീത്. ഗംഭീറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നില്‍ നാലാം ഏകദിനം മാത്രമായിരുന്നില്ല ഓക്ക്ലൻഡിലും വെല്ലിങ്ടണിലും ഇന്ത്യൻ ബാറ്റര്‍മാര്‍ ന്യൂസിലൻഡ് പേസര്‍മാര്‍ക്ക് മുന്നില്‍ വിയര്‍ത്തു.
90 റണ്‍സെടുക്കുമ്പോഴേക്കും ടീം ഓള് ഔട്ടായാല്‍ സ്വാഭാവികമായും ആശങ്കയുണ്ടാകും. എനിക്കും ആശങ്കയുണ്ട്. കാരണം, 2027 ഏകദിന ലോകകപ്പില്‍ നമുക്ക് ലഭിക്കാൻ സാധ്യതയുള്ള സാഹചര്യങ്ങളോട് ഏറ്റവും അടുത്ത് നില്ക്കുന്ന വിക്കറ്റുകളാണ് ന്യൂസിലൻഡിലേത്. അതുകൊണ്ട് തന്നെ ഇത്തരം കണ്ടീഷനുകളെ അതിജീവിക്കേണ്ടത് ബാറ്റര്‍മാരുടെ ഉത്തരവാദിത്തമാണ്...ഗംഭീര്‍ ഓര്‍മിപ്പിച്ചു.
മറുവശത്ത് ഇന്ത്യൻ നായകൻ ശ്രേയസ് അയ്യറിന് നിസാഹായ അവസ്ഥയെക്കുറിച്ചായിരുന്നു പറയാനുണ്ടായിരുന്നത്. പുറത്തേക്കും അകത്തേക്കും പന്ത് സീം ചെയ്യുമ്പോള്‍ ഏത് രീതിയില്‍ കളിക്കണമെന്ന് തീരുമാനിക്കാൻ പോലുമാകുന്നില്ലെന്നായിരുന്നു അയ്യരുടെ വാദം. യെസ്, മാറ്റ് ഹെൻറിയുടെ പന്തുകള്‍ പരിശോധിക്കുമ്പോള്‍ അത് വ്യക്തമാകുന്നുമുണ്ട്.
രോഹിത് പുറത്തായ ഡെലിവെറി എക്സ്ട്രാ ബൗണ്‍സും ഔട്ട് സ്വിങ്ങും, കോലിക്ക് ലൊ ബൗണ്‍സും ഇൻസ്വിങ്ങും, ശ്രേയസിന് ഗുഡ് ലെങ്തില്‍ ഇൻസ്വിങ്ങര്‍. വെല്ലിങ്ടണ്‍ ഏകദിനത്തില്‍ കേവലം 135 റണ്‍സ് പിന്തുടരവെ 113-7 എന്ന നിലയിലേക്ക് ഇന്ത്യ തകര്‍ന്നതാണ്, ന്യൂസിലൻഡിന്റെ ഷോര്‍ട്ട് ബോള്‍ തന്ത്രത്തിലായിരുന്നു അന്ന് ബാറ്റിങ് നിര വീണത്. മഴനിയമപ്രകാരം നാല് റണ്‍സിന് ജയിച്ചുകയറി. പക്ഷേ, ഈ പരമ്പരയിലെ ഇന്ത്യൻ ബാറ്റര്‍മാരുടെ പ്രകടനം ശരാശരിക്കും ഏറെ താഴെയാണ്.
ഏറ്റവുമധികം നിരാശപ്പെടുത്തിയിരിക്കുന്നത് രോഹിത് തന്നെയാണ്. രണ്ട് ഡക്കുള്‍പ്പെടെ 23 റണ്‍സാണ് നേട്ടം. രോഹിത് വിരമിക്കണമെന്നും ജയ്സ്വാള്‍ വരണമെന്നുമുള്ള ആവശ്യങ്ങള്‍ ഉയര്‍ന്നുതുടങ്ങിയിരിക്കുന്നു...പക്ഷേ, ഇത് രോഹിതില്‍ മാത്രം ഒതുങ്ങി നില്ക്കുന്ന ഒന്നല്ല എന്ന് കണക്കുകളും പ്രകടനങ്ങളും വ്യക്തമാക്കുന്നുണ്ട്.
ആദ്യ ഏകദിനത്തില്‍ കോലി ഒരു അര്‍ദ്ധ സെഞ്ചുറി നേടിയത് മാത്രമാണ് എടുത്ത് പറയാനൊരു ഇന്നിങ്സുള്ളത്. മറ്റാരും 50 തൊട്ടിട്ടില്ല. ശേഷം നടന്ന രണ്ട് ഏകദിനങ്ങളില്‍ കോലിയുടെ സമ്പാദ്യം ഏഴ് റണ്‍സാണ്. ഗില്‍ 37 റണ്‍സ്. ശ്രേയസ് 45 റണ്‍സ്. ടോപ് ഫോറിലുള്ള എല്ലാ ബാറ്റര്‍മാരും ഒരുതവണയെങ്കിലും പൂജ്യത്തിന് പുറത്തായിട്ടുമുണ്ട്.
2023 ലോകകപ്പിന് ശേഷം സെന രാജ്യങ്ങളിലെ ഇന്ത്യൻ ബാറ്റര്‍മാരുടെ പ്രകടനം പരിശോധിച്ചാല്‍ രോഹിത് മാത്രമാണ് മികവ് പുലര്ത്തിയിട്ടുള്ളതെന്ന വസ്തുത മറുവശത്തുണ്ട്. ഒൻപത് ഇന്നിങ്സുകളില്‍ നിന്ന് 400 റണ്‍സ്, രണ്ട് സെഞ്ചുറിയും ഒരു ഫിഫ്റ്റിയും. രണ്ടാമതുള്ള കോലിയും രോഹിതും തമ്മില്‍ 101 റണ്‍സിന്റെ വ്യത്യാസമുണ്ട്. ശ്രേയസ് 270 റണ്‍സും ഗില്‍ 268 റണ്‍സും. ശരാശരി 40ന് മുകളിലുള്ളതും രോഹിത് മാത്രമാണ്, 50ല്‍ എത്തി നില്ക്കുന്നു. വിദേശ വിക്കറ്റുകളില്‍ ശരാശരിയില്‍ മാത്രം ഒതുങ്ങുന്ന ഫോമുമായി ഇന്ത്യക്ക് ലോകകിരീടം നേടാൻ കഴിയുമോയെന്നത് ചെറുതല്ലാത്ത ചോദ്യവും ആശങ്കയുമാണ്.
ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നീ രാജ്യങ്ങളിലായാണ് 2027 ഏകദിന ലോകകപ്പ് നടക്കുന്നത്. എന്നാല്‍ 2023 ഏകദിന ലോകകപ്പിന് ശേഷം ദക്ഷിണാഫ്രിക്കയില്‍ ഒരു ഏകദിനം പോലും രോഹിതോ കോലിയോ കളിച്ചിട്ടില്ല എന്ന് ഓര്‍ക്കണം. ഗില്ലാണെങ്കില്‍ കരിയറില്‍ ഇതുവരെയും പ്രോട്ടിയാസിന്റെ മണ്ണില്‍ ഫോര്‍മാറ്റില്‍ ബാറ്റെടുത്തിട്ടില്ല. ആറ് സെഞ്ചുറി ഉള്‍പ്പെടെ കോലിക്ക് ദക്ഷിണാഫ്രിക്കയില്‍ മികച്ച റെക്കോര്‍ഡുണ്ടെങ്കിലും രോഹിതിന്റേയും ശ്രേയസിന്റെയും കാര്യ വ്യത്യസ്തമല്ല.
മറ്റെല്ലാ വിദേശരാജ്യങ്ങളിലെ മൈതാനങ്ങളും കീഴടക്കാൻ കഴിഞ്ഞ രോഹിതിന്റെ ദക്ഷിണാഫ്രിക്കയിലെ ശരാശരി 20ലും താഴെയാണ്. 68 സ്ട്രൈക്ക് റേറ്റില്‍ 256 റണ്‍സാണ് ആകെ സമ്പാദ്യം. ശ്രേയസ് അല്‍പ്പം കൂടി ബെറ്ററാണ്, ആറ് ഇന്നിങ്സുകളില്‍ നിന്ന് 154 റണ്‍സ്. ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യൻ ടീമിനെ സംബന്ധിച്ച് ടോപ് ഓര്‍ഡറില്‍ രോഹിത്, ഗില്‍, ശ്രേയസ് എന്നിവര്‍ ആശങ്ക തന്നെയാണ്. കോലിയുടെ റെക്കോര്‍ഡ് ചൂണ്ടിക്കാണിക്കുമ്പോഴും കഴിഞ്ഞ ഓസ്ട്രേലിയൻ പര്യടനത്തിലും ഇപ്പോള്‍ ന്യൂസിലൻഡിലും താരം സ്ട്രഗിള്‍ ചെയ്തിരുന്നു.
അഞ്ചാം ഏകദിനം ഇന്ത്യയുടെ ടോപ് ഓര്‍ഡറിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്. പ്രത്യേകിച്ചും ലോകകപ്പ് കൂടി പരിഗണിക്കുമ്പോള്‍.