
അലിയൻസ് അരീനയില്‍ ആല്‍വാരൊ മൊറാട്ടയുടെ ബൂട്ടുകള്‍ക്ക് ഡിയോഗൊ കോസ്റ്റയുടെ കൈകളെ ഭേദിക്കാനാകാതെ പോകുകയാണ്. ചുവപ്പും പച്ചയും കലര്‍ന്ന പോര്‍ച്ചുഗല്‍ പതാകകള്‍ ഗോള്‍ പോസ്റ്റിന് പിന്നിലായി പാറിപ്പറക്കുന്നു. മൂന്നാം അന്താരാഷ്ട്ര കിരീടത്തിന് തൊട്ടരികിലാണ് പറങ്കിപ്പട. റൂബൻ നവാസ് കിക്കെടുക്കാൻ എത്തുകയാണ്.
സൈഡ് ലൈനില്‍ ആ ജനതയെ സ്വപ്നം കാണാൻ പഠിപ്പിച്ച, സ്വപ്നങ്ങള്‍ സാക്ഷാത്കരിച്ചുകൊടുത്ത നായകൻ. ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ. മ്യൂണിച്ചിലെ ആ രാവില്‍ പന്തുതട്ടിയ പലരുടേയും പ്രായത്തിനപ്പുറമാണ് അയാളുടെ പരിചയസമ്പത്ത്. എന്നിട്ടും, കണ്‍തുറന്ന് ആ നിമിഷം കാണാനുള്ള കരുത്ത് ഇതിഹാസത്തിനുണ്ടായിരുന്നില്ല.
നവാസിന്റെ ബൂട്ടില്‍ നിന്ന് പാഞ്ഞ പന്ത് വലയിലുരുമിയപ്പോള്‍ ക്രിസ്റ്റ്യാനൊ കണ്‍തുറന്നു, കണ്ണുകള്‍ നിറഞ്ഞു. ജയത്തോടുള്ള അയാളുടെ അടങ്ങാത്ത ആവേശം സഹതാരങ്ങളിലേക്കും പകര്‍ന്ന രാവ്. അതാ പോര്‍ച്ചുഗല്‍, ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ എന്ന പേരിനപ്പുറമൊരു പോര്‍ച്ചുഗല്‍...2026 വിശ്വകിരീടപ്പോരിന് അവര്‍ ഒരുങ്ങുകയാണ്...
ലമീൻ യമാലെന്ന ഇന്നിന്റെ അത്ഭുതവും കാലാതീതനായ ക്രിസ്റ്റ്യാനോയും ഒരേ മൈതാനത്തിറങ്ങുന്നു. യുവേഫ നേഷൻസ് ലീഗ് ഫൈനലിന് മുൻപ് ഇതായിരുന്നു കഥ. യമാല്‍ പിറവിയെടുക്കുമ്പോള്‍ 46 തവണ പോർച്ചുഗലിന്റെ വിഖ്യാത ജഴ്‌സി ക്രിസ്റ്റ്യാനൊ അണിഞ്ഞിരുന്നു. എന്നിട്ടും, എന്തുകൊണ്ടായിരിക്കാം ഇരുപേരുകളും തലവാചകങ്ങളില്‍ ഇടം പിടിച്ചത്?
പ്രതീക്ഷ, ക്രിസ്റ്റ്യാനൊ ഇതുവരെ മൈതാനത്ത് പുറത്തെടുത്ത അമാനുഷികതയിലെ പ്രതീക്ഷ. യമാല്‍ ഇനി രചിക്കാൻ പൊകുന്ന മാന്ത്രിക നിമിഷങ്ങളിലെ പ്രതീക്ഷ. ക്രിസ്റ്റ്യാനൊ ഒറ്റ അവസരത്തില്‍ ആ പ്രതീക്ഷ കാത്തപ്പോള്‍, യമാല്‍ തളയ്ക്കപ്പെട്ടു. ഇതിന് രണ്ടിനും ഒരു കാരണമാണ് ചൂണ്ടിക്കാണിക്കാനുള്ളതും. നൂനോ മെൻഡസ് എന്ന ലെഫ്റ്റ് ബാക്ക്.
കിലിയൻ എംബാപ്പയുടെ ഫ്രാൻസിന്റെ വലയില്‍ 55 മിനുറ്റിനിടെ നാല് തവണ പന്ത് നിക്ഷേപിച്ച സംഘമാണ് സ്പെയിൻ. നിക്കൊ, യമാല്‍, മെറിനൊ, പെഡ്രി, ഒയാര്‍സബല്‍, കുക്കുറേയ...എന്നിങ്ങനെ ലോകത്തിലെ ഏറ്റവും മികച്ച ടീമെന്ന് വാഴ്ത്തപ്പെടുന്നവര്‍...പക്ഷേ, പോർച്ചുഗലിന് മുന്നില്‍ ആദ്യ ആദ്യ 30 മിനുറ്റുകള്‍ക്കപ്പുറം സ്പെയിൻ നിശബ്ദമാകുകയായിരുന്നു.
21-ാം മിനുറ്റിലെ സുബിമെൻഡിയുടെ ഗോളിന് അഞ്ച് മിനുറ്റില്‍ മെൻഡസിന്റെ മറുപടി. നെറ്റോയുടെ പാസില്‍ നിന്ന് ബോക്സിനുള്ളില്‍ നിന്നൊരു ഷോട്ട്. എങ്ങനെ പ്രതിരോധിക്കുമെന്ന ചോദ്യം കൂടി ഉയര്‍ത്തി പാഞ്ഞ് വലയില്‍ കയറിയ പന്ത്. പ്രതിരോധത്തില്‍ ലക്ഷ്യമില്ലാതെ പായുന്ന മെൻഡസിന്റെ കഥകള്‍ ഇനി ഭൂതകാലത്തില്‍ ലയിക്കപ്പെടും.
എപ്പോള്‍ കുതിക്കണമെന്നും നില്‍ക്കണമെന്നും മെൻഡസിനിന്ന് കൃത്യമായി അറിയാം. കുതിക്കുമ്പോള്‍ തടുക്കാനാകില്ല. ചാമ്പ്യൻസ് ലീഗില്‍ സലായെ പിടിച്ചുകെട്ടിയ അതേ മെൻഡസ്. ഇവിടെ സലായ്ക്ക് പകരം യമാല്‍. യമാലിന് കളിമെനയാനുള്ള സ്പേസ് അനുവദിച്ചില്ല, തുടരെ തുടരെ പന്തുതട്ടിയെടുത്തു. ഇവിടെയായിരുന്നു പോര്‍ച്ചുഗല്‍ പാതി വിജയിച്ചതും.
പിന്നിലായി മടങ്ങിയ ആദ്യ പകുതിക്ക് ശേഷം തിരിച്ചുവരവിന് അവര്‍ക്ക് അനിവാര്യമായിരുന്നത് ഊര്‍ജമായിരുന്നു. അതിനായി ഒരു റൊണാള്‍ഡൊ നിമിഷം പിറന്നു. മെൻഡസിന്റെ ക്രോസ് ഡിഫ്ലക്റ്റ് ചെയ്ത് പോസ്റ്റിന് മുന്നിലേക്ക് ഉയര്‍ന്നെത്തുന്നു. പന്തെവിടെയെത്തുമെന്നതില്‍ റോണാള്‍ഡോയുടെ ബൂട്ടുകളോളം നിശ്ചയമുള്ളരാള്‍ ബോക്സിലുണ്ടായിരുന്നില്ല.
ഒടുവില്‍ അനിവാര്യമായത് സംഭവിച്ചു. 138-ാം അന്താരാഷ്ട്ര ഗോള്‍. ഞാൻ ഇവിടെയുണ്ട്, ശാന്താരാകൂയെന്ന് പറയാതെ പറഞ്ഞുവെച്ചു. എഴുതിത്തള്ളിയവര്‍ക്ക് മുന്നില്‍, 40-ാം വയസില്‍, അന്താരാഷ്ട്ര തലത്തില്‍, അതിസമ്മര്‍ദമുള്ള മത്സരത്തില്‍, ക്രിസ്റ്റ്യാനൊയുടെ ഗോള്‍. പിന്നീട്, പോര്‍ച്ചുഗലിനൊപ്പമായിരുന്നു മമൊന്റം.
വിട്ടിഞ്ഞയും ബ്രൂണോയും മധ്യനിരയില്‍. ബെര്‍ണാദോയ്ക്ക് പകരം ഇടതുവിങ്ങിലേക്ക് റാഫേല്‍ ലിയാഒ കൂടിയെത്തിയതോടെ സ്പെയിനിന്റെ മുന്നേക്കാര്‍ക്ക് പോലും പ്രതിരോധത്തിനായി ഇറങ്ങേണ്ടി വന്നു.
പെഡ്രിയെ സ്പെയിൻ പിൻവലിച്ചതും ഇസ്കോ വന്നതും സ്പെയിനിന്റെ പിന്നോട്ടാക്കി. ലിയാഓയും മെൻഡസും ഇടതുവിങ്ങില്‍ സ്പെയിനിന്റെ പ്രതിരോധം പലകുറി പൊളിച്ചു.
ഫൗളുകള്‍ മാത്രമായിരുന്നു ഇരുവരുടേയും പാച്ചിലിന്റെ വേഗം കുറച്ചത്. റൂബൻ ഡയാസും ജാവൊ നവാസുമെല്ലാം സ്പെയിനിനെ ലക്ഷ്യത്തില്‍ നിന്ന് അകറ്റി നിര്‍ത്തി. ഷൂട്ടൗട്ടില്‍ ആദ്യ കിക്കെടുക്കാൻ മുന്നോട്ടുവന്നത് ഗോണ്‍സാലോ റാമോസ്. ഷൂട്ടൗട്ടില്‍ ഭയന്നുമാറിനിന്ന സഹതാരങ്ങളെ പ്രചോദിപ്പിക്കുന്ന റൊണാള്‍ഡോയെ ഓര്‍ക്കുന്നില്ല, പക്ഷേ ഇന്ന് പോര്‍ച്ചുഗല്‍ അങ്ങനെയല്ല.
യൂറോപ്യൻ ചാമ്പ്യന്മാരെ കീഴടക്കി ക്രിസ്റ്റ്യാനൊ കിരീടം ഉയര്‍ത്തുമ്പോള്‍ ഇതൊരു ഓര്‍മപ്പെടുത്തലാണ്. 2026 ഫിഫ ലോകകപ്പില്‍ പോര്‍ച്ചുഗലിന്റെ വരവ് വെറുതെയാകില്ലെന്ന്. റൊണാള്‍ഡോയുടെ റോള്‍ വ്യക്തമാണ്. പിന്നീട് യുവത്വവും പരിചയസമ്പത്തും ചേര്‍ന്ന നിര. ബ്രൂണോയും ഡയാസും ലീഡര്‍ഷിപ്പ് റോളും വഹിക്കാനാകുന്നവരാണ്. ഭൂരിഭാഗം പേരും മാച്ച് വിന്നേഴ്‌സാണെന്നത് മറ്റൊരു കാര്യം.
മെൻഡസിന്റേയും ലിയാഓയുടേയുടേയും വ്യക്തിഗത മികവ് സ്പെയിനെതിരെ തെളിഞ്ഞു. അതുകൊണ്ട്, ജര്‍മനിയേയും സ്പെയിനേയും കീഴടക്കി. അനിവാര്യമായതെല്ലാം പറങ്കിപ്പടയ്ക്കുണ്ട്. വിശ്വകപ്പിനുള്ള ടീമുകളില്‍ ഉറ്റുനോക്കപ്പെടുന്നവരില്‍ ക്രിസ്റ്റ്യാനോയും സംഘവുമുണ്ടാകുമെന്നത് തെളിയിച്ചു നേഷൻസ് ലീഗ്.