
തിരുവനന്തപുരം: ഉറക്കം പോലുമില്ലാതെ രാവും പകലുമൊക്കെയായി 24 മണിക്കൂര്‍ നിര്‍ത്താതെ ഓടുന്നതിനെക്കുറിച്ച് നമുക്ക് ചിന്തിക്കാനാകുമോ? എന്നാൽ, അങ്ങനെ ചിന്തിച്ചും അതിനായി പൊരുതിയും ഇന്ന് ഇന്ത്യയുടെ അഭിമാനമായി മാറിയ ഒരാളുണ്ട് ഇവിടെ, നമ്മുടെ കൊച്ചുകേരളത്തിൽ. തിരുവനന്തപുരം തുമ്പ സ്വദേശിയായ ജീനോ ആന്‍റണിയെന്ന സൈനികനാണ് ആ അള്‍ട്രാറണ്ണര്‍. കേള്‍ക്കുമ്പോള്‍ അവിശ്വസനീയമെന്ന് നമുക്കെല്ലാം തോന്നുമെങ്കിലും ആഗ്രഹിച്ചാൽ മനുഷ്യന് നടക്കാത്തതായി ഒന്നുമില്ലെന്ന് തന്‍റെ അസാധാരണ നേട്ടത്തിലൂടെ കാണിച്ചുകൊടുക്കുകയാണ് ജീനോ ആന്‍റണി. ഇക്കഴിഞ്ഞ ഒക്ടോബറിൽ ഫ്രാന്‍സിൽ ഇന്‍റര്‍നാഷണൽ അസോസിയേഷൻ ഓഫ് അള്‍ട്രാറണ്ണേഴ്സ് സംഘടിപ്പിച്ച 24 മണിക്കൂര്‍ ലോക ചാമ്പ്യന്‍ഷിപ്പിൽ 265.198 കിലോമീറ്റര്‍ പിന്നിട്ടാണ് രാജ്യാന്തര തലത്തിൽ ആദ്യ പത്തിൽ ഇടംപിടിച്ച് ജീനോ ആന്‍റണി ചരിത്രം കുറിച്ചത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് ജീനോ ആന്‍റണി. ഫ്രാന്‍സിലെ മത്സരത്തിനുശേഷം ആഴ്ചകളുടെ വ്യത്യാസത്തിൽ ഇന്നലെ ബാങ്കോക്കിൽ നടന്ന ഏഷ്യാ ഓഷ്യാന 100 കിലോമീറ്റര്‍ അള്‍ട്രാറണ്‍ ചാമ്പ്യന്‍ഷിപ്പിൽ പങ്കെടുത്ത ജീനോ ആന്‍റണി മറ്റൊരു നേട്ടവും സ്വന്തമാക്കി. 100കിലോമീറ്റര്‍ ദൂരം 7.34 മണിക്കൂറിൽ പൂര്‍ത്തിയാക്കിയ ജീനോ നാലാം സ്ഥാനത്തെത്തി. ജീനോ ആന്‍റണി ഉള്‍പ്പെട്ട ഇന്ത്യ സംഘത്തിനാണ് ചാമ്പ്യന്‍ഷിപ്പിൽ സ്വര്‍ണമെഡൽ. ലോക ചാമ്പ്യനാകുകയെന്നതാണ് നിലവിൽ 24 മണിക്കൂര്‍ അള്‍ട്രാറണ്ണേഴ്സിൽ രാജ്യത്ത് രണ്ടാം സ്ഥാനത്തുള്ള ജീനോയുടെ സ്വപ്നം. അടുത്ത 24 മണിക്കൂര്‍ അള്‍ട്രാറണ്‍ ലോക ചാമ്പ്യന്‍ഷിപ്പിൽ ഒന്നാമാനാകാനുള്ള കഠിനപ്രയ്തനത്തിലാണിപ്പോള്‍ ജീനോ ആന്‍റണിയെന്ന 32കാരൻ.
തിരുവനന്തപുരം തുമ്പ ആൻബി ഹൗസിൽ കെജെ ആന്‍റിച്ഛന്‍റെയും ഭാര്യ ബേബി ആന്‍റണിയുടെയും മകനായ ജീനോ ആന്‍റണി സ്കൂള്‍ പഠനകാലത്തെ കായികരംഗത്ത് സജീവമായിരുന്നു. തിരുവനന്തപുരം തുമ്പ വിഎസ്എസ്‍സിയിലായിരുന്നു ജീനോയുടെ അച്ഛൻ ആന്‍റിച്ഛന് ജോലി. അങ്ങനെയാണ് ചങ്ങനാശ്ശേരിക്കാരനായ ആന്‍റിച്ചൻ തിരുവനന്തപുരത്ത് സ്ഥിരതാമസക്കാരനാകുന്നത്. ജീനോ വളര്‍ന്നതും പഠിച്ചതുമെല്ലാം തിരുവനന്തപുരത്തായിരുന്നു. വിഎസ്എസ്‍സി സെന്‍ട്രൽ സ്കൂളിൽ പഠിക്കുമ്പോള്‍ 1500,800 മീറ്റര്‍ ഓട്ടം, ബാസ്ക്കറ്റ് ബോള്‍, ഹോക്കി, എൻസിസി തുടങ്ങിയവയിലെല്ലാം ജീനോ ആന്‍റണി സജീവമായിരുന്നു. സ്കൂളിലെ കായികാധ്യാപകരായ ജയകുമാര്‍, വാസൻ എന്നിവരായിരുന്നു ജീനോയിലെ ഓട്ടക്കാരനെ കണ്ടെത്തിയത്. പ്ലസ്ടു പഠനകാലത്ത് സായിലെ കോച്ച് ജോയ്സിന് കീഴിലും ജീനോ പരിശീലിച്ചു. പ്ലസ്ടു പഠനത്തിനുശേഷം തുമ്പ സെന്‍റ് സേവിയേഴ്സ് കോളേജിൽ സ്പോര്‍ട്സ് ക്വാട്ടയിൽ ബിഎസ്‍സി ഫിസിക്സിന് പ്രവേശനം നേടിയെങ്കിലും ആറുമാസത്തിനുള്ളിൽ സൈന്യത്തിൽ ജോലി ലഭിച്ചു. കോളേജിൽ ആറുമാസം മാത്രമാണ് പഠിച്ചതെങ്കിലും അവിടത്തെ കായികാധ്യാപകനായ ജോര്‍ജും ജീനോയിലെ ഓട്ടക്കാരനെ വളര്‍ത്തി. 2011ൽ സൈന്യത്തിൽ ജോലിയിൽ പ്രവേശിച്ചശേഷം ഒരുപാട് വെല്ലുവിളികളെയും പ്രതിസന്ധികളെയും അതിജീവിച്ചാണ് ജീനോ ഇന്ന് കാണുന്ന നേട്ടങ്ങളിലേക്ക് ഓടിക്കയറിയത്. മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, അസം എന്നിവിടങ്ങളിലേ ജോലിക്കുശേഷം മഹാരാഷ്ട്രയിലെ നാസിക്കിൽ എത്തിയതോടെ അള്‍ട്രാറണ്ണിൽ കൂടുതൽ പരിശീലനം ആരംഭിച്ചു.സൈന്യത്തിലെ മാരത്തേണ്‍ മത്സരങ്ങളിലടക്കം പങ്കെടുത്തു. സൈന്യത്തിലെ അച്ചടക്കവും കഠിനപരിശീലനവുമെല്ലാം ജീനോയിലെ ദീര്‍ഘദൂര ഓട്ടക്കാരന് ആത്മവിശ്വാസമേകി. നാസിക്കിൽ ഹാഫ് മാരത്തോണിൽ (21 കിലോമീറ്റര്‍) രണ്ടാം സ്ഥാനം നേടി. സൈന്യത്തിലെ മേല്‍ ഉദ്യോഗസ്ഥരും സഹപ്രവര്‍ത്തകരും പൂര്‍ണ പിന്തുണ നൽകിയതോടെ അള്‍ട്രാറണ്ണറാകുകയെന്ന ലക്ഷ്യത്തിലേക്ക് ജീനോ ഒന്നുകൂടെ അടുത്തു. കൂടുതൽ കഠിന പരിശീലനം ആരംഭിച്ചു.
മാരത്തോണിൽ തുടങ്ങിയ ജീനോ ഇന്ന് എത്തി നിൽക്കുന്നത് 24 മണിക്കൂര്‍ ഓട്ടത്തിലാണ്. ഘട്ടം ഘട്ടമായിട്ടാണ് ജീനോ തന്‍റെ ലക്ഷ്യത്തിലേക്ക് അടുത്തത്. ആദ്യം മഹാരാഷ്ട്രയിലെ ഔറഗാബാദിൽ 42 കിലോമീറ്റര്‍ മാരത്തോണ്‍ മൂന്നു മണിക്കൂര്‍ പിന്നിട്ടു. പിന്നീട് നിരവധി മാരത്തോണുകളിൽ പങ്കെടുത്ത് ജീനോ തന്‍റെ കഴിവ് തെളിയിച്ചു. അങ്ങനെ ആദ്യമായി മുബൈയിൽ നടന്ന 12 മണിക്കൂര്‍ ചാമ്പ്യന്‍ഷിപ്പിൽ പങ്കെടുത്തു. അന്ന് 108 കിലോമീറ്റര്‍ ഓടിയ ജീനോ സ്വര്‍ണം നേടി. ഇതോടെ ദേശീയ അത്ലറ്റിക്സ് ഫെഡറേഷൻ സെലക്ടര്‍മാര്‍ രാജ്യാന്തര മത്സരങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ നിര്‍ദേശിച്ചു. തുടര്‍ന്ന് ഏഷ്യ ഓഷ്യാന ചാമ്പ്യന്‍ഷിപ്പിലേക്കുള്ള യോഗ്യതാ മത്സരത്തിൽ 12 മണിക്കൂറിൽ 126 കിലോമീറ്റര്‍ ഓടിയെങ്കിലും യോഗ്യതാ പട്ടികയിൽ ഇടംപിടിക്കാനായില്ല. എന്നാൽ, 12 മണിക്കൂര്‍ എന്ന ലക്ഷ്യം വിജയം കണ്ടതോടെ ജീനോയുടെ ആത്മവിശ്വാസം വര്‍ധിച്ചു. 12 മണിക്കൂര്‍ പിന്നിടാൻ കഴിഞ്ഞതിന്‍റെ ആത്മവിശ്വാസത്തിൽ 2020ൽ ഛത്തീസ്ഗഡിൽ നടന്ന 24 മണിക്കൂര്‍ ചാമ്പ്യന്‍ഷിപ്പിൽ പങ്കെടുത്തു. ജീനോയുടെ ആദ്യത്തെ 24 മണിക്കൂര്‍ ഓട്ടമായിരുന്നു അത്. ആദ്യ ഓട്ടത്തിൽ തന്നെ 208 കിലോമീറ്റര്‍ ഓടി ജീനോ മൂന്നാമതെത്തി.
അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ കീഴിൽ എൻഇബി സ്പോര്‍ട്സ് ആണ് രാജ്യത്ത് അള്‍ട്രാറണ്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. രാജ്യാന്തര മത്സരങ്ങള്‍ക്ക് തെരഞ്ഞെടുക്കപ്പെടുന്ന താരങ്ങളുടെ സ്പോണ്‍സര്‍മാരും എൻഇബി സ്പോര്‍ട്സ് ആണ്. 2021ൽ ബെംഗളൂരുവിൽ നടന്ന 24 മണിക്കൂര്‍ ചാമ്പ്യന്‍ഷിപ്പിൽ 219 കിലോമീറ്ററാണ് ജീനോ ഓടിയത്. ഈ മത്സരത്തിലടക്കം ജീനോയ്ക്ക് സഹായിയായി ഭാര്യയും ഫിറ്റ്നസ് ട്രെയ്നറുമായ ജോസ്ലി ജോസഫ് കൂടെയുണ്ടായിരുന്നു. 2022ൽ ഏഷ്യ ഓഷ്യാന ചാമ്പ്യന്‍ഷിപ്പിൽ 24 മണിക്കൂറിൽ 238 കിലോമീറ്റര്‍ ഓടി ജീനോ ആദ്യമായി ഒരു അന്താരാഷ്ട്ര മത്സരത്തിൽ നേട്ടം കൊയ്തു. തുടര്‍ന്ന് 2023ൽ ചൈനയിലെ തായ്പേയിൽ നടന്ന ലോക ചാമ്പ്യന്‍ഷിപ്പിൽ 204 കിലോമീറ്ററാണ് ഓടാനായത്. പ്രതികൂല കാലാവസ്ഥയടക്കം ജീനോയ്ക്ക് തിരിച്ചടിയായി. ഇക്കഴിഞ്ഞ മാര്‍ച്ചിലായിരുന്നു ഫ്രാന്‍സിലെ ലോക ചാമ്പ്യന്‍ഷിപ്പിൽ പങ്കെടുക്കാനുള്ള ദേശീയ യോഗ്യതാ മത്സരം നടന്നത്. ബെംഗളൂരു കണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പിൽ 24 മണിക്കൂറിൽ 238 കിലോമീറ്റര്‍ പിന്നിട്ട് ഒന്നാം സ്ഥാനം നേടി ജീനോ രാജ്യത്തിന് അഭിമാനമായി. അങ്ങനെ രാജ്യത്ത് ഒന്നാം സ്ഥാനക്കാരനായികൊണ്ടാണ് ഇത്തവണത്തെ 24 മണിക്കൂര്‍ ലോക ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിയത്.
എൻഇബി സ്പോര്‍ട്സിന്‍റെ നേതൃത്വത്തിൽ കോച്ച് സന്തോഷിന്‍റെ കീഴിലായിരുന്നു ജീനോയുടെ ലോക ചാമ്പ്യന്‍ഷിപ്പിനുള്ള പരിശീലനം. യോഗ്യത നേടിയശേഷം കഠിന പരിശീലനത്തിന്‍റെ നാളുകളായിരുന്നു. രാത്രിയിലും പകലുമായി പരിശീലനം. പത്ത് ആഴ്ചയോളം ബെംഗളൂരുവിൽ നടന്ന കഠിന പരിശീലനത്തിൽ രാത്രിയിലടക്കം ഓടി പരിശീലിച്ചു. പരിശീലനത്തിനിടെ 24 മണിക്കൂര്‍ തുടര്‍ച്ചയായി ഓടില്ല. അത്തരത്തിൽ ഓടുന്നതിനായി ഘട്ടം ഘട്ടമായ പരിശീലനത്തിലൂടെ ശരീരത്തെ സജ്ജമാക്കുകയാണ് ചെയ്യുക. ആറു മണിക്കൂര്‍ നീണ്ടുനിൽക്കുന്ന ഓട്ടം ആറു തവണയും പത്തു മണിക്കൂറിന്‍റെ ഓട്ടം രണ്ടു തവണയും പരിശീലിച്ചു. 14 മണിക്കൂര്‍ തുടര്‍ച്ചയായുള്ള ഓട്ടം ഒരു തവണയും പരിശീലിച്ചു. ഇതിനിടയിൽ രാത്രി മുഴുവനായി ഓടിയുള്ള പരിശീലനവും നടന്നു.
കോച്ച് സന്തോഷ്, സ്ട്രെങ്ത്ത് ആന്‍ഡ് കണ്ടീഷനിങ് കോച്ച് വിവേക്, ന്യുട്രീഷ്യനിസ്റ്റ് സമീ, റേസ് ക്രൂ ഹേമന്ത്, സ്പോണ്‍സര്‍മാരായ എൻഇബി സ്പോര്‍ട്സിന്‍റെ നാഗരാജ് അഡിഗ, എൻര്‍ജിവയുടെ അശ്വിൻ അഡിഗ തുടങ്ങിയവരുടെ പിന്തുണയോടെയാണ് ജീനോ ഫ്രാന്‍സിലെ 24 മണിക്കൂര്‍ ലോക ചാമ്പ്യന്‍ഷിപ്പിൽ പങ്കെടുത്ത് സ്വപ്നതുല്യമായ നേട്ടം കൈവരിച്ചത്. ലോക ചാമ്പ്യന്‍ഷിപ്പിൽ ഇന്ത്യയിൽ നിന്നുള്ള സഹതാരങ്ങളായ അമര്‍, സൗരവ്, വേലു, സുഗൗരവ്, ഉല്ലാസ് എന്നിവരും ജീനോയ്ക്ക് കരുത്തായി. ഇക്കഴിഞ്ഞ ഒക്ടോബര്‍ 18, 19 തീയതികളിലാണ് ലോക ചാമ്പ്യന്‍ഷിപ്പ് നടന്നത്. 47 രാജ്യങ്ങളിൽ നിന്നായി 360 പേര്‍ പങ്കെടുത്ത മത്സരത്തിൽ 265.198 കിലോമീറ്റര്‍ പിന്നിട്ട് കരിയര്‍ ബെസ്റ്റ് പെര്‍ഫോമൻസോടെയാണ് ആദ്യ പത്തിൽ ജീനോ ഇടം പിടിച്ചത്. അങ്ങനെ ഈ നേട്ടം സ്വന്തമാക്കിയ ആദ്യ ഇന്ത്യക്കാരനുമായി. ആറു വീതം പുരുഷന്മാരും വനിതകളുമാണ് രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. 294 കിലോമീറ്റര്‍ പിന്നിട്ട ഉക്രൈയ്ൻ സ്വദേശിയാണ് ലോക ചാമ്പ്യന്‍ഷിപ്പിലെ ഒന്നാമൻ. 24 മണിക്കൂര്‍ അള്‍ട്രാറണ്ണേഴ്സിൽ രാജ്യത്ത് രണ്ടാം റാങ്കാണ് ജീനോ ആന്‍റണിക്കുള്ളത്. 24 മണിക്കൂറിൽ 272 കിലോമീറ്റര്‍ ഓടി അമര്‍ ദേവന്ദയാണ് രാജ്യത്ത് അള്‍ട്രാറണ്ണര്‍മാരിൽ ഒന്നാം റാങ്കിലുള്ളത്.
ജീനോയുടെ അച്ഛൻ ആന്‍റിച്ചനും അമ്മ ബേബി ആന്‍റണിയ്ക്കും സ്പോര്‍ട്സ് ഏറെ ഇഷ്ടമായിരുന്നു. ആന്‍റിച്ചൻ ടേബിള്‍ ടെന്നീസിലും ബേബി ആന്‍റണി വോളിബോളിലും തിളങ്ങിയ താരങ്ങളാണ്. മകന്‍റെ ഇപ്പോഴത്തെ നേട്ടത്തിൽ അഭിമാനിക്കുകയാണ്. ഫിറ്റ്നസ് ട്രെയ്നറായ ജോസ്ലി ജോസഫ് ആണ് ജീനോയുടെ ഭാര്യ. രണ്ടു വയസുള്ള ഇവാൻ ജീനോ ആണ് മകൻ. ജീനോയുടെ വിജയത്തിന് പിന്നിലെ രഹസ്യവും കായികമേഖലയെ ഏറെ സ്നേഹിക്കുന്ന കുടുംബം നൽകുന്ന പിന്തുണയാണ്. ഭാര്യ ജോസ്ലി ജോസഫ് ഹാഫ് മാരത്തോണിലടക്കം പങ്കെടുത്തിട്ടുണ്ട്. സഹോദരി റോജ ആന്‍റിച്ചനും സഹോദരി ഭര്‍ത്താവ് ഗോഡ്വിനും എല്ലാ പിന്തുണയുമായി കൂടെയുണ്ട്. ചണ്ഡിഗഡ്, ബെംഗളൂരു, ദില്ലി എന്നിവിടങ്ങളിലെ ദേശീയ ചാമ്പ്യന്‍ഷിപ്പുകളിലും ചൈനീസ് തായ്പേ ലോക ചാമ്പ്യന്‍ഷിപ്പ്, ഫ്രാന്‍സിലെ ലോക ചാമ്പ്യന്‍ഷിപ്പ്, ഏഷ്യാ ഓഷ്യാന ചാമ്പ്യന്‍ഷിപ്പ് എന്നിങ്ങനെ ഒമ്പതോളം മത്സരങ്ങളിൽ പങ്കെടുത്ത ജീനോ മൂന്നെണ്ണത്തിലൊഴികെ എല്ലാത്തിലും മെഡൽ നേടിയിട്ടുണ്ട്. രണ്ടുവര്‍ഷത്തിലൊരിക്കലാണ് 24 മണിക്കൂര്‍ ലോക ചാമ്പ്യന്‍ഷിപ്പ് നടക്കുക. 100 കിലോമീറ്ററിലും 24 മണിക്കൂറിലുമാണ് ലോക ചാമ്പ്യന്‍ഷിപ്പുകളുള്ളത്. നിലവിൽ ഭോപ്പാലിലെ 3 ഇഎംഇ ആര്‍മി ട്രെയിനിങ് സെന്‍ററിലെ ജവാനാണ് ജീനോ ആന്‍റണി.
എങ്ങനെയാണ് 24 മണിക്കൂര്‍ തുടര്‍ച്ചയായി ഓടുകയെന്ന സംശയം പലര്‍ക്കും ഉണ്ടാകുമെന്നും കഠിന പരിശീലനവും ആത്മവിശ്വാസവും ഉണ്ടെങ്കിൽ എല്ലാവര്‍ക്കും സാധ്യമാവുമെന്നുമാണ് ജീനോ ആന്‍റണി പറയുന്നത്. ഓട്ടത്തിനിടയിൽ കാര്യമായ ഇടവേളയൊന്നും എടുക്കാൻ കഴിയില്ല. അങ്ങനെ എടുത്താൽ ലക്ഷ്യമിട്ട ദൂരം പിന്നിടാൻ കഴിയാതെ മത്സരത്തിൽ പിന്നിലാകും. ഫ്രാന്‍സിലെ ലോക ചാമ്പ്യന്‍ഷിപ്പിൽ 47 രാജ്യങ്ങളിൽ നിന്നുള്ള മത്സരാര്‍ത്ഥികളാണ് പങ്കെടുത്തത്. 1.5 കിലോമീറ്ററിന്‍റെ ലൂപ് ട്രാക്കാണ് മത്സരത്തിനുണ്ടായിരുന്നത്. 400 മീറ്റര്‍ സ്റ്റേഡിയത്തിലെ ട്രാക്കിലും 1.1 കിലോമീറ്റര്‍ റോഡിലുമായിരിക്കും ഓടേണ്ടത്. 47 രാജ്യങ്ങള്‍ക്കും മത്സര നടക്കുന്ന സ്ഥലത്ത് ടെന്‍റുകളുണ്ടാകും. അവിടെ വെച്ചാണ് കോഫിയും മറ്റു എനര്‍ജി ഡ്രിങ്കുകളും ഓട്ടത്തിനിടെ ലഭിക്കുക. ജഴ്സി മാറാനും പ്രാഥമിക കാര്യങ്ങള്‍ക്കും സമയം ലഭിക്കുമെങ്കിലും കൂടുതൽ നിന്നാൽ പുറകിലാകും. അതിനാൽ തന്നെ വിശ്രമം ഇല്ലാതെ ഓട്ടത്തിനിടയിൽ തന്നെയാണ് എനര്‍ജി ഡ്രിങ്കുകളും വെള്ളവുമെല്ലാം കുടിക്കുക. ട്രാക്കിൽ രണ്ടിടത്ത് ടൈമിങ് നോക്കുന്ന സ്ഥലമുണ്ടാകും. റണ്ണറുടെ ഷൂവിൽ ടൈമിങിന്‍റെ ചിപ്പ് ഉണ്ടാകും. അത് വെച്ചാണ് ഓരോരുത്തരുടെയും സമയം നോക്കുന്നത്. സ്ക്രീൻ ബോര്‍ഡിൽ എത്ര കിലോമീറ്ററായെന്നും എത്രാമതായാണ് ഓടുന്നതെന്നും കാണിച്ചുകൊണ്ടിരിക്കും. ഒരോ രാജ്യത്തിനും അനുവദിച്ച ടെന്‍റിൽ ഓടുന്നവര്‍ക്കുള്ള സഹായികളായി (ക്രൂ) മൂന്നുപേരാണ് ഉണ്ടാകുക. ഈ ടെന്‍റിൽ ഒരോ മണിക്കൂറിലും ഓടുന്നയാള്‍ക്ക് കഴിക്കാനുള്ളവ ഒരുക്കിവെച്ചിരിക്കും. തനിക്ക് കാര്‍ബോഹൈഡ്രേറ്റ് ആണ് പ്രധാനമായും എടുക്കേണ്ടിയിരുന്നതെന്നാണ് ജീനോ പറയുന്നത്. നിശ്ചിത ഇടവേളയിൽ ഓടുന്നതിനിടയിൽ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ പഴവും ഇലക്ട്രോലൈറ്റ് ജെല്ലുകളുമാണ് കഴിച്ചിരുന്നത്. ഇതോടൊപ്പം ആവശ്യത്തിന് വെള്ളവും കുടിക്കും. മത്സരത്തിന് രണ്ടു ദിവസം മുമ്പ് മസാലയൊന്നുമില്ലാതെ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം നന്നായി കഴിക്കും. മത്സരശേഷം പ്രൊട്ടീൻ അടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കും. മത്സരത്തിനുശേഷം ഒരാഴ്ചയോളം യാതൊരു പരിശീലനവുമില്ലാതെ ശരീരത്തിന് വിശ്രമം കൊടുക്കണമെന്നും രക്ത പരിശോധനയടക്കം നടത്തി കുറവുകള്‍ പരിഹരിക്കുമെന്നും ജീനോ പറയുന്നു.
100 മീറ്റര്‍ തീര്‍ക്കുന്നതുപോലെയോ മാരത്തേണ്‍ ഓടിതീര്‍ക്കുന്നതുപോലെയല്ല 12 മണിക്കൂര്‍, 24 മണിക്കൂര്‍ ആള്‍ട്രാറണ്‍. എന്നാൽ, പരിശ്രമിച്ചാൽ ആര്‍ക്കും സാധ്യമാകുമെന്നാണ് ജീനോ പറയുന്നത്. 42 കിലോമീറ്റററാണ് ഒരു ഫുള്‍ മാരത്തോണ്‍. ഇത്തരത്തിൽ ആറ് ഫുള്‍ മാരത്തോണ്‍ തുടര്‍ച്ചയായി ഓടിയാൽ എങ്ങനെയുണ്ടാകും. അതാണ് 24 മണിക്കൂര്‍ ഓട്ടമെന്നാണ് ഏറ്റവും ലളിതമായി ജീനോ വിശദീകരിക്കുന്നത്. ഘട്ടം ഘട്ടമായി നല്ല ക്ഷമയോടെ വേണം പരിശീലനം നടത്താൻ. തിരിച്ചടിയും പ്രതിസന്ധിയുമെല്ലാം ഉണ്ടാകുമെങ്കിലും ഒരോ തവണയും ഓടുന്ന സമയവും ദൂരവും കൂട്ടികൊണ്ട് 24 മണിക്കൂര്‍ കടമ്പയിലെത്താനാകുമെന്ന് ജീനോ ഉറപ്പുപറയുന്നു. ഓട്ടത്തിനിടയിൽ കുറഞ്ഞത് ഒരു വര്‍ഷത്തിൽ രണ്ടു തവണ എങ്കിലും ഹെല്‍ത്ത് ചെക്കപ്പ് നിര്‍ബന്ധമാണ്. പോഷകകുറവുകള്‍ കണ്ടെത്തി അത് പരിഹരിക്കണം. ശരീരത്തിന് ഓടാനാവശ്യമായ ഊര്‍ജം ലഭിക്കുന്നതിന് നൂട്രീഷ്യൻ വലിയ ഘടകമാണ്. അതിനാൽ തന്നെ രക്ത പരിശോധനയടക്കം നടത്തി എന്താണോ കുറവുള്ളത് അത് കൃത്യമായി ശരീരത്തിന് നൽകിയാലെ നല്ല ഫലം ഉണ്ടാകുകയുള്ളു. ഹൃദയമിഠിപ്പ് അടക്കം ശ്രദ്ധിച്ചുവേണം തുടക്കസമയത്ത് പരിശീലനത്തിൽ ഏര്‍പ്പെടാൻ. ആഗ്രഹമുള്ളവര്‍ക്ക് ആവശ്യമായ നിര്‍ദേശം നൽകാനും ജീനോ റെഡിയാണ്. ആദ്യം ഹാഫ് മാരത്തോണിൽ തുടങ്ങി 42 മണിക്കൂറിന്‍റെ ഫുള്‍ മാരത്തോണിലെത്തണം. ഈ ഘട്ടം കഴിഞ്ഞാൽ പിന്നീട് 100 കിലോമീറ്റര്‍ അള്‍ട്രാറണ്‍ ചെയ്യണം. കൃത്യമായ പരിശീലനം നടത്തി വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് കഴിഞ്ഞാൽ ലോക അള്‍ട്രാറണ്‍ ചാമ്പ്യന്‍ഷിപ്പുകളിലേക്കുള്ള യോഗ്യതാ മത്സരത്തിൽ പങ്കെടുക്കാനാകും. ഇന്ത്യയിൽ 100 കിലോമീറ്ററിന്‍റെയും 24 മണിക്കൂറിന്‍റെയും രണ്ട് യോഗ്യതാ മത്സരങ്ങള്‍ നടക്കുന്നുണ്ട്. ഇതിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ആറുപേര്‍ക്ക് രാജ്യാന്തര മത്സരത്തിൽ പങ്കെടുക്കാനാകും.
നമ്മുടെ ശരീരത്തിന് ഇത്തരത്തിൽ ഓടാനുള്ള ശേഷിയുണ്ടെന്നും എന്നാൽ, അതിന് ശരീരത്തെ പരുവപ്പെടുത്തിയേടുക്കേണ്ടതുണ്ടെന്നും അതിന് നല്ലക്ഷമയും കഠിനാധ്വാനവും ഉണ്ടാകണമെന്നുമാണ് ജീനോ തന്‍റെ നേട്ടത്തിലൂടെ പകര്‍ന്നുനൽകുന്ന പാഠം. ജീനോയ്ക്ക് ഓട്ടമാണ് ലഹരി. ദിവസേന വ്യായാമം ചെയ്യാൻ പോലും മടിയുള്ള നമുക്ക് ജീനോ ആന്‍റണി പ്രചോദനമാണ്. മദ്യത്തിനും മയക്കുമരുന്നിനുമൊക്കെ അടിമപ്പെടാതെ യുവതലമുറയെ കായികവിനോദങ്ങളിലടക്കം താത്പര്യം വളര്‍ത്തി കരുത്തുള്ള സമൂഹത്തെ കെട്ടിപടുക്കാൻ ജീനോയെ പോലുള്ളവരുടെ നേട്ടങ്ങള്‍ പ്രചോദനമാണ്. സ്ഥിരത കൈവിടാതെ തുടര്‍ച്ചയായി ഇതേരീതിയിൽ മുന്നോട്ടുപോയി ലോക ചാമ്പ്യൻ ആകുകയാണ് ജീനോയുടെ സ്വപ്നം. 24 മണിക്കൂര്‍ അള്‍ട്രാറണ്ണിൽ ലോക ചാമ്പ്യനായശേഷം കോച്ചിങിലേക്കും വരാൻ ജീനോയ്ക്ക് ആഗ്രഹമുണ്ട്. വരാനിരിക്കുന്ന 24 മണിക്കൂര്‍ ഏഷ്യാ ഓഷ്യാന ചാമ്പ്യന്‍ഷിപ്പിലടക്കം മത്സരിക്കാനിറങ്ങുന്ന ജീനോയ്ക്ക് മലയാളികളുടെ ഒന്നടങ്കം പ്രാര്‍ഥനയുണ്ടാകുമെന്ന് ഉറപ്പ്.