
മെല്‍ബണ്‍, സിഡ്നി, ഗാബ, അഡ്‌ലെയിഡ് ഓവല്‍, വാക്ക, പെര്‍ത്ത്...ഓസ്ട്രേലിയൻ മണ്ണിലെത്തുന്ന ബാറ്റര്‍മാര്‍ക്ക് ദുസ്വപ്നങ്ങള്‍ കാത്തുവെച്ചിരിക്കുന്ന മൈതാനങ്ങള്‍. ബാറ്റേന്തുന്നവരുടെ തലച്ചോറിലേക്ക് ഭീതിവിതയ്ക്കുന്ന വേഗക്കാര്‍ കാത്തിരിക്കുന്നിടം. അവിടെ ജയിക്കണമെങ്കില്‍ അവരോട് മാനസികമായും മല്ലിടേണ്ടി വരുമെന്നത് കാലം പറയുന്നു.
ലോകക്രിക്കറ്റിന്റെ ഭൂമികയില്‍ ബാറ്റര്‍മാര്‍ ഏറ്റവുമധികം പരീക്ഷണങ്ങള്‍ക്ക് വിധേയമാകുന്ന മൈതാനങ്ങള്‍ ഓസ്ട്രേലിയയിലാണെന്ന് പറയാറുണ്ട്. പ്രതാപകാലത്തുപോലും അവിടെ തിളക്കം കാക്കാൻ കഴിയാതെ പോയവരുണ്ട്. കരിയറിന്റെ അസ്തമയകാലത്തിന്റെ ദൈര്‍ഘ്യം ഇനിയുമുണ്ടെന്ന് തോന്നിച്ച പലരുടേയും പടിയിറക്കം വേഗത്തിലാക്കിയെന്ന മണ്ണെന്ന പേരുകൂടിയുണ്ട് ഓസ്ട്രേലിയക്ക്. പ്രത്യേകിച്ചും ഇന്ത്യൻ ബാറ്റര്‍മാരുടേത്.
വിവിഎസ് ലക്ഷ്മണ്‍, രാഹുല്‍ ദ്രാവിഡ്, സച്ചിൻ തെൻഡുല്‍ക്കര്‍, എം എസ് ധോണി..കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിന്റെ കണക്കെടുത്താല്‍ ഒരൊറ്റ ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫികൊണ്ട് പാഡഴിക്കേണ്ടി വന്നവര്‍. സച്ചിന് മാത്രം അല്‍പ്പം കൂടി ആയുസ് ടെസ്റ്റിലുണ്ടായിരുന്നു. ഇതിഹാസപ്പേരുകളിലേക്ക് ചേര്‍ക്കപ്പെട്ടു മോഡേണ്‍ ക്രിക്കറ്റില്‍ ഇന്ത്യ കണ്ട ഏറ്റവും മികച്ച രണ്ട് ബാറ്റര്‍മാരേക്കൂടി. രോഹിത് ശര്‍മയും വിരാട് കോലിയും.
ഓസ്ട്രേലിയ ഏറ്റവും കൂടുതല്‍ ടെസ്റ്റില്‍ ഭയപ്പെടുന്ന ബാറ്റുകളിലൊന്ന് ലക്ഷ്മണിന്റേതാകാം. കരിയറില്‍ ആകെ നേടിയ 17 സെഞ്ച്വറികളില്‍ ആറും ഓസീസിനെതിരെയായിരുന്നു. 2012ലെ ബോര്‍ഡര്‍ - ഗവാസ്കര്‍ ട്രോഫി. എട്ട് ഇന്നിങ്സുകളില്‍ നിന്ന് അന്ന് ലക്ഷ്മണ് നേടാനായത് 155 റണ്‍സായിരുന്നു. ശരാശരി 20ന് താഴെയും. നാല് തവണ ഒറ്റക്ക നമ്പറില്‍ പുറത്തായി, ഒരു അര്‍ദ്ധ സെഞ്ച്വറി മാത്രമാണ് എടുത്തുപറയാനുണ്ടായിരുന്ന നേട്ടം.
അഞ്ചാം നമ്പറില്‍ സ്പെഷ്യലായി ഒന്നും സമ്മാനിക്കാനായില്ല. അന്ന് ലക്ഷ്മണ് പ്രായം 37 ആണ്. പാഡഴിക്കാൻ സമയമായെന്ന തിരിച്ചറിവ് ഹില്‍ഫൻഹോസും സിഡിലും ലിയോണും പാറ്റിൻസണും താരത്തിന് നല്‍കുകയായിരുന്നു. ഹോം സീരീസില്‍ ഒരു അവസരം നല്‍കാൻ ബിസിസിഐ തയാറായെങ്കിലും അതുവരെ കാത്തിരിക്കാതെയായിരുന്നു ലക്ഷ്മണിന്റെ പടിയിറക്കം.
2012ലെ പരമ്പര ഇന്ത്യ അടിയറവ് വെച്ചത് നാല് മത്സരങ്ങളും പരാജയപ്പെട്ടാണ്. ലക്ഷ്മണിന്റേതിന് സമാനമായിരുന്നു ദ്രാവിഡിന്റേയും സീരീസിലെ അനുഭവം. അര്‍ദ്ധ സെഞ്ച്വറിയോടെ മെല്‍ബണില്‍ തുടങ്ങി ദ്രാവിഡ്, 68 റണ്‍സ്. പരമ്പരയില്‍ അവശേഷിച്ച ഏഴ് ഇന്നിങ്സുകളില്‍ ദ്രാവിഡ് സ്കോര്‍ ചെയ്തത് 126 റണ്‍സ് മാത്രമായിരുന്നു. ആകെ ശരാശരി 24.25.
നിലയുറപ്പിക്കുന്ന വൻമതിലില്‍ വിള്ളല്‍ വീഴ്ത്തി ഓസീസ് ബൗളര്‍മാര്‍. എട്ട് പുറത്താകലില്‍ ആറും ബൗള്‍ഡായി. ഓസ്ട്രേലിയൻ പര്യടനത്തിന് തൊട്ടു മുൻപ് ഇന്ത്യ ആതിഥേയത്വം വഹിച്ച വിൻഡീസ് പരമ്പരയിലും മൂന്ന് തവണ പുറത്തായത് ബൗള്‍ഡായാണ്, തുടരെ ഇത്രയും മത്സരങ്ങളില്‍ ദ്രാവിഡിന് ഇങ്ങനൊന്ന് സംഭവച്ചിട്ടില്ലെന്ന് തന്നെ പറയാം. ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിക്ക് ശേഷം ദ്രാവിഡ് ടെസ്റ്റ് കുപ്പായമണിഞ്ഞില്ല.
ഇനി സച്ചിനിലേക്ക് വരാം, നാല് കളികളില്‍ നിന്ന് 287 റണ്‍സാണ് സച്ചിൻ പരമ്പരയില്‍ നേടിയത്. ഇന്ത്യയുടെ രണ്ടാമത്തെ ടോപ് സ്കോറര്‍, ശരാശരി 35ന് മുകളില്‍, രണ്ട് അര്‍ദ്ധ സെഞ്ച്വറി. ഓസ്ട്രേലിയയില്‍ 53 ശരാശരിയുള്ള സച്ചിനെ സംബന്ധിച്ച് 35 അദ്ദേഹത്തിന്റെ പ്രകടനത്തിലെ ഇടിവ് തെളിയിച്ചു. എങ്കിലും ഒന്നരവര്‍ഷത്തിലധികം മാത്രമാണ് ക്രീസില്‍ തുടരാൻ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ക്ക് കഴിഞ്ഞത്. സച്ചിന്റേയും കരിയര്‍ അധികകാലമിനിയില്ലെന്ന് ഓര്‍മപ്പെടുത്തി ഓസ്ട്രേലിയ.
2014-15 വര്‍ഷത്തിലെ ബോര്‍ഡര്‍ - ഗവാസ്കര്‍ ട്രോഫിക്കായി ഇന്ത്യ ഓസ്ട്രേലിയയിലെത്തുമ്പോള്‍ ആദ്യ മത്സരം ധോണിക്ക് പരിക്കുമൂലം നഷ്ടമായിരുന്നു. ബ്രിസ്ബനിലും മെല്‍ബണിലും ധോണി നയിച്ചു. രണ്ട് മത്സരങ്ങളില്‍ നിന്ന് 68 റണ്‍സായിരുന്നു ഇന്ത്യൻ നായകന്റെ നേട്ടം. ടെസ്റ്റില്‍ ഓസ്ട്രേലിയയില്‍ ഒരുകാലത്തും ധോണിക്ക് തിളങ്ങാനായിട്ടില്ല, ആകെ ശരാശരി പോലും 20ന് താഴെയാണ്. മെല്‍ബണിലെ മത്സരത്തിന് ശേഷം ടെസ്റ്റില്‍ നിന്ന് വഴിമാറി നടക്കാൻ ധോണി തീരുമാനമെടുക്കുകയായിരുന്നു.
2024 ബോര്‍ഡര്‍ - ഗവാസ്കര്‍ ട്രോഫി രോഹിതിന്റെ കരിയറിലെ ഏറ്റവും മോശം അധ്യായമായി അടയാളപ്പെടുത്തും. അഞ്ച് ഇന്നിങ്സുകളില്‍ നിന്ന് 31 റണ്‍സ്, തന്റെ പ്രിയപ്പെട്ട പുള്‍ഷോട്ട് പോലും രോഹിതിനെ അവിടെ കൈവിടുന്നതുകണ്ടു. കോലിക്ക് പെര്‍ത്തില്‍ രണ്ടാം ഇന്നിങ്സില്‍ നേടിയ സെഞ്ച്വറി മാത്രമാണുള്ളത്. മറ്റ് ഏഴ് ഇന്നിങ്സില്‍ നിന്ന് 90 റണ്‍സ് മാത്രം. കോലി നിരന്തരം ഔട്ട് സൈഡ് ഓഫ് സ്റ്റമ്പ് പന്തുകളില്‍ പുറത്താകുന്നത് കണ്ടു, രോഹിത് പൂര്‍ണമായും ക്ലൂലെസായിരുന്നു.
രോഹിത് ഇംഗ്ലണ്ട് പരമ്പരയോടെ ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കിയേക്കുമെന്ന് തോന്നിയപ്പോഴാണ് വിരമിക്കല്‍ പ്രഖ്യാപനമുണ്ടായത്. കോലിയില്‍ നിന്ന് ഒന്ന് രണ്ട് വര്‍ഷം കൂടി ആരാധകര്‍ പ്രതീക്ഷിച്ചിരുന്നെങ്കില്‍ ബിസിസഐക്ക് അതുണ്ടായില്ല.