നാട്ടില്‍ ബാസ്ബോള്‍, പുറത്ത് ലൂസ്ബോള്‍; ഇംഗ്ലണ്ടിനെ കൊടുമുടികയറ്റാത്ത തന്ത്രം!

Published : Jul 10, 2025, 12:28 PM IST
Ben Stokes

Synopsis

ബാസ് ബോള്‍ ക്രിക്കറ്റിന്റെ ഏറ്റവും ദൈർഘ്യമേറിയ ഫോര്‍മാറ്റില്‍ ഇംഗ്ലണ്ടിനെ സമഗ്രാധിപത്യത്തിലേക്ക് നയിക്കുമെന്നായിരുന്നു അവകാശവാദങ്ങള്‍

ബാസ് ബോള്‍, കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ടെസ്റ്റ് ക്രിക്കറ്റില്‍ ഇത്രയും ശബ്ദത്തില്‍ ഉയർന്നുകേട്ട മറ്റൊരു വാക്കില്ല. തൂവെള്ളയില്‍ വിപ്ലവം സൃഷ്ടിക്കാനൊരുങ്ങിയ ഇംഗ്ലണ്ട് ടീമിന്റെ ഫിലോസഫി. ബാസ് ബോള്‍ ക്രിക്കറ്റിന്റെ ഏറ്റവും ദൈർഘ്യമേറിയ ഫോര്‍മാറ്റില്‍ ഇംഗ്ലണ്ടിനെ സമഗ്രാധിപത്യത്തിലേക്ക് നയിക്കുമെന്നായിരുന്നു അവകാശവാദങ്ങള്‍. എന്നാല്‍, അങ്ങനെയൊന്ന് സംഭവിച്ചോ?

2022 ഏപ്രില്‍ 28, ബെൻ സ്റ്റോക്ക്‌സ് ഇംഗ്ലണ്ടിന്റെ ടെസ്റ്റ് നായകപദവിയിലേക്ക്. മേയ് 12, ബ്രെൻഡൻ മക്കല്ലം മുഖ്യപരിശീലകനായി എത്തുന്നു. ഇവിടെയാണ് ടെസ്റ്റ് ക്രിക്കറ്റിന്റെ നിഘണ്ഡുവിലേക്ക് ബാസ്ബോള്‍ എന്ന വാക്ക് പിറന്നുവീഴുന്നത്. സെല്‍ഫ് ബിലീഫ്, ഫിയര്‍ലെസ് ആൻഡ് പോസിറ്റീവ് ഇന്റന്റ്. ഇത് മൂന്നുമാണ് ബാസ്ബോള്‍ ഫിലോസഫിയുടെ അടിസ്ഥാന തത്വങ്ങള്‍. ടെസ്റ്റ് ക്രിക്കറ്റ് കണ്ടുവളര്‍ന്ന ശൈലിയെ ബ്രേക്ക് ചെയ്തുകൊണ്ടുള്ള പുതിയ ഒരു സ്റ്റൈല്‍ ഓഫ് പ്ലെ.

ബാസ്‌ബോളിന്റെ തുടക്കം 2022 ജൂണിലെ നടന്ന ന്യൂസിലൻഡിന്റെ ഇംഗ്ലണ്ട് പര്യടനത്തോടെയായിരുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ ആ പരമ്പരയില്‍ ഒരിക്കല്‍ പോലും ഇംഗ്ലണ്ടിന് കാലിടറിയില്ല. മൂന്നും ജയിച്ചത് 275 റണ്‍സിലധികം പിന്തുടർന്ന് ജയിച്ചായിരുന്നു, അതില്‍ രണ്ടെണ്ണം 290ന് മുകളില്‍. ടെസ്റ്റ് ക്രിക്കറ്റില്‍ 250 റണ്‍സിലധികം വിജയലക്ഷ്യം മുന്നിലുള്ളപ്പോള്‍ മൂന്നാം സെഷൻ അവസാനിക്കുമുൻപ് സമനിലക്ക് തയാറായി കൈകൊടുത്ത് പിരിയുന്ന ശൈലി തിരുത്തപ്പെട്ടു അവിടെ.

2021ലെ പട്ടൗഡി ട്രോഫിയിലെ അഞ്ചാം ടെസ്റ്റിനായി ഇംഗ്ലണ്ടിലെത്തിയ എത്തിയ ഇന്ത്യയെ ആതിഥേയര്‍ അന്ന് പരാജയപ്പെടുത്തിയത് 378 റണ്‍സ് പിന്തുടര്‍ന്നാണ്, ബാസ്ബോളിന്റെ ഉഗ്രരൂപം ലോകക്രിക്കറ്റ് കണ്ട ആദ്യ മത്സരമായിരുന്നു അതെന്ന് പറയാം. പക്ഷേ, ബാസ്‌ബോളിന് മൈതാനത്ത് അതിജീവിക്കണമെങ്കില്‍ ചില ആനുകൂല്യങ്ങള്‍ വേണം. വിക്കറ്റ് ഫ്ലാറ്റായിരിക്കണം, സ്പിന്നിനും സീമിനും അനുകൂലമാകരുത് സാഹചര്യങ്ങള്‍, അങ്ങനെയെങ്കില്‍ വിപ്ലവം പൂര്‍ത്തികരിക്കാം. ഇത് ശരിവെക്കുന്ന ഉദാഹരണങ്ങളുമുണ്ട്.

സ്റ്റോക്ക്‌സ്-മക്കല്ലം സഖ്യം ചുമതലയേറ്റതിന് ശേഷം 12 പരമ്പരകളാണ് ഇതുവരെ പൂര്‍ത്തീകരിച്ചിട്ടുള്ളത്. നിലവില്‍ പുരോഗമിക്കുന്ന ആൻഡേഴ്‌സണ്‍-ടെൻ‍ഡുല്‍ക്കര്‍ ട്രോഫി ഉള്‍പ്പെടാതെയാണിത്. ഇതില്‍ എട്ട് പരമ്പരകളും വിജയിക്കുകയും ചെയ്തു. 36 മത്സരങ്ങളില്‍ നിന്ന് 23 ജയങ്ങള്‍. ഇതില്‍ ഏഴ് പരമ്പരകളാണ് ഇംഗ്ലണ്ട് സ്വന്തം നാട്ടില്‍ കളിച്ചത്, ആറെണ്ണം വിജയിക്കുകയും ചെയ്തു. ഓസ്ട്രേലിയക്കെതിരായ ആഷസ് മാത്രം സമനിലയിലും കലാശിച്ചു.

അഞ്ച് എവെ പരമ്പരകളാണ് ഈ കാലയളവില്‍ ഇംഗ്ലണ്ട് കളിച്ചത്. രണ്ട് വീതം പാക്കിസ്ഥാനും ന്യൂസിലൻഡിനുമെതിരെ. ഒന്ന് ഇന്ത്യയ്ക്കും. 2022 ഡിസംബറില്‍ നടന്ന പാക് പര്യടനത്തിലെ മൂന്ന് മത്സരവും ജയിച്ചു, കഴിഞ്ഞ ഒക്ടോബറില്‍ നടന്ന പരമ്പര പരാജയപ്പെടുകയും ചെയ്തു. ന്യസിലൻഡിനെതിരെ ഒരു പരമ്പര സമനിലയില്‍ കലാശിച്ചപ്പള്‍ മറ്റൊന്ന് നേടി. ഇന്ത്യയ്ക്കെതിരെ 1-4ന്റെ വമ്പൻ പരാജയമായിരുന്നു രുചിച്ചത്. അതും അത്ര സ്പിന്നിന് അനുകൂലമല്ലാത്ത വിക്കറ്റില്‍.

ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇന്ത്യ, ന്യൂസിലൻഡ് - ടെസ്റ്റിലെ ബിഗ് ഫൈവുകള്‍ക്ക് മുകളില്‍ ബാസ്‌ബോളിന് ആധിപത്യം സ്ഥാപിക്കാൻ എവെ മത്സരത്തില്‍ കഴിഞ്ഞിട്ടില്ല എന്നാണ് ഇത് തെളിയിക്കുന്നത്. ഓസ്ട്രേലിയയിലും ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ട് പര്യടനം നടത്തിയിട്ടില്ല ഈ കാലയളവില്‍. ഇന്ത്യയില്‍ നിലയുറപ്പിക്കാനായില്ല, അല്‍പ്പം ആശ്വാസമായത് ന്യൂസിലൻഡാണ്. കിവീസിന്റെ പരിവര്‍ത്തന ഘട്ടത്തിലുള്ള ടീമിനോടാണ് ഏറ്റുമുട്ടിയതും.

ഇംഗ്ലണ്ട് ആധിപത്യത്തോടെ നേടിയ വിജയങ്ങളെടുത്താല്‍ എതിര്‍നിരയില്‍ നിലവില്‍ താരതമ്യേനെ ശക്തരല്ലാത്ത ശ്രീലങ്ക, അയര്‍ലൻഡ്, വെസ്റ്റ് ഇൻഡീസ് പോലുള്ള ടീമുകളുടെ സാന്നിധ്യം കാണാം. മികച്ച ടീമുകള്‍ എല്ലാ കണ്ടീഷനുകളിലും എല്ലാ മൈതാനങ്ങളിലും തങ്ങളുടെ ക്വാളിറ്റി പുറത്തെടുക്കും. ബാസ്ബോള്‍ ശൈലി പിന്തുടരുന്ന ഇംഗ്ലണ്ടിന് അത് കഴിഞ്ഞിട്ടില്ല ഇതുവരെ. വിരാട് കോലിയുടെ കീഴില്‍ ഇന്ത്യയ്ക്ക് ഒരുപരിധി വരെ അതിന് സാധിച്ചിരുന്നുവെന്ന് പറയാം, ഓസ്ട്രേലിയക്കും.

ഇന്ത്യക്കെതിരായ എഡ്‌ജ്‌ബാസ്റ്റണ്‍ ടെസ്റ്റെടുത്താല്‍, എത്ര ആധിപത്യത്തോടെയാണ് ഗില്ലും സംഘവും ബാസ്‌ബോളിന്റെ അതേ വീര്യം തിരിച്ചുകൊടുത്തതെന്ന് കാണാം. സ്റ്റുവര്‍ട്ട് ബ്രോഡ്, ജെയിംസ് ആൻഡേഴ്‌സണ്‍ ദ്വയത്തിന്റെ ക്വാളിറ്റിയുള്ള പേസ് നിരയല്ല ഇപ്പോള്‍ ഇംഗ്ലണ്ടിന്റേതെന്ന് വ്യക്തമാണ്. ഇവിടെ ബാസ് ബോള്‍ ലോകം കീഴടക്കണമെങ്കില്‍ പ്രോപ്പര്‍ ടെസ്റ്റ് ക്രിക്കറ്റിലേക്ക് തന്റെ മടങ്ങിയെത്തേണ്ടിയിരിക്കുന്നു.

സാഹചര്യങ്ങള്‍ അനുകൂലമാകുമ്പോള്‍ അഗ്രസീവ് സ്റ്റൈല്‍ ഓഫ് പ്ലെ പുറത്തെടുക്കാം. പക്ഷേ, അത് പ്രതികൂലമാകുമ്പോള്‍ ഓരോ പന്തിനേയും ഓവറിനേയും സെഷനുകളേയും അര്‍ഹിക്കുന്ന ബഹുമാനം നല്‍കി അതിജീവിക്കാൻ തയാറാകേണ്ടിയിരിക്കുന്നു. ബൗണ്‍സും പേസുമുള്ള ഓസ്ട്രേലിയൻ വിക്കറ്റുകള്‍, വേഗതകുറഞ്ഞ സ്പിന്നിന് അനുകൂലമായ ഏഷ്യൻ വിക്കറ്റുകള്‍, സ്വിങ്ങും ബൗണ്‍സുമുള്ള ദക്ഷിണാഫ്രിക്കയിലെ വിക്കറ്റുകള്‍. ഇവിടെയെല്ലാം ഓള്‍ ഔട്ട് അറ്റാക്ക് എന്ന തന്ത്രം ഫലപ്രദമാകില്ല എന്ന് ചരിത്രം പറയുന്നു. സമനിലയാണ് മുന്നിലെങ്കില്‍, സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് തയാറാകുക തന്നെ വേണം. അല്ലാത്ത പക്ഷം, ബാസ്ബോള്‍ കേവലമൊരു വാക്കായി അവസാനിക്കും.

PREV
Read more Articles on
click me!

Recommended Stories

ടോപ് ഗിയറില്‍ രോഹിത് - കോഹ്‌ലി സഖ്യം; ഗംഭീറിന് ഇനിയും എന്താണ് വേണ്ടത്?
ഇതിഹാസങ്ങളുടെ തണലില്‍ ഉദിച്ചുയർന്ന് യശസ്വി ജയ്‌സ്വാള്‍; ഒരു ക്ലാസിക്ക് ഇന്നിങ്സ്