ഹിറ്റ്മാന്റെ 'അവസാന ലാപ്പിലെ കിതപ്പ്'! നിരാശപ്പെടുത്തുന്ന സ്കോറുകള്‍ വിരല്‍ചൂണ്ടുന്നതെന്ത്?

Published : Mar 06, 2025, 04:25 PM ISTUpdated : Mar 06, 2025, 04:28 PM IST
ഹിറ്റ്മാന്റെ 'അവസാന ലാപ്പിലെ കിതപ്പ്'! നിരാശപ്പെടുത്തുന്ന സ്കോറുകള്‍ വിരല്‍ചൂണ്ടുന്നതെന്ത്?

Synopsis

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യൻ നായകൻ രോഹിത് ശര്‍മയുടെ ഭാവിയേക്കുറിച്ചുള്ള ചോദ്യങ്ങളെല്ലാം മുഖ്യപരിശീലകൻ ഗൗതം ഗംഭീര്‍ തള്ളിക്കഴിഞ്ഞു.

''നിങ്ങള്‍ സ്കോ‍ബോര്‍ഡിലെ കണക്കുകള്‍ നോക്കിയായിരിക്കാം അയാളെ അളക്കുന്നത്. ഞങ്ങള്‍ അയാള്‍ നല്‍കുന്ന ഇംപാക്ടിനാണ് പ്രധാന്യം നല്‍കുന്നത്. നി‍‍ര്‍ഭയം പോരാടൂ എന്ന സന്ദേശമാണ് അയാള്‍ മൈതാനത്ത് നിന്ന് നല്‍കുന്നത്,'' അന്താരാഷ്ട്ര ക്രിക്കറ്റിലെ ഇന്ത്യൻ നായകൻ രോഹിത് ശ‍ര്‍മയുടെ ഭാവിയെക്കുറിച്ചുള്ള ചോദ്യത്തിന് മുഖ്യപരിശീലകൻ ഗൗതം ഗംഭീ‍‍ര്‍ നല്‍കിയ മറുപടിയാണിത്. അലോസരത്തോടെയാണ് ആ ചോദ്യത്തെ പോലും ഗംഭീ‍ര്‍ സ്വീകരിച്ചത്. പക്ഷേ, രോഹിത് എന്ന പേരിന് നേരെ സ്കോ‍ര്‍ബോര്‍ഡില്‍ തെളിയുന്ന നിരാശപ്പെടുത്തുന്ന അക്കങ്ങളോട് കണ്ണടക്കാൻ മാനേജ്മെന്റിന് എത്രനാള്‍ സാധിക്കും? തലമുറമാറ്റത്തിന്റെ സൂചനകള്‍ വ്യക്തമാണ്, രോഹിതിന്റെ വിരമിക്കലെന്നെന്ന ചോദ്യത്തിന്റെ മുഴക്കവും വര്‍ധിച്ചിരിക്കുന്നു...

ഫിയര്‍ലെസ് ആൻഡ് സെല്‍ഫ്ലെസ്, ഈ രണ്ട് വാക്കുകള്‍ക്കൊണ്ട് വരച്ചിടാം രോഹിതിന്റെ കരിയറിലെ കഴിഞ്ഞ രണ്ട് വര്‍ഷം. 2022 ട്വന്റി 20 ലോകകപ്പിന്റെ സെമി ഫൈനലില്‍ ദയാരഹിതം ഇംഗ്ലണ്ട് ഇന്ത്യയെ പരാജയപ്പെടുത്തിയ അന്നായിരുന്നു രോഹിത് എന്ന നായകൻ കരിയറിലെ ഏറ്റവും വലിയ തീരുമാനമെടുത്തത്. 'Indian Cricket need to change'. കേവലം വാക്കുകളില്‍ ഒതുങ്ങുന്നതായിരുന്നില്ല രോഹിതിന്റെ നീക്കം, മൈതാനത്ത് തെല്ലും ആശങ്കയില്ലാതെ അയാള്‍ അത് നടപ്പിലാക്കി. 

2023 ഏകദിന ലോകകപ്പായിരുന്നു തന്റെ നിശ്ചയദാ‍ര്‍ഢ്യം ലോകത്തിന് മുന്നില്‍ വ്യക്തമാക്കാൻ രോഹിത്  തിരഞ്ഞെടുത്തത്. നേരിടുന്ന ആദ്യ പന്തുമുതല്‍ ഏതി‍ര്‍ ടീമിനെ സമ്മ‍ര്‍ദത്തിലാക്കുന്ന അതിവേഗ സ്കോ‍റിങ് ശൈലി. മിച്ചല്‍ സ്റ്റാ‍ര്‍ക്കും ഷഹീൻ അഫ്രിദിയും കഗിസൊ റബാഡയും ട്രെൻറ് ബോള്‍ട്ടുമെല്ലാം രോഹിതിന്റെ മുന്നില്‍ ഗലി ക്രിക്കറ്റ് ബോള‍ര്‍മാരായി മാറി. ഗ്രൂപ്പ് സ്റ്റേജിലെ ആത്മവിശ്വാസം നോക്കൗട്ടിലുണ്ടാകുമോ എന്ന ചോദിച്ച ക്രിക്കറ്റ് പണ്ഡിതന്മാ‍ര്‍ക്ക് സ്കോ‍ര്‍ബോര്‍ഡിലായിരുന്നു ഉത്തരം കാത്തുവെച്ചത്.

അനായാസം അര്‍ധ സെഞ്ചുറിയും സെഞ്ചുറിയും നേടാനാകുന്ന അവസരങ്ങളില്‍ പോലും ടീമിന് മുൻഗണ നല്‍കി. രോഹിത് ഔട്ടായ നാല്‍പതുകളും എണ്‍പതുകളും അയാളുടെ നിസ്വാ‍ര്‍ത്ഥതയ്ക്ക് ഉദാഹരണമായിരുന്നു. അഹമ്മദാബാദിലെ ഒരുലക്ഷത്തിലധികം വരുന്ന കാണികള്‍ക്ക് മുന്നില്‍ തലകുനിച്ച് മടങ്ങിയ ആ രാവിനപ്പുറവും രോഹിതില്‍ മാറ്റമുണ്ടായില്ല. രോഹിതെന്ന നായകന്റെ ബാറ്റുകൊണ്ടും തന്ത്രങ്ങള്‍ക്കൊണ്ടും അത് പൂ‍ര്‍ണതയിലെത്തിയത് 2024 ട്വന്റി 20 ലോകകപ്പ് കിരീടം ആ കൈകളിലെത്തിയപ്പോള്‍ മാത്രമായിരുന്നു.

പക്ഷേ, പിന്നീട് രോഹിതിന്റെ ബാറ്റ് കാര്യമായി ചലിച്ചിട്ടില്ല. 2024-25 ടെസ്റ്റ് ക്രിക്കറ്റ് സീസണ്‍ ഒരു ദുസ്വപ്നം പോലെയായിരുന്നു. രോഹിതെന്ന നായകനും ബാറ്ററും ഓര്‍മയില്‍ പോലും സൂക്ഷിക്കാൻ ആഗ്രഹിക്കാത്ത ദിനങ്ങള്‍. ഒറ്റക്ക സ്കോറുകള്‍ അതിജീവിക്കാൻ പോലും സാധിക്കാതെ ബൗള‍ര്‍മാര്‍ക്ക് മുന്നില്‍ ഉത്തരമില്ലാതെ അയാള്‍ നിരന്തരം ഡഗൗട്ടിലേക്ക് മടങ്ങി. സ്വയം ടീമില്‍ നിന്ന് മാറിനില്‍ക്കേണ്ട നിലയിലേക്ക് വരെ എത്തിയിരുന്നു ആ യാത്ര. രാത്രിയും പകലുമെന്നപോലെ കരിയര്‍ മാറിമറിഞ്ഞു. ടെസ്റ്റിലെ രോഹിതിന്റെ കാലം അവസാനിച്ചുവെന്ന് തലക്കെട്ടുകള്‍ ഉയര്‍ന്നു. തന്റെ ഏറ്റവും പ്രിയപ്പെട്ട പുള്‍ ഷോട്ടുകള്‍ പോലും അയാളില്‍ നിന്ന് അകന്നുനിന്നു.

ഏകദിന ക്രിക്കറ്റിലേക്കുള്ള മടക്കം മാറ്റമുണ്ടാക്കുമെന്ന് കരുതിയെങ്കിലും അത് സംഭവിച്ചില്ല. ഇംഗ്ലണ്ടിനെതിരെ അടുത്തിടെ നേടിയ സെഞ്ചുറി മാറ്റി നി‍ര്‍ത്തിയാല്‍ രോഹിതിന്റെ ഏകദിന മികവും ഇടിഞ്ഞതായി കാണാം. ചാമ്പ്യൻസ്ട്രോഫി ടെസ്റ്റ് സീസണിന്റെ ബാക്കിപത്രമാകുന്നോയെന്ന് പോലും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരിക്കുന്നു. നാല് കളികളില്‍ നിന്ന് നേടാനായത് 104 റണ്‍സ് മാത്രമാണ്. ഏകദിന കരിയറില്‍ മൂന്ന് ഡബിള്‍ സെഞ്ചുറിയുള്ള രോഹിതിന്റെ പേരില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം മൂന്ന് സെഞ്ചുറികളാണുള്ളത്. 

ബാറ്റിങ്ങിലെ കണക്കുകള്‍ എതിരാണെങ്കിലും നായകനെന്ന നിലയില്‍ ഇന്ത്യയെ അപൂര്‍വതകളിലേക്ക് നയിക്കാൻ രോഹിതിനായിട്ടുണ്ട്. എല്ലാ ഐസിസി ടൂര്‍ണണെന്റിലും ടീമിനെ ഫൈനലിലേക്ക് നയിച്ചു. ഇപ്പോഴിതാ ചാമ്പ്യൻസ് ട്രോഫി കയ്യകലെത്തിലെത്തിയിരിക്കുന്നു. ഫിറ്റ്നസിനേയും ടീമിലെ സ്ഥാനത്തെയും ചൊല്ലി വലിയ വാദങ്ങള്‍ നടക്കുമ്പോഴും അയാള്‍ എല്ലാം ഒരു പുഞ്ചിരിയോടെ മാത്രമാണ് നേരിടുന്നത്. ഒരാളുടെ ഫിറ്റ്നസ് നി‍ര്‍ണയിക്കുന്നത് അയാളുടെ രൂപം മാത്രമാണ് എന്ന ചിന്തിക്കുന്നവര്‍ക്ക് കായിക ലോകത്തെ ഇതിഹാസങ്ങളിലേക്ക് കണ്ണോടിക്കാം, രോഹിതിന്റെ ഇന്നിങ്സുകളും ഫീല്‍ഡിങ് മികവും പരിശോധിക്കാം.

ട്വന്റി 20 ലോകകപ്പ് നേടി ഫോ‍‍ര്‍മാറ്റിനോട് വിടപറഞ്ഞപോലെ ചാമ്പ്യൻസ് ട്രോഫിയോടെ രോഹിത് നീലക്കുപ്പായം അഴിക്കുമോയെന്നാണ് ചോദ്യം. കിരീടം നേടിയാണ് മടക്കമെങ്കില്‍ അതൊരു ഫെയറി ടെയില്‍ എൻഡ് ആയി മാറും. അതോ, തന്റെ ഏറ്റവും വല്യ സ്വപ്നമായ ഏകദിന ലോകകപ്പ് കയ്യിലേന്താൻ അയാള്‍ ഒരിക്കല്‍ക്കൂടി മൈതാനത്തേക്ക് ചുവടുവെക്കുമോയെന്നതും കൗതുകത്തോടെ കാത്തിരിക്കേണ്ട ഒന്നാണ്.

PREV
Read more Articles on
click me!

Recommended Stories

ബിസിസിഐ തഴഞ്ഞു, ബാറ്റുകൊണ്ട് ഒന്നൊന്നര മറുപടി; ഇഷാൻ കിഷൻ വരുന്നു
അഹമ്മദാബാദ് അവസാന അവസരം! സഞ്ജു സാംസണ്‍ ട്വന്റി 20 ലോകകപ്പ് ടീമിലുണ്ടാകുമോ?