സച്ചിനും ഗാംഗുലിക്കും കിട്ടിയ ഭാഗ്യം, കോലിക്കും രോഹിത്തിനും പൂജാരക്കും കിട്ടാത്ത യാത്രയയപ്പ്

Published : Aug 30, 2025, 03:16 PM IST
Indian Players Farewell

Synopsis

സച്ചിനുശേഷം എത്ര താരങ്ങള്‍ക്ക് ബിസിസിഐ അങ്ങനെയൊരു യാത്രയപ്പ് നല്‍കിയിട്ടുണ്ട്. ആ അവഗണയുടെ കണക്കെടുത്താല്‍ ഇങ്ങേയറ്റത്തു കഴിഞ്ഞ ദിവസം വിരമിച്ച ചേതേശ്വര്‍ പൂജാരയുടെ പേര് ഏറ്റവും ഒടുവിലിത്തേകാകും.

2013 നവംബര്‍ 16, ഇന്ത്യൻ ക്രിക്കറ്റ് ആരാധകര്‍ ഒരു വിടവാങ്ങൽ പ്രസംഗം കേട്ട് കണ്ണുനിറച്ച ദിനം. കുട്ടിത്തം വിട്ടുമാറാത്ത ഒരു 16കാന്‍റെ പ്രതിഭാതിളക്കവുമായി വന്ന്, രണ്ടര പതിറ്റാണ്ടുകാലം ഇന്ത്യൻ ക്രിക്കറ്റിനെ ഒറ്റക്ക് തോളിലേറ്റി, ബാറ്റിംഗ് ഇതിഹാസമായി മാറിയ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ക്രിക്കറ്റിനോട് വിടവാങ്ങിയ ദിനം. വെസ്റ്റ് ഇന്‍ഡീസിനെതിരെ തന്‍റെ വിടവാങ്ങൽ മത്സരം കളിച്ചശേഷം മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയ പതിനായിരങ്ങളെയും ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആരാധകരുടെയും നെഞ്ചിലൊരു വിങ്ങല്‍ ബാക്കിവെച്ചായിരുന്നു സച്ചിന്‍ ആ വിടവാങ്ങല്‍ പ്രസംഗം നടത്തിയത്. ഹൃദയത്തില്‍ നേരിട്ട് തൊട്ട സച്ചിന്‍റെ വാക്കുകള്‍ ആരാധകരിപ്പോഴും മറന്നുകാണില്ല. ഏതൊരു കായികതാരവും ആഗ്രഹിക്കുന്ന, അര്‍ഹിക്കുന്ന വിടവാങ്ങൽ.

എന്നാല്‍ സച്ചിനുശേഷം എത്ര താരങ്ങള്‍ക്ക് ബിസിസിഐ അങ്ങനെയൊരു യാത്രയപ്പ് നല്‍കിയിട്ടുണ്ട്. ആ അവഗണയുടെ കണക്കെടുത്താല്‍ ഇങ്ങേയറ്റത്തു കഴിഞ്ഞ ദിവസം വിരമിച്ച ചേതേശ്വര്‍ പൂജാരയുടെ പേര് ഏറ്റവും ഒടുവിലിത്തേകാകും. സച്ചിന്‍റെ സമകാലീനനായിരുന്ന വെരി വെരി സ്പെഷ്യല്‍ ലക്ഷ്മണ്‍, ബാറ്റിംഗ് വിസ്ഫോടനങ്ങള്‍ക്കൊണ്ട് ആരാധകരെ കോരിത്തരിപ്പിച്ച വീരേന്ദര്‍ സെവാഗ്, ക്യാന്‍സറിനെപോലും പൊരുതി തോല്‍പിച്ച് ഇന്ത്യയെ വിശ്വവിജയി ആക്കിയ യുവരാജ് സിംഗ്, ഇന്ത്യൻ പേസ് പടയുടെ കുന്തമുനയായിരുന്ന സഹീര്‍ ഖാന്‍, ഇന്ത്യയുടെ നിലവിലെ പരിശീലകനും ഓപ്പണറുമായിരുന്ന ഗൗതം ഗംഭീര്‍, സ്റ്റീവ് വോയുടെ മൈറ്റി ഓസീസിനെ പോലും കൊല്‍ക്കത്തയില്‍ മലര്‍ത്തിയടിച്ച് ഇന്ത്യയുടെ ഐതിഹാസിക ടെസ്റ്റ് പരമ്പര ജയത്തിന് ചുക്കാന്‍ പിടിച്ച ഹര്‍ഭജന്‍ സിംഗ്....

തീർന്നില്ല...ഒരു സ്വാതന്ത്ര്യദിനത്തില്‍ വെറുമൊരു എക്സ് പോസ്റ്റിലൂടെ നിശബ്ദമായി യാത്രപറഞ്ഞുപോയ എം എസ് ധോണി, ധോണിക്കൊപ്പം കളമൊഴിഞ്ഞ സുരേഷ് റെയ്ന, ഐസിസി ടൂര്‍ണമെന്‍റുകളിലെ ഇന്ത്യയുടെ വജ്രായുധമായിരുന്ന ശിഖര്‍ ധവാന്‍, കുംബ്ലെക്ക് ശേഷം ഇന്ത്യയുടെ സ്പിന്‍ ബാറ്റൺ കൈയിലേന്തി ടെസ്റ്റില്‍ ഇന്ത്യയെ വിജയങ്ങളുടെ സ്പിന്‍വലയില്‍ കൊരുത്തിട്ട രവിചന്ദ്രൻ അശ്വിന്‍, സച്ചിനുശേഷം ഇന്ത്യൻ ക്രിക്കറ്റിന്‍റെ മുഖമായി മാറിയ വിരാട് കോലി. സച്ചിനുശേഷം മുംബൈയുടെ ലെഗസി കാത്ത രോഹിത് ശര്‍മ ഒടുവിലിപ്പോള്‍ ചേതേശ്വര്‍ പൂജാരയും. ഇനിയുമുണ്ട് വിട പറഞ്ഞും പറയാതെയും പോയ താരങ്ങളുടെ നീണ്ടനിര.

ഇവരെല്ലാം സച്ചിനെപ്പോലെ മാന്യമായ വിടവാങ്ങല്‍ അര്‍ഹിച്ചിരുന്നു എന്നകാര്യത്തില്‍ ആരാധകര്‍ക്ക് തര്‍ക്കമില്ല. പരിക്കോ ഫോമില്ലായ്മയോ മൂലം ആദ്യം ടീമില്‍ നിന്നൊഴിവാക്കുകയും പിന്നീട് പ്രതിഭകളുടെ കുത്തൊഴുക്കില്‍ വിസ്മൃതിയിലാണ്ട് ഒടുവിലൊരുനാള്‍ വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്യുമ്പോള്‍ മാത്രം വാര്‍ത്തയാവേണ്ടി വന്ന താരങ്ങള്‍. ആ പട്ടികയിലെ അവസാന പേരുകാരനല്ല ചേതേശ്വര്‍ പൂജാര. സച്ചിന്‍ യുഗത്തിനുശേഷം ഇന്ത്യൻ ക്രിക്കറ്റിന്‍റെ പോസ്റ്റര്‍ ബോയ് ആയ വിരാട് കോലിക്കോ രോഹിത് ശർമക്കോ പോലും അര്‍ഹിച്ച വിടവാങ്ങല്‍ ലഭിച്ചില്ലെന്നത് ഇന്ത്യൻ ആരാധകരെ വിഷമിപ്പിക്കുന്നുണ്ടാവും.

എന്നാല്‍ ഇക്കാര്യത്തില്‍ ബിസിസിഐയെ മാത്രം പൂര്‍ണമായും കുറ്റം പറയാനുമാവില്ലെന്ന യാഥാര്‍ത്ഥ്യവുമുണ്ട്. സ്വരം നന്നായിരിക്കുമ്പോള്‍ പാട്ടുനിര്‍ത്തുക എന്നത് ഇന്ത്യൻ കായികരംഗത്തെ പൊതുസ്വഭാവമല്ല. ആദ്യം പുറത്തുപോകുകയും പിന്നീട് തിരിച്ചുവരവിനൊരു അവസരവുമില്ലെന്ന തിരിച്ചറിവില്‍ വിടപറഞ്ഞവരാണ് ഇവരില്‍ പലരും. ആ കണ്ണിയിലേക്ക് പേര് ചേര്‍ക്കാനായി ഇനിയുമൊരുപാട് പേർ കാത്തു നില്‍ക്കുന്നുണ്ട് ക്യൂവില്‍. ഓസ്ട്രേലിയയില്‍ ഇന്ത്യയുടെ അത്ഭുതവിജയത്തിന് ചുക്കാന്‍ പിടിച്ച അജിങ്ക്യാ രഹാനെ, പേസ് നിരയിലെ തലപ്പൊക്കമായിരുന്ന ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍ അര്‍ഹിച്ച വിടവാങ്ങൽ ലഭിക്കാതെ നിശ്ബ്ദമായി കളമൊഴിയാന്‍ കാത്തിരിക്കുന്ന അനവധി നിരവധി താരങ്ങള്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സെറ്റായി ബെംഗളൂരു, ആശയക്കുഴപ്പത്തില്‍ കൊല്‍ക്കത്ത; സ്ക്വാഡ് ഡെപ്തും പോരായ്മകളും
ധോണിയുടെ ഫിയർലെസ് 'പിള്ളേര്‍'! മിനി താരലേലത്തിന് ശേഷം ചെന്നൈ ശക്തരായോ??