
സാക്ഷാല്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയെ വരെ നിയന്ത്രിച്ച ഹോസെ മൗറിഞ്ഞ്യോയ്ക്കും ആകില്ലെ. ഇടവേള കഴിഞ്ഞു, റയല്‍ മാഡ്രിഡിന്റെ ഡ്രസിങ് റൂമില്‍ നിന്ന് ഒരിക്കല്‍ക്കൂടി ശുഭകരമല്ലാത്ത പലതും പുറത്ത് വരുന്നു, കേന്ദ്രബിന്ദുവായി കിലിയൻ എംബാപെയും.
രണ്ട് വര്‍ഷം മുൻപ് കഥ ഇങ്ങനെയൊന്നുമായിരുന്നില്ല, ബെര്‍ണബ്യൂവിലെ ആ വലിയ ഷെല്‍ഫിലേക്ക് ചാമ്പ്യൻസ് ലീഗ് കിരീടം 15-ാം തവണ എത്തുന്നു, പിന്നാലെ യുവേഫ സൂപ്പര്‍ കപ്പും ഫിഫ ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പും...ശേഷം കിലിയൻ എംബാപെ ആ വിഖ്യാത ജഴ്സി അണിയുന്നു, ടോണി ക്രൂസും ലൂക്ക മോഡ്രിച്ചും പടിയിറങ്ങുന്നു...റയല്‍ പന്തുതട്ടുന്ന മൈതാനങ്ങളിലൊക്കെയും ഒരു ക്രിയേറ്റിവ് മിഡ് ഫീല്‍ഡറുടെ അഭാവം നിഴലിക്കുമ്പോഴും അതിലും വലുത് മറ്റൊരു വശത്തുണ്ടായിരുന്നു.
സൂപ്പര്‍ താരങ്ങള്‍ക്കിടയിലെ ഒത്തൊരുമയില്ലായ്മ, ഈഗോ. അത് ഏറ്റവുമധികം പ്രകടമായിരുന്നത് മുൻനിരയിലാണ്, വിനീഷ്യസ് ജൂനിയറും എംബാപെയും. രണ്ട് പേര്‍ക്കും ഒത്തുപോകാനാകില്ലെ? ഒരാള്‍ മാത്രം തുടരുന്നതാണോ ക്ലബ്ബിന് ഉചിതം?
മേജർ കിരീടങ്ങളൊന്നുമില്ലാത്ത രണ്ട് വർഷം, പരിശീലകരിലെ പരീക്ഷണങ്ങള്‍, ഒടുവില്‍ മൗറിഞ്ഞ്യോ എന്ന പേരിലേക്ക് ഫ്ലോറന്റീനൊ പേരേസ് എത്തിയത് ടൈറ്റിലുകള്‍ മാത്രം ലക്ഷ്യമിട്ടായിരുന്നില്ല, ഡ്രെസിങ് റൂമില്‍ അടുക്കും ചിട്ടയും കൊണ്ടുവരാൻ വേണ്ടിയാണ്.
വിയ്യാറയലിനെതിരെ ലീഗ് മത്സരത്തില്‍ വിനിയെ പുറത്തിരുത്തി, എംബാപെയെ സെൻട്രല്‍ സ്ട്രൈക്കറാക്കിയാണ് മൗറിഞ്ഞ്യോ കളിമെനഞ്ഞത്. അതിന് കൃത്യമായ കാരണമുണ്ടായിരുന്നു. ഒന്ന്, വിനിയുടെ ഫോം തന്നെയാണ്, മറ്റൊന്ന് വിനിയും എംബായും ഇലവനില്‍ വരുമ്പോള്‍ ടീം സ്ട്രക്ചറിന് സംഭവിക്കുന്ന വള്‍നറബിലിറ്റിയാണ്.
വിയ്യാറയലിനെതിരായ മത്സരത്തിന് മുൻപ് നടന്ന മാഡ്രിഡ് ഡര്‍ബിയെടുക്കാം. 2-1ന് റയല്‍ പരാജയപ്പെടുമ്പോള്‍ സ്കോര്‍ ഷീറ്റില്‍ എംബാപയുടേയോ വിനിയുടേയോ പേരുണ്ടായിരുന്നില്ല. സീസണില്‍ 10 ഗോള്‍ കോണ്‍ട്രിബ്യൂഷനാണ് എംബാപയുടെ പേരിലുള്ളത്, റയലിനായി മാത്രം. വിനിയാകട്ടെ തന്റെ കരിയറിലെ തന്നെ ഏറ്റവും മോശം ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്, ഒരു ഗോളാണ് റയല്‍ ജഴ്സിയില്‍ സീസണിലാകെയുള്ള നേട്ടം.
ലോക ഫുട്ബോളിലെ തന്നെ ഏറ്റവും മികച്ച രണ്ട് താരങ്ങളുടെ അത്ലറ്റിക്കൊ മാഡ്രിഡിനെതിരെയുള്ള പിച്ച് ഹീറ്റ് മാപ്പ് പരിശോധിക്കുമ്പോഴാണ് വിനിയും എംബാപയും മൈതാനത്തുള്ളപ്പോള്‍ റയല്‍ നേരിടുന്ന വെല്ലുവിളി വ്യക്തമാകുന്നത്. അത്ലറ്റിക്കോയ്ക്ക് എതിരെ വിനി ഇടതു വിങ്ങില്‍, ബെല്ലിങ്ഹാം അറ്റാക്കിങ് മിഡ് ഫീല്‍ഡര്‍, ആര്‍ദ ഗൂളര്‍ വലതുവിങ്ങില്‍, എംബാപെ സെന്റര്‍ ഫോര്‍വേഡ്. ഇതായിരുന്നു ഫോര്‍മേഷൻ. എന്നാല്‍, ഹീറ്റ് മാപ്പില്‍ വിനിയ്ക്ക് ഒപ്പം എംബാപെയുടെ സാന്നിധ്യം ഇടതുവിങ്ങില്‍ കാണാനാകും. ഇരുവരും ആഗ്രഹിക്കുന്നത് ഒരു പൊസിഷനില്‍ കളിക്കുക എന്നതാണ്.
എംബാപയുടേയും വിനിയുടേയും ഡിഫൻസീവ് കോണ്‍ട്രിബ്യൂഷൻ കുറവാണെന്ന യാഥാര്‍ത്ഥ്യം ഏറെ നാളായി മുന്നിലുണ്ട്. അല്‍പ്പമൊക്കെ മാറ്റം ഈ സമീപനത്തില്‍ വരുത്താൻ മൗറിഞ്ഞ്യോയ്ക്ക് സാധിക്കുന്നുണ്ട്. പക്ഷേ, അറ്റാക്ക് ചെയ്യുമ്പോള്‍ കാര്യങ്ങള്‍ ഇവിടെ വ്യത്യസ്തമാണ്. റയലിനെ സംബന്ധിച്ച് ബെല്ലിങ്ഹാമും ഗൂളറുമാണ് ടോപ് ഫോമിലുള്ള താരങ്ങള്‍, ക്രിയേറ്റീവ് ഹെഡുകള്‍. എന്നാല്‍ വിനിയും എംബാപയും ഒരേ സ്പേസിലൂടെ നീങ്ങുമ്പോള്‍ എങ്ങനെ ഒരു അറ്റാക്ക് അതിന്റെ പൂര്‍ണതയിലെത്തുമെന്നതാണ് ചോദ്യം.
ഇത് എതിര്‍ പ്രതിരോധനിരയുടെ ജോലി എളുപ്പമാക്കുന്ന ഘടകമാണ്. എംബാപെയും വിനിയും ഫൈനല്‍ തേഡില്‍ സ്പ്രഡ് ചെയ്യാൻ വിസമ്മതിക്കുന്ന പക്ഷം ഒപ്പോസിഷൻ ഡിഫൻസിന് ഇടതുവിങ്ങിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ മതിയാകും. ഇത് ഗോള്‍ അവസരം സൃഷ്ടിക്കുന്നതില്‍ നിന്ന് റയലിനെ പിന്നോട്ട് വലിക്കുകയും ചെയ്യുന്നു. വിനിയും എംബാപെയും കൃത്യമായ പൊസിഷനില്‍ തുടര്‍ന്നാല്‍ പരിഹരിക്കാവുന്ന ഒന്നാണിത്, പക്ഷേ ഇരുവരും അതിന് തയാറാകുന്നുമില്ല. ഇരുവരേയും ഉപയോഗിച്ച് ടാക്റ്റിക്കല്‍ ബാലൻസ് അച്ചീവ് ചെയ്യുകയെന്നത് മൗറിഞ്ഞ്യോയെ സംബന്ധിച്ച് വെല്ലുവിളിയാണ്.
ഇരുവരുടെയും ബെസ്റ്റ് ഒരുപോലെ പുറത്തെടുക്കാൻ ഡോണ്‍ കാര്‍ലൊ മുതല്‍ സാബിക്കും ആര്‍ബലോവയ്ക്കും സാധിച്ചിട്ടില്ല, സമാനമായ ചുഴിയിലാണ് മൗറിഞ്ഞ്യോയും. ഇത് പരിഹരിക്കാൻ കഴിയാതെ പോയാല്‍ റയലിന്റെ കിരീട വരള്‍ച്ച തുടരും, അല്ലെങ്കില്‍ ഒരാള്‍ ബെര്‍ണബ്യൂ വിടേണ്ടി വരും...