
അവഗണനകള്‍ക്കും നീതി നിഷേധങ്ങള്‍ക്കും ശേഷം സഞ്ജു സാംസണ്‍ ഇന്ത്യൻ ക്രിക്കറ്റിന്റെ പൂമുഖത്തൊരു കസേരവലിച്ചിട്ടിരുന്നു, കാലം കാത്തുവെച്ചപോലൊരു നിമിഷം. ഒന്നല്ല, മൂന്ന് രാവുകള്‍. മറുവശത്ത് കരിയറില്‍ സമാനതകളില്ലാത്ത തിരിച്ചടി നേരിടേണ്ടി വന്നു മറ്റൊരാള്‍ക്ക്. രണ്ട് ഇതിഹാസങ്ങള്‍ പടിയിറങ്ങുമ്പോള്‍ ക്രിക്കറ്റ് ഭൂപടത്തിലെ ഇന്ത്യയുടെ അടയാളമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നവൻ, ഏകദിന, ടെസ്റ്റ് ഫോര്‍മാറ്റുകളിലെ നായകൻ. ശുഭ്മാൻ ഗില്ലെന്ന വലിയ പേര് വെട്ടിയാണ് അജിത് അഗാര്‍ക്കറും ഗൗതം ഗംഭീറും ലോകകപ്പിനുള്ള സ്വപ്ന സംഘത്തിലേക്ക് സഞ്ജുവിനെ ചേര്‍ത്തത്. ലോകകപ്പ് അത് ശരിവെക്കുകയും ചെയ്തു.
ഇന്ത്യൻ ക്രിക്കറ്റില്‍ സമീപകാലത്ത് സംഭവിച്ച ഏറ്റവും വലിയ ട്വിസ്റ്റായിരുന്നില്ലെ അത്. പക്ഷേ, ആ നീക്കത്തിന് പിന്നില്‍ കൃത്യമായ കാരണങ്ങളുണ്ടായിരുന്നു. ടി20യിലെ ഇന്ത്യയുടെ ഫിലോസഫി മൂന്ന് വാക്കുകളില്‍ ഒതുക്കാം. ഫിയര്‍ലസ്, സെല്‍ഫ്‌ലസ് ആൻഡ് അഗ്രസീവ്. ഇവയ്ക്കൊപ്പമുള്ള സഞ്ചാരം വഴങ്ങാത്തവര്‍ക്ക് ഡഗൗട്ടില്‍പ്പോലും സ്ഥാനമുണ്ടാകില്ല. ഗംഭീര്‍ കാലം ഇങ്ങനെയാണ്. തഴയപ്പെട്ടതിന്റെ നീറ്റല്‍ ഗില്ലിന് ഉണ്ടാകും. തിരിച്ചുവരവിന് മുന്നിലൊരു കളമൊരുങ്ങിയിരിക്കുന്നു, ഐപിഎല്‍. ഇന്ത്യയുടെ ടി20 ടീമിലേക്കുള്ള ഗില്ലിന്റെ മടക്കത്തിന് എത്രത്തോളം നിര്‍ണായകമാണ് ഐപിഎല്‍, കളിശൈലി തിരുത്താൻ താരത്തിനാകുമോ?
ടെസ്റ്റ്, ഏകദിന ഫോര്‍മാറ്റില്‍ ഗില്ലെന്ന പേരിന് മുകളില്‍ പ്രതിഷ്ഠിക്കാനൊരു യുവതാരം ഇന്ത്യൻ ടീമില്‍ ഇല്ല എന്ന് തന്നെ പറയാം. പക്ഷേ, ടി20യിലേക്ക് വരുമ്പോള്‍ കഥ വ്യത്യസ്തമാണ്. എക്കാലവും സെലക്ടര്‍മാരുടെ കണ്ണിലെ ഓപ്പണര്‍ ഗില്‍ തന്നെയായിരുന്നു, അത് ഒരിക്കലും സഞ്ജുവായിരുന്നില്ല. ഗില്ലിന്റേയും ജയ്‌സ്വാളിന്റേയും അഭാവത്തില്‍ മാത്രമാണ് സഞ്ജു ഓപ്പണറായത് എന്ന അഗാര്‍ക്കറിന്റെ പ്രസ്താവനയില്‍ തന്നെ അത് വ്യക്തം. 2024 മുതല്‍ 2025 വരെയുള്ള രണ്ട് വര്‍ഷക്കാലം. 23 ടി20കളില്‍ ഐതിഹാസിക നീലയണിഞ്ഞു ഗില്‍. സ്ട്രൈക്ക് റേറ്റ് 132 മാത്രം, ഒരു അര്‍ദ്ധ സെഞ്ചുറി പോലുമില്ല.
2025ല്‍ ശരാശരി കേവലം 24ല്‍ ഒതുങ്ങുകയും ചെയ്തു. ഇന്ത്യയുടെ ടി20 ഫിലോസഫിയിലേക്ക് ചേര്‍ന്ന് നില്‍ക്കാൻ ഗില്‍ അഗ്രസീവ് ക്രിക്കറ്റിന്റെ വഴി തിരഞ്ഞെടുത്തെങ്കിലും വിരളമായിപ്പോലും അത് വിജയിക്കുന്നുണ്ടായിരുന്നില്ല. ഓസ്ട്രേലിയൻ പര്യടനവും ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരകളും ഉദാഹരണമായി ചൂണ്ടിക്കാണിക്കാൻ മുന്നിലുണ്ട്. മറുവശത്ത് ഇന്ത്യയുടെ ടി20 സെറ്റപ്പിലെ താരങ്ങളെല്ലാം വ്യക്തിഗതനേട്ടങ്ങള്‍ക്ക് മുകളില്‍ ടീമിന് പരിഗണന നല്‍കുകയും, ഫിയര്‍ലെസ് മനോഭവം കൊണ്ട് വിജയം കണ്ടെത്തുകയും ചെയ്തു.
ഇവിടെ നിന്നാണ് ഗില്ലിന് ഉയരേണ്ടത്. അതിന് ഏറ്റവും അനിവാര്യമായത് ഐപിഎല്ലിലുടനീളം മികച്ച സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്യുക എന്നത് തന്നെയാണ്. പക്ഷേ, ഐപിഎല്ലില്‍ ഉയര്‍ന്ന സ്ട്രൈക്ക് റേറ്റില്‍ സ്ഥിരതയോടെ തിളങ്ങാൻ സാധിക്കുന്ന താരമാണ് ഗില്‍. കഴിഞ്ഞ മൂന്ന് സീസണുകള്‍ എടുക്കാം. 2023ല്‍ 157 സ്ട്രൈക്ക് റേറ്റില്‍ 890 റണ്‍സ്. 2024ല്‍ 147 സ്ട്രൈക്ക് റേറ്റില്‍ 446 റണ്‍സ്. 2025ല്‍ 155 സ്ട്രൈക്ക് റേറ്റില്‍ 650 റണ്‍സ്. ഇക്കാലയളവില്‍ നാല് സെഞ്ചുറിയും 12 അര്‍ദ്ധ ശതകവും ഗില്ലിന്റെ ബാറ്റില്‍ നിന്ന് പിറന്നു.
ഗില്ലിന്റെ 2023 വരെയുള്ള ശരാശരി സ്ട്രൈക്ക് റേറ്റ് 134 മാത്രമായിരുന്നു. കഴിഞ്ഞ മൂന്ന് സീസണുകളിലെ ശരാശരി സ്ട്രൈക്ക് റേറ്റ് 154ല്‍ എത്തി നില്‍ക്കുന്നു. തന്റെ സ്വഭാവികമായ ശൈലിയില്‍, ലോ റിസ്ക്കില്‍ തന്നെയാണ് ഗില്‍ ഈ നേട്ടം കൈവരിച്ചിരിക്കുന്നതും. എന്നാല്‍, അന്താരാഷ്ട്ര തലത്തില്‍ ഇത് ആവര്‍ത്തിക്കാൻ ഗില്ലിന് കഴിയാതെ പോകുന്നു. അതിന്റെ കാരണം കണ്ടെത്തുകയാണ് പ്രധാനപ്പെട്ട ഒന്ന്.
ടി20 ക്രിക്കറ്റ് ഓരോ നിമിഷവും കൂടുതല്‍ അഗ്രസീവ് ശൈലിയിലേക്ക് കടക്കുകയാണ്. ഈ സീസണില്‍ ഗില്ലിന് അതിനൊപ്പം ഓടേണ്ടി വരും ടി20 കുപ്പായം തിരിച്ചുപിടിക്കാൻ. 160 താണ്ടേണ്ടി വന്നേക്കാം പ്രഹരശേഷി. പക്ഷേ, ഇതിനെല്ലാം പുറമെയാണ് ആ വലിയ ചോദ്യം. ഇന്ത്യയുടെ ടി20 ടീമിലേക്ക് തിരികെ എത്തിയാലും ഗില്ലിനെ ഏത് സ്ഥാനത്ത് ഉള്‍ക്കൊള്ളിക്കുമെന്ന്.
അസാധാരണമായ പ്രകടനങ്ങളിലൂടെ ഇന്ത്യക്ക് ലോകകപ്പ് ഒറ്റയ്ക്ക് തന്നെ നേടിക്കൊടുത്ത സഞ്ജു സാംസണ്‍. വിര്‍ച്വല്‍ നോക്കൗട്ടില്‍ വെസ്റ്റ് ഇൻഡീസിനെതിരെ പുറത്താകാതെ 97 റണ്‍സ്. സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെയും കലാശപ്പോരില്‍ ന്യൂസിലൻഡിനെതിരെയും 89 റണ്‍സ് വീതം നേടി ഇന്ത്യയുടെ ടോപ് സ്കോറര്‍. ടൂര്‍ണമെന്റിലെ താരം. സഞ്ജുവിനെ റീപ്ലേസ് ചെയ്യുക എന്നത് ഇന്നത്തെ സാഹചര്യത്തില്‍ അസാധ്യമായ ഒന്നാണ്.
മറ്റൊരാള്‍ അഭിഷേക് ശര്‍മ. കരിയറിലെ ഏറ്റവും മോശം ഫോമിലൂടെ കടന്നുപോകുമ്പോഴും അഭിഷേകിനെ കൈവിടാൻ മാനേജ്മെന്റ് തയാറായിട്ടില്ല. ആ വിശ്വാസം കാക്കാൻ അഭിഷേകിന് സാധിച്ചിട്ടുമുണ്ട്. ഓപ്പണിങ് സ്ഥാനത്തേക്കുള്ള ഗില്ലിന്റെ മടങ്ങിവരവ് പ്രയാസമായിരിക്കുമെന്ന് ചുരുക്കം. ഓപ്പണര്‍മാരേക്കാള്‍ അതിവേഗം സഞ്ചരിക്കാൻ കെല്‍പ്പുള്ളതാണ് ഇന്ത്യയുടെ മധ്യനിര, അവിടെയും ഗില്ലിന് ഇടമുണ്ടാക്കിക്കൊടുക്കുക എളുപ്പമായിരിക്കില്ല.