ആറ് സെക്കൻഡില്‍ അത്ഭുതം, ചരിത്രം; ചാമ്പ്യൻസ് ലീഗിലെ യമാല്‍ മാജിക്ക്

Published : Mar 12, 2025, 04:17 PM IST
ആറ് സെക്കൻഡില്‍ അത്ഭുതം, ചരിത്രം; ചാമ്പ്യൻസ് ലീഗിലെ യമാല്‍ മാജിക്ക്

Synopsis

ലാ മസിയ എന്ന കളരിയില്‍ നിന്ന് ഇതിഹാസപ്പടവുകള്‍ കയറാൻ മറ്റൊരാളുകൂടിയെന്ന തലവാചകങ്ങള്‍ ഇനിയും ഉയരുമെന്ന് തീര്‍ച്ചപ്പെടുത്തുകയാണ് ഓരോ തവണ പന്തു തട്ടുമ്പോഴും യമാല്‍

മൈതാനത്തിന്റെ മധ്യഭാഗത്തുനിന്ന് ബെൻഫിക്കയുടെ പോസ്റ്റിലേക്ക് അവൻ സാവധാനം പന്തുമായി നീങ്ങുകയായിരുന്നു. ബെൻഫിക്കയുടെ പ്രതിരോധനിരയുടെ കണ്ണുകള്‍ അവന്റെ ബൂട്ടുകളില്‍. പെട്ടെന്ന് അവന്റെ കാലുകള്‍ക്ക് വേഗത കൈവരിക്കുന്നു. ഒരു അസാധാരണ നിമിഷത്തിന്റെ തുടക്കമായിരുന്നു അത്.

പന്തുറാഞ്ചാൻ എത്തിയത് ഫ്ലോറന്റിനൊ ലൂയിസും, ഒപ്പം നിക്കോളാസ് ഒറ്റമെൻഡിയും. ടാക്കിളിനെ മറികടക്കാൻ പന്ത് ചെറുതായൊന്ന് വലത്തേക്ക് ഫ്ലിക്ക് ചെയ്തൊന്ന് ആഞ്ഞു. ലൂയിസിനേയും ഒറ്റമെൻഡിയേയും കണ്ണടച്ചുതുറന്ന മാത്രകൊണ്ട് നിഷ്പ്രഭമാക്കി ലമീൻ യമാല്‍ എന്ന 17കാരന്റെ ബോക്സിനുള്ളിലേക്കൊരു കുതിപ്പ്.

അപ്പോഴേക്കും അന്റോണിയോ സില്‍വയും ഫ്രെഡ്രിക് ഔർസ്നെസും അവന് മുന്നിലെത്തിയിരുന്നു. പിന്നില്‍ ഒറ്റമെൻഡിയും ലൂയിസും. പ്രവചനാതീതമായിരുന്നു അവന്റെ ഇടംകാല്‍ നീക്കം. സില്‍വയുടേയും ഔർസ്നെസിനും ഇടയിലൂടെ പന്ത് പായുന്നു, ഫ്രി പൊസിഷനിലുണ്ടായിരുന്ന റാഫീഞ്ഞയുടെ കാലുകളിലേക്ക് അത് എത്തി. 

ഹൻസി ഫ്ലിക്കിന്റെ മൂര്‍ച്ചയേറിയ ആയുധത്തിന്റെ ഇടംകാല്‍ പിഴച്ചില്ല. അനറ്റോലി ട്രൂബിനെ കൈകള്‍ക്ക്  റഫീഞ്ഞയുടെ ഷോട്ടുതടയാനുള്ള തടയാനുള്ള വേഗതയുമില്ലായിരുന്നു. എല്ലാം ഒത്തു ചേര്‍ന്നൊരു യമാല്‍ നിമിഷം. പന്ത് കാലിലെത്തിയ സമയം മുതല്‍ ബെൻഫിക്കയുടെ ഡിഫൻസിനെ കീറിമുറിക്കാൻ അവന് വേണ്ടിവന്നത് കേവലം ആറ് സെക്കൻഡുകള്‍ മാത്രമായിരുന്നു. 

ബെൻഫിക്കയുട ആറ് താരങ്ങള്‍ ബോക്സിനുള്ളില്‍ കാഴ്ചക്കാരായി നിന്നു, സ്കോര്‍ബോര്‍ഡില്‍‍ ബാഴ്സലോണ ഒന്ന് ബെൻഫിക്ക പൂജ്യം. ഗ്രനഡയ്‌ക്കെതിരേ സ്വന്തം ഹാഫില്‍ നിന്നു പന്തുമായി കുതിച്ച് ഒമ്പത് എതിര്‍താരങ്ങളെയും ഗോള്‍കീപ്പറെയും കബളിപ്പിച്ച് ഫുട്ബോളിന്റെ മിശിഹ നേടിയ അത്ഭുതഗോളിനെ ഓ‍ര്‍പ്പെടുത്തിയ ഒരു മുന്നേറ്റമായിരുന്നു അത്.

ബെൻഫിക്കയുടെ മറുപടിക്ക് ശേഷമായിരുന്നു ചരിത്രത്തിലേക്കൊരു മഴവില്ല് യമാല്‍ തൊടുത്തത്. റഫീഞ്ഞയുടെ ക്രോസിന് ക്ലിയര്‍ ചെയ്യാൻ ബോക്സിനുള്ളില്‍ അണിനിരന്ന ബെൻഫിക്ക പ്രതിരോധനിരയ്ക്കൊ ഗോളാക്കി മാറ്റാൻ ബാഴ്സ താരങ്ങള്‍ക്കൊ സാധിക്കാതെ പോയി. പന്ത് വലതുവിങ്ങിലൂടെ പുറത്തേക്ക്.

പക്ഷേ, ടച്ച് ലൈനില്‍ നിന്ന് യമാല്‍ ആ പന്ത് വീണ്ടെടുത്തു. യമാലിന്റെ കാലുകള്‍ക്ക് വിലങ്ങിടാൻ എത്തിയ തോമസ് അറൗജയ്ക്ക് അതിന് സാധിക്കാതെ പോയി. രണ്ട് ചുവടുകൊണ്ട് അറൗജയെ പിന്നിലാക്കി. തനിക്കാവശ്യമായ സമയവും സ്പേസും യമാല്‍ സൃഷ്ടിച്ചെടുത്തു.ബോക്സിന്റെ വലതുമൂലയില്‍ നിന്നൊരു ക്രോസ് ഷോട്ട്. എട്ട് ബെൻഫിക്ക താരങ്ങളുടെ തലയ്ക്ക് മുകളിലൂടെ, പന്ത് ഗോള്‍ പോസ്റ്റിന്റ ഇടതുമൂലയില്‍ പതിക്കുന്നു. ഷീര്‍ ബ്രില്യൻസ്. 

ഇവിടെയും ട്രൂബിൻ ഇവിടെയും നിസാഹായനായിരുന്നു. ചാമ്പ്യൻസ് ലീഗിന്റെ ക്വാര്‍ട്ടറിലേക്കുള്ള ടിക്കറ്റ് ബാഴ്സ ഉറപ്പിച്ചിരുന്നു അപ്പോഴേക്കും. ലീഗിന്റെ ചരിത്രത്തില്‍ തന്നെ ഒരു മത്സരത്തില്‍ ഗോളടിക്കുകയും വഴിയൊരുക്കുകയും ചെയ്ത ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം ഇനി യമാലിന് സ്വന്തം. ഇതിഹാസങ്ങള്‍ക്കും മുകളില്‍ പ്രതിഷ്ടിക്കപ്പെടുന്ന മെസിക്കൊ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയ്ക്കൊ ഈ പ്രായത്തില്‍ സാധിക്കാത്തൊരു നേട്ടം.

17-ാം വയസില്‍ മെസിയുടെ പേരില്‍ ഒന്നും റൊണാള്‍ഡോയുടെ പേരില്‍ അഞ്ചും ഗോളുകള്‍ മാത്രമായുണ്ടായിരുന്നത്. യമാലിന്റെ കോളത്തില്‍ ഗോളുകളുടെ എണ്ണം 19 ആണ്, 24 അസിസ്റ്റും. ലാ മസിയ എന്ന കളരിയില്‍ നിന്ന് ഇതിഹാസപ്പടവുകള്‍ കയറാൻ മറ്റൊരാളുകൂടിയെന്ന തലവാചകങ്ങള്‍ ഇനിയും ഉയരുമെന്ന് തീര്‍ച്ചപ്പെടുത്തുകയാണ് ഓരോ തവണ പന്തു തട്ടുമ്പോഴും യമാല്‍.

PREV
Read more Articles on
click me!

Recommended Stories

ചെന്നൈ തൂക്കിയ 'പിള്ളേര്‍'; ആരാണ് പ്രശാന്ത് വീറും കാർത്തിക്ക് ശർമയും?
കാമറൂണ്‍ ഗ്രീൻ: 12-ാം വയസില്‍ മരിക്കുമെന്ന് ഡോക്ടർ, ഇന്ന് ഐപിഎല്ലിലെ മൂല്യമേറിയ വിദേശതാരം