
12 വര്‍ഷത്തിനിടെ 11 പരിശീലകര്‍, പ്രശ്നം ഉടമകളുടേതോ താരങ്ങളുടേയോ അതോ പരിശീലകരുടെ തന്നെയോ...വീണ്ടും വീണ്ടും സമാന പ്രശ്നങ്ങളിലൂടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കടന്നുപോകുമ്പോള്‍ ഇക്കുറി ബലിയാടായത് മൈക്കല്‍ കാരിക്ക്. ഏത് കാരിക്ക്, ക്ലബ്ബ് ഇതിഹാസങ്ങളിലൊരാള്‍, പോയിന്റ് പട്ടികയുടെ അടിത്തട്ടില്‍ നിന്ന് മൂന്നാം സ്ഥാനത്തേക്ക് എത്തിച്ച് പ്രതാപകാലത്തിന്റെ ഓര്‍മകളും പ്രതീക്ഷയും നല്കിയ വ്യക്തി. യുണൈറ്റഡിന്റെ മാനേജറായി കാരിക്ക് രണ്ട് വര്‍ഷത്തെ കരാറില്‍ ഒപ്പിട്ടിട്ട് ആറ് മാസമെ ആകുന്നുള്ളു. യഥാര്‍ത്ഥത്തില്‍ കാരിക്കിന്റെയും യുണൈറ്റഡിന്റെയും വീഴ്ചയുടെ കാരണമെന്താണ്?
കഴിഞ്ഞ സീസണില്‍ താല്‍ക്കാലിക പരിശീലകനായി കാരിക്ക് ചുമതലയേറ്റതിന് ശേഷം യുണൈറ്റഡ് 17 മത്സരങ്ങളാണ് കളിച്ചത്, 12ലും വിജയം. സമാനകാലയളവില്‍ പ്രീമിയര്‍ ലീഗില്‍ ഇത്രത്തോളം സക്സസ്ഫുള്ളായ ഒരു മാനേജർ ഉണ്ടായിരുന്നില്ല. കാരിക്കിന്റെ സിസ്റ്റം അന്ന് എങ്ങനെയായിരുന്നുവെന്ന് നോക്കാം. എതിരാളികളെ പന്ത് കൈവശം വെക്കാൻ അനുവദിച്ചത് പെർഫെക്റ്റ് കൗണ്ടറുകളിലൂടെ ഗോള്‍ കണ്ടെത്തുകയും കോംപാക്റ്റായി മിഡ് ഫില്ഡിനേയും ഡിഫൻസിനേയും ഒരുക്കി പ്രതിരോധിക്കുകയുമായിരുന്നു.
എന്നാല്‍ കാരിക്ക് ഈ സീസണില്‍ സ്വീകരിച്ച സമീപനം അല്‍പ്പം വ്യത്യസ്തമായിരുന്നു. ഗെയിമിനെ കൂടുതല്‍ കണ്ട്രോള് ചെയ്തുള്ള രീതി. പക്ഷേ, ഇതിന് അനുയോജ്യമായ പ്ലെയര്‍ സ്ട്രെങ്ത് യുണൈറ്റഡിന് ഉണ്ടായിരുന്നോ, അല്ലെങ്കില്‍ ഈ സമീപനത്തിന് യോജിച്ച താരങ്ങള്‍ ഫോമിലായിരുന്നോ, പരിക്കേറ്റ താരങ്ങളുടെ എണ്ണം കൂടി വര്‍ധിച്ച പശ്ചാത്തലത്തില്‍ക്കൂടി ചിന്തിക്കേണ്ടതുണ്ട്. ഇവിടെ ഏറ്റവും നിര്‍ണായകമാകേണ്ടിയിരുന്നത് ബ്രൂണോ ഫെര്‍ണാണ്ടസായിരുന്നു. കാരിക്കിന്റെ സിസ്റ്റത്തിലെ ക്രിയേറ്റര്‍, കാരിക്കിന്റെ മാത്രമല്ല, ഏത് പരിശീലകൻ ചുമതലയേറ്റെടുത്താലും ബ്രൂണോ തന്നെയായണ് ഏറെക്കാലമായി ആ ഉത്തരവാദിത്തം നിറവേറ്റുന്നത്.
കഴിഞ്ഞ സീസണില്‍ 21 അസിസ്റ്റുമായി പ്രീമിയര്‍ ലീഗില്‍ ബ്രൂണോ ചരിത്രമെഴുതുമ്പോള്‍ ഇതില്‍ 12 എണ്ണവും കാരിക്കിന്റെ കീഴിലായിരുന്നു. എന്നാല്‍ ഈ സീസണില്‍ രണ്ട് അസിസ്റ്റുകള്‍ മാത്രമാണ് ബ്രൂണോയുടെ ബൂട്ടുകളില്‍ നിന്ന് യുണൈറ്റഡിന് ലഭിച്ചത്. ഒരു ഘട്ടത്തിലും ബ്രൂണോ തന്റെ ലെവലിലേക്ക് ഉയര്‍ന്നതായി തോന്നിച്ചിട്ടില്ല, കാരിക്കിന്റെ ടാക്റ്റിക്സിനെതിരെ തുറന്നടിക്കുകയും ചെയ്തു ബ്രൂണോ, പിന്നാലെ ബ്രൂണോയെ കാരിക്ക് ഡഗൗട്ടിലിരുത്തി. ടീമിലെ ഏറ്റവും മികച്ച താരവും പരിശീലകനും തമ്മില്‍ ടെൻഷൻ രൂപപ്പെട്ടാല്‍ അത് ടീമിനൊരിക്കലും ഗുണം ചെയ്യുന്ന ഒന്നല്ല.
ഇതിനൊപ്പം ചൂണ്ടിക്കാണിക്കേണ്ടത് ലിസാൻഡ്രൊ മാര്‍ട്ടിനസിന്റെ തുറന്നടിക്കലുകളും കളത്തിലെ വീഴ്ചകളുമാണ്. കളികൊണ്ട് തലക്കെട്ടുകളില്‍ ഇടംപിടിക്കാൻ കഴിയാതെ പോയെങ്കില്‍ പ്രതികരണങ്ങള്‍ക്കൊണ്ട് ലിസാൻഡ്രോയ്ക്ക് അതിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ട് യുണൈറ്റഡും ലിസാൻഡ്രോയും ഒരുപോലെ പ്രതിരോധത്തിലുമായിട്ടുണ്ട്. പുതിയ പരിശീലകന്റെ ഏറ്റവും ആദ്യത്തെ ശ്രമം തന്നെ ഡ്രെസിങ് റൂമില്‍ അച്ചടക്കം കൊണ്ടുവരിക എന്നതായിരിക്കും.
താരങ്ങളുടെ പരിക്ക് കാരിക്കിന് മുന്നിലെ ഓപ്ഷനുകളുടെ എണ്ണം കുറച്ചിരുന്നു, പ്രത്യേകിച്ചും ലൂക്ക് ഷോയുടേയും പാട്രിക്ക് ഡോര്ഗുവിന്റെയും. എങ്കിലും താരങ്ങളെ ഉപയോഗിച്ച രീതിയില്‍ കാരിക്കിന് വീഴ്ച സംഭവിച്ചിട്ടുണ്ട്. പ്രത്യേകിച്ചും ഫോമിലല്ലാത്ത ഡിയേഗൊ ഡലോട്ടിനെ ലെഫ്റ്റ് ബാക്കിലും ലെനി യോറോയെ റൈറ്റ് ബാക്കിലും, കൃത്യമായൊരു മിഡ് ഫീല്‍ഡ് കോമ്പിനേഷനും സീസണില്‍ കണ്ടെത്തുന്നതില്‍ കാരിക്കിന് സാധിച്ചിരുന്നില്ല. ഇതിന്റെയെല്ലാം കാരണം ട്രാൻസ്ഫര്‍ വിൻഡോയില്‍ സംഭവിച്ച വീഴ്ചകളാണ്, കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി സംഭവിക്കുന്ന വീഴ്ചകള്‍.
കാരിക്കിലൂടെ യുണൈറ്റഡ് തിരിച്ചുവരുന്നുവെന്ന കൃത്യമായ സൂചനകളുണ്ടായിട്ടും മികച്ച താരങ്ങളെ ടീമിലെത്തിക്കാൻ കഴിഞ്ഞില്ല. പ്രത്യേകിച്ചും കാരിക്ക് ആവശ്യപ്പെട്ട താരങ്ങള്‍, അവരുടെ ബാക്കപ്പുകള്‍. സ്ക്വാഡ് മാനേജ്മെന്റിന്റെ കാര്യത്തില്‍ യുണൈറ്റഡ് പ്രീമിയര്‍ ലീഗ് എക്സ്പെക്റ്റേഷനില്‍ നിന്ന് ഒരുപാട് പിന്നിലാണെന്ന് പറയേണ്ടി വരും.
മധ്യനിര ശക്തിപ്പെടുത്താൻ ഏകദേശം 150 മില്യൺ പൗണ്ട് ചെലവഴിച്ച് കാർലോസ് ബാലേബ, യൂറി ടൈലമാൻസ്, ആൻഡ്രേ സാന്റോസ് എന്നിവരെ ടീമിലെത്തിച്ചെങ്കിലും അത് ശരിവെക്കുന്ന പ്രകടനങ്ങള്‍ ഉണ്ടായിട്ടില്ല. കാസെമിറോ ക്ലബ് വിട്ടതും മാനുവൽ ഉഗാർട്ടെയ്ക്ക് പരിക്ക് പറ്റിയതുമൊക്കെ മധ്യനിരയുടെ പോരായ്മകള്‍ എടുത്തുകാണിച്ചു. കാസിമിറോയുടെ അതേ ലെവലില്‍ കളിക്കാൻ കഴിയുന്ന ഒരു താരത്തെ പോലും കണ്ടെത്താൻ യുണൈറ്റഡിന്റെ മാനേജ്മെന്റിനായില്ല.
പരിശീലകൻ ആവശ്യപ്പെടുന്ന താരങ്ങളെ നല്‍കുന്നില്ല. ഒപ്പം മറ്റ് താരങ്ങളുടെ പരിക്ക്, സുപ്രധാന താരങ്ങളുടെ ഫോം ഇല്ലായ്മ. ഇവിടെ ഒരു പരിശീകന് പരിമിതികള്‍ ഇല്ലേ...യുണൈറ്റഡ് ആരാധകര്‍ എന്തുകൊണ്ട് കാരിക്കിനെ പിന്തുണയ്ക്കുകയും മാനേജ്മെന്റിനേയും താരങ്ങളേയും പരിഹസിക്കുകയും ചെയ്യുന്നുവെന്നത് ഉടമകള്‍ മനസിലാക്കേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ ഈ സര്‍ക്കിള്‍ തുടരും.