വിഘ്നേഷ് പുത്തൂർ മുതൽ ഏദൻ വരെ: കെസിഎല്ലിലൂടെ ഐപിഎൽ വമ്പന്മാരുടെ കണ്ണിലുടക്കിയ മലയാളി പ്രതിഭകൾ

Published : Aug 08, 2026, 03:41 PM IST
KCL Talents

Synopsis

സംസ്ഥാനത്തെ യുവപ്രതിഭകൾക്ക് മികവ് തെളിയിക്കാനും ദേശീയ ശ്രദ്ധ നേടാനുമുള്ള വലിയൊരു വേദിയാണ് കെ.സി.എല്ലിലൂടെ ഒരുങ്ങിയിരിക്കുന്നത്.

തിരുവനനന്തപുരം: വെറും രണ്ട് വർഷം കൊണ്ട് കേരള ക്രിക്കറ്റിന്‍റെ മുഖച്ഛായ തന്നെ മാറ്റിയെഴുതുകയാണ് കേരള ക്രിക്കറ്റ് ലീ​ഗ്. സംസ്ഥാനത്ത് പ്രാദേശികതലത്തിൽ മാത്രം ഒതുങ്ങിപ്പോകുമായിരുന്ന ഒട്ടേറെ താരങ്ങളെ ഐ.പി.എല്ലിലേക്കും ദേശീയ ശ്രദ്ധയിലേക്കും എത്തിക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കാൻ കേരള ക്രിക്കറ്റ് ലീഗിന് സാധിച്ചിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റിലേക്ക് കഴിവുറ്റ താരങ്ങളെ സംഭാവന ചെയ്യുന്ന പ്രധാന വേദിയായി കെ.സി.എൽ അതിവേഗം വളരുകയാണ്.

സംസ്ഥാനത്തെ യുവപ്രതിഭകൾക്ക് മികവ് തെളിയിക്കാനും ദേശീയ ശ്രദ്ധ നേടാനുമുള്ള വലിയൊരു വേദിയാണ് കെ.സി.എല്ലിലൂടെ ഒരുങ്ങിയിരിക്കുന്നത്. ആദ്യ സീസണിൽ തന്നെ ശ്രദ്ധേയമായ പ്രകടനത്തിലൂടെ ഐ.പി.എല്ലിലെത്തിയ വിഘ്നേഷ് പുത്തൂർ തന്നെ ഇതിന് മികച്ചൊരു ഉദാഹരണമാണ്. ഇടംകയ്യൻ ലെഗ്സ്പിന്നറായ വിഘ്നേഷിന്‍റെ മികവ് തിരിച്ചറിഞ്ഞ മുംബൈ ഇന്ത്യൻസിന്‍റെ സ്കൗട്ടിങ് സംഘം താരത്തെ നെറ്റ് ബൗളറായി തെരഞ്ഞെടുക്കുകയായിരുന്നു. പരിശീലന സെഷനുകളിലെ മികച്ച പ്രകടനം പിന്നീട് വിഘ്നേഷിനെ മുംബൈയുടെ ഐ.പി.എൽ ടീമിലുമെത്തിച്ചു. ചെന്നൈ സൂപ്പർ കിങ്സിനെതിരെയുള്ള മത്സരത്തിൽ മൂന്ന് വിക്കറ്റുകളുമായി വിഘ്നേഷ് മികവ് തെളിയിക്കുകയും ചെയ്തു.

കെ.സി.എൽ പോലൊരു ലീഗ് ഇല്ലായിരുന്നെങ്കിൽ പ്രാദേശിക തലത്തിൽ ഒതുങ്ങിപ്പോകുമായിരുന്ന കരിയറായിരുന്നു വിഘ്നേഷിന്‍റേത്. എന്നാൽ തങ്ങളുടെ പ്രതിഭ തെളിയിക്കാൻ വേദിയും അവസരവും ഒരുങ്ങിയതോടെ വിഘ്നേഷിനെപ്പോലുള്ള താരങ്ങളുടെ കരിയറിൽ നിർണ്ണായക സ്വാധീനമാവുകയാണ് കെ.സി.എൽ. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ മിന്നുന്ന പ്രകടനത്തിലൂടെ ഐ.പി.എല്ലിലേക്ക് വാതിൽ തുറന്ന താരങ്ങൾ ഏറെയുണ്ടെങ്കിലും, സംസ്ഥാന ടീമിലെത്താൻ കഴിയാതെ പോകുന്ന കഴിവുറ്റ കളിക്കാർക്ക് കെ.സി.എൽ പോലുള്ള ലീഗുകൾ വലിയ അവസരങ്ങളാണ് തുറന്നു വയ്ക്കുന്നത്.

ക്ലബ്ബ്, ജില്ലാ തലത്തിൽ തിളങ്ങി കെ.സി.എല്ലിലെത്തുന്ന താരങ്ങൾക്ക് ടാലന്‍റ് സ്കൗട്ടുകൾക്ക് മുന്നിൽ മികവ് തെളിയിക്കാനായാൽ, അവിടെ തെളിയുന്നത് ഐ.പി.എല്ലിലേക്കുള്ള നേരിട്ടുള്ള വഴി കൂടിയാണ്. കൂടുതൽ റൺസും വിക്കറ്റും നേടുന്നവർക്ക് പുറമെ ടി20 ക്രിക്കറ്റിന് അനുയോജ്യമായ പവർ ഹിറ്റിംഗ്, മിസ്റ്ററി സ്പിൻ, ഡെത്ത് ഓവർ ബൗളിംഗ് എന്നിവയിൽ പ്രത്യേക കഴിവുള്ളവരെ കണ്ടെത്താനും സ്കൗട്ടുകൾ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ചുരുക്കത്തിൽ, നാടൻ മൈതാനങ്ങളിലെ കഴിവുകളെ വൻ വേദികളിലേക്ക് എത്തിക്കുന്ന പാലമായി കെ.സി.എൽ മാറിക്കഴിഞ്ഞു.

കഴിഞ്ഞ സീസണുകളിൽ മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, രാജസ്ഥാൻ റോയൽസ് തുടങ്ങിയ ഐ.പി.എൽ വമ്പന്മാരുടെ ടാലന്‍റ് സ്കൗട്ടുകൾ കെ.സി.എൽ മത്സരങ്ങൾ നേരിട്ടു കാണാൻ എത്തിയിരുന്നു. മുംബൈയ്ക്കായി കിരൺ മോറെയും ആദിത്യ താരെയും എത്തിയപ്പോൾ, ബെംഗളൂരുവിനായി ഗണേഷ് സതീഷ്, സുമന്ത് കൊല്ല, അശ്വിൻ വെങ്കട്ടരാമൻ എന്നിവരും രാജസ്ഥാനായി മൽകേഷ് ഗാന്ധിയുമാണ് സ്കൗട്ടിംഗിനായെത്തിയത്.

ഇവർ നൽകിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഏദൻ ആപ്പിൾ ടോം, ശ്രീഹരി നായർ, പവൻ രാജ്, ബേസിൽ എൻ. പി, സൽമാൻ നിസാർ, ആദിത്യ ബൈജു, മുഹമ്മദ് ഇനാൻ, അബ്ദുൾ ബാസിത്ത് തുടങ്ങിയ പത്തോളം മലയാളി താരങ്ങൾക്ക് വിവിധ ഐ.പി.എൽ ടീമുകളുടെ ട്രയൽസിലേക്ക് വിളിയെത്തി. കൂടാതെ പ്രമുഖ ഐ.പി.എൽ ടീമുകൾക്കൊപ്പം സഞ്ചരിക്കാനും നെറ്റ്‌സിൽ പന്തെറിയാനുമുള്ള അവസരവും പല താരങ്ങൾക്കും ലഭിച്ചു. ഏദൻ ആപ്പിൾ ടോം ഗുജറാത്ത് ടൈറ്റൻസിനു വേണ്ടിയും, ശ്രീഹരി നായർ ലഖ്നൗ സൂപ്പർ ജയന്‍റ്സിനു വേണ്ടിയും, പവൻ രാജ് ചെന്നൈ സൂപ്പർ കിംഗ്സിനു വേണ്ടിയും നെറ്റ് ബൗളർമാരായി സേവനമനുഷ്ഠിച്ചു. ലോകോത്തര താരങ്ങൾക്കെതിരെ പന്തെറിയാനും പ്രമുഖ പരിശീലകരിൽ നിന്ന് ഉപദേശങ്ങൾ നേടാനും കഴിഞ്ഞത് ഇവരുടെ കളിമികവും ഗെയിം പ്ലാനുകളും മെച്ചപ്പെടുത്താൻ ഏറെ സഹായിച്ചിട്ടുണ്ട്. ഇത് രഞ്ജി ട്രോഫി അടക്കമുള്ള ആഭ്യന്തര മത്സരങ്ങളിൽ ഇവർക്ക് വലിയ കരുത്താകും.

വരും വർഷങ്ങളിൽ കെ.സി.എൽ കൂടുതൽ കരുത്താർജ്ജിക്കുമെന്ന കാര്യത്തിൽ സംശയമില്ല. കൂടുതൽ സ്കൗട്ടുകളും ഫ്രാഞ്ചൈസികളും ഇനിയുള്ള സീസണുകളിൽ കെ.സി.എൽ മത്സരങ്ങൾ വീക്ഷിക്കാൻ എത്തും. ഇതിലൂടെ പുതിയ തലമുറയിലെ ക്രിക്കറ്റർമാരുടെ സ്വപ്നങ്ങൾക്ക് ചിറകുനൽകുന്നതിനൊപ്പം സംസ്ഥാനത്തിന്‍റെ കായിക കുതിപ്പിന് കൂടി ഊർജ്ജമേകുകയാണ് കെസിഎൽ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പ്രതിഭകളുണ്ടായിട്ടെന്താ കാര്യം! റയല്‍ മാഡ്രിഡിന്റെ മിഡ് ഫീല്‍ഡ് ദുർബലം, കാരണമെന്ത്?
റയല്‍ വേണ്ട, ബാഴ്‌സ മതി! ഹൻസി ഫ്ലിക്കിന്റെ കളത്തില്‍ റോഡ്രി ഫിറ്റോ?