പടിയിറങ്ങിയ വിരാടപർവം, രോഹിത് എന്ന രോമാഞ്ചം; വിടവാങ്ങിയത് പകരംവെക്കാനില്ലാത്ത പ്രതിഭാസങ്ങള്‍

Published : May 14, 2025, 12:28 PM ISTUpdated : May 14, 2025, 05:10 PM IST
പടിയിറങ്ങിയ വിരാടപർവം, രോഹിത് എന്ന രോമാഞ്ചം; വിടവാങ്ങിയത് പകരംവെക്കാനില്ലാത്ത പ്രതിഭാസങ്ങള്‍

Synopsis

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യപിച്ച വിരാട് കോലിയെയും രോഹിത് ശര്‍മയെയുംക്കുറിച്ച് സുരേഷ് വാരിയത്ത് എഴുതുന്നു.

ലോർഡ്സിൽ ടെസ്റ്റിന്‍റെ അവസാന ദിനം ബാക്കിയുള്ള അറുപത് ഓവറുകളിൽ ഇംഗ്ലണ്ടിനെ എറിഞ്ഞിടാൻ ഇന്ത്യൻ പേസർമാർക്ക് ആത്മവിശ്വാസം നൽകിയ വാക്കുകൾ... 51.5 ഓവറിൽ വെറും 120 റൺസിന് ഇന്ത്യ ഇംഗ്ലണ്ടിനെ ഓൾ ഔട്ടാക്കുമ്പോൾ ലോർഡ്സിലെ ചരിത്രത്തിലെ 19 ടെസ്റ്റുകളിൽ മൂന്നാം വിജയമാണ് ഇന്ത്യ കരസ്ഥമാക്കിയത്. ഇന്ത്യൻ ക്രിക്കറ്റ് കണ്ടതിൽ ഏറ്റവും അഗ്രസീവ് ആയ ടെസ്റ്റ് ക്യാപ്റ്റന്‍റെ, ഏറ്റവും മികച്ച മധ്യനിര ബാറ്റർമാരിലൊരാളുടെ ആറ്റിറ്റ്യൂഡ് സ്റ്റേറ്റ്മെന്‍റ് കൂടിയാണിത്. കോലി ക്യാപ്റ്റനായ ആദ്യ ടെസ്റ്റ്, അതും ഓസീസ് മണ്ണിൽ അഡ്ലെയ്ഡിലെ അഗ്നിപരീക്ഷ ഓർമയില്ലേ? രണ്ടിന്നിംഗ്സിലും സെഞ്ചുറി നേടി നവ നായകൻ മുന്നിൽ നിന്നു നയിച്ച മത്സരം.

141 റൺസെടുത്ത് ഇന്ത്യയെ അയാൾ കളിയിലേക്ക് തിരിച്ച് കൊണ്ടു വരവേ, ഡീപ് മിഡ് വിക്കറ്റിൽ മിച്ചൽ മാർഷ് ആ ക്യാച്ച് എടുക്കരുതേയെന്ന് ഓസീസ് ആരാധകനായ ഞാനടക്കമുള്ളവർ പോലും ആഗ്രഹിച്ചൊരു നിമിഷമുണ്ടായിരുന്നു. നയിച്ച 68 ടെസ്റ്റിൽ 40 ഉം വിജയിക്കുകയെന്ന അസൂയാവഹമായ നേട്ടം, അതും നായകത്വത്തിലെ ഇതിഹാസങ്ങളായ റിക്കി പോണ്ടിങ്ങിനും സ്റ്റീവ് വോക്കും മാത്രം പുറകിൽ വിജയശതമാനമുള്ളത് ഈ ഇന്ത്യൻ ക്യാപ്റ്റനാണ്.

ഒരു സീസൺ കൂടി ടെസ്റ്റ് ക്രിക്കറ്റിൽ തുടർന്നിരുന്നെങ്കിൽ തനിക്ക് ലഭിക്കുമായിരുന്ന നാഴികക്കല്ലുകളായ പതിനായിരം റൺസും ഗ്രേറ്റ് സുനിൽ ഗാവസ്കറിനെ റൺസിൻ്റെയും സെഞ്ചുറിയുടെയും കണക്കിൽ മറികടക്കാനുള്ള അവസരവും വേണ്ടെന്ന് വച്ചാണ് അയാൾ പടിയിറങ്ങുന്നത്. വിഖ്യാതമായ പല ഇന്ത്യൻ താരങ്ങളിലും കാണാത്ത "സ്വരം ഇടറുമെന്ന് തോന്നിയാൽ പാട്ടു നിർത്താനുള്ള " ഒരു സാമാന്യ മര്യാദ അയാൾ കാണിച്ച രീതി പ്രശംസനീയമാണ്. ഗുണ്ടപ്പ വിശ്വനാഥിലൂടെയും കേണലിലൂടെയും സച്ചിനിലൂടെയും കൈമാറി വന്ന ടെസ്റ്റ് ബാറ്റ്സ്മാൻഷിപ്പിലെ നാലാം നമ്പർ പൊസിഷൻ എന്ന പ്രൈം സ്പോട് ഇനിയാര് ഏറ്റെടുക്കുമെന്ന ആശങ്കകളുണ്ട്. ആരായാലും അവർക്കൊന്നും ഒരു പക്ഷേ ഒരു വിരാടോ സച്ചിനോ ആവാൻ കഴിഞ്ഞേക്കില്ല.

അലസ ഗമനക്കാരനിൽ നിന്ന് ഇന്ത്യൻ ക്യാപ്റ്റൻ വരെ

2007 ൽ ഇന്ത്യാ എ ടീമിനൊപ്പം ന്യൂസിലാൻറിലേക്ക് പോയ നാഗ്പൂർ കാരന് താമസിയാതെ തന്നെ ഇന്ത്യൻ സീനിയർ ടീമിലേക്കുള്ള വിളി വന്നു. 2006-07 സീസണിൽ ഗുജറാത്തിനെതിരെ രഞ്ജി ട്രോഫിയിൽ നേടിയ ഡബിൾ സെഞ്ചുറിയും, ടി20 മത്സരത്തിൽ 45 പന്തിൽ നേടിയ 101 റൺസും കണ്ടില്ലെന്ന് നടിയ്ക്കാൻ ഇന്ത്യൻ സെലക്ടർമാർക്ക് ആവുമായിരുന്നില്ല. 2007 ജൂൺ 23 ന് അയർലൻഡിനെതിരെ ആദ്യ മത്സരം കളിക്കാനിറങ്ങിയ രോഹിത്തിന് പക്ഷേ താരനിബിഡമായ ഇന്ത്യൻ ബാറ്റിങ്ങ് ലൈനപ്പിൽ ഏഴാമനായി ഊഴം കാത്തിരിക്കാനായിരുന്നു വിധി. ഒമ്പത് വിക്കറ്റിന് ഇന്ത്യ വിജയിച്ച ആ കളിയിൽ സൗരവ് ഗാംഗുലിയും സച്ചിനും ഗംഭീറും മാത്രമാണ് ബാറ്റിങ്ങിനിറങ്ങിയത്.

തന്‍റെ ആദ്യ ടി20 മൽസരത്തിനിറങ്ങിയ രോഹിതിന് യാദൃശ്ചികമെന്ന് പറയട്ടേ, ഇത്തവണയും ഇന്ത്യൻ ടീമിൻ്റെ ബാറ്റിങ്ങ് ഡഗൗട്ടിൽ ഇരുന്നു കാണാനായിരുന്നു വിധി. ഇംഗ്ലണ്ടിനെതിരെ യുവ് രാജ് സിംഗ് ഒരോവറിൽ ആറു സിക്സടിച്ച ലോകകപ്പ് മത്സരത്തിലും ഏഴാം നമ്പറിൽ ഇറങ്ങാനിരുന്ന അയാൾക്ക് അവസരം ലഭിച്ചില്ല.

ഇന്ത്യൻ ലിമിറ്റഡ് ഓവർ ടീമിൽ അവസരങ്ങൾ ലഭിച്ചിട്ടും വൻ ഇന്നിംഗ്സുകൾ കളിക്കാതെ, മടിയനും അമിത ഭാരമുള്ളവനുമായി മുദ്രകുത്തപ്പെട്ട രോഹിത്തിന്‍റെ കരിയർ കഠിനാധ്വാനികൾക്ക് എന്നും പ്രചോദനമാണ്. അന്താരാഷ്ട്ര ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ മൂന്ന് ഡബിൾ സെഞ്ചുറി നേടിയ ഏക ബാറ്റർ, 2019 ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റർ, ഒരു ലോകകപ്പിൽ അഞ്ച് സെഞ്ചുറിയടിച്ച ഏക കളിക്കാരൻ, ഐപിഎൽ ഏറ്റവും കൂടുതൽ തവണ കപ്പുയർത്തിയ ക്യാപ്റ്റൻ, അതിനും പുറമേ ഐപിഎല്ലിൽ ഹാട്രിക്ക് നേടിയ താരം..... റെക്കോർഡുകൾ നിരവധിയാണ്.

2009 ഡിസംബർ 15, ബ്രബോൺ സ്റ്റേഡിയത്തിൽ രഞ്ജി ട്രോഫി സൂപ്പർ ലീഗ് മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട മുംബൈ ബാറ്റിങ്ങിനിറങ്ങി. ആഭ്യന്തര മത്സരങ്ങളിൽ നിരവധി തവണ രോഹിതിന്‍റെ ബാറ്റിന്‍റെ ചൂടറിഞ്ഞ ഗുജറാത്ത് ആണ് ഇത്തവണയും എതിരാളികൾ. സശിൽ കുക്റേജയേയും അജിങ്ക്യ രഹാനെയെയും ക്യാപ്റ്റൻ വസിം ജാഫറിനെയും 131 റൺസിന് മടക്കിയ ഗുജറാത്തിന്‍റെ എല്ലാ ആഹ്ളാദവും തല്ലിക്കെടുത്താൻ അയാൾ ക്രീസിലെത്തി. സുശാന്ത് മറാത്തെയോടൊപ്പം ഇന്നിങ്ങ്സ് മുന്നോട്ട് നയിച്ച രോഹിത് ഒരിക്കൽപ്പോലും ഫീൽഡർമാർക്ക് തന്നെ പുറത്താക്കാനൊരു അവസരം കൊടുത്തില്ല.

സ്കോർ 473 ൽ നിൽക്കേ 144 റൺസ് നേടിയ സുശാന്തും പിന്നാലെ അജിത് അഗാർക്കറും രമേഷ് പൊവാറും മടങ്ങിയെങ്കിലും അമ്പത് റൺസ് നേടിയ വിനായക് സാമന്തിനെ കൂട്ടു പിടിച്ച് രോഹിത് തൻ്റെ ഇന്നോളമുള്ള ക്രിക്കറ്റ് കരിയറിലെ ഏക ട്രിപ്പിൾ സെഞ്ചുറി നേടി. 322 പന്തിൽ 309 റൺസ് നേടി പുറത്താവാതെ നിന്ന അദ്ദേഹം തൻ്റെ 300 ആം റൺസ് നേടിയത് 312 പന്തുകളിലാണ്. ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ  വേഗതയാർന്ന ട്രിപ്പിൾ സെഞ്ചുറി എന്ന റെക്കോർഡും ഈ പ്രകടനത്തിനായിരുന്നു. പിന്നീട് കേദാർ ജാദവാണ് ഇത് തിരുത്തിയത്.

കളിക്കളത്തിനു പുറത്ത്, ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ് രോഹിത്. PETA India (People for Ethical Treatment of Animals) എന്ന, ശാരീരികമായി അവശരായ മൃഗങ്ങളെ പരിപാലിക്കുന്ന സംഘടനയുടെ ബ്രാൻഡ് അംബാസഡറും സജീവപ്രവർത്തകനുമാണ് രോഹിത് ശർമ .

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

 

PREV
Read more Articles on
click me!

Recommended Stories

ടോപ് ഗിയറില്‍ രോഹിത് - കോഹ്‌ലി സഖ്യം; ഗംഭീറിന് ഇനിയും എന്താണ് വേണ്ടത്?
ഇതിഹാസങ്ങളുടെ തണലില്‍ ഉദിച്ചുയർന്ന് യശസ്വി ജയ്‌സ്വാള്‍; ഒരു ക്ലാസിക്ക് ഇന്നിങ്സ്