പടിക്കലിന്റെ ഇന്നിങ്സിന് സെഞ്ചുറിയുടെ പകിട്ടിനപ്പുറം ചിലതുണ്ട്, അത് ഇന്ത്യ ഇക്കാലമത്രയും തേടിനടന്ന ഒരു ഉത്തരം കൂടിയാണ്. രാഹുല്‍ ദ്രാവിഡിനും ചേതേശ്വര്‍ പൂജാരയ്ക്കും ശേഷം മൂന്നാം നമ്പറില്‍ ആര് എന്ന ചോദ്യത്തിനുള്ള ഉത്തരം
അര്‍ദ്ധ സെഞ്ചുറി മതിയാകുമായിരുന്നില്ല, മൂന്നക്കം തന്നെ തൊടണമായിരുന്നു. 57-ാം ഓവറിലെ അഞ്ചാം പന്താണ്. കെശര നുവാന്തയെ മിഡ് ഓഫിലേക്ക് ഡ്രൈവ് ചെയ്തൊരു സിംഗിള്‍. പെര്‍ത്തില്‍ അപ്പാടെ പരാജയപ്പെട്ട് കരിയര്‍ തുലാസിലാക്കിയ ആ ബാറ്റിന് ഗാലെയില്‍ ഉയര്‍പ്പ് സംഭവിക്കുകയാണ്. ടെസ്റ്റ് കരിയറിലെ ആദ്യ സെഞ്ചുറി തികച്ച് ദേവദത്ത് പടിക്കല്‍. ഇംഗ്ലണ്ടിലേതിനോ ഓസ്ട്രേലിയക്കൊ സമാനമായ കണ്ടീഷനായിരുന്നില്ല, എങ്കിലും പടിക്കലിന്റെ ഇന്നിങ്സിന് സെഞ്ചുറിയുടെ പകിട്ടിനപ്പുറം ചിലതുണ്ട്, അത് ഇന്ത്യ ഇക്കാലമത്രയും തേടിനടന്ന ഒരു ഉത്തരം കൂടിയാണ്. രാഹുല്‍ ദ്രാവിഡിനും ചേതേശ്വര്‍ പൂജാരയ്ക്കും ശേഷം മൂന്നാം നമ്പറില്‍ ആര് എന്ന ചോദ്യത്തിനുള്ള ഉത്തരം.
ഏഴ് ടെസ്റ്റുകള്‍ ലഭിച്ചിട്ടും സായ് സുദര്‍ശന് മൂന്നാം നമ്പറില്‍ നിന്ന് ഇന്ത്യയുടെ ബാറ്റിങ് നിരയ്ക്ക് സ്റ്റബിലിറ്റി നല്‍കാനായിട്ടില്ല. യുവതാരമാണ്, ലോങ് റണ്‍ നല്‍കിയേ മതിയാകുവെന്ന ഗൗതം ഗംഭീറിന്റെ നിലപാടിന്റെ പുറത്തായിരുന്നു സായിയെ തേടി നിരന്തരം അവസരങ്ങളെത്തിയത്. 12 ഇന്നിങ്സുകളില്‍ നിന്ന് 31.91 ശരാശരിയില്‍ 383 റണ്‍സാണ് ഇടം കയ്യൻ ബാറ്ററുടെ മൂന്നാം നമ്പറിലെ സമ്പാദ്യം. ഗംഭീറിന്റെ കീഴില്‍ പ്രസ്തുത പൊസിഷനില്‍ ഏറ്റവുമധികം അവസരം ലഭിച്ചിട്ടുള്ളതും സായിക്ക് തന്നെയാണ്, പക്ഷെ സ്ഥിരതയൊ മാച്ച് വിന്നിങ്ങ് നോക്കുകളൊ സായിയുടെ ബാറ്റില്‍ നിന്ന് സംഭവിച്ചില്ലെന്ന് മാത്രം.
ഗംഭീറിന് കീഴില്‍ ഇന്ത്യ കളിക്കുന്ന 21-ാം ടെസ്റ്റാണ് ശ്രീലങ്കയ്ക്ക് എതിരായത്. മൂന്നാം നമ്പറില്‍ മാത്രം പരീക്ഷിച്ച ബാറ്റര്‍മാരുടെ എണ്ണം ഏഴാണ്. ശുഭ്മാൻ ഗില്‍, സായ്, കരുണ്‍ നായര്‍, വിരാട് കോഹ്ലി, കെ എല്‍ രാഹുല്‍, വാഷിങ്ടണ്‍ സുന്ദര്‍, ദേവദത്ത് പടിക്കല്‍. രാഹുലിനും സുന്ദറിനും കോഹ്ലിക്കും ഓരോ മത്സരങ്ങളില്‍ മാത്രമായിരുന്നു അവസരം ലഭിച്ചത്. ഈ ഏഴ് ബാറ്റര്‍മാരില്‍ ഒരു സെഞ്ചുറിയെങ്കിലും നേടിയിട്ടുള്ളത് ശുഭ്മാൻ ഗില്‍ മാത്രമായിരുന്നു കഴിഞ്ഞ ദിവസം വരെ. ശരാശരിയുടെ കണക്കെടുത്താല്‍ കോഹ്ലിയാണ് മുന്നില്‍, 35. പടിക്കലൊഴികെ ബാക്കിയെല്ലാവരും അതിലും താഴെയാണ്.
ഗില്‍ 401 റണ്‍സ്, സായി 383, കരുണ്‍ 111, കോഹ്ലി 70, രാഹുല്‍ 24, സുന്ദര്‍ 60 എന്നിങ്ങനെയാണ് റണ്‍സിന്റെ കണക്കുകള്‍. പൂജാരയേയും ദ്രാവിഡിനേയും എടുത്തുവെച്ച് താരതമ്യം ചെയ്താല്‍ മേല്‍പ്പറഞ്ഞവര്‍ക്കാര്‍ക്കും പൊസിഷനോട് നീതിപുലര്‍ത്താൻ കഴിഞ്ഞിട്ടില്ല. ഇവിടെയാണ് പടിക്കലിന്റെ ഇന്നിങ്സിന്റെ പ്രധാന്യം ഉയരുന്നതും. ബാറ്റിങ് കണ്ടീഷൻ ഏതുമാകട്ടെ, ടീമിലെ സ്ഥിരസാന്നിധ്യമാകാതെ ഓരോ മത്സരത്തിലും ഇറങ്ങുക എന്നത് സമ്മര്‍ദം ഉയര്‍ത്തുന്ന ഒന്നുതന്നെയാണ്. പടിക്കല്‍ ശ്രീലങ്കൻ പര്യടനത്തിനൊരുങ്ങുമ്പോള്‍ അന്തിമ ഇലവനിലുണ്ടാകുമെന്ന ഉറപ്പില്ല, സായി പരുക്കില്‍ നിന്ന് മുക്തി നേടിയെത്തിയാല്‍ പുറത്ത് തന്നെ ഇരിക്കേണ്ട വരും.
പക്ഷേ, സായി മടങ്ങിയെത്തിയാലും താൻ പുറത്തിരിക്കേണ്ടവനല്ല എന്ന് പോയ വാരം തന്നെ പടിക്കല്‍ തെളിയിച്ചിരുന്നു. വാം അപ്പ് മത്സരത്തില്‍ 164 പന്തില്‍ 142 റണ്‍സ് പുറത്താകാതെ സ്കോര്‍ ചെയ്യാൻ ഇടം കയ്യൻ ബാറ്റര്‍ക്ക് കഴിഞ്ഞു. ശേഷം ഗാലെയിലെത്തുമ്പോള്‍ ആ ആത്മവിശ്വാസത്തില്‍ കുറവുണ്ടായിരുന്നു. നുവാന്തയുടെ ഷോര്‍ട്ട് ബോള്‍ മിഡ് വിക്കറ്റിലേക്ക് പുള്‍ ചെയ്ത് ബൗണ്ടറി നേടിയായിരുന്നു തുടക്കം. തൊട്ടടുത്ത ഓവറില്‍ പ്രബാത് ജയസൂര്യക്ക് എതിരെ ക്രീസുവിട്ടിറങ്ങിയൊരു സിക്സ്. തുടര്‍ച്ചയായിരുന്നു പിന്നീട്. 178 പന്തില്‍ 131 റണ്‍സ്. 12 ഫോറും ഒരു സിക്സും ഉള്‍പ്പെടെ 73 സ്ട്രൈക്ക് റേറ്റിലായിരുന്നു പടിക്കലിന്റെ ബാറ്റിങ് പ്രകടനം.
പടിക്കല്‍ നേരിട്ട 178 പന്തുകളില്‍ 70 ശതമാനത്തോളവും സ്പിന്നര്‍മാരുടേതായിരുന്നു. പക്ഷേ, ലങ്കൻ സ്പിന്നര്‍മാര്‍ക്ക് ഒരു തരത്തിലുള്ള വെല്ലുവിളിയും പടിക്കലിനെതിരെ ഉയര്‍ത്താനായില്ല എന്ന് മാത്രമല്ല, താരം അവരെ ഡൊമിനേറ്റും ചെയ്തു. ഈ ഒരൊറ്റ ഇന്നിങ്സുകൊണ്ട് ഇന്ത്യയുടെ നമ്പര്‍ ത്രീ പരീക്ഷണങ്ങള്‍ക്ക് അറുതിയുണ്ടാകുമോയെന്ന് ചോദിച്ചാല്‍ അത് ഉറപ്പിച്ച് പറയാൻ കഴിയില്ല. എന്നാല്‍, സായിക്ക് അഹമ്മദാബാദിലും ഗുവാഹത്തിയിലും ഡല്‍ഹിയിലും മുലൻപൂരിലുമൊന്നും കഴിയാത്തത് ഗാലെയില്‍ പടിക്കലിന് നല്‍കാനായി. പടിക്കലില്‍ നിന്ന് അടുത്ത ടെസ്റ്റുകളില്‍ ഈ സ്ഥാനം തിരിച്ചുപിടിക്കുക സായിക്കും എളുപ്പമാകില്ല.
.


