
നാഗ്പൂര്‍: ലോകത്തിലെ ഏറ്റവും മികച്ച സീം ബൗളര്‍ ഇന്ത്യയുടെ ജസ്പ്രീത് ബുംറയാണെന്ന് ഇംഗ്ലീഷ് ബാറ്റിംഗ് ഇതിഹാസം മൈക്കല്‍ വോണ്‍. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും ഏത് സാഹചര്യത്തിലും ബുംറ തന്നെയാണ് ഒന്നാമനെന്ന് വോണ്‍ ട്വീറ്റ് ചെയ്തു. ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിലെ ഇന്ത്യന്‍ വിജയത്തിനുശേഷമായിരുന്നു വോണിന്റെ ട്വീറ്റ്.
ഓസ്ട്രേലിയക്കെതിരായ രണ്ടാം മത്സരത്തില്‍ അവസാന ഓവര്‍ എറിഞ്ഞ വിജയ് ശങ്കര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി ഇന്ത്യക്ക് വിജയം സമ്മാനിച്ചപ്പോള്‍ അതിനുമുമ്പെ ഇന്ത്യയെ കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നത് ജസ്പ്രീത് ബുംറയുടെ ബൗളിംഗായിരുന്നു. മത്സരത്തില്‍ 46-ാം ഓവര്‍ എറിഞ്ഞ ബുംറ ഓസീസ് വാലറ്റത്ത് ബാറ്റ് ചെയ്യാനറിയാവുന്ന നഥാന്‍ കോള്‍ട്ടര്‍നൈലിനെയും പാറ്റ് കമിന്‍സിനെയും മൂന്ന് പന്തുകളുടെ ഇടവേളയില്‍ വീഴ്ത്തി. ആ ഓവറില്‍ ഒരു റണ്‍ മാത്രമാണ് ബുംറ വഴങ്ങിയത്.
ഇതോടെ മറുവശത്ത് ബാറ്റ് ചെയ്തിരുന്ന മാര്‍ക്കസ് സ്റ്റോയിനസ് പ്രതിരോധത്തിലായി. നേഥന്‍ ലിയോണിന് സ്ട്രൈക്ക് കൈമാറാതിരിക്കാനായി ബുംറ എറിഞ്ഞ 48-ാം ഓവറില്‍ സ്റ്റോയിനസ് കൂടുതല്‍ പന്തുകളും തടുത്തിട്ടു. ഒരു റണ്‍സ് മാത്രമാണ് ആ ഓവറില്‍ ബുംറ വഴങ്ങിയത്. ബുംറയുടെ ബൗളിംഗാണ് വിജയ് ശങ്കറിന്റെ അവസാന ഓവര്‍ മാജിക്കിന് മുമ്പ് ഇന്ത്യക്ക് പ്രതീക്ഷ സമ്മാനിച്ചത്,