
കേള്‍ക്കാൻ പോകുന്നത് ഒരു ഒന്നൊന്നര തിരിച്ചുവരവിന്റെ കഥയാണ്. എല്ലാം നഷ്ടപ്പെട്ട് ഇന്ത്യൻ ക്രിക്കറ്റിന്റെ പടിവാതില്‍ക്കല്‍ ബാറ്റ് ഉപേക്ഷിച്ച് മടങ്ങേണ്ടി വന്ന ഒരുവന്റെ കഥ. 23 ജനുവരി 2026, ഷഹീദ് വീര്‍ നാരായണ്‍ സിങ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം. ദുഖവെള്ളിയും ഉയിര്‍പ്പും ഒരു ദിവസം ക്രിക്കറ്റ് ആരാധകര്‍ കണ്ട രാത്രി. റായ്‌പൂരിനെ ബൗളര്‍മാരുടെ ശവപ്പറമ്പാക്കി ഇഷാൻ കിഷൻ മാറ്റിയ രാത്രി.
ന്യൂസിലൻഡിനെതിരായ രണ്ടാം ടി20യില്‍ കേവലം ഏഴ് പന്തുകള്‍ താണ്ടിയപ്പോഴേക്കും ഇന്ത്യയുടെ സ്കോര്‍ബോര്‍ഡ് 6-2 എന്ന നിലയിലായിരുന്നു. സഞ്ജു സാംസണും അഭിഷേക് ശര്‍മയും മടങ്ങി. 209 എന്ന കൂറ്റൻ സ്കോറാണ് മുന്നിലുള്ളത്. എളുപ്പമല്ല. വല്ലാത്തൊരു വേഗതയായിരുന്നു പിന്നീട് ആ സ്കോർബോർഡിന്, കിവി ബൗളര്‍മാരുടെ കൈകളില്‍ നിന്ന് തൊടുത്ത പന്തുകളെല്ലാം മൈതാനം തൊട്ടും തൊടാതെയും ബൗണ്ടറിവരയിലേക്കും അപ്പുറവും ഇടവേളകളില്ലാതെ പറന്നിറങ്ങി.
എട്ടാം ഓവറിലെ രണ്ടാം പന്ത് പൂർത്തിയായപ്പോള് സ്ക്രീനുകളില്‍ ഒരു ഗ്രാഫിക്‌സ് തെളിഞ്ഞു. എത്ര ഭീകരമായിരുന്നു സാന്റനറിന്റെ സംഘം താണ്ടിയ 35 മിനുറ്റുകളെന്ന് ആവിടെ പ്രത്യക്ഷപ്പെട്ട അക്കങ്ങള്‍ വെളിപ്പെടുത്തി. ഇഷാൻ കിഷൻ, 30 പന്തുകള്‍, 75 റണ്‍സ്, 11 ഫോര്‍, നാല് സിക്സ്. നേരിട്ട 30 പന്തില്‍ 15 എണ്ണവും ബൗണ്ടറി. അതായത്, ഇഷാൻ നേരിടുന്ന രണ്ട് പന്തില്‍ ഒന്ന് ഉറപ്പായും ബൗണ്ടറി എന്ന് സാരം, കാര്‍ണേജ്.
ഇനി ആ ഇന്നിങ്സിലേക്ക് വരാം, രണ്ടാം ഓവര്‍. എല്ലാത്തിന്റെയും തുടക്കം അവിടെ നിന്നായിരുന്നു. സാക്ക് ഫോക്‌സിന്റെ ഷോര്‍ട്ട് ബോള്‍ കവറിലൂടെ ബൗണ്ടറിയിലെത്തിച്ച് ബൗണ്ടറി അക്കൗണ്ട് തുറന്നു. ഫ്രീ ഹിറ്റിലൊരു ക്രാക്കിന്റ് സ്ട്രെയിറ്റ് ഡ്രൈവ്. മിഡ്‌വിക്കറ്റിലൂടെ ഒരു ഫോറും, ബാക്ക്‌വേഡ് സ്ക്വയര്‍ ലെഗിലേക്ക് പിക്കപ്പ് ഷോട്ടിലൂടെ ഒരു സിക്‌സും. ഓവറിലാകെ പിറന്നത് 24 റണ്‍സ്. ജേക്കബ് ഡഫിക്കെതിരെ പോയിന്റിലൂടെ പായിക്കുമ്പള്‍ ഗ്ലെൻ ഫിലിപ്‌സിന്റെ കൈകളുടെ വേഗത മതിയായില്ല ആ പന്തിന് തടയിടാൻ.
തന്റെ പേസ് നിരയെ ഗ്യാലറിയിലേക്ക് അനായാസം നിക്ഷേപിക്കുന്ന ഇഷാന് മുന്നിലേക്ക് അഞ്ചാം ഓവറില്‍ തന്നെ എത്തി സാന്റനര്‍. തുടരെ മൂന്ന് ഫോറുകള്‍. പവര്‍പ്ലേയിലെ അവസാന ഓവറില്‍ മാറ്റ് ഹെൻറിക്കെതിരെ കവറിലൂടെ ബൗണ്ടറി നേടി അര്‍ദ്ധ ശതകം കുറിക്കുമ്പോള്‍ ഇഷാൻ നേരിട്ട പന്തുകളുടെ എണ്ണം കേവലം 21 മാത്രമായിരുന്നു. ഒന്നാം ട്വന്റി 20യില്‍ അഭിഷേക് 22 പന്തിലായിരുന്നു സമാനമായ നേട്ടം കുറിച്ചത്. അഭിഷേകിന്റെ അഭാവം പവര്‍പ്ലേയുടെ ഒരു ഘട്ടത്തിലും ഇന്ത്യൻ ആരാധകരെയോ ന്യൂസിലൻഡിനെയോ അനുഭവിപ്പിക്കാൻ ഇഷാൻ തയാറായില്ലെന്ന് പറയുന്നതാകും ശരി.
എല്ലാ പന്തുകളും ബൗണ്ടറികടത്തുക എന്ന ലക്ഷ്യം ഇഷാൻ തുടര്‍ന്നപ്പോള്‍ ഏഴാം ഓവറില്‍ തന്നെ തന്റെ അഞ്ചാം ബൗളറെ പരീക്ഷിക്കാൻ സാന്റനര്‍ നിര്‍ബന്ധിതനായി. ഇഷ് സോധിയുടെ ഓവറില്‍ ഇഷാന്റെ സ്ട്രോങ് സോണുകളിലെല്ലാം ഫീല്‍ഡര്‍മാരെ നിരത്തിയായിരുന്നു കിവികള്‍ വലവിരിച്ചത്. എന്നാല്‍, റിവേഴ്സ് സ്വീപ്പിലൂടെയായിരുന്നു മറുപടി. സോധിക്കെതിരെ ക്രീസുവിട്ടിറങ്ങി നേടിയ ഫ്ലാറ്റ് സിക്സ് താരം എത്രത്തോളം ഫോമിലാണെന്ന് തെളിയിക്കുന്നതായിരുന്നു.
ഒടുവില്‍ പത്താം ഓവറിലെ ആദ്യ പന്തില്‍ ഇഷാൻ മടങ്ങുമ്പോള്‍ ഇന്ത്യൻ സ്കോര്‍ 128ലെത്തിയിരുന്നു. 32 പന്തില്‍ 76 റണ്‍സായിരുന്നു സമ്പാദ്യം. സ്ട്രൈക്ക് റേറ്റ് 237. കിവി ബൗളര്‍മാരുടെ ദുഖവെള്ളി അവസാനിച്ചുവെന്ന് കരുതിയപ്പോഴായിരുന്നു, ഇഷാൻ നിര്‍ത്തിയിടത്തുനിന്ന് സൂര്യകുമാര്‍ തുടര്‍ന്നത്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ടീമില്‍, ബിസിസിഐയുടെ സെൻട്രല്‍ കോണ്‍ട്രാക്റ്റില്‍ നിന്നുപോലും തഴയപ്പെട്ട താരം. ആഭ്യന്തര ക്രിക്കറ്റിലെ അസാധരണ പ്രകടനം കൊണ്ട് ഒരിക്കല്‍ക്കൂടി നീലക്കുപ്പായം തേടിയെത്തിയപ്പോള്‍ രണ്ടാം അവസരം എങ്ങനെ ഉപയോഗിക്കണമെന്ന് തെളിയിക്കുകയായിരുന്നു ഇഷാൻ.
തിലക് വര്‍മയുടെ അഭാവത്തിലാണ് അന്തിമ ഇലവനില്‍ ഇടം നേടിയതെങ്കിലും ഇന്ത്യയുടെ ട്വന്റി 20 ലോകകപ്പ് ഇലവനില്‍ നിന്ന് ഇഷാനെ എങ്ങനെ മാറ്റി നിര്‍ത്തുമെന്ന ചോദ്യം ഉയര്‍ന്നിരിക്കുന്നു. സഞ്ജു സാംസണ്‍ മോശം ഫോം തുടര്‍ന്നാല്‍ ഇഷാന് ഒരു എൻട്രിയുണ്ടാകാനുള്ള സാധ്യതയുണ്ട്.