ക്രിക്കറ്റിന്റെ വിശുദ്ധഭൂമി ഇംഗ്ലണ്ടിന് നരകമായ നാള്‍! കോലിപ്പടയുടെ പെരുങ്കളിയാട്ടം

Published : Jul 09, 2025, 01:17 PM IST
Indian Cricket Team

Synopsis

ജസ്പ്രിത് ബുംറ, അയാളാ പന്തൊന്ന് ടോസ് ചെയ്ത് റോറി ബേണ്‍സിന്റെ സ്റ്റമ്പിലേക്ക് തീക്ഷ്ണമായി നോക്കി നില്‍ക്കുന്ന ഫ്രെയിമില്‍ നിന്നാണ് തുടങ്ങുന്നത്

ക്രിക്കറ്റിന്റെ വിശുദ്ധഭൂമി നരകമായി പരിണമിക്കപ്പെട്ട മണിക്കൂറുകള്‍. ലോർഡ്‍‌സ് കീഴടക്കാതെ മടങ്ങാൻ വിസമ്മതിച്ച രാജാവിന്റേയും പടയാളികളുടേയും വീരഗാഥ. ഇംഗ്ലീഷ് മേഖങ്ങള്‍ക്ക് കീഴില്‍ അന്ന് ഇന്ത്യൻ ബൗളര്‍മാരുടെ കൈകളില്‍ നിന്ന് പുറപ്പെട്ട ഡ്യൂക്‌സ് പന്തിലെ തിളക്കം തീയുടേതായിരുന്നു...For the 60 overs, they should feel hell out there, Thats how we do it - വിരാട് കോലി ഈ വാചകം പറഞ്ഞുതീര്‍ക്കുമ്പോള്‍ യുദ്ധഭൂമിയിലേക്ക് പാഞ്ഞടുക്കുന്ന നിർഭയമുഖങ്ങളുടെ പരിവേഷമായിരുന്നു ആ 11 അംഗ സംഘത്തിന്.

ബിർമിങ്ഹാമില്‍ ഒപ്പത്തിനൊപ്പം നിന്ന് ഇന്ത്യയും ഇംഗ്ലണ്ടും. കെ എല്‍ രാഹുലിന്റെ ശതകം, രോഹിത് ശർമയുടേയും ജെയിംസ് ആൻഡേഴ്‌സണിന്റേയും ക്ലാസിനും റൂട്ടിന്റെ മറുപടിക്കും ഷമിയുടേയും ബുംറയുടേയും ചെറുത്തിനില്‍പ്പിനും ശേഷം ലോര്‍ഡ്‌സിലെ അഞ്ചാം നാള്‍, രണ്ടാം സെഷൻ. ഇംഗ്ലണ്ടിന് ജയിക്കാൻ 272 റണ്‍സ്, ഇന്ത്യയ്ക്ക് പത്ത് വിക്കറ്റെടുക്കാൻ 360 പന്തുകള്‍. 60 ഓവറുകള്‍ ഇംഗ്ലണ്ട് ബാറ്റർമാര്‍ നരകം അനുഭവിക്കണം, അതായിരുന്നു അയാളുടെ നിർദേശം.

ജസ്പ്രിത് ബുംറ, അയാളാ പന്തൊന്ന് ടോസ് ചെയ്ത് റോറി ബേണ്‍സിന്റെ സ്റ്റമ്പിലേക്ക് തീക്ഷ്ണമായി നോക്കി നില്‍ക്കുന്ന ഫ്രെയിമില്‍ നിന്നാണ് തുടങ്ങുന്നത്. കോലി വളരെ ആനിമേറ്റഡായി അമ്പയ‍ര്‍ റിച്ചാ‍ര്‍ഡ് ഇല്ലിങ്‌വ‍ര്‍ത്തിനോട് സംസാരിക്കുന്നു, ഒപ്പം മുഹമ്മദ് സിറാജ്. ലെങ്ത് ലൈനില്‍ ഹിറ്റ് ചെയ്ത ബുംറയുടെ ആദ്യ പന്ത് ബേണ്‍സിന്റെ ഗ്ലൗവിലാണ് കൊള്ളുന്നത്, ബൗണ്‍സ്, സ്വിങ്, പേസ്. തന്റെ കണക്കുകൂട്ടലുകളെ തെറ്റിച്ച പിച്ചിലേക്ക് തലകുനിച്ച് ബേണ്‍സ് നോക്കി.

ബേണ്‍സിന്റെ ക്രീസിലെ അല്‍പ്പായുസ് ആ നിമിഷം തന്നെ കുറിക്കപ്പെട്ടിരുന്നു. മൂന്നാം പന്തിന് അതേ സ്വഭാവം. ലെഗിലേക്ക് പന്തിനെ തിരിച്ചുവിടാൻ നോക്കിയ ഇടംകയ്യൻ ബാറ്റ‍റെ ഒരിക്കല്‍ക്കൂടി ബുംറ ഔട്ട് പ്ലെ ചെയ്യുകയാണ്. ലീഡിങ് എഡ്ജില്‍ മിഡോഫില്‍ സിറാജിന്റെ കൈകളില്‍ പന്ത് പതിച്ചു. ബേണ്‍സിന് മുന്നിലേക്ക് ചുവടുവെച്ച് ബുംറ, സ്ലിപ്പ് കോ‍ര്‍ഡനില്‍ നിന്ന് കോലിയും രോഹിതും രാഹുലും ബുംറയ്ക്കരികിലേക്ക്, സ്വപ്നതുല്യമായിരുന്നു ആ തുടക്കം.

 

ഇംഗ്ലണ്ടിനെ കാത്തിരിക്കുന്ന ദുരിതമണിക്കൂറിന്റെ സൂചനകൂടിയായിരുന്നു ആ നിമിഷം. അടുത്തത് മുഹമ്മദ് ഷമിയുടെ ഊഴം. മണിക്കൂറില്‍ 140 കീലോമീറ്റ‍ര്‍ വേഗതയിലെത്തിയ ലെങ്ത് ബോള്‍ സിബ്ലിയുടെ ബാറ്റിലുരസി റിഷഭ് പന്തിന്റെ ഗ്ലൗവിലൊതുങ്ങി. ബ്യൂട്ടി. രണ്ടാം ഓവ‍ര്‍ താണ്ടുമ്പോള്‍ ഇംഗ്ലണ്ട് മൂന്ന് റണ്‍സിന് രണ്ട് വിക്കറ്റ്. കോലിയുടെ സമകാലിനൻ റൂട്ട് ക്രീസിലേക്ക്, പരമ്പര അന്ന് അടയാളപ്പെടുത്തിയത് കോലിയും റൂട്ടും തമ്മിലുള്ള മുഖാമുഖം കൂടിയായാണ്.

ഹസീബ് ഹമീദിനൊപ്പം റൂട്ടിന്റെ ചെറുത്തുനില്‍പ്പ്. 13 ഓവര്‍ നീണ്ടു നിന്നു കൂട്ടുകെട്ട്. ഇഷാന്ത് ശ‍ര്‍മയുടെ വേഗപ്പന്ത് പ്രതിരോധം തക‍ര്‍ത്ത് ഹമീദിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി. അഞ്ചാമനായി ജോണി ബെയര്‍സ്റ്റോ. ഹമീദിന്റെ വിക്കറ്റിന്റെ ആവര്‍ത്തനം സംഭവിച്ചെങ്കിലും അമ്പയ‍ര്‍ മൈക്കല്‍ ഗോ വിക്കറ്റ് അനുവദിച്ചില്ല. ഫീല്‍ഡര്‍മാരോടും ഇഷാന്തിനോടും കോലി സംസാരിക്കുന്നു. റിവ്യു ടൈമറില്‍ നാല് സെക്കൻഡ് അവശേഷിക്കെ കോലി ടി ഉയ‍ര്‍ത്തി.

തേ‍ഡ് അമ്പയര്‍ റിച്ചാ‍ര്‍ഡ് കെറ്റില്‍ബൊറയുടെ തീരുമാനം ലോ‍ര്‍ഡ്സിലെ വലിയ സ്ക്രീനില്‍ തെളിയുമ്പോള്‍ കോലി വാസ് സീൻ പമ്പ്ഡ്. ചായക്ക് പിരിയുമ്പോള്‍ ഇംഗ്ലണ്ടിന് മുന്നില്‍ 205 റണ്‍സ് ബാക്കിയുണ്ട് കൈവശം ആറ് വിക്കറ്റുകളും. 38 ഓവറുകള്‍ ഇനിയും താണ്ടണം. ചായക്ക് ശേഷം പന്തുമായി മറ്റൊരു സ്പെല്ലിന് ബുംറ. ആദ്യ പന്ത് ലീവ് ചെയ്താണ് റൂട്ട് തുടങ്ങിയത്. മൂന്നാം പന്തില്‍ ഒരിക്കല്‍ക്കൂടി ബുംറ മാജിക്ക്. ഗുഡ് ലെങ്തില്‍ ഹിറ്റ് ചെയ്ത് റൂട്ടിന്റെ ബാറ്റില്‍‍ എഡ്ജ് ചെയ്തു.

ഫസ്റ്റ് സ്ലിപ്പില്‍ ഇരയെകാത്തിരുന്ന കോലിയുടെ കൈകകളിലേക്ക് ഡ്യൂക്‌സ് ബോള്‍‍. അയാള്‍ തന്റെ ചൂണ്ടുവിരള്‍ ഉയര്‍ത്തി ലോര്‍ഡ്‌സിന്റെ ഗ്യാലറികളിലേക്ക് കാണിച്ചു. റൂട്ട് വിശ്വസിക്കാനാകാതെ തന്റെ ബാറ്റിലേക്ക് ശരീരം തളര്‍ത്തി തലകുനിച്ച് നിന്നു. റൂട്ടിനറിയാമായിരുന്നു താൻ ഇന്ത്യയ്ക്ക് വിജയത്തിലേക്കുള്ള പാതയാണ് വെട്ടിക്കൊടുത്തതെന്ന്. പക്ഷേ, അത്രയെളുപ്പം കീഴടങ്ങാൻ മൊയിൻ അലിയും ജോസ് ബട്ട്ലറും ഒരുക്കമായിരുന്നില്ല.

16 ഓവറുകളോളം ചെറുത്തുനില്‍‍പ്പ്. 22 ഓവറിനുള്ളില്‍ അഞ്ച് വിക്കറ്റ് ഇന്ത്യയ്ക്ക് ആവശ്യം. ബറാബസിനെ തുറന്നുവിടാൻ ദൈവപുത്രൻ വരട്ടെയെന്ന് പറഞ്ഞതുപോലെ കോലിക്കായി മുഹമ്മദ് സിറാജ്. രണ്ട് പന്തുകള്‍, ഇരട്ട പ്രഹരം. അലിക്കും സാം കറണും ലോര്‍ഡ്‌സിന്റെ ബാല്‍ക്കണിയിലേക്ക് മടക്കം. ബര്‍മി ആ‍ര്‍മിയുടെ കാതടയ്ക്കുന്ന ശബ്ദം കേള്‍ക്കാൻ കോലി ചെവിയോര്‍ത്തു. പിന്നാലെ നിശബ്ദമായിരിക്കുക എന്ന് അയാള്‍ പറയാതെ പറഞ്ഞു.

ഒലി റോബിൻസണ്‍ ബാറ്റ് ചെയ്യാൻ എത്തുകയാണ്, കളി ഇന്ത്യയുടെ കയ്യിലെത്തിയിരുന്നു അപ്പോഴേക്കും. വിക്കറ്റിന് നടുക്ക് ബട്ട്ലറിനൊപ്പം റോബിൻസണ്‍. ഇരയേതേടി വട്ടമിട്ട് പറക്കുന്ന കഴുകന്മാരെ പോലെ ഇന്ത്യൻ താരങ്ങള്‍ ചുറ്റും. കോലി, സിറാജ്, ബുംറ, ഇഷാന്ത്, ജഡേജ, രാഹുല്‍...ഇംഗ്ലീഷ് മേഘങ്ങളൊന്ന് കനിഞ്ഞിരുന്നെങ്കിലെന്ന് റൂട്ട് ആഗ്രഹിച്ചിട്ടുണ്ടാകാം അപ്പോള്‍.

50 ഓവറിലെത്തി നില്‍ക്കുകയാണ് ഇംഗ്ലണ്ട്, പത്ത് ഓവര്‍ ബാക്കി . ബുംറ ഒരിക്കല്‍ക്കൂടി, തന്റെ മൂന്നാം സ്പെല്ലിലെ അഞ്ചാം ഓവര്‍. 34 പന്തുകള്‍ അതിജീവിച്ച റോബിൻസണിന്റെ ഇന്നിങ്സിന് ക‍ര്‍ട്ടൻ വീഴാൻ പോകുകയാണ്. റോബിൻസണിനെ വിക്കറ്റിന് മുന്നില്‍കുടുക്കി ബുംറ, അപ്പീല്‍ ഫ്രെയിമില്‍ എട്ട് ഇന്ത്യൻ താരങ്ങളുണ്ടായിരുന്നു. ഇല്ലിങ്‌വ‍ര്‍ത്ത് വിക്കറ്റ് നല്‍കാൻ മടിച്ചു. ഗ്യാലറിയിലിരുന്നൊരു കുട്ടികൈകളുയര്‍ത്തി, കോലി ഒരിക്കല്‍ക്കൂടി റിവ്യൂവിന്. ഫലം അനുകൂലം.

രണ്ട് വിക്കറ്റ് അകലെ ചരിത്രം, സിറാജിലേക്ക് വീണ്ടും. സ്ട്രൈക്കില്‍ ജോസ് ബട്ട്ലർ. ഓട്ട്സൈഡ് ഓഫ് സ്റ്റമ്പ് ലൈനില്‍, ബാക്ക് ഓഫ് ദ ലെങ്ത് ഡെലിവെറി. 95 പന്തുകളായി നിലകൊണ്ട ഏകാഗ്രത ബട്ട്ലറിന് ഒരു നിമിഷം നഷ്ടമായി. ഡ്രൈവിന് ശ്രമിച്ച ബട്ട്ലറിന്റെ ബാറ്റിനെ പന്തുരസി. കോലിയുടെ കണ്ണുകള്‍ വിടര്‍ന്നു. ഇംഗ്ലണ്ടിന്റെ അവസാന പ്രതിരോധക്കോട്ടയും തകര്‍ക്കപ്പെട്ടിരിക്കുന്നു.

ഒടുവില്‍ ജെയിംസ് ആൻഡേഴ്‌സണിന്റെ ഓഫ് സ്റ്റമ്പിന് മുകളില്‍ സിറാജിന്റെ പന്ത് പതിക്കുകയാണ്, ബെയില്‍ താഴെ വീണിട്ടും ഡിഫൻസീവ് പോസ് മാറ്റാതെ ആൻഡേഴ്‌സണ്‍. ബാക്ക്ഗ്രൗണ്ടില്‍ ആകാശത്തേക്ക് ഉയര്‍ന്ന് പൊങ്ങി വായുവിലേക്ക് പഞ്ച് ചെയ്യുന്ന ബുംറ. സ്റ്റമ്പുമായി സിറാജ് പാഞ്ഞു. കോലിപ്പടയുടെ പെരുങ്കളിയാട്ടത്തിന് വിജയാന്ത്യം. ക്രിക്കറ്റിന്റെ മെക്ക കീഴടക്കി ഇന്ത്യ. Absolute Madness!

PREV
Read more Articles on
click me!

Recommended Stories

സൂര്യയും ഗില്ലും ദുർബലകണ്ണികളോ; ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പര എത്ര നിർണായകം?
ദക്ഷിണാഫ്രിക്ക ചലഞ്ചിന് സഞ്ജു സാംസണ്‍; ലോകകപ്പ് ടീമില്‍ ഇടം നേടാൻ അവസാന അവസരം?