
കേരള ക്രിക്കറ്റ് ലീഗില്‍ സുപ്പർ താരം സഞ്ജു സാംസണിന്റെ ഇന്നിങ്സുകള്‍ക്ക് കൊടിയിറങ്ങിയിരിക്കുന്നു. ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിനൊപ്പം ചേരാനൊരുങ്ങുന്ന സഞ്ജുവിന്റെ സംഭാവനകള്‍ ഇനി കൊച്ചി ബ്ലൂ ടൈഗേഴ്‌സിനുണ്ടാകില്ല. കഴിഞ്ഞ സീസണില്‍ സെമി ഫൈനല്‍ മോഹം ഉപേക്ഷിച്ച് മടങ്ങേണ്ടി വന്ന കൊച്ചി ഇത്തവണ അവസാന നാലിലെത്തിയ ആദ്യ ടീമായി മാറി. ഇതിന് പിന്നില്‍ സഞ്ജുവിന്റെ ബാറ്റിന്റെ കരുത്ത് ചെറുതായിരുന്നില്ല. സഞ്ജുവിന്റെ മികവില്‍ മാത്രമാണോ കൊച്ചിയുടെ കുതിപ്പ്, സഞ്ജുവില്ലാതെയും വിജയം വെട്ടിപ്പിടിക്കാൻ നീലക്കടുവകള്‍ക്കാകുമോ?
സീസണില്‍ ഇതുവരെ കൊച്ചി കളിച്ചത് ഒൻപത് മത്സരങ്ങളാണ്. ഇതില്‍ ഏഴെണ്ണത്തില്‍ വിജയം നേടിയ കൊച്ചിക്ക് 14 പോയിന്റാണുള്ളത്. ആറ് മത്സരങ്ങളില്‍ മാത്രമാണ് സഞ്ജു കളത്തിലിറങ്ങിയത്. ബാറ്റ് ചെയ്തതാകട്ടെ അഞ്ച് ഇന്നിങ്സുകളിലും. അഞ്ച് ഇന്നിങ്സുകളിലായി 368 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. ശരാശരി 73, സ്ട്രൈക്ക് റേറ്റ് 186. അഞ്ച് ഇന്നിങ്സുകളില്‍ നാലെണ്ണത്തിലാണ് സഞ്ജു ഓപ്പണറായി ക്രീസിലെത്തിയത്. ഒരു സെഞ്ച്വറിയും മൂന്ന് അർദ്ധ സെഞ്ച്വറികളും നേടി. ഉയർന്ന സ്കോർ ഏരീസ് കൊല്ലം സെയിലേഴ്‌സിനെതിരെ 51 പന്തില്‍ നേടിയ 121 റണ്‍സ്.
അഞ്ച് ഇന്നിങ്സുകളില്‍ മാത്രം ബാറ്റ് ചെയ്യാനിറങ്ങിയ സഞ്ജുവാണ് ടൂർണമെന്റിലെ ടോപ് സ്കോറർമാരില്‍ ഇപ്പോഴും മൂന്നാം സ്ഥാനത്തുള്ളത്. സിക്സറുകള്‍ ഏറ്റവുമധികം പിറന്നതും സഞ്ജുവിന്റെ ബാറ്റില്‍ നിന്നാണ്, 30 എണ്ണം. അതായത് ശരാശരി ഒരു ഇന്നിങ്സില്‍ സഞ്ജു ആറ് പന്തുകള്‍ നിലം തൊടാതെ ഗ്യാലറിയിലെത്തിക്കുന്നുണ്ട്. സഞ്ജു ബാറ്റ് ചെയ്ത മത്സരങ്ങളില്‍ കൊച്ചി സ്കോർ ചെയ്ത ആകെ റണ്‍സ് 976 ആണ്. 28 എക്സ്ട്രാസ് മാറ്റി നിർത്തിയാല്‍ 948 റണ്‍സ്. ഇതില്‍ സഞ്ജുവിന്റെ സംഭാവന 368 റണ്‍സാണ്, 38 ശതമാനം. കൊച്ചിക്ക് എത്രത്തോളം പ്രധാനമായിരുന്നു സഞ്ജുവെന്നത് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു.
എന്നാല്‍, കൊച്ചി സഞ്ജുവിനെ ഉപയോഗിച്ച വിധം നോക്കാം. ഏഷ്യ കപ്പിനുള്ള ടീമില്‍ ഭാഗമായതുകൊണ്ട് തന്നെ കെസിഎല്ലില്‍ ഉടനീളം സഞ്ജുവിന്റെ സേവനമുണ്ടാകില്ലെന്ന വ്യക്തത കൊച്ചിക്കുണ്ടായിരുന്നു. അതിനാല്‍ തന്നെ ലീഗ് ഘട്ടത്തില്‍ മൂന്ന് മത്സരങ്ങളില്‍ സഞ്ജുവില്ലാതെ കൊച്ചി കളത്തിലെത്തുകയും ചെയ്തിരുന്നു. സഞ്ജു ബാറ്റ് ചെയ്യാതെ ഒന്നും. അങ്ങനെ നാല് മത്സരങ്ങളിലാണ് സഞ്ജുവിന്റെ അഭാവം ബാറ്റിങ് നിരയില്‍ അനുഭവപ്പെട്ടത്. ഇതില്‍ കൊച്ചി പരാജയപ്പെട്ടത് ഒരു കളിയില്‍ മാത്രമായിരുന്നു, കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാഴ്‌സിനെതിരെ.
തൃശൂര്‍ ടൈറ്റൻസ്, കാലിക്കറ്റിനെതിരായ രണ്ടാം മത്സരം, ട്രിവാൻഡ്രം റോയല്‍സിനെതിരായ ഉദ്ഘാടന മത്സരം എന്നിവയാണ് ജയിച്ചവ. സഞ്ജുവിന്റെ അഭാവത്തില്‍ ഉത്തരവാദിത്തം ഏറ്റെടുക്കാൻ കഴിയുന്ന നിരവധി ബാറ്റർമാര്‍ ഒപ്പമുണ്ട് എന്നതാണ് കൊച്ചിയുടെ കരുത്ത്. അവരില്‍ ഏറ്റവും പ്രധാനി ഓപ്പണറായ വിനൂപ് മനോഹരനാണ്. ഒൻപത് കളികളില്‍ നിന്ന് 292 റണ്‍സുമായി വിനൂപ് ടോപ് സ്കോറര്‍മാരില്‍ അഞ്ചാം സ്ഥാനത്തുണ്ട്. രണ്ട് അര്‍ദ്ധ സെഞ്ച്വറികളാണ് താരത്തിന്റെ പേരിലുള്ളത്.
വിനൂപിന്റെ ആകെ റണ്‍സില്‍ 80 ശതമാനവും ബൗണ്ടറികളില്‍ നിന്നുമാണെന്നതും താരത്തിന്റെ ഹിറ്റിങ് എബിലിറ്റി വ്യക്തമാക്കുന്നു. ഇതിന് പുറമെ ടീമിന്റെ നായകനും സഞ്ജുവിന്റെ സഹോദരനുമായ സാലി സാംസണ്‍, മുഹമ്മദ് ഷാനു, മുഹമ്മദ് ആഷിഖ്, അല്‍ഫി ഫ്രാൻസിസ്, ജിഷ്ണു തുടങ്ങിയവരെല്ലാം ടീമിന്റെ ബാറ്റിങ് നിരയുടെ കരുത്ത് വര്‍ധിപ്പിക്കുന്നവരാണ്. ആഷിഖും ആല്‍ഫിയും അവസാന ഓവറുകളില്‍ കത്തിക്കയറാൻ കെല്‍പ്പുള്ളവരും.
ബൗളിങ്ങിലേക്ക് എത്തിയാലും കൊച്ചിയുടെ താരങ്ങള്‍ മുൻപന്തിയിലുണ്ട്. കെഎം ആസിഫ് 13 വിക്കറ്റുകള്‍, ആഷിഖ് 11 വിക്കറ്റുകള്‍, ജെറിൻ പിഎസ് ഒൻപത് വിക്കറ്റുകള്‍. മൂവരും വിക്കറ്റ് വേട്ടയില്‍ ആദ്യ പത്തിലുണ്ട്. അതുകൊണ്ട് സഞ്ജുവിന്റെ അഭാവത്തിലും കൊച്ചിയുടെ കുതിപ്പ് തടയുക എതിരാളികള്‍ക്ക് പ്രയാസമായിരിക്കും.