
ഇടത് വിനീഷ്യസ് ജൂനിയർ, വലത് യാൻ ഡിയൊമൻഡെ, നടുക്ക് കിലിയൻ എംബാപെ, തൊട്ടുപിന്നില്‍ ജൂഡ് ബെല്ലിങ്ഹാം, ശേഷം വാല്‍വെർദയും ചുവാമേനിയും...വേള്‍ഡ് ക്ലാസ്! ഒപ്പം ഹോസെ മൗറിഞ്ഞ്യോ, ഒരുപക്ഷേ, നിലവിലെ ഏറ്റവും ലീഥലായ ഫ്രണ്ട് ലൈൻ ലൈൻ. എതിര്‍ ഗോള്‍ വലകള്‍ എല്ലാം നിറഞ്ഞു കവിയും. പക്ഷേ, ട്രാൻസ്‌ഫര്‍ വിൻഡോയില്‍ പ്രതിഭകളുടെ ഒഴുക്ക് സംഭവിച്ചിട്ടും ആ വലിയ കുറവ് മാത്രം നികത്താൻ ഫ്ലൊറന്റീനോ പെരേസിന് കഴിഞ്ഞില്ല. ടോണി ക്രൂസും ലൂക്കാ മോഡ്രിച്ചും നല്‍കിയിരുന്ന സ്റ്റബിലിറ്റിയും ബാലൻസും. അതിന് റോഡ്രിയെപ്പോലൊരു താരം വരണമായിരുന്നു.
ബെല്ലിങ്ഹാമും വാല്‍വര്‍ദേയും ഗുളറും ബ്രാഹിം ഡയാസും ബെര്‍ണാദൊ സില്‍വയുമൊക്കെ ഉണ്ടായിട്ടും റയലിന്റെ മധ്യനിരയ്ക്ക് ദൗര്‍ബല്യമുണ്ടെന്ന വിമര്‍ശനത്തിന്റെ അടിസ്ഥാനമെന്തായിരിക്കും. ഒരു മേജര്‍ കിരീടം ബെര്‍ണബ്യൂവിലേക്ക് എത്തിയിട്ട് രണ്ട് സീസണുകളാകുന്നു. അതിന് പിന്നിലെ കാരണം ഗോളടിക്കാൻ കഴിയാത്തതായിരുന്നില്ല. ഡിയോമൻഡെയും കുക്കുറേയയുമൊക്കെ വന്നതോടുകൂടി റയലിന്റെ അറ്റാക്കിങ് എബിലിറ്റിയുടെ മീറ്റര്‍ ഉയര്‍ന്നിട്ടെയുള്ളു. പക്ഷേ, യഥാര്‍ത്ഥ പ്രശ്നം അപ്പോഴും അഡ്രസ് ചെയ്യപ്പെടാതെ നില്‍ക്കുന്നു. ആര് മിഡ് ഫീല്‍ഡിനെ പ്രൊട്ടക്റ്റ് ചെയ്യും എന്നത്.
റയലിന്റെ മുന്നേറ്റ നിരയിലെ രണ്ട് പ്രധാന താരങ്ങള്‍. എംബാപെയും വിനീഷ്യസും. കൗണ്ടര്‍ അറ്റാക്കിങ് സാധ്യതകള്‍ മുന്നില്‍ക്കണ്ട് ഫൈനല്‍ തേഡില്‍ ഇരുവരും അലയുന്നതാണ് കാര്‍ലൊ ആഞ്ചലോട്ടിക്കും സാബി അലോൻസോയ്ക്കും ആല്‍വാരൊ ആര്‍ബലോവയ്ക്കും കീഴില്‍ കണ്ടത്. യൂറോപ്പിലെ തന്നെ ടോപ് ലീഗുകളില്‍ ഏറ്റഴും കുറവ് ഇന്റര്‍സെപ്ഷൻസ് നടത്തിയ താരങ്ങളായിരിക്കും വിനിയും എംബാപെയും. എതിരാളികളുടെ കൈവശം പന്ത് ലഭിക്കുമ്പോള്‍ പ്രെസ് ചെയ്യാതെയുള്ള ഇരുവരുടെയും ഗെയിം പ്ലാൻ റയലിന് വിനയാകുന്നത് മറ്റൊരു തരത്തിലാണ്.
വിനിയും എംബാപെയും ഗോളടിക്കുക മാത്രമാണ് ഞങ്ങളുടെ ജോലിയെന്ന് വാശിപിടിക്കുമ്പോള്‍ മധ്യനിരയിലുള്ള ബെല്ലിങ്ഹാമിന്റേയും വാല്‍വര്‍ദേയുടേയും റോളുകള്‍ മാറും. പൊസിഷൻ മറന്ന് ഇരുപാര്‍ശ്വങ്ങളും പ്രതിരോധിക്കേണ്ട ചുമതലകൂടി ഏറ്റെടുക്കേണ്ടതായി വരുന്നു. അഡ്വാൻസായി കളിക്കുമ്പോള്‍ കൂടുതല്‍ ഇംപാക്റ്റുണ്ടാക്കാൻ കഴിയുന്ന താരമാണ് ബെല്ലിങ്ഹാമെന്ന് റയലിനൊപ്പമുള്ള ആദ്യ സീസണും 2026 ഫിഫ ലോകകപ്പും തെളിയിക്കുന്നു.
വിനി-എംബാപെ ദ്വയത്തിന്റെ സമീപനം ബെല്ലിങ്ഹാമിന്റെ ബെസ്റ്റ് വേര്‍ഷൻ പുറത്തെടുക്കാൻ സഹായിക്കുന്നതല്ല. പന്തില്ലാത്ത സമയങ്ങളില്‍ പൂര്‍ണമായും പ്രതിരോധത്തിലേക്ക് ഉള്‍വലിയാൻ ബെല്ലിങ്ഹാം പ്രേരിതമാകുകയും ചെയ്യും. ഇത് എതിരാളികള്‍ക്ക് സെന്റര്‍ മിഡ് ഫീല്‍ഡ് ഓപ്പണാക്കി നല്‍കും. ക്വാളിറ്റി ടീമുകളുടേ ഹൈ പ്രെസിങ്ങ് കണ്‍ടൈൻ ചെയ്യുന്നതിലെ ചുവാമേനിയുടെ പരിമിധി 2025-26 സീസണില്‍ വ്യക്തമായിരുന്നു.
കുക്കുറേയയും ട്രെൻഡ് അലക്‌സാണ്ടര്‍ അര്‍ണോള്‍ഡൊ അല്ലെങ്കില്‍ ഡംഫ്രിസൊ വിങ്ങുകളിലൂടെയുള്ള നീക്കങ്ങള്‍ക്ക് കൂടി ഒരുങ്ങുമ്പോള്‍ റയലിന്റെ ഡിഫൻസീവ് ഷേപ്പ് പൂര്‍ണമായും നഷ്ടപ്പെടും. അത് വീണ്ടെടുക്കുക അത്ര എളുപ്പമാകില്ല. പ്രത്യേകിച്ചും ബാഴ്‌സലോണയെപ്പോലെ ഹൈ ഇന്റൻസിറ്റി പ്രെസിങ് നടത്തുന്ന ടീമുകള്‍ക്കെതിരെ. വിങ് ബാക്കുകളുടെ അഭാവത്തില്‍ സെന്റര്‍ ബാക്കുകളെ പ്രൊട്ടക്റ്റ് ചെയ്യാൻ ചുവാമേനിക്ക് എത്രത്തോളം കഴിയുമെന്നത് ചോദ്യമാണ്. അതിന് സാധിച്ചാല്‍ തന്നെ ഒഴിഞ്ഞ് കിടിക്കുന്ന വിങ്ങുകളിലൂടെയും എതിരാളികള്‍ക്ക് ഗോള്‍ മുഖത്തേക്ക് വഴിതുറക്കാൻ കഴിയും.
ഇത്തരം പാനിക്ക് സിറ്റുവേഷനുകള്‍ ഒഴിവാക്കണമെങ്കില്‍ വിനീഷ്യസും എംബാപെയും തങ്ങളുടെ ടെറിറ്ററിയിലേക്ക് ഇറങ്ങിക്കളിക്കാൻ തയാറാവണം, കൃത്യമായ പ്രസിങ് നടത്തണം. ലോകകപ്പില്‍ ലമീൻ യമാലും ബയേനയുമൊക്കെ സ്പെയിനിനായി ചെയ്തതുപോലെ. ഇത് ബെല്ലിങ്ഹാമിനും വാല്‍വര്‍ദേയ്ക്കുമൊക്കെ തങ്ങളുടെ സ്വഭാവിക പൊസിഷൻ കീപ്പ് ചെയ്ത് കളിക്കാൻ സഹായിക്കുന്ന ഘടകവുമാണ്. എംബാപെയും വിനിയും തങ്ങളുടെ ശൈലി തിരുത്താൻ തയാറായില്ലെങ്കില്‍ മൗറിഞ്ഞ്യോ കൃത്യമായൊരു സൊലൂഷൻ കണ്ടത്തേണ്ടതായി വരും.
ആ സൊലൂഷനായിരുന്നു റോഡ്രി. സ്പെയിൻ ലോകകിരീടം ഉയര്‍ത്തുമ്പോള്‍ ടൂര്‍ണമെന്റിലുടനീളം മിഡ് ഫീല്‍ഡ് നിയന്ത്രിച്ചത് റോഡ്രിയായിരുന്നു. പാസിങ് ലെയ്നുകള്‍ കട്ട് ചെയ്തും തുറന്നു, പ്രതിരോധിച്ചും, സെന്റര്‍ ബാക്കുകളെ പ്രൊട്ടക്റ്റ് ചെയ്തു, കൗണ്ടര്‍ അറ്റാക്കുകള്‍ക്ക് വിത്ത് പാകിയും കൃത്യ സമയത്ത് കൃത്യ സ്ഥലത്ത് റോഡ്രിയുണ്ടായിരുന്നു. റോഡ്രിയെപ്പോലെ എതിരാളികളുടെ നീക്കങ്ങള്‍ പ്രെഡിക്റ്റ് ചെയ്ത് പൊസിഷൻ ചെയ്യാൻ കഴിയുന്ന ഒരു താരമാണ് മാഡ്രിഡിന് ആവശ്യം. റോഡ്രിയെ ലഭിക്കുക എന്നത് ഇനി എത്രത്തോളം സാധ്യമാണെന്ന് അറിയില്ല. പക്ഷേ, ബെര്‍ണാദൊ സില്‍വയുടെ സാന്നിധ്യം കൊണ്ട് പോരായ്മ മറികടക്കാൻ മൗറീഞ്ഞ്യോയ്ക്ക് ആകുമോയെന്നാണ് കാണേണ്ടത്.
റോഡ്രിക്ക് സമാനമായി തന്നെ ടാക്റ്റിക്കല്‍ വിഷനുള്ള താരമാണ് ബെര്‍ണാദോയും. പന്ത് കൈവശമില്ലാത്തപ്പോഴത്തെ അനിശ്ചിതത്വങ്ങള്‍ ഒഴിവാക്കാൻ ബെര്‍ണാദോയ്ക്ക് കഴിയും. പക്ഷേ, ഫസ്റ്റ് ഇലവനില്‍ ബെര്‍ണാദൊയുണ്ടാകുമോയെന്നതില്‍ വ്യക്തതയില്ല. റയലിന്റെ മധ്യനിര താരങ്ങളെല്ലാം തന്നെ അഡ്വാൻസ്‌ഡായി കളിക്കുന്ന ശൈലിയുള്ളവരാണ്, അതുകൊണ്ട് തന്നെ റയല്‍ എതിരാളികളുടെ പ്രസിങ്ങില്‍ ഷേപ്പ് വീണ്ടെടുക്കാൻ കഴിയാതെ വള്‍ണറബിള്‍ ആകുകയും ചെയ്യുന്നു.
കുക്കുറേയയെപ്പോലെ വര്‍ക്ക് റേറ്റുള്ള ഒരു ലെഫ്റ്റ് ബാക്കിന്റെ സാന്നിധ്യം ഈ ദുര്‍ബലതയ്ക്ക് പരിഹാരം കണ്ടെത്താൻ സഹായിച്ചേക്കും. ഒപ്പം വലതു വിങ്ങറായ ഡിയോമൻഡെയ്ക്കും ഡിഫൻസീവ് സപ്പോര്‍ട്ട് നല്‍കാൻ കെല്‍പ്പുണ്ട്. എല്ലാം സ്മൂത്തായി സംഭവിക്കണമെങ്കില്‍ വിനിയും എംബെപെയും തന്നെ വിചാരിക്കണം. മൗറിഞ്ഞ്യോയുടെ കീഴില്‍ സാക്ഷാല്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ വരെ പ്രതിരോധിക്കാൻ പിന്നോട്ട് ഇറങ്ങിയിട്ടുണ്ട്, അതുകൊണ്ട് എംബാപെയേയും വിനിയേയും റയലിന്റെ ബോക്സിന്റെ പരിസരത്ത് കാണാൻ സാധിച്ചേക്കും.