
ചരിത്രമുറങ്ങുന്ന കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ ഫുട്ബോളിന്റെ മിശിഹ, സാക്ഷാല്‍ ലയണല്‍ മെസി വന്നു, മെസി മെസിയെന്ന് നിലയ്ക്കാതെ അലയടിച്ച ഗ്യാലറികള്‍ക്ക് നടുവില്‍ നിന്ന് അയാള്‍ വേഗം മടങ്ങി. അകലെ നിന്നെങ്കിലും കാണാൻ കൊതിച്ചെത്തിയവര്‍ സ്റ്റേഡിയം തകര്‍ത്തെറിഞ്ഞാണ് അവിടം വിട്ടത്. ലയണല്‍ മെസിയുടെ ഇന്ത്യയിലെ ഗോട്ട് ടൂറില്‍, കൊല്‍ക്കത്തയില്‍ യഥാർത്ഥത്തില്‍ സംഭവിച്ചതെന്ത്.
ഗോട്ട് ഇന്ത്യ ടൂര്‍ 2025ന്റെ ഭാഗമായി ഇന്ത്യയിലെ നാല് നഗരങ്ങള്‍ സന്ദര്‍ശിക്കാനായാണ് ലയണല്‍ മെസി, ലൂയിസ് സുവാരസ്, ഡി പോള്‍ എന്നിവരടങ്ങിയ സംഘം ഡിസംബര്‍ 13ന് പുലര്‍ച്ചെ രണ്ടരയോടെ കൊല്‍ക്കത്തിയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പറന്നിറങ്ങിയത്. കൊല്‍ക്കത്ത, ഹൈദരാബാദ്, മുംബൈ, ന്യൂഡല്‍ഹി എന്നിവയാണ് തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങള്‍. നിയന്ത്രണാധീതമായ നിലയിലായിരുന്നു മെസിയുടെ വാഹനം സഞ്ചരിച്ച റോഡിന്റെ ഇരുവശങ്ങളും. ഒരു നോക്ക് കാണാൻ ആ വാഹനത്തിന് ഒപ്പമോടിയവര്‍ പോലുമുണ്ടായിരുന്നു. എല്ലാവരുടേയും ആ രാത്രിയിലെ പ്രതീക്ഷ ഇതിഹാസത്തെ സ്റ്റേഡിയത്തില്‍ കാണാമല്ലോ എന്നായിരുന്നു.
നേരം പുലര്‍ന്നു. ടിക്കറ്റിനായി നാലായിരം മുതല്‍ പതിനെണ്ണായിരം രൂപ വരെയാണ് ഓരോരുത്തര്‍ക്കും നല്‍കേണ്ടി വന്നത്. അരലക്ഷത്തോളം വരുന്ന ആരാധകര്‍ സ്റ്റേഡിയത്തിലെ ഗ്യാലറികളെ മൂടി. ആദ്യം സന്ദര്‍ശനം കൊല്‍ക്കത്തയായിരുന്നു, 70 അടി ഉയരമുള്ള സ്വന്തം പ്രതിമ വെര്‍ച്ച്വലായി ഉദ്ഘാടനം ചെയ്തതിന് ശേഷമായിരുന്നു സ്റ്റേഡിയത്തിലെ ഇവന്റ് നിശ്ചയിച്ചിരുന്നത്.
മെസി മാത്രമായിരുന്നില്ല അവര്‍ക്ക് ലഭിച്ച വാഗ്ദാനം. ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സൗരവ് ഗാംഗുലി, ബോളിവുഡ് താരം ഷാരൂഖ് ഖാൻ എന്നിവരുമെത്തുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നു. മണിക്കൂറുകളായി അക്ഷമരായി കാത്തിരുന്ന ആരാധകര്‍ക്ക് നടുവിലേക്ക് മെസിയെത്തുന്നത് പതിനൊന്നരയോടെയാണ്. ഒപ്പമുണ്ടായിരുന്ന ഗാംഗുലിയോ ഷാരൂഖോ ആയിരുന്നില്ല, ബംഗാള്‍ കായിക മന്ത്രി അരൂപ് ബിസ്വാസ്, മോഹൻ ബഗാൻ പ്രസിഡന്റ് ദേബാശിഷ് ദത്ത, ജനറല്‍ സെക്രട്ടറി ശ്രീൻജോയ് ബിസ്വാസ് എന്നിവരായിരുന്നു.
ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കും ഗാംഗുലിക്കും ഷാരൂഖിനുമൊപ്പം സ്റ്റേഡിയത്തിന് വലം വെച്ച് ആരാധകസ്നേഹം ഏറ്റുവാങ്ങേണ്ടിയിരുന്ന മെസി അതിവേഗം ഹൈജാക്ക് ചെയ്യപ്പെടുകയായിരുന്നു പിന്നീട്. മെസിയെ വളഞ്ഞ് രാഷ്ട്രീയ നേതാക്കളും സിനിമാതാരങ്ങളും. മെസിയേയും ഡിപോളിനേയും അവരുടെ അനുവാദമില്ലാതെ പിടിച്ചുവലിക്കാനുള്ള ശ്രമങ്ങള്‍പ്പോലുമുണ്ടായി. പിന്നാലെ അംഗരക്ഷകരും സുരക്ഷാസേനയും മെസിക്ക് ചുറ്റുംനിന്നു. ആ വലയത്തിനുള്ളിലായിരുന്നു മെസിയടക്കമുള്ള താരങ്ങള്‍. സ്വാതന്ത്ര്യത്തോടെ പന്തുതട്ടാൻപോലും അനുവദിച്ചില്ലെന്ന് ചുരുക്കം.
രാഷ്ട്രീയ നേതാക്കള്‍, ചലച്ചിത്ര താരങ്ങള്‍, അവരുടെയെല്ലാം പ്രിയപ്പെട്ടവര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍. ഇത്രത്തോളം ആളുകളാല്‍ ചുറ്റപ്പെട്ടു നിന്ന മെസി മൈതാനത്തിന്റെ നടുക്കുണ്ടായിട്ടും ഗ്യാലറിയിലുണ്ടായിരുന്നവര്‍ക്ക് കാണാനായില്ല. സ്റ്റേഡിയത്തിലെ വലിയ സ്ക്രീനില്‍ പോലും വ്യക്തമല്ലായിരുന്നു മെസിയെ. ഒരു മണിക്കൂര്‍ മെസി സ്റ്റേഡിയത്തിലുണ്ടായിരിക്കുമെന്നത് കേവലം 22 മിനുറ്റായി ചുരുങ്ങി. പതിനായരങ്ങള്‍ നല്‍കി മെസിയെ കാണാൻ എത്തിയവര്‍ക്ക് മാത്രം അതിന് സാധിച്ചില്ല, അല്ലെങ്കില്‍ അതിനുള്ള അവസരം നിഷേധിക്കപ്പെട്ടു.
ഇന്ന് എന്റെ വിവാഹ ദിവസമായിരുന്നു. അത് മാറ്റിവെച്ചാണ് ഞാൻ എത്തിയത്. പക്ഷേ, അദ്ദേഹത്തെ സംതൃപ്തിയോടെ ഒന്ന് കാണാൻ പോലും സാധിച്ചില്ല, തന്റെ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ നിമിഷമാകേണ്ടിയിരുന്ന ഒരു ദിവസം മറക്കാൻ ആഗ്രഹിക്കുന്ന ഒന്നായി അവസാനിച്ചതിന്റെ എല്ലാ നിരാശയുമുണ്ടായിരുന്നു അര്‍ജന്റീനയുടെ നീലയും വെള്ളയും കുപ്പായമണിഞ്ഞ ആ ചെറുപ്പക്കാരന്. ഇതിന് സമാനമായുള്ളവരുമുണ്ടായിരുന്നു. നിരാശവെച്ച് പുറത്തിറങ്ങിയവര്‍ കുറവായിരുന്നു, മെസി മൈതാനം വിട്ടതോടെയാണ് കാര്യങ്ങള്‍ വഷളായത്.
ഇവന്റ് മാനേജ് ചെയ്തവരെ കൂകിവിളിച്ചായിരുന്നു പ്രതിഷേധത്തിന്റെ തുടക്കം. പിന്നാലെ വാട്ടര്‍ ബോട്ടിലുകള്‍ മൈതാനത്തേക്ക് എറിയാൻ തുടങ്ങി. പക്ഷേ, രോഷം അതുകൊണ്ടൊന്നും അവസാനിച്ചില്ല, മൈതാനത്തേക്ക് ഇറങ്ങി ആയിരക്കണക്കിന് ആരാധകര്‍ വേദി നശിപ്പിച്ചു, ഗ്യാലറിയിലുണ്ടായിരുന്നവര്‍ സീറ്റുകള്‍ പിഴുത് എറിഞ്ഞു. പോലീസിനോ സുരക്ഷാസേനയ്ക്കോ പിടിച്ചുനിര്‍ത്താനാകുന്നുണ്ടായിരുന്നില്ല ആരാധകരെ. 2017 അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പിനായി നവീകരിച്ച സ്റ്റേഡിയതം നിമിഷനേരം കൊണ്ട് താറുമാറായി, ഒടുവില്‍ പോലീസിന് ലാത്തി വീശേണ്ടതായി വന്നു കാര്യങ്ങളൊന്ന് തണുപ്പിക്കാൻ.
പിന്നാലെ മമതാ ബാനര്‍ജിയുടെ മാപ്പു പറച്ചില്‍. മെസിയോടും ആരാധകരോടുമെല്ലാം. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഐപിഎല്‍ വിജയത്തിന് പിന്നാലെ ബെംഗളൂരുവില്‍ സംഭവിച്ചതിന്റെ നീറ്റല്‍ കായികലോകത്ത് ഇന്നും നിലനില്‍ക്കുന്നുണ്ട്. അത് കെട്ടടങ്ങും മുൻപാണ് ആസൂത്രണത്തിലെ പിഴവുമൂലം മറ്റൊരു സംഘര്‍ഷം കൂടിയുണ്ടാകുന്നത്. മെസിയെപ്പോലൊരു ഗ്ലോബല്‍ ഐക്കണ്‍ എത്തുമ്പോള്‍ സ്വീകരിക്കേണ്ട സുരക്ഷസന്നാഹങ്ങളുണ്ടായില്ല എന്നാണ് പൊതുവെ ഉയരുന്ന വിമര്‍ശനം. ഒരു കായിക ഇവന്റ് പൊളിറ്റിക്കല്‍ ഇവന്റായി മാറുകയും ചെയ്തു.
യഥാര്‍ത്ഥത്തില്‍ ഫുട്ബോള്‍ ആരാധകരുടെ വൈകാരികതയെ ചൂഷണം ചെയ്യുന്നതിന്റെ നേര്‍ക്കാഴ്ചയായിരുന്നു സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ സംഭവിച്ചത്. നുള്ളിപ്പെറുക്കി കൊടുത്ത പണത്തിന് കാണേണ്ടി വന്നത് രാഷ്ട്രീയ നേതാക്കളേയും സിനിമാതാരങ്ങളേയുമായിരുന്നു. മെസി പന്തുതട്ടുന്നതുപോലും കാണാനായില്ല എന്നതാണ് ആരാധകരുടെ നിരാശയുടെ ആഴം വര്‍ധിപ്പിച്ചതും.