രണ്ടാം ടെസ്റ്റില്‍ 'തിരിച്ച്' എത്താൻ ഇന്ത്യ; കുല്‍ദീപോ സുന്ദറോ, സാധ്യത ആർക്ക്?

Published : Jul 01, 2025, 10:35 AM IST
Kuldeep Yadav

Synopsis

എഡ്‌ജ്‌ബാസ്റ്റണില്‍ ബൗളിങ് അറ്റാക്ക് ഇന്ത്യ എങ്ങനെ ഒരുക്കുമെന്നതാണ് ആകാംഷ

എ‍ഡ്‌ജ്‌ബാസ്റ്റണിലെ സാഹചര്യങ്ങളും വിക്കറ്റും പേസിനെയാണോ തുണയ്ക്കുക അല്ലെങ്കില്‍ സ്പിന്നിനെയാണോ? പിന്നോട്ടുള്ള ചരിത്രം പരിശോധിച്ചാല്‍ പേസിന് അനുകൂലമാണ് കാര്യങ്ങള്‍. എന്നാല്‍, ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിനുള്ള വിക്കറ്റില്‍ സ്പിന്നർമാരെ സഹായിക്കാൻ കെല്‍പ്പുള്ള ഡ്രൈനസും പാച്ചസുമൊക്കെയുണ്ടെന്നാണ് റിപ്പോർട്ടുകള്‍. ചെറിയ അളവില്‍ ഗ്രീൻ ടോപുമാണ്. ഇതിന് പുറമെ ഒന്ന്, നാല്, അഞ്ച് ദിവസങ്ങളില്‍ മഴസാധ്യതയും നിലനില്‍ക്കുന്നു.

ബൗളിങ് അറ്റാക്ക് ഇന്ത്യ എങ്ങനെ ഒരുക്കുമെന്നതാണ് ആകാംഷ. രണ്ട് സ്പിന്നര്‍മാരുടെ സാന്നിധ്യം ഇതിനോടകം തന്നെ ബാറ്റിങ് പരിശീലകൻ റയാൻ ടെൻ ഡൊസ്ഷാറ്റെ സ്ഥിരീകരിച്ചിട്ടുണ്ട്. ഒന്നാം സ്പിന്നറായി രവീന്ദ്ര ജഡേജയായിരിക്കുമെന്നത് പ്രവചിക്കാനാകും. രണ്ടാം സ്പിന്നര്‍ ആരാകുമെന്നതാണ് ചോദ്യം. കുല്‍ദീപ് യാദവ്, വാഷിങ്ടണ്‍ സുന്ദര്‍ എന്നിങ്ങനെ രണ്ട് സാധ്യതകളാണ് മുഖ്യപരിശീലകൻ ഗൗതം ഗംഭീറിനും നായകൻ ശുഭ്‌മാൻ ഗില്ലിനും മുന്നിലുള്ളത്.

ഫോര്‍മാറ്റുകള്‍ക്ക് അതീതമായി ഓള്‍റൗണ്ടര്‍മാര്‍ക്ക് മുൻതൂക്കം നല്‍കുന്ന ശൈലിയാണ് ഇന്ത്യ അടുത്തിടയായി സ്വീകരിക്കുന്നത്. ഇത് വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ വലിയ വിജയങ്ങളിലേക്ക് നയിച്ചപ്പോള്‍ ടെസ്റ്റ് ക്രിക്കറ്റിലും ആവര്‍ത്തിക്കുക തന്നെയായിരിക്കും ലക്ഷ്യം. അതിനാല്‍ തന്നെ സുന്ദറിനേയും കുല്‍ദീപിനേയും പരിഗണിക്കുമ്പോള്‍ സുന്ദറിനാകും മേല്‍ക്കൈ. കഴിഞ്ഞ വ‍ര്‍ഷത്തെ ന്യൂസിലൻഡ് പരമ്പര മുതല്‍ സുന്ദറിന് ലഭിക്കുന്ന അവസരങ്ങള്‍ തന്നെ ഉദാഹരിക്കാം.

ഇന്ത്യയുടെ ഇതിഹാസ ഓഫ് സ്പിന്നറായ രവിചന്ദ്രൻ അശ്വിന്റെ സാന്നിധ്യമുണ്ടായിട്ടും ന്യൂസിലൻഡ് പരമ്പരയില്‍ തിളങ്ങിയത് സുന്ദറായിരുന്നു. കളിച്ച രണ്ട് ടെസ്റ്റില്‍ നിന്ന് 16 വിക്കറ്റുകളാണ് നേടിയത്. അക്സര്‍ പട്ടേലിനും കുല്‍ദീപ് യാദവിനും മുകളിലായിരുന്നു സുന്ദറിന് അന്ന് പരിഗണന ലഭിച്ചതും. ഗംഭീറിന്റെ തീരുമാനത്തെ നീതികരിക്കുന്നതായിരുന്നു സുന്ദറിന്റെ പ്രകടനവും. അശ്വിനുള്ള ഒരു മുന്നറിയിപ്പ് കൂടിയായി മാറുകയായിരുന്നു ആ പരമ്പര.

ഹോം കണ്ടീഷനുകളില്‍ അശ്വിനേക്കാള്‍ എഫക്ടീവാകാൻ സുന്ദറിന് കഴിഞ്ഞു. ബോര്‍ഡര്‍-ഗവാസ്ക്കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ ജഡേജയ്ക്കും അശ്വിനും ബെഞ്ചിലിരിക്കുകയും സുന്ദര്‍ കളത്തിലെത്തുകയും ചെയ്തിരുന്നു. വിദേശ വിക്കറ്റുകളില്‍ ഇരുവരേക്കാള്‍ മികച്ച ഓള്‍ റൗണ്ടര്‍ സുന്ദറായിരിക്കുമെന്ന കണക്കുകൂട്ടലുകള്‍ ഇന്ത്യയ്ക്കുണ്ടെന്നതിന്റെ തെളിവ് കൂടിയായി ബോര്‍ഡര്‍ ഗവാസ്ക്കര്‍ ട്രോഫി മാറുകയും ചെയ്തു.

കുല്‍ദീപിന്റെ സാധ്യതകള്‍ ചെറുതല്ല. ബിര്‍മിങ്ഹാമില്‍ ഇന്ത്യയ്ക്കില്ലാതെ പോയത് ബുംറയെ പിന്തുണയ്ക്കാൻ പോന്ന ഒരു വിക്കറ്റ് ടേക്കിങ് ബൗളറുടെ അഭാവമായിരുന്നു. ഇവിടെയാണ് കുല്‍ദീപിന്റെ പ്രധാന്യം. കുല്‍ദീപ് ഒരു വിക്കറ്റ് ടേക്കിങ് ബൗളറാണ്. ചൈനാമാനായതുകൊണ്ട് തന്നെ എളുപ്പത്തില്‍ പിക്ക് ചെയ്യാൻ കഴിയുന്ന സ്പിന്നറല്ല, ഇരുവശത്തേക്കും പന്ത് തിരിക്കാനുള്ള മികവും മറ്റാരേക്കാള്‍ കുല്‍ദീപിനുണ്ട്.

എട്ട് വര്‍ഷം നീണ്ട ടെസ്റ്റ് കരിയറില്‍ കേവലം 13 മത്സരങ്ങള്‍ മാത്രമാണ് കുല്‍ദീപ് കളിച്ചിട്ടുള്ളത്. ജഡേജയ്ക്കും അശ്വിനും ബാറ്റ് ചെയ്യാൻ സാധിക്കുമെന്ന ആനുകൂല്യമായിരുന്നു കുല്‍ദീപിന്റെ സാധ്യതകളെ ഇല്ലാതാക്കിയതും. ബിര്‍മിങ്ഹാമില്‍ ജഡേജയെപ്പോലൊരു പ്രീമിയം സ്പിന്നറിനെ ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ അനായാസം നേരിട്ടത് സ്വീപ്പ് ഷോട്ടുകളിലൂടെയായിരുന്നു, മുപ്പതിലധികം തവണ. പ്രത്യേകിച്ചും ബെൻ ഡക്കറ്റ്. പിന്നാലെ വന്ന ബെൻ സ്റ്റോക്ക്‌സും ജോ റൂട്ടും അത് ആവര്‍ത്തിക്കുകയും ചെയ്തിരുന്നു.

ഇവിടെയാണ് ഇന്ത്യ ഔട്ട് ഓഫ് ദ ബോക്‌സ് ചിന്തിക്കേണ്ടതും. റിസ്റ്റ് സ്പിന്നറായ കുല്‍ദീപിനെതിരെ സ്വീപ്പ് ഷോട്ട് കളിക്കുക എന്നത് എളുപ്പമുള്ള ഒന്നല്ല. അണ്‍പ്രഡിക്റ്റബിലിറ്റി മാത്രമല്ല ബാറ്റര്‍മാരില്‍ നിന്ന് എഡ്‌ജ് സൃഷ്ടിക്കാനും കുല്‍ദീപിന്റെ പന്തുകള്‍ക്ക് സാധിക്കും. റിലീസ് പോയിന്റിലെ മാറ്റവും വേഗത വര്‍ധിപ്പിച്ചതുമെല്ലാം കുല്‍ദീപിന്റെ അറ്റാക്കിങ് എബിലിറ്റിയേയും ഒരുപടി ഉയര്‍ത്തിയിട്ടുണ്ടെന്ന് നിസംശയം പറയാനാകും.

ഇതിന്റെ ഉദാഹരണമായിരുന്നു ഇംഗ്ലണ്ടിന്റെ കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യൻ പര്യടനം. 19 വിക്കറ്റുകളാണ് പരമ്പരയില്‍ നേടിയതും. കുല്‍ദീപ് ജഡേജയേപ്പോലെ അല്ലെങ്കില്‍ സുന്ദറിനെപ്പോലെ ഒരു ഹൈ സ്കോറിങ് ബാറ്ററായിരിക്കില്ല. പക്ഷേ, ഒരറ്റത് നിലയുറപ്പിക്കാൻ കുല്‍ദീപിന് കഴിയും. ഇംഗ്ലണ്ടിനെതിരായ രാജ്കോട്ട് ടെസ്റ്റില്‍ 96 പന്തില്‍ 27 റണ്‍സ്, റാഞ്ചിയില്‍ 131 പന്തില്‍ 28, ധരംശാലയില്‍ 69 പന്തില്‍ 30 എന്നിങ്ങനെയാണ് കുല്‍ദീപിന്റെ പരമ്പരയിലെ അവസാന മൂന്ന് ഇന്നിങ്സുകള്‍.

 

PREV
Read more Articles on
click me!

Recommended Stories

മുന്നിലുള്ളത് 10 മത്സരങ്ങള്‍, ലോകകപ്പിനുള്ള ഇന്ത്യൻ ടീമില്‍ ആരൊക്കെയെത്തും?, സഞ്ജുവിന് ഏറെ നിര്‍ണായകം
'ഫിനിഷർ' വേണ്ട! റിങ്കുവിനോടും അനീതിയോ; എന്തുകൊണ്ട് ടീമില്‍ നിന്നും ഒഴിവാക്കി?