
ഒരു രസകരമായ സംഭവം ആദ്യം, ഏപ്രില്‍ 19ന് നടന്ന പഞ്ചാബ് കിങ്സ് - ലഖ്നൗ സൂപ്പര്‍ ജയന്റ്സ് മത്സരം. പഞ്ചാബിന്റെ 54 റണ്‍സ് ജയത്തിന് പിന്നാലെ മുലൻപൂരിലെ മൈതാനത്ത് ഒരു കാഴ്ചയുണ്ടായി. പഞ്ചാബ് നായകൻ ശ്രേയസ് അയ്യര്‍ സഹതാരം ശശാങ്ക് സിങ്ങിന്റെ മുഖം തൊപ്പി ഉപയോഗിച്ച് മറച്ചുകൊണ്ട് പരിശീലകൻ റിക്കി പോണ്ടിങ്ങിന്റെ അരികിലേക്ക് നടക്കുന്നു. രണ്ട് പേരുടെ മുഖത്തും ചിരിമാത്രം.
ആ മത്സരത്തില്‍ രണ്ട് അനായാസ ക്യാച്ചുകളായിരുന്നു ശശാങ്ക് കൈവിട്ടുകളഞ്ഞത്. പക്ഷേ, അത് പഞ്ചാബിന്റെ ജയത്തെ തടയാൻ പോന്നതായിരുന്നില്ല. ശശാങ്കിനെ രൂക്ഷമായി വിമര്‍ശിക്കാതെ ചേര്‍ത്ത് പിടിച്ച നായകനും പരിശീലകനും, ഉദാഹരണമായി ചൂണ്ടിക്കാണിക്കാൻ കഴിയുന്നൊരു നിമിഷം കൂടിയായിരുന്നു അത്.
പക്ഷേ, ബുധനാഴ്ച സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിന് ശേഷം കാര്യങ്ങള്‍ അത്രത്തോളം രസകരമായിരുന്നില്ല. ഇഷാൻ കിഷന്റേയും ഹെൻറിച്ച് ക്ലാസന്റേയും നിര്‍ണായകമായ ക്യാച്ചുകള്‍ കൈവിട്ടതിലൂടെ പഞ്ചാബ് തുടര്‍ച്ചയായ മൂന്നാം തോല്‍വിയിലേക്ക് വീണു. The biggest setback എന്നാണ് ശ്രേയസ് മത്സരശേഷം നഷ്ട്ടപ്പെടുത്തിയ ക്യാച്ചുകളെക്കുറിച്ച് പറഞ്ഞത്. ടൂർണമെന്റിലുടനീളം തുടരുന്ന ഈ ക്യാഴ്‌ചയെ പോണ്ടിങ്ങും തൊടാതെ വിട്ടില്ല.
ഐപിഎല്ലിന്റെ ആദ്യ പകുതിയില്‍ ഒരു തോല്‍വി പോലും വഴങ്ങാത്ത ശ്രേയസിന്റെ സംഘം. ഒന്നാം സ്ഥാനം നഷ്ടപ്പെട്ട് ഹൈദരാബാദിന്റെ പിന്നിലാകുമ്പോള്‍ അതിന്റെ കാരണം ഒന്നേയുള്ളു, ക്യാച്ചുകള്‍. നേടിയ ആധിപത്യം കൈവിട്ടുകളയുകയാണോ പഞ്ചാബ്.
നായൻ എത്രത്തോളം മികച്ചതാണെങ്കിലും ടി20യിലെ തന്നെ ഏറ്റവും മികച്ച താരങ്ങളുണ്ടെങ്കിലും എതിരാളികളെ വീഴ്‌ത്താൻ ലഭിക്കുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്താൻ കഴിയുന്നില്ല എങ്കില്‍ തോല്‍വിയുടെ പക്ഷത്ത് തന്നെ നില്‍ക്കേണ്ടി വരും. പഞ്ചാബിന്റെ കാര്യത്തില്‍ അതിന്റെ ഏറ്റവും വലിയ ഉദാഹരണമാകുകയായിരുന്നു സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരം.
ട്രാവിസ് ഹെഡിനേയും അഭിഷേക് ശർമയേയും പുറത്താക്കി പഞ്ചാബ് മത്സരത്തിലേക്ക് തിരിച്ചുവരുകയായിരുന്നു. എട്ടാം ഓവറിലെ ആദ്യ പന്ത്, ലോക്കി ഫെർഗൂസണിന്റെ ഷോർട്ട് ബോള്‍ ഉയർത്തിയടിക്കാനുള്ള ഇഷാൻ കിഷന്റെ ശ്രമം. ഡീപ് സ്ക്വയർ ലെഗിലേക്ക് സഞ്ചരിച്ച പന്തിനെ കയ്യിലൊതുക്കാൻ കൂപ്പർ കനോലി തയാറായി. അനായാസമായൊരു ക്യാച്ചെന്ന് തോന്നിച്ചു, പക്ഷേ കനോലിക്ക് പിഴിച്ചു. ഈ നിമിഷം ഇഷാന്റെ സ്കോർ കേവലം ഒൻപത് പന്തില്‍ ഒൻപത് റണ്‍സ്.
അടുത്ത അവസരം സൃഷ്ടിക്കുന്ന യുസുവേന്ദ്ര ചഹലാണ്, ബാറ്റർ ഹെൻറിച്ച് ക്ലാസൻ. ചഹലിന്റെ ഫുള്‍ ലെങ്ത് പന്തില്‍ ഒരു ടോപ് എഡ്‌ജ് സംഭവിക്കുന്നു. ഡീപ് സ്ക്വയര്‍ ലെഗിലുണ്ടായിരുന്ന ശശാങ്കിന്റെ കൈകളെ തേടിയെത്തുകയായിരുന്നു പന്ത്. പക്ഷേ, ശശാങ്കിന് ആ നിമിഷം തന്റേതാക്കാൻ കഴിഞ്ഞില്ല, താരത്തിന്റെ കൈകളില്‍ നിന്ന് വഴുതിപ്പോയ പന്ത് ബൗണ്ടറി റോപ്പും കടന്നു. വിശ്വസിക്കാനാകാതെ വിക്കറ്റില്‍ ഇരുന്നുപോയി ചഹല്‍, സമാനമായിരുന്നു ശ്രേയസിന്റേയും പോണ്ടിങ്ങിന്റേയും മുഖഭാവം. ക്ലാസന്റെ സമ്പാദ്യം അപ്പോള്‍ ഒൻപത് റണ്‍സ് മാത്രമായിരുന്നു.
അധികം വൈകാതെ വീണ്ടും വിക്കറ്റിന് വഴിയൊരുക്കി ചഹല്‍, 11-ാം ഓവറില്‍. ഇക്കുറി വലയില്‍ വീണത് കിഷനായിരുന്നു. ഡീപ് സ്ക്വയര്‍ ലെഗില്‍ ക്യാച്ച് പാഴാക്കിയ ലോക്കി ഫെര്‍ഗൂസണ്‍. ഓവറിലെ അവസാന പന്തില്‍ ഇഷാനെ മടക്കാൻ മറ്റൊരു വാതില്‍ക്കൂടി ചഹല്‍ തുറന്ന് നല്‍കി. ഇക്കുറി സ്റ്റമ്പിങ് അവസരം പാഴാക്കി പ്രഭ്‌സിമ്രാൻ സിങ് ആ വാതിലും അടച്ചു. 19, 20 സ്കോറുകളില്‍ നില്‍ക്കെ ഇഷാന് ജീവൻ ലഭിച്ചു, ആകെ മൂന്ന് തവണ.
ഇഷാൻ പഞ്ചാബിനെതിരെ ഒടുവില്‍ പുറത്താകുമ്പോള്‍ സ്കോര്‍ 32 പന്തില്‍ 55 റണ്‍സ്. ഹെൻറിച്ച് ക്ലാസൻ ഔട്ടാകാതുന്നത് ഇന്നിങ്സിലെ അവസാന പന്തിലാണ്. 43 പന്തില്‍ 69 റണ്‍സായിരുന്നു വലം കയ്യൻ ബാറ്ററുടെ സമ്പാദ്യം. ഇരുവരേയും പുറത്താക്കാൻ കഴിഞ്ഞിരുന്നെങ്കില്‍ കുറഞ്ഞ് ഒരു 30 റണ്‍സിന്റെ അഭാവം ഹൈദരാബാദിന്റെ ടോട്ടലിലുണ്ടാകുമായിരുന്നു.
പത്ത് മത്സരങ്ങളില്‍ നിന്ന് ഇതുവരെ 16 ക്യാച്ചുകളാണ് പഞ്ചാബ് കൈവിട്ടത്. സീസണില്‍ ഇത്രയും ക്യാച്ചുകള്‍ വിട്ട മറ്റൊരു ടീം ചെന്നൈ സൂപ്പർ കിങ്സാണ്. ക്യാച്ചിങ് എഫിഷൻസി നോക്കിയാല്‍ ഏറ്റവും മോശം പഞ്ചാബ് തന്നെയാണ്, 71.4 ശതമാനം. ശശാങ്ക് മാത്രം പാഴാക്കിയത് അഞ്ച് ക്യാച്ചുകളാണ്. സീസണിലെ ഏറ്റവും നിർണായകമായ ഘട്ടത്തിലേക്കാണ് പഞ്ചാബ് കടക്കുന്നത്. വിജയവഴിയില്‍ തിരിച്ചെത്താൻ തിരുത്തേണ്ടത് ബാറ്റിങ്ങിലേയും ബൗളിങ്ങിലേയും പോരായ്മകളല്ല, അത് ഫീല്‍ഡിങ്ങിലേതാണ്. പോണ്ടിങ് സൂചിപ്പിച്ചതുപോലെ ഇതൊരു വൈറസ് പോലെ തുടര്‍ന്നാല്‍ എളുപ്പമാകില്ല ഒന്നും.