ഹിറ്റ്‌ലര്‍ തിരിച്ചറിഞ്ഞു ധ്യാന്‍ചന്ദിന്റെ മൂല്യം, ഇന്ത്യ എന്നാണ്‌ ഭാരതരത്‌ന നല്‍കി ആദരിക്കുക?

Published : Aug 29, 2026, 11:48 AM IST
MAJOR DHYAN CHAND

Synopsis

1936 ബെര്‍ലിന്‍ ഒളിമ്പിക്‌സിലും ധ്യാന്‍ചന്ദും സംഘവും ഇന്ത്യയെ പൊന്നണിയിച്ചു. ഫൈനലില്‍ ആതിഥേയരായ ജര്‍മനിയെ 1-8 ന്‌ ഇന്ത്യ നിലംപരിശാക്കി. ധ്യാന്‍ചന്ദിന്റെ മാന്ത്രിക നീക്കങ്ങള്‍ അഡോള്‍ഫ്‌ ഹിറ്റ്‌ലറെ വിസ്‌മയിപ്പിച്ചു. ധ്യാന്‍ചന്ദിന്‌ ജര്‍മന്‍ പൗരത്വവും സൈന്യത്തില്‍ ഉന്നത പദവിയും ഹിറ്റ്‌ലര്‍ ഓഫര്‍ ചെയ്‌തെങ്കിലും അദ്ദേഹം നിരസിച്ചു.

ഓഗസ്‌റ്റ്‌ 29. രാജ്യം ഹോക്കി ഇതിഹാസം മേജര്‍ ധ്യാന്‍ ചന്ദിനെ ഓര്‍ക്കുന്ന ദിവസം; ദേശീയ കായിക ദിനം. ലോക ഹോക്കിയില്‍ ഇന്ത്യ വന്‍ ശക്തിയായിരുന്ന കാലത്ത്‌, ആ ടീമിന്റെ മാന്ത്രികനായിരുന്നു ധ്യാന്‍ ചന്ദ്‌. ഒളിമ്പിക്‌സ്‌ ചരിത്രമെടുത്താല്‍ ഇന്ത്യക്ക്‌ ആദ്യമായി ഗോള്‍ഡന്‍ മേല്‍വിലാസം ഒരുക്കിയത്‌ ധ്യാന്‍ചന്ദിന്റെ ഹോക്കി സംഘമായിരുന്നുവെന്ന്‌ കാണാം. ധ്യാന്‍ചന്ദ്‌ പങ്കെടുത്ത മൂന്ന്‌ ഒളിമ്പിക്‌സിലും ഇന്ത്യ സ്വര്‍ണമെഡല്‍ നേടുക മാത്രമല്ല, ഹോക്കിയില്‍ ലോകത്തെ ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി ഇന്ത്യന്‍ ടീം വാഴുകയായിരുന്നു. കരിയറില്‍ അഞ്ഞൂറിലേറെ ഗോളുകള്‍ നേടിയ ധ്യാന്‍ചന്ദ്‌ ഒളിമ്പിക്‌സില്‍ എതിരാളികളെ നിഷ്‌പ്രഭമാക്കി.

യു എസ്‌ എയെ 24 ഗോളിന്‌ തകര്‍ത്തു..!

1928 ആംസ്റ്റര്‍ഡാം ഒളിമ്പിക്‌സ്‌ ആയിരുന്നു ഇന്ത്യ പങ്കെടുത്ത ആദ്യ ഒളിമ്പിക്‌സ്‌. ടൂര്‍ണമെന്റില്‍ ഇന്ത്യ ഒരു ഗോള്‍ പോലും വഴങ്ങാതെയാണ്‌ ചാമ്പ്യന്‍മാരായത്‌. ഫൈനലില്‍ ആതിഥേയരായ നെതര്‍ലന്‍ഡ്‌സിനെ എതിരില്ലാത്ത മൂന്ന്‌ ഗോളുകള്‍ക്ക്‌ പരാജയപ്പെടുത്തിയപ്പോള്‍ രണ്ട്‌ ഗോളുകള്‍ ധ്യാന്‍ചന്ദാണ്‌ നേടിയത്‌്‌. ടൂര്‍ണമെന്റില്‍ ആകെ അടിച്ചുകൂട്ടിയത്‌ 29 ഗോളുകള്‍. അതില്‍ 14 ഗോളുകളും ധ്യാന്‍ചന്ദിന്റെ മാന്ത്രിക വടിയില്‍ നിന്നായിരുന്നു. ഒളിമ്പിക്‌ ഹോക്കിയിലെ ടോപ്‌ സ്‌കോറര്‍ സ്ഥാനവും ധ്യാന്‍ചന്ദിന്‌ ലഭിച്ചു.

1932 ലോസ്‌ ആഞ്ചലസ്‌ ഒളിമ്പിക്‌സിലും ഇന്ത്യ സ്വര്‍ണം നേടി. അന്ന്‌ യു എസ്‌ എയെ 1-24ന്‌ ഇന്ത്യ തകര്‍ത്തു വിട്ടു. ആ മത്സരത്തില്‍ ധ്യാന്‍ചന്ദ്‌ എട്ട്‌ ഗോളുകള്‍ നേടിയപ്പോള്‍ അദ്ദേഹത്തിന്റെ സഹോദരന്‍ രൂപ്‌ സിംഗ്‌ പത്ത്‌ ഗോളുകള്‍ നേടി.

ഹിറ്റ്‌ലര്‍ക്ക്‌ ധ്യാന്‍ചന്ദിനെ ഇഷ്ടമായി...

നാല്‌ വര്‍ഷങ്ങള്‍ക്കിപ്പുറം, 1936 ബെര്‍ലിന്‍ ഒളിമ്പിക്‌സിലും ധ്യാന്‍ചന്ദും സംഘവും ഇന്ത്യയെ പൊന്നണിയിച്ചു. ഫൈനലില്‍ ആതിഥേയരായ ജര്‍മനിയെ 1-8 ന്‌ ഇന്ത്യ നിലംപരിശാക്കി. ധ്യാന്‍ചന്ദിന്റെ മാന്ത്രിക നീക്കങ്ങള്‍ അഡോള്‍ഫ്‌ ഹിറ്റ്‌ലറെ വിസ്‌മയിപ്പിച്ചു. ധ്യാന്‍ചന്ദിന്‌ ജര്‍മന്‍ പൗരത്വവും സൈന്യത്തില്‍ ഉന്നത പദവിയും ഹിറ്റ്‌ലര്‍ ഓഫര്‍ ചെയ്‌തെങ്കിലും അദ്ദേഹം നിരസിച്ചു. പന്ത്രണ്ട്‌ ഒളിമ്പിക്‌സ്‌ മത്സരങ്ങളില്‍ നിന്നായി 37 ഗോളുകള്‍ നേടിയ ധ്യാന്‍ചന്ദിന്റെ ജന്മദിനമായ ഓഗസ്‌റ്റ്‌ 29, 2012 മുതല്‍ ദേശീയ കായിക ദിനമായി ആചരിച്ചു വരുന്നു.

ധ്യാന്‍ചന്ദിന്റെ സ്‌മരണയില്‍ ഖേലോ ഇന്ത്യ

1905 ല്‍ ഉത്തര്‍പ്രദേശിലെ ഇന്ന്‌ പ്രയാഗ്‌ രാജ്‌ എന്നറിയപ്പെടുന്ന അലഹബാദിലാണ്‌ ധ്യാന്‍ചന്ദ്‌ ജനിച്ചത്‌. ഇന്ത്യന്‍ ഹോക്കിക്ക്‌ നല്‍കിയ സംഭാവനകള്‍ മാനിച്ച്‌, രാജ്യത്തെ കായികസംസ്‌കാരത്തെയും ദൈനംദിന കായികപ്രവര്‍ത്തനങ്ങളുടെ പ്രാധാന്യത്തെയും ഓര്‍മപ്പെടുത്താനുള്ള പ്രത്യേകദിനമായി ധ്യാന്‍ചന്ദിന്റെ ജന്മദിനം ആഘോഷിക്കപ്പെടുന്നു.ഈ ദിവസം രാജ്യത്തെ കായിക പുരസ്‌കാരങ്ങള്‍ രാഷ്ട്രപതിഭവനില്‍ വെച്ച്‌ നടക്കുന്ന ചടങ്ങില്‍ പ്രസിഡന്റ്‌ വിതരണം ചെയ്യുന്നു. പരമോന്നത കായിക പുരസ്‌കാരം മേജര്‍ ധ്യാന്‍ചന്ദ്‌ ഖേല്‍രത്‌ന അവാര്‍ഡാണ്‌. നേരത്തെ ഇത്‌ രാജീവ്‌ഗാന്ധി ഖേല്‍രത്‌ന അവാര്‍ഡ്‌ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്‌. ദേശീയ കായിക ദിനത്തില്‍ വിവിധ പദ്ധതികള്‍ ആരംഭിക്കാറുണ്ട്‌. 2017-18ല്‍ തുടക്കമിട്ട ഖേലോ ഇന്ത്യ പ്രോഗ്രാം വിവിധ വയസ്‌ കാറ്റഗറിയിലുള്ള യുവതാരങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള ശ്രദ്ധേയമായ നീക്കമായി. 2019 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ഫിറ്റ്‌ ഇന്ത്യ മൂവ്‌മെന്റും ദേശീയ കായിക ദിനത്തിലാണ്‌ തുടക്കമിട്ടത്‌.

ഗുസ്‌തിയില്‍ നിന്ന്‌ ഹോക്കിയിലേക്ക്‌..

1926 മുതല്‍ 1948 വരെയാണ്‌ ധ്യാന്‍ചന്ദിന്റെ അന്താരാഷ്ട്ര കരിയര്‍. ഇന്ത്യക്ക്‌ വേണ്ടി 185 മത്സരങ്ങളാണ്‌ ഈ കാലയളവില്‍ അദ്ദേഹം കളിച്ചത്‌. ബാല്യകാലത്ത്‌ ഗുസ്‌തിയോടായിരുന്നു ധ്യാന്‍ചന്ദിന്‌ പ്രിയം. പതിനാലാം വയസിലാണ്‌ ഹോക്കി സ്‌റ്റിക്ക്‌ കൈയ്യിലേന്തിയത്‌. ബ്രിട്ടീഷ്‌ ഇന്ത്യന്‍ ആര്‍മിയില്‍ ചേര്‍ന്നതിന്‌ ശേഷം ഹോക്കി കൂടുതലായി പരിശീലിച്ചു. റെജിമെന്റിലെ ജോലികള്‍ കഴിഞ്ഞാല്‍ രാത്രിയിലെ നിലാവെളിച്ചത്തില്‍ ധ്യാന്‍ചന്ദ്‌ ഹോക്കി പരിശീലനം നടത്തുമായിരുന്നു. സൈനിക ടീമില്‍ മികച്ച പ്രകടനം കാഴ്‌ചവെച്ചത്‌ 1928 ഒളിമ്പിക്‌ ടീമിലേക്ക്‌ സെലക്ഷന്‌ വഴിയൊരുക്കി. തുടരെ മൂന്ന്‌ ഒളിമ്പിക്‌സില്‍ ഇന്ത്യയെ ഹോക്കി ചാമ്പ്യന്‍മാരാക്കി ധ്യാന്‍ചന്ദ്‌ ലോകനെറുകയിലെത്തി. നാല്‍പ്പത്തിരണ്ടാം വയസില്‍ ഹോക്കിയില്‍ നിന്ന്‌ വിരമിക്കുമ്പോള്‍ ധ്യാന്‍ചന്ദ്‌ ലോകഹോക്കിയിലെ സെലിബ്രിറ്റിയായിരുന്നു. 1956 ല്‍ പഞ്ചാബ്‌ റെജിമെന്റില്‍ മേജര്‍ ആയിരിക്കെ പട്ടാളത്തില്‍ നിന്ന്‌ ധ്യാന്‍ചന്ദ്‌ വിരമിച്ചു. ആ വര്‍ഷം രാജ്യം പദ്‌മഭൂഷണ്‍ നല്‍കി ആദരിച്ചു.

ഭാരതര്‌തനയില്‍ വിവാദം..

1979 ഡിസംബര്‍ മൂന്നിന്‌ ധ്യാന്‍ചന്ദ്‌ അന്തരിച്ചു. കരള്‍രോഗ ബാധയെ തുടര്‍ന്ന്‌ ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സില്‍ വെച്ചായിരുന്നു അന്ത്യം. ഉത്തര്‍പ്രദേശിലെ ത്സാന്‍സി ഹീറോസ്‌ ഗ്രൗണ്ടിലാണ്‌ സംസ്‌കരിച്ചത്‌. രാജ്യത്തെ കായികമേഖലയെ, യുവാക്കളെ, ജനതയെ ഒരുപോലെ പ്രചോദിപ്പിച്ച ധ്യാന്‍ചന്ദിന്‌ ഭാരതരത്‌ന പുരസ്‌കാരം ഇനിയും ലഭിച്ചിട്ടില്ല. 2011 വരെ കായികതാരങ്ങള്‍ക്ക്‌ ഈ പുരസ്‌കാരം നല്‍കാന്‍ നിയമപരമായി വ്യവസ്ഥയില്ലായിരുന്നു. 2011 ഡിസംബറില്‍ കായികരംഗത്തുള്ളവരെക്കൂടി ഉള്‍പ്പെടുത്താന്‍ നിയമം ഭേദഗതി ചെയ്‌തു. തുടര്‍ന്ന്‌ 2013 ല്‍ കായിക മന്ത്രാലയം ഭാരതരത്‌നയ്‌ക്കായി ധ്യാന്‍ചന്ദിന്റെ പേര്‌ ശുപാര്‍ശ ചെയ്‌തെങ്കിലും, അന്നത്തെ യു പി എ സര്‍ക്കാര്‍ ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെയാണ്‌ പുരസ്‌കാരത്തിന്‌ പരിഗണിച്ചത്‌.

സച്ചിനൊപ്പം ധ്യാന്‍ചന്ദും വേണം...

സച്ചിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന്‌ വിരമിച്ചതിന്‌ തൊട്ടുപിന്നാലെ, ഭാരതരത്‌ന നല്‍കി ആദരിക്കുന്നത്‌ രാജ്യത്തിന്റെ വികാരം അനുകൂലമാക്കുമെന്ന്‌ സര്‍ക്കാര്‍ വിലയിരുത്തി. ഇതാണ്‌ അവസാനനിമിഷം കായികമന്ത്രാലയത്തിന്റെ ഫയലുകള്‍ മറികടന്ന്‌ സച്ചിന്‌ ഭാരതരത്‌ന നല്‍കുന്നതില്‍ കലാശിച്ചത്‌. ഇപ്പോഴും ജനകീയ ക്യാമ്പയിനുകളിലൂടെ മുന്‍കാല ഹോക്കി താരങ്ങള്‍ ധ്യാന്‍ചന്ദിന്‌ ഭാരതരത്‌ന മരണാനന്തരബഹുമതിയായി നല്‍കണമെന്നാവശ്യം ഉന്നയിക്കുന്നുണ്ട്‌. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഭാരതരത്‌ന അര്‍ഹിക്കുന്ന വ്യക്തിയാണ്‌. എന്നാല്‍, ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ഹോക്കിയെ അടയാളപ്പെടുത്തിയ ഇതിഹാസതാരം ധ്യാന്‍ചന്ദിനെ മറന്നുപോകുന്നത്‌ നീതിയല്ല.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ കാണാന്‍ ഇവിടെ ക്ലിക്‌ ചെയ്യുക https://www.youtube.com/live/s0LLVQeMmtU?si=dk5I_fwDc9XnIC95

PREV
Read more Articles on
click me!

Recommended Stories

ആല്‍‌വാരസ് വരാൻ സാധ്യതയില്ല! ഹൻസി ഫ്ലിക്കിന്റെ പ്ലാൻ ബി എന്തായിരിക്കും?
പെരെഡസിന് വീട്ടിലിരിക്കാം! 'തല്ലിത്തോറ്റ' മെസിപ്പടയ്ക്ക് 'ഗപ്പ്' കൊടുത്ത് ഫിഫ