
ഒരു പകല്‍ ദൂരം മാത്രമാണ് ഇനിയുള്ളത്, യാഥാര്‍ത്ഥ്യമാകാൻ പോകുന്ന ആ നിമിഷം മനസിലോര്‍ത്ത് ദിവസം അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ് ഒരു ജനത. ഹൃദയമിടിപ്പിന് സാധാരണയിലും വേഗതയുണ്ടായിരുന്നു ആ രാത്രി, സമയമൊന്ന് ഓടിയെത്തിയിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിരുന്നു. പ്രതീക്ഷകളായിരുന്നില്ല ആ സംഘം നല്‍കിയത്, മറിച്ച് ആത്മവിശ്വാസമായിരുന്നു.
എന്തൊരു യാത്രയായിരുന്നു അത്, ചെപ്പോക്കില്‍ തുടങ്ങി വാംഖഡെ വരെ തുടര്‍ന്ന അജയ്യ യാത്ര. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും സുന്ദരമായ അധ്യായമായിരുന്നില്ലെ അത്. രോഹിത് ശര്‍മയുടെ ഇൻവിൻസിബിള്‍ സംഘം. പവര്‍പ്ലേയില്‍ തന്നെ എതിര്‍ നിരയെ നിഷ്പ്രഭമാക്കുന്ന നായകൻ, അസാധാരണം എന്ന വാക്കിന് പര്യായമായി വിരാട് കോഹ്ലിയും മുഹമ്മദ് ഷമിയും. ഇന്ധനമായി ജസ്പ്രിത് ബുമ്ര, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ...
പൂര്‍ത്തിയാകുന്ന ഓരോ മത്സരത്തിന് ശേഷവും ഡ്രെസിങ് റൂമിലേക്കായിരുന്നു ക്രിക്കറ്റ് പ്രേമികളുടെ കണ്ണുകളും കാത്തിരിപ്പും. മികച്ച ഫീല്‍ഡറെ അറിയാൻ, അവരുടെ ആഘോഷങ്ങള്‍ക്കണ്ട് സന്തോഷിക്കാൻ...മനോഹരമായൊരു ക്രിക്കറ്റ് കാലം...പിന്നിട്ട മൈതാനങ്ങളിലെല്ലാം തലമുറകള്‍ക്ക് കൊണ്ടാടാൻ വീരകഥകള്‍ സൃഷ്ടിക്കപ്പെട്ടു...
ഒടുവില്‍ അഹമ്മദാബാദ് ഒരുങ്ങുകയാണ്, നവംബര്‍ 19, 2023. അവിടേക്ക് പോയിന്റ് പട്ടികയുടെ അടിത്തട്ടില്‍ തുടങ്ങിയ ഒരു കൂട്ടരെത്തി, ഓസ്ട്രേലിയ. There is nothing more satisfying than hearing a big crowd go silent. ഓസ്ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ് ഈ വാചകം പറഞ്ഞ് അവസാനിപ്പിക്കുമ്പോള്‍, കാലങ്ങളോളം വേട്ടയാടാനുള്ള മൂർച്ച അതിനുണ്ടെന്ന് കരുതിയിരുന്നില്ല. നീലനിറഞ്ഞിരുന്നു, ക്രിക്കറ്റ് ദൈവത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു...
Rohit was fluent, destructive and merciless, as always. ലോകകപ്പ് ഫൈനലില്‍, ക്രീസുവിട്ടിറങ്ങി ഹേസല്‍വുഡിനെയും സ്റ്റാർക്കിനേയും ബൗണ്ടറി വര കടത്തുന്ന രോഹിത്. പത്താം ഓവറിലെ നാലാം പന്ത്. ആ നിമിഷമായിരുന്നു ആ ദിവസത്തെ ഡിഫൈൻ ചെയ്തത്. ഗ്ലെൻ മാക്‌സ്‌വെല്ലിനെ ലോങ് ഓണിലേക്കും കവറിലേക്ക് പായിച്ച് മൈറ്റി ഓസീസിനെ ഒറ്റയ്ക്ക് വിഴുങ്ങാനൊരുങ്ങുകയായിരുന്നു രോഹിത്. മാക്സിയുടെ ഫ്ലൈറ്റഡ് ഡെലിവെറി, മിഡ് ഓണിന് മുകളിലൂടെ ഒരു സിക്സർ, അതായിരുന്നു ലക്ഷ്യം.
ഷോട്ടിനുള്ള ശ്രമത്തിനിടെ രോഹിതിന്റെ ഷേപ്പ് നഷ്ടപ്പെടുകയാണ്, പന്ത് കവർ പോയിന്റിലേക്ക് ഉയർന്ന് പൊങ്ങി. ട്രാവിസ് ഹെഡ് പിന്നോട്ടോടുകയാണ്, കാണികളുടെ ഹൃദയം നിലയ്ക്കുകയായിരുന്നു അവിടെ. ഒരു ഫുള്‍ ലെങ്ത് ഡൈവില്‍ ആ പന്ത് കയ്യിലൊതുക്കി ഹെഡ്. അഹമ്മദാബാദില്‍ നിശബ്ദത ആഴ്ന്നിറങ്ങി. തലകുനിച്ച് രോഹിത്.
മാക്‌സ്‌വെല്ലിന്റെ റോര്‍ മുഴങ്ങിയവിടെ. ആ മൊമന്റായിരുന്നു ഓസ്ട്രേലിയയെ ലിഫ്റ്റ് ചെയ്തത്. അവരില്‍ നിന്ന് കിരീടം പൂർണമായി തട്ടിയെടുക്കാൻ പോന്നൊരു ഇന്നിങ്സ് ആ ബാറ്റില്‍ നിന്ന് മാത്രം പിറക്കാനായിരുന്നു സാധ്യത. ഇന്നും ഇന്ത്യ ചോദിക്കുന്നു, എന്തിനായിരുന്നു രോഹിത് എന്ന്.
പൊടുന്നനെ ശ്രേയസ് അയ്യരും വീണു. പതിവ് പോലെ ആ ജനതയുടെ പ്രതീക്ഷകളുടെ ഭാരം തോളിലേറ്റി അയാള്‍ ഒന്നില്‍ നിന്ന് വീണ്ടും തുടങ്ങുകയാണ്, വിരാട് കോഹ്ലി. ഒപ്പം കെ എല്‍ രാഹുല്‍. 18 ഓവറിന്റെ ചെറുത്തിനില്‍പ്പ്. ഗിയർ ഷിഫ്റ്റിന് അനുയോജ്യമെന്ന് തോന്നിച്ച സമയത്ത് കമ്മിൻസ് അവതരിക്കുകയാണ്. ഓഫ് സ്റ്റമ്പിനെ ലക്ഷ്യമാക്കിയൊരു ഷോർട്ട് ബോള്‍. തേഡ് മാനിലേക്കൊരു സിംഗിള്‍ ഉന്നമിട്ട കോഹ്ലിക്ക് പിഴച്ചു, പന്ത് ഡ്രാഗ് ചെയ്ത് സ്റ്റമ്പിലേക്ക്, ബൗള്‍ഡ്.
വിക്കറ്റിലേക്ക് നോക്കി തലകുനിച്ച് കോഹ്ലി നില്‍ക്കുമ്പോള്‍ കൈകള്‍ വിരിച്ച് പറന്നിറങ്ങുകയായിരുന്നു കമ്മിൻസ്. പശ്ചാത്തലത്തില്‍ തലയില്‍ കൈവച്ചും നിരാശയണിഞ്ഞും സ്തബ്ദരായി നില്‍ക്കുന്ന നീലക്കുപ്പായക്കാര്‍. Heroic frame for Cummins, Disastrous one for India. ലോകകപ്പ് ചരിത്രം കണ്ട ഏറ്റവും മികച്ച ഒരു പ്രകടനം അവസാനിക്കുകയായിരുന്നു അവിടെ.
പിന്നീട് സമ്മര്‍ദത്തിന് കീഴ്പ്പെട്ടുള്ള കൂട്ടുകെട്ടുകള്‍ മാത്രം, ചലിക്കാത്ത സ്കോര്‍ബോര്‍ഡ്. 240 എന്ന സ്കോറുകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു രോഹിതിന്റെ സംഘത്തിന്. ഭേദപ്പെട്ട സ്കോറെങ്കിലും പ്രതീക്ഷയുണ്ടായിരുന്നു, അതിന് കാരണം ജസ്പ്രിത് ബുമ്രയും മുഹമ്മദ് ഷമി. ലീഥല്‍ വെപ്പണ്‍.
രണ്ടാം ഓവറിലെ ആദ്യ പന്തില്‍ ഡേവിഡ് വാര്‍ണര്‍ പുറത്ത്. അഞ്ചാം ഓവറില്‍ മാര്‍ഷിനെ മടക്കുന്ന ബുമ്ര. ഏഴാം ഓവറില്‍ സ്റ്റീവ് സ്മിത്ത് വിക്കറ്റിന് മുന്നില്‍ കൂടുങ്ങി, വീണ്ടും ബുമ്ര. അഹമ്മദബാദില്‍ ആവേശം അലതല്ലുകയായിരുന്നു. സ്മിത്തിന്റെ മുന്നിലൂടെ അഗ്രസീവായി പായുന്ന കോഹ്ലി. ഇന്ത്യയുടെ കിരീടപ്രതീക്ഷകള്‍ക്കും അഹമ്മദാബാദിലെ ഗ്യാലറിക്കും ജീവൻ വെച്ച നിമിഷം. ഇന്ത്യയുടെ ക്രിക്കറ്റ് ഭൂപടത്തിലെ ഏറ്റവും വലിയ മുറിവിന്റെ തുടക്കംകൂടിയായിരുന്നുവത്.
ട്രാവിസ് ഹെഡ്. രോഹിതിനെ കൈപ്പിടിയിലൊതുക്കിയ ആ ബാറ്റില്‍ നിന്ന് അഹമ്മദാബാദിലേക്ക് ദുരന്തം പെയ്തിറങ്ങി. ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പ് നിഷേധിച്ച അതേ ബാറ്റ് ഒരിക്കല്‍ക്കൂടി രോഹിതിന്റെ സംഘത്തിന് മുന്നില്‍. ബുമ്ര, ഷമി, ജഡേജ, കുല്‍ദീപ്, സിറാജ്...രോഹിതിന്റെ ആയുധങ്ങളുടെ മൂര്‍ച്ച മതിയായില്ല ഹെഡ് കൊടുങ്കാറ്റിനെ പിടിച്ചുകെട്ടാൻ. An innings of his life, ലോകകപ്പ് ഫൈനലില്‍ സെഞ്ച്വറി. ഒരു ഫ്ലാഷ്ബാക്ക് സീൻ പോലെ പോലും ഓര്‍ക്കാൻ ആഗ്രഹിക്കാത്ത മണിക്കൂറായിരുന്നു ഹെഡ് ഇന്ത്യക്ക് സമ്മാനിച്ചത്. ഒപ്പം മാര്‍നസ് ലെബുഷെയ്ന്റെ ചെറുത്തുനില്‍പ്പും.
കിരീടത്തിന് ഒരു റണ്‍സ് ദൂരത്തിലാണ് ഹെഡ് മടങ്ങിയത്, നാലാം വിക്കറ്റിനായി ഇന്ത്യ കാത്തിരുന്നത് 36 ഓവറുകള്‍. ഒടുവില്‍, വീണുകിടന്ന ഓസ്ട്രേലിയയെ കൈപിടിച്ചുയര്‍ത്തിയ മാക്സ്വെല്‍ വിജയറണ്‍ പൂര്‍ത്തിയാക്കി. ജഴ്‌സി കൈ ചുരുട്ടി കണ്ണീരണിഞ്ഞ് ആര്‍ക്കും മുഖം കൊടുക്കാൻ തയാറാകാതെ രോഹിത് ശര്‍മ ഡ്രെസിങ് റൂമിലേക്ക് നടന്നു, ക്യാപുകൊണ്ട് മുഖം മറച്ച നടന്നുനീങ്ങി കോഹ്ലി, കെ എല്‍ രാഹുല്‍ കീപ്പര്‍ പൊസിഷനില്‍ തന്നെ ഇരുന്നു, സങ്കടം അടക്കാനാകാതെ സിറാജ്, സമാധാനിപ്പിക്കുന്ന ബുമ്ര...സുന്ദരമായ അധ്യായത്തിന് പര്യവസാനത്തിന് കണ്ണീരിന്റെ ഉപ്പുരസം...
ലോകകപ്പ് ട്രോഫിക്കരികിലൂടെ നടന്നുനീങ്ങുന്ന രോഹിതും കോഹ്ലിയും...അത്രത്തോളം വേദനിപ്പിച്ച മറ്റൊരു ഫ്രെയിം സമീപകാലത്ത് ഇന്ത്യൻ ക്രിക്കറ്റിലുണ്ടായിട്ടില്ല. രോഹിതിനെയൊ കോഹ്ലിയെയോ പൊതുവേദികളില്‍ പിന്നീട് മാസങ്ങളോളം കണ്ടില്ല...പക്ഷേ, ആ തോല്‍വി ഒരു പാഠമായിരുന്നു, പുതിയൊരു തുടക്കമായിരുന്നു...
പിന്നീടൊരിക്കലും ഒരു ഐസിസി ടൂര്‍ണമെന്റിലും രോഹിതിന്റെ സംഘത്തിന് കാലിടറിയിട്ടില്ല. ബാര്‍ബഡോസില്‍ ട്വന്റി 20 ലോകകപ്പ്, ദുബായില്‍ ചാമ്പ്യൻസ് ട്രോഫി...പക്ഷേ ഒന്നിനും നവംബര്‍ 19ന്റെ മുറിവിനെ ഉണക്കാനായോ എന്ന് ചോദിച്ചാല്‍, ഇല്ല എന്നായിരിക്കും ഉത്തരം...2027നായി കാത്തിരിക്കാം.