
Stop Crying Your Heart Out - ചാമ്പ്യൻസ് ലീഗ് രാവില്‍ എത്തിഹാദ് സ്റ്റേഡിയത്തില്‍ പടര്‍ന്ന ആ ടിഫൊ ഓര്‍മയില്ലെ. ബാലൻ ദി ഓറില്‍ ചുംബിച്ച് നില്‍ക്കുന്ന റോഡ്രി. മാഞ്ചസ്റ്റർ സിറ്റി ആരാധകർ വിനീഷ്യസ് ജൂനിയറിനെ പരിഹസിക്കാൻ ഒരുക്കിയ ആ നിമിഷം റയല്‍ മാഡ്രിഡിനെ ഓർമ്മപ്പെടുത്തുകയാണ് ചിരവൈരികളായ ബാഴ്‌സലോണ. ആ വാക്കുകള്‍ക്ക് മറ്റൊരു അര്‍ത്ഥം കൂടിയുണ്ട് ഈ പകലില്‍. നിങ്ങളുടെ പരിശ്രമങ്ങള്‍ അവസാനിപ്പിച്ചോളു, റോഡ്രിയെ ലോസ് ബ്ലാങ്കോസ് ജഴ്‌സിയില്‍ കാണാൻ കഴിയില്ല എന്ന്.
സ്പെയിനിലേക്കുള്ള തന്റെ മടങ്ങിവരവിന് കളം ഒരുങ്ങേണ്ടത് സാന്റിയാഗൊ ബെര്‍ണബ്യൂവിലാണെന്ന് റോഡ്രി ആഗ്രഹിച്ചിരുന്നു, അയാള്‍ അത് വ്യക്തമാക്കുകയും ചെയ്തു. പക്ഷേ, സിറ്റിയും റയലുമായി ഒരു സമവായത്തില്‍ എത്താൻ വൈകിയതോടെയാണ് ബാഴ്‌സ ഇറങ്ങിക്കളിച്ചത്. സിറ്റിയുമായി കരാര്‍ ചര്‍ച്ച ആരംഭിക്കാൻ ബാഴ്‌സയ്ക്ക് റോഡ്രി അനുമതി നല്‍കിയതായാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതായത് ഹൻസി ഫ്ലിക്ക് മുന്നോട്ട് വച്ചിരിക്കുന്ന പ്രോജക്റ്റില്‍ റോഡ്രി തൃപ്തനാണ് എന്ന് അര്‍ത്ഥം. ബാഴ്‌സ ഓവര്‍ റയല്‍, എന്തുകൊണ്ട്? ബാഴ്സയുടെ സിസ്റ്റത്തില്‍ റോഡ്രി എത്രത്തോളം ഫിറ്റായിരിക്കും.
മൂന്ന് കാരണങ്ങളാണ് പ്രധാനമായും റോഡ്രിയെ ബാഴ്‌സയിലേക്ക് നയിക്കുന്നത്. അതില്‍ ലളിതമായത് 2026 ഫിഫ ലോകകിരീടത്തിലേക്ക് സ്പെയിനെ റോഡ്രി നയിക്കുമ്പോള്‍ ആ സംഘത്തില്‍ ബാഴ്‌സയില്‍ നിന്നുള്ള എട്ട് താരങ്ങളുണ്ടായിരുന്നുവെന്നതാണ്. ലമീൻ യമാല്‍, ഫെറാൻ ടോറസ്, പെഡ്രി, ഡാനി ഓല്‍മൊ, പൗ കുബാര്‍സി, എറിക്ക് ഗാര്‍ഷ്യ, ജൊവാൻ ഗാര്‍ഷ്യ എന്നിവര്‍. അതുകൊണ്ടു തന്നെ വളരെ സ്മൂത്തായൊരു ഡ്രെസിങ് റൂം ട്രാൻസിഷൻ റോഡ്രിക്ക് ക്യാംപ് നൗവില്‍ ലഭിക്കും.
മൈതാനത്തെ കളി നിയന്ത്രിക്കാനുള്ള റോഡ്രിയുടെ വൈഭവത്തിന് അനുയോജ്യം മൗറീഞ്ഞ്യോ നല്‍കുന്ന സ്ട്രക്‌ഷറിനേക്കാള്‍ ഫ്ലിക്കിന്റേതായിരിക്കും. മിഡ്‍ഫീല്‍ഡിനേയും ഡിഫൻസിനേയും കണക്റ്റ് ചെയ്തുകൊണ്ടുള്ള റോഡ്രിയുടെ പൊസിഷനിങ്, വിങ് ബാക്കുകള്‍ മുന്നേറ്റങ്ങള്‍ക്ക് ചരടുവലിക്കുമ്പോഴും മധ്യനിര ഫൈനല്‍ തേഡില്‍ കളി മെനയുമ്പോഴും സെന്റര്‍ ബാക്കുകള്‍ക്ക് അയാള്‍ നല്‍കുന്ന പിന്തുണ, പാസിങ് ലെയ്‌നുകള്‍ ബ്ലോക്ക് ചെയ്യാനും തുറക്കാനുമുള്ള വൈഭവം, അദൃശ്യനെന്നപോലെ കളത്തില്‍ ചെലുത്തുന്ന സ്വാധീനം.
ഡയറക്റ്റ് നീക്കങ്ങളേക്കാള്‍ പാസിങ്ങിലൂടെ ഫീല്‍ഡ് ഡൊമിനേറ്റ് ചെയ്തുള്ള ഫ്ലിക്കിന്റെ സിസ്റ്റവുമായി സമപ്പെട്ട് പോകുന്നതാണ് റോഡ്രിയുടെ ക്യാരക്റ്റര്‍. സിറ്റിയില്‍ പെപ് ഗ്വാര്‍ഡിയോള സ്വീകരിച്ച സമീപനവുമായി സാമ്യവുമുണ്ട് ഫ്ലിക്കിന്റെ ബാഴ്‌സയ്ക്ക്. ബാഴ്സയുടെ മിഡ് ഫീല്‍ഡിലെ ഫ്രങ്കി ഡിയോങ്ങിന്റെ അസാന്നിധ്യം റോഡ്രിയുടെ വരവിനെ ശരിവെക്കുന്ന ഘടകം കൂടിയാണ്. വലം കാലിന് പരുക്കേറ്റ ഡി യോങ്ങിന് മാസങ്ങളോളം വിശ്രമം വേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകളും, കുറഞ്ഞത് നാല് മാസം. അതുകൊണ്ട് മിഡ് ഫീല്‍ഡിലെ വിടവുകള്‍ അടയ്ക്കേണ്ടതുണ്ട് ഫ്ലിക്കിന്.
ബാഴ്‌സയുടെ മധ്യനിരയിലെ മറ്റൊരു പ്രധാനിയായ പെഡ്രി, അവരുടെ മിഡ് ഫീല്‍ഡ് മാസ്ട്രൊ. എന്നാല്‍ ലോകകപ്പില്‍ സ്പെയിനായി പെഡ്രിക്ക് മധ്യനിരയില്‍ അത്രത്തോളം മികവ് പുലര്‍ത്താനായിരുന്നില്ല. അതുകൊണ്ട് ടൂര്‍ണമെന്റിന്റെ രണ്ടാം ഘട്ടത്തില്‍ പെഡ്രി ബെഞ്ചിലായിരുന്നു. പൂര്‍ണമായും മിഡ് ഫീല്‍ഡ് നിയന്ത്രണം റോഡ്രി ഏറ്റെടുത്തതോടെയായിരുന്നു സ്പെയിൻ കൂടുതല്‍ ഡൊമിനേറ്റ് ചെയ്തുതുടങ്ങിയതും. റോഡ്രിയും പെഡ്രിയും ബാഴ്സയുടെ മധ്യനിരയിലേക്ക് എത്തിയാല്‍ ഫ്ലിക്കിനത് ബോണസായിരിക്കും.
മൗറീഞ്ഞ്യോയുടെ റയലില്‍ ഇത്തരമൊരു റോള്‍ റോഡ്രിക്ക് ലഭിക്കുമോയെന്നതില്‍ സംശയമുണ്ട്. പ്രീ സീസണ്‍ മത്സരത്തില്‍ റയല്‍ ഹൈ ഇന്റൻസിറ്റി ഫുട്ബോളായിരുന്നു പുറത്തെടുത്തത്. ലോങ് ബോളുകളിലൂടെ ഡയറക്റ്റ് അറ്റാക്കിന് ശ്രമിക്കുന്ന റയല്‍, വിനി തുടരുകയും ഡിയൊമൻഡെ വന്ന സാഹചര്യത്തിലും മൗറീഞ്ഞ്യോയുടെ തന്ത്രം അതുതന്നെയാകാനാണ് സാധ്യതയേറെ. പക്ഷേ, റയലില്‍ റോഡ്രിയെ സ്വാധിനിക്കാൻ കെല്‍പ്പുള്ള ബൂട്ടുകളുണ്ട്.
സിറ്റിയിലെ സഹതാരമായിരുന്ന ബെര്‍ണാദൊ സില്‍വ റയലിനൊപ്പമാണ്. ഗ്വാര്‍ഡിയോളയുടെ കീഴില്‍ റോഡ്രി-സില്‍വ കോമ്പിനേഷനായിരുന്നു സിറ്റിയുടെ ടെമ്പൊ നിശ്ചയിച്ചിരുന്നത്. സില്‍വയുടെ റണ്ണുകളും റോഡ്രിയുടെ പൊസിഷനിങ്ങും. ഇതിനൊപ്പം ജൂഡ് ബെല്ലിങ്ഹാം, വാല്‍വെര്‍ദെ, ഡിഫൻസീവ് സ്റ്റൈലില്‍ ചുവാമേനിയും കമവിംഗയും. റോഡ്രിയുടെ വര്‍ക്ക് റേറ്റ് കുറയ്ക്കുന്ന സാന്നിധ്യങ്ങളാണ് ഇവയെല്ലാം.
എന്നാല്‍ റോഡ്രിയെ ക്യംപ് നൗവിലെത്തിക്കാനുള്ള സാമ്പത്തിക ഭദ്രത ബാഴ്സയ്ക്കുണ്ടോയെന്നതാണ് ആശങ്ക. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മെച്ചപ്പെട്ട സാമ്പത്തിക നിലയിലാണ് ക്ലബ്ബെന്നാണ് റിപ്പോര്‍ട്ടുകള്‍, പ്രത്യേകിച്ചും റൊബേര്‍ ലെവൻഡോസ്ക്കി ക്ലബ്ബ് വിട്ടതോടെ. എന്നാല്‍, ക്യാംപ് നൗവിന്റെ നിര്‍മ്മാണം ഭാഗീകമായെ പൂര്‍ത്തിയായിട്ടുള്ളു. താല്‍ക്കാലികമായൊരു മാറ്റം വരും സീസണുകളിലും സംഭവിച്ചേക്കാം. അതിനാല്‍ തന്നെ വരുമാനത്തില്‍ ഇടിവും ചിലവ് വര്‍ധിക്കുകയും ചെയ്യും. ഇതെല്ലം താരങ്ങളുടെ സൈനിങ്ങിനെ ബാധിക്കുന്ന കാര്യങ്ങളാണ്.