
വിരാട് കോലിയെ തോളിലേറ്റി ഡല്‍ഹി അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തിലെ മൈതാനത്ത് വലം വെക്കുന്ന ശുഭ്‍മാൻ ഗില്ലും യശസ്വി ജയ്‌സ്വാളും. പിന്നിലായി ത്രിവര്‍ണം പാറുന്നു. ഗ്യാലറികളില്‍ നിന്ന് നിലയ്ക്കാത്ത കയ്യടികളും കോലി...കോലി എന്നുള്ള ചാന്റുകളും. അതിവൈകാരികമായൊരു നിമിഷത്തിന് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കുകയാണ്. ഇത്തരമൊരു യാത്രയയപ്പായിരുന്നില്ലെ കോലി അര്‍ഹിച്ചിരുന്നതെന്ന് ചിന്തിക്കാത്ത ക്രിക്കറ്റ് ആരാധകരുണ്ടാകുമോ...
കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തിലെ രണ്ടാം വാരം, വൈറ്റ്സ് കണ്ട ഏറ്റവും മികച്ച പേസര്‍ക്ക് വിടവാങ്ങല്‍ മത്സരം ഒരുക്കുകയാണ് ഇംഗ്ലണ്ട്. ഒരുപാട് ഐതിഹാസിക മത്സരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ലോര്‍ഡ്‌സില്‍ ജെയിംസ് ആൻഡേഴ്‌സണ്‍ ഒരിക്കല്‍ക്കൂടി പന്തെറിയുകയാണ്, അവസാനമായി. ജയത്തോടെ പടിയിറക്കം, മത്സരം കഴിഞ്ഞ് ലോര്‍ഡ്‌സിലെ മൈതാനം നിറഞ്ഞു, ബാല്‍ക്കണിയില്‍ ആൻഡേഴ്‌സണെത്തി. അവസാനമായി ഒരു ടോസ്റ്റ്, എത്ര സുന്ദരമായൊരു ഫ്രെയിമായിരുന്നു അത്..
ഇന്ത്യയ്ക്കുമുണ്ടായിരുന്നു ഇതിഹാസങ്ങള്‍, അതില്‍ എത്ര പേര്‍ക്ക് അര്‍ഹിച്ച ഒരു യാത്രയയപ്പ് നല്‍കാൻ ബിസിസിഐക്ക് കഴിഞ്ഞെന്ന് ചോദിച്ചാല്‍ ഉത്തരത്തിന്റെ ദൈര്‍ഘ്യം ഒരുപാടുണ്ടാകില്ലെന്ന് പറയേണ്ടി വരും. ഒടുവില്‍ ഇന്ത്യ അത്തരമൊരു ദിവസത്തിന് സാക്ഷിയായത് 2013 നവംബറിലാണ്, വാംഖഡയില്‍, ക്രിക്കറ്റിന്റെ ദൈവത്തിനായി.
പക്ഷേ, സച്ചിന്റെ സമകാലീനര്‍ക്ക് ഇങ്ങനൊന്ന് ഉണ്ടായില്ല. വ്യത്യസ്തമായത് ഗാംഗുലി മാത്രം, നാഗ്‌പൂരില്‍ ഓസ്ട്രേലിയക്കെതിരെ ഗാംഗുലിക്ക് കളമൊരുങ്ങി. മത്സരത്തിന്റെ അവസാന മണിക്കൂറില്‍ നായകസ്ഥാനം ധോണി ഗാംഗുലിക്ക് കൈമാറിയതെല്ലാം സുവര്‍ണനിമിഷങ്ങളായിരുന്നു. എന്നാല്‍, പലര്‍ക്കും അവര്‍ അര്‍ഹിച്ച ഒരു വിരമിക്കല്‍ മത്സരം പോലും ലഭിച്ചില്ല എന്നത് കൈപ്പേറിയ യാഥാര്‍ത്ഥ്യമാണ്. അതിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെടുകയാണ് കോലിയും രോഹിത് ശര്‍മയും രവിചന്ദ്രൻ അശ്വിനും.
രാഹുല്‍ ദ്രാവിഡ്, ദ ഗ്രേറ്റ് വാള്‍. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രം കണ്ട ഏറ്റവും മികച്ച ബാറ്റര്‍മാരിലൊരാള്‍. റണ്‍സിന്റെ കോളത്തില്‍ സച്ചിനേക്കാള്‍ ഒരുപാട് ദൂരം പിന്നിലല്ല ദ്രാവിഡ്. ഫോര്‍മാറ്റില്‍ ഏറ്റവുമധികം പന്തുകള്‍ അതിജീവിച്ചവനും ദ്രാവിഡ് തന്നെ, അയാളുടെ ചെറുത്തുനില്‍പ്പ് സമ്മാനിച്ച വിജയങ്ങളും ഒഴിവാക്കിയ തോല്‍വികളും എണ്ണമറ്റതാണ്. 2012 ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയായിരുന്നു ദ്രാവിഡ് അവസാനമായി വെള്ളയണിഞ്ഞ മത്സരം, അഡ്‌ലെയിഡിലായിരുന്നു അവസാന ഇന്നിങ്സ്.
തലമുറമാറ്റം ദ്രാവിഡിന്റേയും പടിയിറക്കത്തിന് കാരണമായി. ടെസ്റ്റില്‍ സച്ചിനോളം തന്നെയൊരു യാത്രയയപ്പ് അര്‍ഹിച്ച താരമാണ് ദ്രാവിഡെന്ന് സംശയമില്ലാതെ പറയാനാകും. എന്നാല്‍ ഏകദിനത്തില്‍ ദ്രാവിഡിനൊരു അവസാന മത്സരം ലഭിച്ചു. 2011ലെ ഇംഗ്ലണ്ട് പര്യടനത്തിന് മുൻപ് അവസാന പരമ്പരയായിരിക്കുമെന്ന പ്രഖ്യാപനമാണ് അതിന് കാരണമായത്, കാര്‍ഡിഫില്‍ അര്‍ദ്ധ സെഞ്ച്വറിയോടെ പടിയിറങ്ങി.
ഇന്ത്യയ്ക്ക് വെരി വെരി സ്പെഷ്യലായ വിവിഎസ് ലക്ഷ്മണ്‍. സച്ചിന്റെയോ ദ്രാവിഡിന്റെയോ തട്ടിലായിരുന്നില്ല ലക്ഷ്മണിന്റെ സ്ഥാനം. പക്ഷേ, ദ്രാവിഡും സച്ചിനും വീണിടത്തെ ഇന്ത്യയുടെ വിശ്വാസമായിരുന്നു വലം കയ്യൻ ബാറ്റര്‍. ഈഡൻ ഗാര്‍ഡൻസിലെ 281 റണ്‍സ്, ഓസ്ട്രേലിയക്കെതിരായ ഐക്കോണിക്ക് ഇന്നിങ്സ്. ഇന്നും ഓസീസ് താരങ്ങളെ വേട്ടയാടുന്ന അനവധി ഇന്നിങ്സുകള്‍. ഓസ്ട്രേലിയക്കെതിര മാത്രമുണ്ട് ലക്ഷ്മണിന് 2400ലധികം റണ്‍സ്.
2012 ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയായിരുന്നു ലക്ഷ്മണിന്റേയും അവസാന ടെസ്റ്റ് സീരീസ്. ന്യൂസിലൻഡിനെതിരായ ഹോം സീരീസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ലക്ഷ്മണ്‍ അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു. തന്റെ ഇന്നിങ്സുകളിലേപോലെ ആ തീരുമാനത്തിനും മികച്ച ടൈമിങ് ഉണ്ടായിരുന്നെന്ന് ക്രിക്കറ്റ് പണ്ഡിതര്‍ പറഞ്ഞു.
വിരമിക്കല്‍ മത്സരം ലഭിക്കാത്തതിന് ഒരിക്കലുമൊരു നിരാശ പങ്കുവെക്കാത്തവരാണ് ദ്രാവിഡും ലക്ഷ്മണും. പക്ഷേ, വിരേന്ദര്‍ സേവാഗ് അങ്ങനെയായിരുന്നില്ല. ടെസ്റ്റ് ക്രിക്കറ്റ് കണ്ട എക്‌സ്‌പ്ലോസീവ് ഓപ്പണര്‍, 23 സെഞ്ച്വറികള്‍, കരിയറിലെ സ്ട്രൈക്ക് റേറ്റ് 82 ആണ്. രണ്ട് ട്രിപ്പിള്‍ സെഞ്ച്വറി, മറ്റൊരു ഇന്ത്യൻ താരത്തിനും അവകാശപ്പെടാനില്ലാത്ത നേട്ടം. 2013ല്‍ ഓസ്ട്രേലിയക്കെതിരെ ഹൈദരാബാദിലായിരുന്നു സേവാഗിന്റെ അവസാന ടെസ്റ്റ്. വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത് 2015ല്‍ താരത്തിന്റെ ജന്മദിനത്തിലായിരുന്നു.
സമാനമാണ് എം എസ് ധോണി, യുവരാജ് സിങ്, ഗൗതം ഗംഭീര്‍ എന്നിവരുടെ കാര്യവും. ഗംഭീര്‍ ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് ഇടവേളയ്ക്ക് ശേഷം 2016ല്‍ തിരിച്ചുവരവ് നടത്തിയിരുന്നു. പക്ഷേ, ഒരു വിടവാങ്ങല്‍ മത്സരത്തിനായി കാത്തിരുന്നു രണ്ട് വര്‍ഷം, ശേഷം 2018ല്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തി. യുവരാജിന്റെ അവസാന ടെസ്റ്റ് 2012ലായിരുന്നു, താരം ഏകദിനം മതിയാക്കിയത് 2017ലും. ഇന്ത്യയെ നയിച്ച താരമായിട്ടും നിശബ്ദനായി പടിയിറങ്ങി ധോണി. 2014ലെ ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയായിരുന്നു ധോണിയുടെ അവസാന ടെസ്റ്റ് സീരീസ്. അന്ന് നായകസ്ഥാനവും ഒഴിഞ്ഞായിരുന്നു ധോണി ടെസ്റ്റ് അവസാനിപ്പിച്ചത്.
537 വിക്കറ്റുകളാണ് അശ്വിന്റെ ടെസ്റ്റിലെ സമ്പാദ്യം. ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയില്‍ ടീമിലുണ്ടായിട്ടും ബെഞ്ചിലായിരുന്നു താരത്തിന്റെ സ്ഥാനം. അഡ്‌ലെയിഡില്‍ രോഹിതിന്റെ നിര്‍ബന്ധപ്രകാരമായിരുന്നു അശ്വിന് അവസാനമായൊരു അവസരമൊരുങ്ങിയത് പോലും. ഒടുവില്‍ മത്സരശേഷമുള്ള പത്രസമ്മേളനത്തില്‍ രോഹിതിനൊപ്പമിരുന്നു വിരമിക്കല്‍ പ്രഖ്യാപിച്ചു. രോഹിത് ഒരു ഇൻസ്റ്റഗ്രാം സ്റ്റോറിയിലും കോലിയൊരു പോസ്റ്റിലും ഒതുക്കി പടിയിറക്കം.