ജഡേജയെത്തി, പടിക്കല്‍ കലമുടയ്ക്കില്ല ഇനി; സഞ്ജു ഇല്ലെങ്കിലും രാജസ്ഥാൻ 'റോയലോ'?

Published : Nov 19, 2025, 03:22 PM IST
Sanju Samson

Synopsis

രാജസ്ഥാൻ റോയല്‍സിന്റെ കഴിഞ്ഞ സീസണിലെ ഏറ്റവും വലിയ ദൗര്‍ബല്യങ്ങളിലൊന്ന് ഫിനിഷിങ്ങിലെ പോരായ്മയായിരുന്നു. അഞ്ച് മത്സരങ്ങളാണ് അവസാന ഓവറുകളില്‍ പരാജയപ്പെട്ടത്

സഞ്ജു സാംസണ്‍ എന്നത് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ പേരുകളിലൊന്നായി കഴിഞ്ഞു. സഞ്ജുവിന്റെ താരപ്പകിട്ട് ഇനി രാജസ്ഥാൻ റോയല്‍സിനില്ല, ചെന്നൈ സൂപ്പര്‍ കിങ്സിനായി 11-ാം നമ്പര്‍ ജഴ്‌സിയില്‍ സഞ്ജു കളത്തിലേക്ക് എത്തും. ആ അധ്യായം കഴിഞ്ഞിരിക്കുന്നു. മലയാളി താരത്തിന് പകരം രവീന്ദ്ര ജഡേജയും സാം കറണും റോയലായി. സഞ്ജുവിന്റെ പടിയിറക്കം രാജസ്ഥാനെ എങ്ങനെ ബാധിക്കും, അതോ കൂടുതല്‍ ശക്തമായ നിരയായി മാറുമോ മുൻ ചാമ്പ്യന്മാര്‍.

2025 ഐപിഎല്ലിന് മുൻപ് നടന്ന മെഗാതാരലേലത്തില്‍ 30 വയസ് പിന്നിട്ട ട്രെൻ ബോള്‍ട്ട്, ജോസ് ബട്ട്ലര്‍, രവിചന്ദ്രൻ അശ്വിൻ, യുസുവേന്ദ്ര ചഹല്‍ തുടങ്ങി സുപ്രധാന താരങ്ങളെ റിലീസ് ചെയ്ത് കോര്‍ ടീമിനെ ഉടച്ചുവാര്‍ത്ത സംഘമാണ് രാജസ്ഥാൻ. ഭാവി മുന്നില്‍ക്കണ്ടെടുത്ത തീരുമാനങ്ങളും പിന്നീട് ലേലത്തില്‍ കണക്കുകൂട്ടലുകള്‍ തെറ്റിയതും 2025 സീസണില്‍ തിരിച്ചടിയായും മാറി. സഞ്ജു, നിതീഷ് റാണ, വനിന്ദു ഹസരങ്ക എന്നിങ്ങനെ ഇത്തവണയുമുണ്ട് മോശമല്ലാത്തൊരു പട്ടിക. എന്നിരുന്നാലും, രാജസ്ഥാൻ നിര കഴിഞ്ഞ സീസണിലേക്കാള്‍ ശക്തവും ബാലൻസ്‌ഡുമാണ്.

യശസ്വി ജയ്സ്വാള്‍, വൈഭവ് സൂര്യവംശി, റിയാൻ പരാഗ് എന്നിവരടങ്ങുന്ന മുൻനിര. മധ്യനിരയില്‍ ദ്രുവ് ജൂറല്‍, ഷിമ്രോണ്‍ ഹെറ്റ്മെയര്‍, ഡൊനോവൻ ഫെരെയ്‌ര. ഓള്‍ റൗണ്ടര്‍മാരായി സാം കറണും രവീന്ദ്ര ജഡേജയും. ബൗളിങ് നിരയില്‍ ജോഫ്ര ആര്‍ച്ചര്‍, സന്ദീപ് ശര്‍മ, യുദ്ധ്‌വീ‍ര്‍ സിങ് എന്നിങ്ങനെ. നന്ദ്രെ ബര്‍ഗര്‍, തുഷാര്‍ ദേശ്‌പാണ്ഡെ, ശുഭം ദുബെ, ഡ്രെ പ്രിട്ടോറിയസ്, ക്വേന മപാക്ക തുടങ്ങിയവരും സംഘത്തിലുണ്ട്. നിലനിര്‍ത്തിയ 16 പേര്‍. അവശേഷിക്കുന്നത് 16.05 കോടി രൂപയാണ്, ഒൻപത് താരങ്ങളെ ഇനിയും ആവശ്യമുണ്ട്, അതിലൊരാള്‍ വിദേശിയുമായിരിക്കണം.

നായകനെ കണ്ടെത്തുക എന്നതാണ് വലിയ വെല്ലുവിളിയായി മുന്നിലുള്ളത്. യശസ്വി ജയ്സ്വാള്‍, ദ്രുവ് ജൂറല്‍ എന്നിവർ മുൻപന്തിയിലുണ്ടെങ്കിലും കഴിഞ്ഞ സീസണില്‍ സഞ്ജുവിന്റെ അഭാവത്തില്‍ ടീമിനെ നയിച്ച പരാഗിനായിരിക്കും മുൻതൂക്കം. അതോ രവീന്ദ്ര ജഡേജയുടെ പരിചയസമ്പത്തില്‍ മാനേജ്മെന്റ് വിശ്വാസം അര്‍പ്പിക്കുമോയെന്നും ആകാംഷയുണ്ട്. നായകനായി മികച്ച റെക്കോര്‍ഡുള്ള താരമല്ല ജഡേജയെന്നതും മാനേജ്മെന്റ് പരിഗണിച്ചേക്കും.

രാജസ്ഥാന്റെ കഴിഞ്ഞ സീസണിലെ ഏറ്റവും വലിയ ദൗര്‍ബല്യം ഫിനിഷിങ്ങിലെ പോരായ്മയായിരുന്നു. അഞ്ച് മത്സരങ്ങളാണ് അവസാന ഓവറുകള്‍ 10 താഴെ റണ്‍സിന് പരാജയപ്പെട്ടത്. ഈ സാഹചര്യത്തിലേക്കാണ് രവീന്ദ്ര ജഡേജയും ഫെരെയ്‌രയും എത്തുന്നത്. ജഡേജ ചെന്നൈക്കായി നിരവധി സീസണുകളില്‍ ഫിനിഷിങ് ചുമതല ഭംഗിയായി നിര്‍വഹിച്ചിട്ടുള്ള താരമാണ്, അവസാന ഓവറുകളില്‍ പേസര്‍മാര്‍ക്കെതിരായ താരത്തിന്റെ സ്ട്രൈക്ക് റേറ്റ് പോലും 150ന് മുകളിലാണ്. 2023 ഐപിഎല്‍ ഫൈനലൊക്കെ ഉദാഹരണമായി കാണാം.

ബിഗ് ഹിറ്ററെന്ന ടാഗ്‌ലൈൻ വിവിധ ലീഗുകളില്‍ പേറുന്ന താരമാണ് ദക്ഷിണാഫ്രിക്കൻ ഓള്‍ റൗണ്ടറായ ഫെരെയ്‌ര. ഐപിഎല്ലില്‍ ആകെ ലഭിച്ച മൂന്ന് അവസരങ്ങളില്‍ തിളങ്ങാൻ കഴിഞ്ഞിട്ടില്ലെങ്കിലും ഹണ്ട്രഡിലും മേജര്‍ ലീഗ് ക്രിക്കറ്റിലും വലം കയ്യൻ ബാറ്ററുടെ സ്ട്രൈക്ക് റേറ്റ് 200ന് മുകളിലാണ്. സൗത്ത് ആഫ്രിക്ക ടി20, വൈറ്റാലിറ്റി ബ്ലാസ്റ്റ്, കരീബിയൻ പ്രീമിയര്‍ ലീഗ് തുടങ്ങിയ ടൂര്‍ണമെന്റുകളില്‍ 150ന് മുകളിലും. ദക്ഷിണാഫ്രിക്കൻ മണ്ണിലൊഴികെ മറ്റെല്ലായിടത്തും ബൗണ്ടറികളേക്കാള്‍ കൂടുതല്‍ സിക്സറുകള്‍ പിറന്ന ബാറ്റ്.

വരും സീസണില്‍ രാജസ്ഥാൻ പ്രധാന ആയുധമായി ഫെരെയ്‌ര മാറിയാലും അത്ഭുതപ്പെടാനില്ല. ജഡേജയ്ക്കും ഫെരെയ്‌രക്കും ഹെറ്റ്മയറിനും പിന്തുണയ്ക്ക് സാം കറണുമുണ്ട്. ജയ്സ്വാളും വൈഭവും നല്‍കുന്ന വെടിക്കെട്ട് തുടക്കങ്ങള്‍ക്ക് അതിനൊത്ത ഫിനിഷിങ് നല്‍കാൻ കെല്‍പ്പുള്ള ബാറ്റിങ് നിരയെ ഒരുക്കാൻ രാജസ്ഥാന് ട്രേഡിലൂടെ കഴിഞ്ഞിട്ടുണ്ട്. ബാറ്റിങ് നിരയില്‍ ആശങ്കകളുടെ അളവ് കുറവാണെങ്കിലും ബൗളിങ് നിരയില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്.

കറണെ എത്തിക്കാൻ വേണ്ടി ഹസരങ്കയേയും തീക്ഷണയേയും റിലീസ് ചെയ്തതും കുമാര്‍ കാര്‍ത്തികേയയെ നിലനിര്‍ത്താത്തും രണ്ടാം സ്പിന്നര്‍ ആര് എന്ന ചോദ്യം ഉയര്‍ത്തുകയാണ്. രവി ബിഷ്ണോയ്, രാഹുല്‍ ചഹര്‍, മുജീബ് ഉ‍ര്‍ റഹ്മാൻ, ആദം സാമ്പ തുടങ്ങി നിരവധി ഓപ്ഷനുകള്‍ രാജസ്ഥാന് മുന്നിലുണ്ട്. ഒരു ഇന്ത്യൻ സ്പിന്നറായിരിക്കും രാജസ്ഥാൻ നിരയ്ക്ക് കൂടുതല്‍ ബാലൻസ് നല്‍കുക. മറ്റൊന്ന് പേസ് ബൗളിങ് നിരയിലെ പരിചയസമ്പത്തുള്ള താരങ്ങളുടെ അഭാവമാണ്. ആര്‍ച്ചറിന് പിന്തുണകൊടുക്കാൻ കഴിയുന്ന താരത്തെയാണ് രാജസ്ഥാൻ എത്തിക്കേണ്ടത്.

ലുംഗി എൻഗിഡി, ആൻറിച്ച് നോ‍ര്‍ക്ക, സ്പെൻസര്‍ ജോണ്‍സണ്‍, ജെറാള്‍ഡ് കോറ്റ്സി, മതീഷ പതിരാന തുടങ്ങിയ ലോകോത്തര ബൗള‍ര്‍ ലേലത്തിലുണ്ട്. ഇവ രണ്ടും പരിഹരിക്കാനായാല്‍ 2025ല്‍ നിന്നൊരു ഉയിര്‍പ്പ് രാജസ്ഥാന് സംഭവിച്ചേക്കാം.

PREV
Read more Articles on
click me!

Recommended Stories

100 സെഞ്ചുറിയിലേക്ക് ദൂരം ഇനി 16; കോഹ്ലി മറികടക്കുമോ സച്ചിനെ? സാധ്യതകള്‍
എറിഞ്ഞുതോല്‍ക്കുന്ന പുതിയ ഇന്ത്യ; സിറാജ്-ഷമി-ബുമ്ര പേസ് ത്രയം എവിടെ? എന്തുകൊണ്ട് പുറത്ത്?