അക്സറെന്ന പടയാളിയും വരുണാസ്ത്രവും; ഗംഭീറിന്റെ മാസ്റ്റ‍ര്‍സ്ട്രോക്ക്

Published : Mar 10, 2025, 04:52 PM IST
അക്സറെന്ന പടയാളിയും വരുണാസ്ത്രവും;  ഗംഭീറിന്റെ മാസ്റ്റ‍ര്‍സ്ട്രോക്ക്

Synopsis

'തല'യരിഞ്ഞ മാന്ത്രിക പന്തുമായി വരുണും നായകനും രാജാവും വീണപ്പോഴും പോരാട്ടം തുടര്‍ന്ന അക്സറിന്റേയും നിശ്ചയദാര്‍ഢ്യത്തിന്റെ കൂടെ പ്രതീകമായിരുന്നു ദുബായിലെ പട്ടാഭിഷേകം

 

എതിരാളികളേയും യുദ്ധഭൂമിയേയും അളന്നുവേണം പോരിനിറങ്ങാൻ. പടനായകന്റെ കൈവശം വജ്രായധുങ്ങളുണ്ടാകണം, ഭയമില്ലാതെ തന്ത്രമോതാനൊരു തലയുണ്ടാകണം. ചാമ്പ്യൻസ് ട്രോഫിയെന്ന യുദ്ധത്തില്‍ രോഹിതെന്ന നായകനും ഗംഭീറെന്ന പരീശലകനും നടത്തിയ രണ്ട് മാസ്റ്റ‍ര്‍ സ്ട്രോക്കുകളെ ഇതിനോട് ചേര്‍ത്തുവെക്കാം, അതായിരുന്നു വരുണ്‍ ചക്രവര്‍ത്തിയും അക്സര്‍ പട്ടേലും. 'തല'യരിഞ്ഞ മാന്ത്രിക പന്തുമായി വരുണും നായകനും രാജാവും വീണപ്പോഴും പോരാട്ടം തുടര്‍ന്ന അക്സറിന്റേയും നിശ്ചയദാര്‍ഢ്യത്തിന്റെ കൂടെ പ്രതീകമായിരുന്നു ദുബായിലെ പട്ടാഭിഷേകം.

ഏകദിനത്തില്‍ ഒരു മത്സരം മാത്രം പരിചയം, ദുബായിലെ വിക്കറ്റില്‍ 2021 ട്വന്റി 20 ലോകകപ്പിന്റെ നിരാശയോര്‍മകള്‍. ദേശീയ ടീമില്‍ നിന്ന് മൂന്ന് വര്‍ഷത്തെ ഇടവേള തന്ന ആ വിക്കറ്റിലേക്ക് അവസാന നിമിഷമായിരുന്നു വരുണിനെ ടീം മാനേജ്മെന്റ് തിരഞ്ഞെടുത്തത്. ''അവനിലെന്തോ പ്രത്യകതയുണ്ട്, അത് എന്താണെന്ന് അറിയില്ല, അതുകൊണ്ട് ഞങ്ങള്‍ക്ക് നല്ലത് മാത്രം വരട്ടെ,'' ഇതായിരുന്നു ഒരിക്കല്‍ രോഹിത് വരുണിനെക്കുറിച്ച് പറഞ്ഞത്.

പതിവ് പോലെ രോഹിതിന്റെ ദീര്‍ഘവീക്ഷണം പിഴച്ചില്ല. സിനിമയിലെ കാമിയോ റോളില്‍ നിന്ന് ഇന്ത്യയുടെ സൂപ്പര്‍ സ്റ്റാറിലേക്ക് വരുണിന് ചുവടുവെക്കാൻ ന്യൂസിലൻഡിനെതിരായ ആദ്യ മത്സരം മാത്രം മതിയായിരുന്നു. ലെഗ് ബ്രേക്കുകള്‍, ഓഫ് ബ്രേക്കുകള്‍, ഗൂഗ്ലി, ക്യാരം ബോള്‍, ഫ്ലിപ്പര്‍, ടോപ് സ്പിൻ ഡെലിവറികള്‍, മണിക്കൂറില്‍ 115 കിലോ മീറ്റ‍ര്‍ സ്പീഡിലെത്തുന്ന ക്രോസ് സീം പന്തുകള്‍...വരുണിന്റെ ആയുധപ്പുര സമ്പന്നമായിരുന്നു. ദുബായിലെ വിക്കറ്റില്‍ വരുണിന്റെ മിസ്റ്ററിയെന്തെന്ന് പോലും വായിച്ചെടുക്കാനാകാതെ സ്തബ്ദരായിരുന്നു കിവി ബാറ്റര്‍മാര്‍.

ഒറ്റയ്ക്ക് കളിയെ വിഴുങ്ങാൻ പോന്ന ട്രാവിസ് ഹെഡിനെ ഗില്ലിന്റെ കൈകളിലെത്തിച്ച ടോസ്ഡ് അപ്പ് ഡെലിവറിക്ക് വരുണിനോട് ഇന്ത്യൻ ക്രിക്കറ്റ് കടപ്പെട്ടിരിക്കുന്നു. കലാപ്പോരില്‍ വില്‍ യങ്ങിനേയും അപകടകാരിയായ ഗ്ലെൻ ഫിലിപ്സിനേയും പുറത്താക്കി ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ട ഒൻപതാക്കി ഉയര്‍ത്തി. ജീവിതത്തിലെ ആര്‍ക്കിട്ടെക്റ്റ് ഇന്ത്യയുടെ കിരീടയാത്രയുടേയും ആര്‍ക്കിട്ടെക്റ്റായി മാറി. 

ടൂര്‍ണമെന്റ് തുടങ്ങും മുൻപ് തന്നെ ടീം മാനേജ്മെന്റ് നീക്കിയ ആദ്യ കരുവായിരുന്നു അക്സര്‍. എന്തുസംഭവിച്ചാലും അക്സര്‍ പട്ടേല്‍ അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യുമെന്നത്. ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ ഋഷഭ് പന്തിനെ പുറത്തിരുത്തിയെടുത്ത ആ തീരുമാനം കേട്ട് നെറ്റിചുളിച്ചു ചിലര്‍. പരിചയസമ്പന്നരായ കെ എല്‍ രാഹുലിനും ഹാര്‍ദിക്ക് പാണ്ഡ്യയ്ക്കും മുകളിലായിരുന്നു ബാറ്റിങ് ലൈനപ്പിലെ അക്സറിന്റെ ഇടം. മധ്യനിരയിലെ ഇടംകയ്യൻ ഓള്‍റൗണ്ടറുടെ സാന്നിധ്യത്തിന്റെ മൂല്യം ടൂര്‍ണമെന്റിന്റെ മുന്നോട്ടുപോക്കില്‍ നാം കണ്ടു.

സ്കോര്‍ബോര്‍ഡിലേക്ക് എത്തിനോക്കിയാല്‍ അക്സറിന് നേരെ അര്‍ദ്ധ സെഞ്ചുറിയുടേയും അഞ്ച് വിക്കറ്റ് നേട്ടങ്ങളുടേയോ തലയെടുപ്പ് കാണാനാകില്ല. പക്ഷേ അയാള്‍ നേടിയ ഇരുപതുകളും നാല്‍പ്പതുകളും ഇന്ത്യയുടെ പ്രതീക്ഷ കാക്കാൻ പോന്നതായിരുന്നു. പാകിസ്ഥാനെതിരെ മുഹമ്മദ് റിസ്വാനെ വിക്കറ്റിന് മുന്നില്‍ക്കുടുക്കിയതായിരുന്നു ഇന്ത്യയ്ക്ക് കളി തുറന്നുകൊടുത്തത്. 

ന്യൂസിലൻഡിനെതിരായ ഗ്രൂപ്പ് മത്സരത്തില്‍ രോഹിതും കോഹ്ലും ഗില്ലും 30 റണ്‍സിനിടെ മടങ്ങിയപ്പോഴായിരുന്നു അക്സര്‍ ക്രീസിലെത്തിയത്. ശ്രേയസിനൊപ്പം  98 റണ്‍സ് ചേര്‍ത്തു. അക്സറിന്റെ സംഭാവന 42 റണ്‍സ്. കെയിൻ വില്യംസണിന്റെ നിര്‍ണായക വിക്കറ്റും നേടി ഇന്ത്യയുടെ ജയമുറപ്പിച്ചു. ഓസീസിനെതിരെ മാക്സ്വെല്ലിനെ പവലിയനിലേക്ക് അയക്കുകയും കോഹ്ലിക്കൊപ്പം റണ്‍ചേസില്‍ നിര്‍ണായകമാകുകയും ചെയ്തു. ഫൈനലില്‍ 29 റണ്‍സുമായി സമ്മര്‍ദത്തിന്റെ കൊടുങ്കാറ്റ് മറികടക്കാൻ ഇന്ത്യയ‍്ക്ക് ചാഞ്ഞുനിക്കേണ്ടി വന്നതും അക്സറിലേക്ക് തന്നെയായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

ചെന്നൈ തൂക്കിയ 'പിള്ളേര്‍'; ആരാണ് പ്രശാന്ത് വീറും കാർത്തിക്ക് ശർമയും?
കാമറൂണ്‍ ഗ്രീൻ: 12-ാം വയസില്‍ മരിക്കുമെന്ന് ഡോക്ടർ, ഇന്ന് ഐപിഎല്ലിലെ മൂല്യമേറിയ വിദേശതാരം