
2024 ഫെബ്രുവരി, ആ യുവതാരത്തിന്റെ ക്രിക്കറ്റ് കരിയർ തന്നെ തുലാസിലായ സമയം. ആഭ്യന്തര ക്രിക്കറ്റില്‍ സജീവമാകാൻ തയാറാകാത്തതിനെതുടർന്ന് ബിസിസിഐയുടെ സെൻട്രല്‍ കോണ്‍ട്രാക്റ്റില്‍ നിന്ന് ആ പേര് വേട്ടിമാറ്റപ്പെട്ടു. രണ്ടര വർഷത്തെ ദൂരമായിരിക്കുന്നു. ബിസിസിഐയുടെ ഗുഡ് ബുക്കില്‍ ഇടം പിടിക്കാത്തവരൊക്കെയും അപ്രത്യക്ഷമായ കഥയാണ് ഇന്ത്യയുടെ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ സുപരിചിതം. എത്രയെത്ര ഉദാഹരണങ്ങള്‍ മുന്നിലുണ്ട്. പക്ഷേ, ഇവിടെ ചില തിരുത്തലുണ്ട്, അസാധാരണമായൊരു തിരുത്തല്‍...
എം എ ചിദംബരം സ്റ്റേഡിയം, ചെന്നൈയിലെ പ്രതികൂലമായ കാലവസ്ഥയില്‍ സാക്ഷാല്‍ മുഹമ്മദ് സിറാജ് നയിക്കുന്ന സൗത്ത് സോണിന്റെ ബൗളിങ് നിരയ്ക്ക് എതിരെ ഒരു പോരാട്ടം അതിന്റെ പര്യവസാനം തൊടുകയാണ്. 334 പന്തുകള്‍, 30 ബൗണ്ടറി, ഏഴ് സിക്‌സര്‍, 80 സ്ട്രൈക്ക് റേറ്റില്‍ ഈസ്റ്റ് സോണിനായി 270 റണ്‍സ്. അതും ദുലീപ് ട്രോഫി ഫൈനലില്‍. രണ്ട് വര്‍ഷം മുൻപ് ബിസിസിഐ പേര് വെട്ടക്കളഞ്ഞ അതേ യുവതാരം. അജിത് അഗാര്‍ക്കര്‍ സാക്ഷി ചെപ്പോക്കിന്റെ ആദരം ഏറ്റുവാങ്ങുമ്പോള്‍ അവൻ പൊടുന്നനെ ബാറ്റുയര്‍ത്തി, ഇഷാൻ കിഷൻ.
എല്ലാത്തിന്റെയും തുടക്കം സെയ്‌ദ് മുഷ്താഖ് അലി ട്രോഫിയില്‍ നിന്നായിരുന്നു. ജാര്‍ഖണ്ഡിനെ ആദ്യമായി കിരീടത്തിലേക്ക് നയിക്കുമ്പോള്‍ ഇഷാനായിരുന്നു ടൂര്‍ണമെന്റിന്റെ ടോപ് സ്കോറര്‍. അതും 517 റണ്‍സും, സ്ട്രൈക്ക് റേറ്റ് ഇരുന്നൂറിനടുത്തും. ഇത് എത്തിനിന്നത് ടി20 ലോകകപ്പ് ടീമിലെ ബാക്കപ്പ് വിക്കറ്റ് കീപ്പര്‍ റോളിലാണ്. എന്നാല്‍, സഞ്ജു സാംസണിന്റെ മോശം ഫോം ഇഷാനെ അന്തിമ ഇലവനിലെത്തിച്ചു, മൈതാനത്ത് പലകുറി മാറിമറിഞ്ഞ ഇക്വേഷൻസിനൊടുവില്‍ സഞ്ജുവും ഇഷാനും ചേര്‍ന്നായിരുന്നു ഇന്ത്യയെ മൂന്നാം കിരീടത്തിലേക്ക് നയിച്ചത്.
ലോകകപ്പിലെ ഇന്ത്യയുടെ സെക്കൻഡ് ടോപ് സ്കോററായിരുന്നു ഇഷാൻ, സഞ്ജുവിന്റെ തൊട്ടുപിന്നില്‍ 317 റണ്‍സുമായി. ഏകദിന ടീമിലേക്ക് മടങ്ങിയെത്താനും അധികം വൈകില്ല, അഫ്ഗാനിസ്ഥാനെതിരെ സെഞ്ചുറിയുമായി വൈറ്റ് ബോള്‍ കംബാക്ക് പൂര്‍ത്തിയാക്കുകയായിരുന്നു. ഏകദിന ലോകകപ്പ് വരാനിരിക്കെ കെ എല്‍ രാഹുലിന് ബാക്ക് അപ്പായും ഒരു സ്പെഷ്യലിസ്റ്റ് ബാറ്ററായും തന്നെ ഉപയോഗിക്കാൻ കഴിയുമെന്ന് ബാറ്റുകൊണ്ട് ഇഷാന് വ്യക്തമാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇനി ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവായിരിക്കണം ഇഷാന്റെ ലക്ഷ്യം.
2023 ജൂലൈയിലാണ് ഇഷാൻ കിഷൻ അവസാനമായി ഇന്ത്യക്കായി ഒരു ടെസ്റ്റ് മത്സരം കളിച്ചത്. ക്യൂൻസ് പാര്‍ക്ക് ഓവലില്‍ വെസ്റ്റ് ഇൻഡീസിനെതിരെ. അന്ന് സെക്കൻഡ് ഇന്നിങ്സില്‍ അര്‍ദ്ധ സെഞ്ചുറി നേടി പുറത്താകാതെ നിന്നു ഇഷാൻ. പിന്നീടായിരുന്നു വിവാദങ്ങളുടെ ചുഴിയിലേക്ക് കരിയര്‍ വീഴുന്നത്. ദുലീപ് ട്രോഫി ഫൈനലിലെ ഇന്നിങ്സ് റെഡ് ബോളിലൊരു തുടര്‍ച്ച സംഭവിക്കുമെന്നതിന്റെ സൂചന നല്‍കുന്നുണ്ട്. പക്ഷേ, അത് എങ്ങനെ സാധ്യമാകുമെന്ന ചോദ്യവും ബാക്കിയാണ്.
നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീം പരിശോധിച്ചാല്‍ മൂന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരാണ് അന്തിമ ഇലവന്റെ തന്നെ ഭാഗമായിട്ടുള്ളത്. കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, ദ്രുവ് ജൂറല്‍. വിക്കറ്റ് കീപ്പര്‍ റോള്‍ പന്ത് വഹിക്കുകയും ചെയ്യുന്നു. ജൂറലിന്റെ മികച്ച് ഫോമാണ് സെക്കൻഡ് വിക്കറ്റ് കീപ്പറായട്ടുകൂടി ഒരു സ്പെഷ്യലിസ്റ്റ് ബാറ്ററുടെ റോള്‍ ലഭിക്കാൻ കാരണം, അത് ജൂറല്‍ നേടിയെടുത്തതാണ് എന്ന് പറയുന്നതാകും കൂടുതല്‍ ശരി. ലോവര്‍ ഓര്‍ഡറില്‍ സമീപകാലത്ത് വിശ്വാസ്യത നേടിയെടുക്കാൻ ജൂറലിന് കഴിഞ്ഞിരുന്നു. ഇന്ത്യ അറ്റാക്കിങ് മോഡിലേക്ക് ഷിഫ്റ്റ് ചെയ്യുമ്പോള്‍ മാത്രമല്ല, ഡിഫൻസീവാകുമ്പോഴും.
ഗൗതം ഗംഭീറിന്റെ കാലത്ത് ജൂറലിനെപ്പോലെ എഫക്റ്റീവായ ബാറ്റര്‍മാര്‍ ചുരുക്കമാണ് താനും, അതും മധ്യനിരയില്‍. അതുകൊണ്ട് ടെസ്റ്റ് ടീമിലേക്ക് എത്തുക ഇഷാന് അത്ര എളുപ്പമുള്ള ഒന്നായിരിക്കില്ല. എത്തിയാലും അന്തിമ ഇലവനില്‍ സ്ഥാനം പിടിക്കുക കഠിനം. ഇഷാന്റെ ഫോം ഏറ്റവും വലിയ വെല്ലുവിളിയായിരിക്കുന്നത് റിഷഭ് പന്തിനാണ്. നിലവില്‍ ടി20, ഏകദിന ടീമുകളില്‍ നിന്ന് സ്ഥാനം നഷ്ടമായ പന്തിന് അവസാന ശ്വാസമെന്നപോലെയാണ് ടെസ്റ്റ്. ഫോം നിലനിര്‍ത്താൻ കഴിഞ്ഞില്ലെങ്കില്‍ ഇഷാൻ കിഷനെന്ന ഓപ്ഷൻ ബിസിസിഐക്ക് മുന്നിലുണ്ട്.
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയില്‍ പൂര്‍ണമായും പരാജയപ്പെട്ട പന്ത്, അഫ്ഗാനിസ്ഥാനെതിരെയും ശ്രീലങ്കയ്ക്ക് എതിരെയും ബാറ്റ് ചെയ്ത നാല് ഇന്നിങ്സില്‍ മൂന്നിലും അര്‍ദ്ധ സെഞ്ചുറി നേടിയിരുന്നു. ഓസ്ട്രേലിയക്കെതിരെയും ന്യൂസിലൻഡിനെതിരെയുമുള്ള സന്നാഹ മത്സരങ്ങളാണ് ഇനി ഇഷാന് മുന്നിലുള്ളത്. താരത്തെ ഇന്ത്യ എ ടീമില്‍ ഉള്‍പ്പെടുത്താൻ ബിസിസിഐയെ നിര്‍ബന്ധതിമാക്കുന്നതാണ് ദുലീപ് ട്രോഫി ഫൈനലിലെ ഇന്നിങ്സ്. ടെസ്റ്റ് ടീമിലെ സ്ഥിരസാന്നിധ്യം കൂടിയാകാൻ കഴിഞ്ഞാല്‍, ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഇൻസ്പെയറിങ് സ്റ്റോറികളിലൊന്നാകും ഇഷാൻ.