കേരള ബ്ലാസ്റ്റേഴ്‌സ് തുടങ്ങി! വെസ്റ്റ്‌വുഡിന്റെ 'പരീക്ഷ' ജയിച്ചവർ ആരൊക്കെ?

Published : Oct 12, 2026, 01:23 PM IST
Kerala Blasters

Synopsis

ഒരുവാരം പോലും പരിശീലന മൈതാനത്ത് ഒരുമിച്ച് കിട്ടാത്ത സംഘവുമായി ഇറങ്ങുമ്പോള്‍ വെസ്റ്റ്‌വുഡിന് ഒരു ലക്ഷ്യമെ ഉണ്ടായിരുന്നുള്ളു...തനിക്ക് ആവശ്യമായതൊക്കെ ആരൊക്കെ നല്‍കുമെന്ന് കണ്ടെത്തണം

22 മണിക്കൂർ നീണ്ട യാത്ര, ഒടുവില്‍ മത്സരത്തിന്റെ തലേന്ന് രാത്രി ഒൻപത് മണിക്ക് ടീമിനൊപ്പം ചേരുന്നു. ശേഷം പരിശീലകനായ ആഷ്‌ലി വെസ്റ്റ്‌വുഡിനോട് തനിക്ക് കളിക്കണമെന്ന് പറയുന്നു...കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗിനിയൻ ഫോർവേഡ് മോമോ യാൻസാനെ...അയാളായിരുന്നു അത്...

ഇന്റർ കാശിക്കെതിരെ രണ്ടാം പകുതിയില്‍ വെസ്റ്റ്‌വുഡ് യാൻസാനെയെ കളത്തിലേക്ക് അയച്ചു. അസാധ്യമായ വർക്ക് റേറ്റ്, അത് ഫൈനല്‍ തേഡില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതായിരുന്നല്ല, ഡിഫൻസീവ് കോണ്‍ട്രിബ്യൂഷൻ, പ്രെസിങ്, ഏരിയല്‍ ബോളുകള്‍ കണക്റ്റ് ചെയ്യാനുള്ള മികവ്...അങ്ങനെ നീളുന്നു...

ഒരുവാരം പോലും പരിശീലന മൈതാനത്ത് ഒരുമിച്ച് കിട്ടാത്ത സംഘവുമായി ഇറങ്ങുമ്പോള്‍ വെസ്റ്റ്‌വുഡിന് ഒരു ലക്ഷ്യമെ ഉണ്ടായിരുന്നുള്ളു...തനിക്ക് ആവശ്യമായതൊക്കെ ആരൊക്കെ നല്‍കുമെന്ന് കണ്ടെത്തണം, യാൻസാനെ അതിന്റെ ഒരു ഉദാഹരണമായിരുന്നു. കളത്തില്‍ പോരായ്മകള്‍ നിരവധിയുണ്ടായിരുന്നു... പക്ഷേ, ഈ ടീമില്‍ പ്രതീക്ഷ അർപ്പിക്കൻ കഴിയും...

കാരണം ഇന്റര്‍ കാശിയെ അവരുടെ മണ്ണില്‍ കീഴടക്കുമ്പോള്‍ ബ്ലാസ്റ്റേഴ്‌സ് നിരയില്‍ നിന്ന് ഇംപ്രസീവായ പ്രകടനം പുറത്തെടുത്തവർ നിരവധിയായിരുന്നു. ആരൊക്കെയെന്ന് പരിശോധിക്കാം.

18-ാം മിനുറ്റ്. ബോക്സിന് പുറത്ത് വലതുപാർശ്വത്തില്‍ നിന്ന് കൊറുവിന്റെയൊരു ബാക്ക് പാസ്. ഫ്രെഡി ലാലോമാമ പന്ത് സ്വീകരിച്ച് തിരികെ കോറുവിലേക്ക് തന്നെ. ശേഷം റൈറ്റ് ഫ്ലാങ്കിലൂടെ തന്നെ ബോക്സിനുള്ളിലേക്ക് കോറുവിന്റെ കുതിപ്പായിരുന്നു, ഇന്റർ കാശിയുടെ പ്രതിരോധനിരയെ വെട്ടിമാറി ബോക്‌സിനുള്ളിലെത്തിയ ശേഷം കട്ട് ബാക്ക് ചേയ്ത് നല്‍കുന്നു. സ്വതന്ത്രനായി നിന്ന വിബിൻ കാലുകളിലേക്കായിരുന്നു ഓറ എത്തിയത്, വണ്‍ ടച്ച് ഫിനിഷ്, ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഗോള്‍...മലയാളി, നായകൻ, വിബിൻ മോഹൻ.

യെസ്, ബ്ലാസ്റ്റേഴ്‌സ് ഗോള്‍ കണ്ടത്തിയ ആ കോമ്പിനേഷൻ. അവര്‍ തന്നെയായിരുന്നു മത്സരത്തിലെ ഏറ്റവും ഇംപാക്റ്റ്‌ഫുള്ളായ ഡുവൊ. വിബിൻ മോഹനനും കോറു സിങ്ങും. മധ്യനിര താരമായ വിബിന് കൂടുതല്‍ സ്വതന്ത്ര്യം വെസ്റ്റ്‌വുഡ് നല്‍കി, മുന്നിലേക്ക് കയറാനും കൂടുതല്‍ അറ്റാക്ക് ചെയ്ത് കളിക്കാനും വിബിന് അതുകൊണ്ട് സാധിച്ചു. ശ്രീക്കുട്ടൻ നിറം മങ്ങുമ്പോഴൊക്കെയും അത് പരിഹരിക്കാൻ വിബിന് സാധിക്കുന്നുണ്ടായിരുന്നു.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്‌സിന്റെ പ്രൊഡക്റ്റീവായ നീക്കങ്ങളൊക്കെയും സംഭവിച്ചത് റൈറ്റ് വിങ്ങില്‍ നിന്നായിരുന്നു. കോറുവിന്റെ ബൂട്ടുകളായിരുന്നു അതിന് കാരണം. പ്രത്യേകിച്ചും വിബിന് അസിസ്റ്റ് നല്‍കിയ പന്ത്, മൂന്ന് ഇന്റർ കാശി താരങ്ങളുടെ പ്രെഷറിനിടെയാണ് കോറു വിബിനെ സ്പോട്ട് ചെയ്യുന്നതും പന്ത് കട്ട് ബാക്ക് ചെയ്ത് ഗോളിന് വഴിയൊരുക്കിയതും. 20-ാം മിനുറ്റില്‍ ശ്രീക്കുട്ടന് ബോക്സിനുള്ളില്‍ പന്ത് ലഭിച്ചപ്പോള്‍ കൃത്യമായി പാസ് സ്വീകരിക്കാൻ കോറു അവിടെയുണ്ടായിരുന്നു. പക്ഷേ, പാസ് സാധ്യമായില്ലെന്ന് മാത്രം...

സെന്റർ ബാക്ക് ജെയിംസ് ബോള്‍ട്ടണ്‍. ഇന്റർ കാശിയുടെ പ്രെസിങ്ങിനിടെ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം ഉലയാതെ പിടിച്ചുനിർത്തിയത് ബോള്‍ട്ടണ്‍‌ന്റെ സാന്നിധ്യമായിരുന്നു. പ്രത്യേകിച്ചും ഇന്റർ കാശിയുടെ ഫോർവേഡ് മൻവീർ സിങ്ങിനെ നിശബ്ദനാക്കി നിർത്തുന്നതില്‍. 70-ാം മിനുറ്റില്‍ ആയുഷ് ചികാരയുടെ ഒരു സോളോ എഫർട്ടുണ്ടായിരുന്നു, ചികാരെയെ ഷോട്ടെടുക്കാൻ വൈകിപ്പിച്ചത് ബോള്‍ട്ടണിന്റെ പൊസിഷനിങ്ങായിരുന്നു...

എല്ലാത്തിനും പുറമെ ബ്ലാസ്റ്റേഴ്‌സിന്റെ പൊസഷൻ നഷ്ടപ്പെടാത്ത തരത്തിലായിരുന്നു ബോള്‍ട്ടണിന്റെ പ്രതിരോധം, ലോങ് ക്ലിയറൻസിന് പകരം പന്ത് നിയന്ത്രിച്ചുകൊണ്ടുള്ള നീക്കങ്ങള്‍. ബോള്‍ട്ടണിന്റെ ഏരിയല്‍ ഡൊമിനൻസും വരും മത്സരങ്ങളില്‍ നിർണായകമാകും. ബോള്‍ട്ടണൊപ്പം പറയേണ്ടതാണ് ഹോർമിപാമിന്റെ കാര്യവും. ഇരുവരും ചേർന്ന് ആറ് ക്ലിയറൻസാണ് നടത്തിയത്...

മിഡ് ഫീല്‍ഡ് ഇന്റർ കാശിയുടെ പ്രെസിങ്ങില്‍ പലപ്പോഴും കയോട്ടിക്കായിരുന്നു. എന്നാല്‍, ബ്ലാസ്റ്റേഴ്‌സിനെ അത്തരം സാഹചര്യങ്ങളെ മറികടക്കാൻ പ്രാപ്തമാക്കിയത് ഐബാൻ ഡോളിങ്ങായിരുന്നു. ഫുള്‍ ബാക്കായി തുടരാതെ മധ്യനിരയിലേക്ക് തന്റെ പൊസിഷനിങ് തുടരെ ഷിഫ്റ്റ് ചെയ്ത് മറ്റൊരു പാസിങ് ഓപ്ഷനാകാൻ ഐബാനായി. അല്‍പ്പം റിസ്‌കിയായ ടാക്റ്റിക്‌സായിരുന്നെങ്കിലും പൊസഷൻ നഷ്ടമാകുമ്പോള്‍ അത് പരിഹരിക്കാൻ ബോള്‍ട്ടണും ഹോർമിപാമിനും ഒരുപരിധിവരെയും സാധിച്ചിട്ടുണ്ട്.

ആന്ദ്ര ഗ്രീനിനെ വലിയ പ്രതീക്ഷയോടെയാണ് എത്തിച്ചതെങ്കിലും നേടിയ ഗോളിനപ്പുറം ഒരു ഇംപാക്റ്റ് തരാൻ താരത്തിനായിരുന്നില്ല. ലെഫ്റ്റ് വിങ്ങിലും സെന്റർ ഫോർവേഡായും ഗ്രീൻ പൊസിഷൻ ഷിഫ്റ്റ് ചെയ്തെങ്കിലും ഇന്റർ കാശിയുടെ പ്രതിരോധത്തെ മറികടക്കാൻ ഇംഗ്ലീഷ് താരത്തിന് കഴിഞ്ഞിരുന്നില്ല. ഗ്രീനിന്റെ നീക്കങ്ങള്‍ ബോക്സിനുള്ളില്‍ എത്തും മുൻപ് തന്നെ ഇല്ലാതാക്കാൻ അവർക്ക് സാധിച്ചു. കോറു വലതുവിങ്ങില്‍ നല്‍കിയ ഇംപാക്റ്റ് ഇടതുവശത്ത് സംഭവിക്കാത്തതിന്റെ കാരണവും ഇതായിരുന്നു.

പോരായ്മകള്‍ പലതുണ്ടെങ്കിലും അതില്‍ ഒന്ന് പറയാതെ പോകാനാകില്ല. അത് ബോക്സിനുള്ളിലെ ഡിസിഷൻ മേക്കിങ്ങിലെ വീഴ്ചകളാണ്. എത്രയെത്ര അവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടെങ്കിലും അത് ഗോളിലേക്ക് എത്തിക്കാൻ സാധിക്കാതെ പോയിട്ടുണ്ട്. രണ്ടാം പകുതിയുടെ ആദ്യ 20 മിനുറ്റുകളിലാണ് ബ്ലാസ്റ്റേഴ്‌സ് മത്സരത്തില്‍ വെല്‍ കണ്‍ട്രോള്‍ഡായി കാണപ്പെട്ടത്. അല്ലാത്തപ്പോള്‍ പൊസഷൻ ഉണ്ടെങ്കിലും കണ്‍ട്രോള്‍ ഉണ്ടായിരുന്നില്ല.

PREV
Read more Articles on
click me!

Recommended Stories

ഒന്നുകില്‍ വിനി, അല്ലെങ്കില്‍ എംബാപെ! റയല്‍ മാഡ്രിഡിന് നല്ലത് രണ്ടിലൊരാള്‍?
പേപ്പറിലുണ്ട്, കളത്തിലും വേണം! വെസ്റ്റ്‌വുഡിന്റെ ബ്ലാസ്റ്റേഴ്‌സ് സെറ്റാണോ?